ഇഷ്ടത്തിലെ റോസ്, നന്ദനത്തിലെ ബാലാമണി, കല്യാണരാമനിലെ ഗൗരി... സ്ക്രീനിലെ ആ വഴക്കാളിപ്പെണ്ണിന് പ്രേക്ഷകരുടെ മനസ്സിൽ ഇപ്പോഴുമൊരു ഇടമുണ്ട്. ഇഷ്ടത്തിലെ നാരായണൻ, നന്ദനത്തിലെ കേശവൻ നായർ, കല്യാണരാമനിലെ പോഞ്ഞിക്കര.

ആഘോഷിക്കപ്പെട്ട നവ്യയുടെ ചി​​ത്രങ്ങളിലെല്ലാം ഒരറ്റത്ത് ചിരിയുടെ മാലപ്പടക്കവുമായി ഇന്നസെന്റുമുണ്ടായിരുന്നു. ഇടവേളക്കുശേഷം ‘ഒരുത്തീ’യായി ബിഗ്സ്ക്രീനിലേക്ക് തിരിച്ചുവരവ് നടത്തിയ നവ്യ ഇന്നസെന്റും നെടുമുടി വേണുവുമായുള്ള ഓർമകളെ കോർത്തെടുക്കുന്നു.


ഒന്നൊന്നര മനുഷ്യൻ

ഇന്നസെന്റേട്ടനെ ആദ്യ സിനിമ മുതൽ കാണുന്നതാണ്. കൗമാരക്കാരിയുടെ പരിഭ്രമത്തോടെ എത്തിയ എന്നെ കൂടെനിർത്തിയവരാണ് ഇ​ന്നസെന്റേട്ടനും നെടുമുടി വേണുച്ചേട്ടനുമെല്ലാം. സിനിമയിൽ നിന്നുള്ള അനേകം വർഷങ്ങളുടെ മാറിനിൽപിനു ശേഷമാണ് പിന്നീടൊരിക്കൽ ഇന്നസെന്റേട്ടനെ കാണുന്നത്. തിരുവനന്തപുരത്തുള്ള ഒരു ചാനൽ ഷൂട്ടായിരുന്നു അത്. എന്നെ ഓർമയുണ്ടാകുമോ എന്ന ചമ്മലിലാണ് അടുത്തുചെന്നത്.

കണ്ട മാത്രയിൽ തന്നെ അദ്ദേഹം എല്ലാം ഓർത്തെടുത്തു. അച്ഛനെയും അമ്മയെയും കുറിച്ച് ​ചോദിച്ചു. തമാശരൂപത്തിൽ പാട്ടുകൾ പാടി. തോളിലടിച്ചു. പണ്ട് സെറ്റിൽ കണ്ടിരുന്ന അതേ ഇന്നസെന്റേട്ടൻ തന്നെ. അടുത്തിടെ ഒരു സ്റ്റേജിൽവെച്ച് അദ്ദേഹം കെ.പി.എ.സി ലളിതയോട് തമാശരൂപേണ പറയുന്നത് കേട്ടു. ‘‘എല്ലാ സെറ്റിലും നവ്യ നായരുടെയും മഞ്ജു വാര്യരുടെയും ജോടിയാണെന്ന് കരുതി അഭിനയിക്കാൻ പോകും. വരുമ്പോൾ കെ.പി.എ.സി ലളിത തന്നെയാകും എന്റെ ജോടി.’’ നമ്മളെയൊക്കെ അദ്ദേഹം ഓർത്തിരിക്കുന്നുവെന്ന് കേൾക്കുമ്പോൾ തന്നെ സന്തോഷം.

ജീവിതത്തിലെ സീരിയസ് നിമിഷങ്ങളെയെല്ലാം തമാശയായി എടുത്തയാൾ. ചിരിപ്പിക്കാനായി മാത്രം ജനിച്ചതാണോ ഈ മനുഷ്യനെന്ന് ചിന്തിക്കാറുണ്ട്. നിറഞ്ഞ ചിരിയോടെ ജീവിതത്തെ കാണാനുള്ള ആ കഴിവു തന്നെയാണ് കാൻസർ വാർഡിൽനിന്നുപോലും അദ്ദേഹത്തെ എണീപ്പിച്ചുനടത്തിയത്.

കല്യാണരാമൻ: ഒരു ആഘോഷകാലം

കല്യാണരാമനി​ലെ രംഗങ്ങളും മീമുകളും സ്റ്റാറ്റസുകളിലും റീലുകളിലും ഇപ്പോഴും നിറഞ്ഞോടുകയാണ്​. കല്യാണരാമനും നന്ദനവുമെല്ലാം ഇത്രയേറെ ഓർത്തിരിക്കുന്നു എന്നറിയുമ്പോൾ അത്ഭുതമാണ്. ഈ ചിത്രങ്ങൾ ഹിറ്റായിരുന്നുവെങ്കിലും ഇത്രയേറെ പ്രേക്ഷകരുടെ മനസ്സിലുണ്ടായിരു​ന്നുവെന്ന് ഇപ്പോഴാണ് അറിയുന്നത്.

അന്ന് ഇൻസ്റ്റന്റ് റിവ്യൂസ് അറിയാൻ സോഷ്യൽ മീഡിയ ഒന്നും ഇല്ലല്ലോ... കല്യാണരാമന്റെ ഷൂട്ടിങ് രസകരമായിരുന്നു. നടനും നിർമാതാവുമായ ലാലേട്ടന്റെ (ലാൽ) എറണാകുളത്തുള്ള വീട്ടിൽ തന്നെയായിരുന്നു ഷൂട്ടിങ്. കാര്യമായും രാത്രികാലങ്ങളിലായിരുന്നു ഷൂട്ട്. ഷൂട്ടിങ് ലൊക്കേഷൻ ശരിക്കും ഒരു കല്യാണവീടായി മാറി. ഒരുപാട് താരങ്ങൾ, ഭക്ഷണംവെപ്പ്, ഡാൻസ്, പാട്ട് അങ്ങനെയങ്ങനെ.

‘‘സ്നേഹത്തോടെ കുറച്ച് ആട്ടിൻകാട്ടം എടുത്ത് ഉണക്കമുന്തിരിയാണെന്ന് പറഞ്ഞാൽ നിങ്ങൾ തിന്നുമോ.’’ മിസ്റ്റർ പോഞ്ഞിക്കരയുടെ ഈ ഹിറ്റ് ഡയലോഗ് പാതിരാത്രിയിൽ പോലും സെറ്റിലും കൂട്ടച്ചിരിയുണ്ടാക്കി. എല്ലാവരും ചിരിച്ചുമറിയുന്ന കല്യാണരാമനിലെ പല ഡയലോഗുകളും ഇന്നസെന്റേട്ടനും സലീമേട്ടനുമെല്ലാം സ്​പോട്ടിൽ ഉണ്ടാക്കിയതാണ്.

ഞാനടക്കമുള്ള ആർട്ടിസ്റ്റുകളെല്ലാം പലരംഗങ്ങളിലും ചിരി കടിച്ചുപിടിച്ചാണ് അഭിനയിച്ചത്. ചിരി നിർത്താൻ പറ്റാത്തതിനാൽ പലപ്പോഴും സംവിധായകൻ മുഖം കറുപ്പിച്ചു. അന്ന് ഫിലിമിലാണല്ലോ ഷൂട്ട് ചെയ്യുന്നത്. ചിരി നിർത്താൻ പറ്റാത്തതിനാൽ ഫിലിം വേസ്റ്റ് ആകുന്ന സാഹചര്യം വന്നു. എന്നാൽ, സംവിധായകന് ഒരുപരിധിവിട്ട് ചൂടാകാനും കഴിഞ്ഞില്ല. ചിത്രത്തിന്റെ നിർമാതാവായ ലാൽ തന്നെയായിരുന്നു ആദ്യം ചിരിച്ചിരുന്നത് എന്നതാണ് ട്വിസ്റ്റ്.


മറ്റൊരു നഷ്ടം

ആദ്യ സിനിമയായ ഇഷ്ടം മുതലേ വേണുച്ചേട്ടനുമായി അടുപ്പമുണ്ട്. അദ്ദേഹത്തിന്റെ അഭിനയപരിചയം എനിക്ക് വലിയ തുണയായെന്ന് പറയാം. ‘കാണുമ്പോൾ പറയ​ാമോ കരളിലെ അനുരാഗം’ എന്ന ഗാനത്തിലെ എന്റെ രംഗങ്ങൾ എത്ര അഭിനയിച്ചിട്ടും ശരിയാകുന്നില്ലെന്ന് വന്നു. ഒടുവിൽ വേണുച്ചേട്ടൻ അരികിലേക്ക് വിളിച്ച് രംഗം അഭിനയിച്ച് കാണിച്ചുതന്നു. ഞാൻ കാമറക്ക് മുന്നിൽ ചെന്ന് അതുപോലെ ചെയ്തു. അതോടെയാണ് ആ​ ടേക്ക് ഒ.കെ ആയത്. വേണുച്ചേട്ടന്റെ വിടവാങ്ങൽ എനിക്കും സിനിമക്കും വലിയ നഷ്ടമാണ്.


രണ്ടു കാലങ്ങൾ

സിനിമയിലെ ഞാൻ അനുഭവിച്ച രണ്ടു കാലങ്ങളും തമ്മിൽ വലിയ മാറ്റമുണ്ട്. സമീപനങ്ങളിലും ടെക്നിക്കൽ സൈഡിലും മാത്രമല്ല. സെറ്റിൽ തന്നെ ആ മാറ്റങ്ങൾ തുടങ്ങുന്നു. പണ്ട് മമ്മുക്കയായാലും ലാലേട്ടനായാലും മറ്റു നടന്മാരായാലും എല്ലാവരും ഫുൾടൈം സെറ്റിൽ ഒരുമിച്ചായിരിക്കും. ഷൂട്ടിനുശേഷം എത്ര വിയർത്തുകുളിച്ചാലും സെറ്റിൽ തന്നെയിരിക്കും. ഭക്ഷണം റെഡിയാക്കലും കഴിക്കലുമെല്ലാം സെറ്റിൽ ​തന്നെ.

ഇന്നിപ്പോൾ കാരവന്റെ കാലമല്ലേ... എല്ലാവരും അവരവരുടേതിൽ പോയി കൂളായിരിക്കും. പക്ഷേ, കാരവന് അതിന്റേതായ ഗുണങ്ങളുമുണ്ട്. വസ്ത്രം മാറാനൊക്കെ ഇത് വലിയ സൗകര്യമാണ്. എന്നാൽ, ഏതെങ്കിലും കാമറക്കണ്ണുകൾ നമ്മെ ചൂഴ്ന്നെടുക്കുന്നുണ്ടോയെന്ന ഒരു ആശങ്ക എപ്പോഴുമുണ്ടാകും.

Tags:    
News Summary - navya nair innocent nedumudi venu memoir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.