പന്ന്യൻ രവീന്ദ്രനും ഭാര്യ രത്നവല്ലിയും. ചി​​​ത്ര​​​ങ്ങൾ:

നവാസ്​ വി.ടി.

‘ഞാൻ മൂന്നുവട്ടം ശ്രമിച്ചിട്ടാണ് നിന്‍റെ പഴ്സ് മോഷ്ടിച്ചത്. എന്നിട്ടോ രണ്ടു രൂപ! ഞാൻ വെച്ച അഞ്ചു രൂപ ഇതിന്‍റെ കൂടെയുണ്ട്. നീ പോയി ചായ കുടിക്ക്...’

‘‘സഖാവ് പന്ന്യന്റെ വീടേതാ?’’ കക്കാട് സ്പിന്നിങ് മില്ലിനു സമീപം റോഡരികിൽ കണ്ടയാളോട് വഴി ചോദിച്ചു. ‘‘അതാ, ആ കാണുന്ന ബോർഡ് മൂപ്പരുടെ മോന്റെ വീട്ടിലേക്കുള്ളതാ. അയിന്റടുത്ത് തന്നെയാ മൂപ്പരെ വീടും. ആ റോട്ടിൽ കേറി ആരോടെങ്കിലും ചോയിച്ചാ മതി’’ -‘അഡ്വ. രൂപേഷ് പന്ന്യൻ’ എന്ന് എഴുതിയ ദിശാസൂചക ഫലകം ചൂണ്ടിക്കാട്ടി മറുപടിയെത്തി.

ഫോട്ടോഗ്രാഫറോടൊപ്പം ആ ഇടറോഡിലെ ആളനക്കമുള്ള വീട്ടിൽ കയറി വീണ്ടും വഴിചോദിച്ചു. ‘‘ആദ്യത്തെ വീട് രവീന്ദ്രൻ സഖാവിന്റേത്. അപ്പറത്തേത് മോ​ന്റെ.’’ അവർ കൈ ചൂണ്ടിക്കൊണ്ടു പറഞ്ഞു.

ഏറെ പഴക്കം തോന്നിക്കുന്ന, ഏച്ചുകൂട്ടിയെടുത്ത പഴയ വീട്. വീട്ടുചുമർ തന്നെയാണ് റോഡിനെയും വീടിനെയും വേർതിരിക്കുന്നത്. പേരക്കുട്ടിയുടെ സൈക്കിൾ നിർത്തിയിടാനുള്ള മുറ്റംപോലുമില്ല. നാലു വർഷം തലസ്ഥാന നഗരിയുടെ എം.പിയായ, വർഷങ്ങളോളം സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയായ പന്ന്യൻ രവീന്ദ്രൻ എന്ന വലിയ മനുഷ്യന്റെ വീടാണിത്!

ഞങ്ങൾ അവിടെനിന്ന് പരുങ്ങുന്നതു കണ്ട് വാതിൽ തുറന്ന് റോഡിലേക്ക് തലയിട്ട് വീട്ടുകാരി ചോദിച്ചു, ‘‘ആരാ?...’’ സഖാവ് പന്ന്യനെ കാണാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ, വരൂ എന്നുപറഞ്ഞ് അവർ അകത്തേക്കു കയറി.പിന്നാലെ കൈലിമുണ്ടും കൈയില്ലാ ബനിയനും ഇട്ട്, ചിരിച്ചു​കൊണ്ട് പന്ന്യൻ പുറത്തുവന്ന് ഞങ്ങളെ സ്വീകരിച്ചു.

അമ്മ വാങ്ങാൻ വിസമ്മതിച്ച 5000 രൂപ

രണ്ടു മണിക്കൂർ നീണ്ടു പന്ന്യനുമായി കൂടിക്കാഴ്ച. അദ്ദേഹം പറഞ്ഞതിൽ ഏറെയും അമ്മയെക്കുറിച്ചായിരുന്നു, എത്ര പറഞ്ഞിട്ടും മതിവരാത്തതുപോലെ. ഓലമേഞ്ഞ, ചോർന്നൊലിക്കുന്ന മൺവീട്ടിൽ കുഞ്ഞുരവീ​ന്ദ്രനെ ആ അമ്മ ചേർത്തുപിടിക്കുന്നത് ആ പന്ന്യന്റെ വാക്കുകളിലൂടെ കണ്ടു.

അച്ഛൻ രാമൻ ചെറുപ്പത്തിലേ മരിച്ചശേഷം ദാരിദ്ര്യത്തിനും കഷ്ടപ്പാടിനും നടുവിൽ ജീവിച്ചുതീർക്കുകയായിരുന്നു ആ അമ്മയും മൂന്നു മക്കളും. എങ്കിലും, അനർഹമായതൊന്നും കൈപ്പറ്റരുതെന്ന വലിയപാഠം പന്ന്യൻ യശോദയെന്ന അമ്മ മകന് പകർന്നുനൽകി. അതിന്റെ ഉദാഹരണമാണ്​ കൊടുംപട്ടിണിയിൽ പോലും സന്തോഷസൂചകമായി ലഭിച്ച 5000 രൂപ സ്വീകരിക്കാൻ അനുവദിക്കാതെ തിരിച്ചേൽപിച്ച സംഭവം. പന്ന്യന്റെ വാക്കുകളിലേക്ക്:

‘വിവിധ ​തൊഴിലാളി യൂനിയനുകളുടെ സെക്രട്ടറി ചുമതല എന്നെ പാർട്ടി ഏൽപിച്ചിരുന്നു. ഒരിക്കൽ ഫിഷറീസ് ഡിപ്പാർട്മെന്റ് ജീവനക്കാരുടെ യൂനിയൻ സെക്രട്ടറിയായിരിക്കെ, അവർക്ക് ​വാർഷിക ബോണസ് കിട്ടി. എന്റെ നേതൃത്വത്തിൽ തൊഴിലാളികൾ നന്നായി വിലപേശിയതിനാൽ ഏറ്റവും ഉയർന്ന ബോണസായിരുന്നു അക്കൊല്ലം ലഭിച്ചത്.

ഇതിന്റെ സന്തോഷസൂചകമായി അവർ ചെറിയ തുക പിരിവിട്ട് 5000 രൂപയും കുറച്ച് സാധനങ്ങളുമായി വീട്ടിൽ വന്നു. അന്നു രാത്രി അമ്മ എന്നെ അടുത്ത് വിളിച്ചു ചേർത്തുനിർത്തി പറഞ്ഞു: ‘‘ആ പൈസ നമുക്ക് വേണ്ട. അർഹതപ്പെട്ടതല്ല. അത് തൊഴിലാളികളുടെ വിയർപ്പാണ്. തിരിച്ചുകൊടുത്തേക്കണം. അനർഹമായതൊന്നും നമുക്ക് വേണ്ട’’.

ആ തുക തൊഴിലാളികൾക്ക് തിരിച്ചുനൽകി. പിന്നീട് ഇന്നുവരെ ഞാൻ എനിക്ക് അർഹതപ്പെട്ടതല്ലാത്ത ഒരു തുകയും ആരിൽനിന്നും കൈപ്പറ്റിയിട്ടില്ല. ഗൾഫ് സന്ദർശനവേളകളിൽപോലും ലഭിക്കുന്ന ഗിഫ്റ്റുകൾ ഞാൻ സ്വീകരിക്കാറില്ല. അത് എന്റെ നിലപാടാണ്. എന്റെ പൊതുപ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്ന നിലപാട്.

ആഘോഷങ്ങൾ കഷ്ടപ്പാട് മറക്കാൻ

ആണ്ടു മുഴുവൻ പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞ ജീവിതമായിരുന്നു പണ്ടുകാലത്ത്. അന്ന് മനുഷ്യർക്ക് അതൊക്കെ മറക്കാനുള്ള ദിനങ്ങളായിരുന്നു വിഷുവും ഓണവും ഈസ്റ്ററും ക്രിസ്മസും പെരുന്നാളുകളുമൊക്കെ. പുത്തനുടുപ്പും വയറുനിറയെ സദ്യയും കിട്ടുന്ന ഈ ദിവസങ്ങളിൽ ഞങ്ങൾ മതിമറന്നാഹ്ലാദിച്ചു. വിഷുവിനും ഓണത്തിനും സദ്യ കഴിഞ്ഞാൽ ഞങ്ങൾ കുട്ടികൾ നേരെ പയ്യാമ്പലത്തേക്ക് ഓടും. അവിടെ കളിച്ച് മറിയലായിരുന്നു ആഘോഷം. സ്കൂൾ പഠനകാലം മുതൽ ബീഡി തെറുത്ത് ജീവിച്ചിരുന്ന ഞങ്ങൾക്ക് കഷ്ടപ്പാടുകൾ മറക്കാനുള്ള ആയുധമായിരുന്നു ഈ വിശേഷദിനങ്ങൾ.

വിഷുവും ചുവന്ന രണ്ടു​രൂപ നോട്ടും!

ആടുകളെ ​പോറ്റിയും പാൽ കറന്നു വിറ്റും കഷ്ടപ്പെട്ട് ജീവിതം നയിക്കുന്ന അമ്മ എല്ലാ വിഷുവിനും ഞങ്ങൾക്ക് പുതുവസ്ത്രം വാങ്ങിത്തന്നിരുന്നു. ഒരു ട്രൗസറും കുപ്പായവുമാണ് വിഷുക്കോടി. പിന്നെയുള്ള ആഹ്ലാദം പടക്കംപൊട്ടിക്കലാണ്. കശുവണ്ടി പെറുക്കി വിറ്റാണ് പടക്കം വാങ്ങാൻ പണം ​കണ്ടെത്തിയിരുന്നത്. കീശയിലെല്ലാം കശുവണ്ടി നിറച്ച് ഇതിനായി ഞങ്ങൾ കടയിലേക്ക് ഓടും.

വിഷുക്കോടിയും കൈനീട്ടവും വയറുനിറച്ചുള്ള ഭക്ഷണവും നിറമുള്ള വിഷു ഓർമയാണ്. അമ്മയാണ് വിഷുക്കൈനീട്ടം തരിക. 25 പൈസയാണ് അന്നത്തെ ഏറ്റവും വലിയ കൈനീട്ടം. 1984ൽ അമ്മയെന്ന മഹാവിളക്കണഞ്ഞു. അമ്മ മരിച്ചതിൽ പിന്നെ ഇവളാണ് (ഭാര്യ രത്നവല്ലിയെ ചൂണ്ടിക്കാട്ടി) എനിക്ക് കൈനീട്ടം തരുന്നത്.

ഒരുവർഷം വിഷുക്കാലത്താണ്​ പാർട്ടിയുടെ നാഷനൽ കൗൺസിൽ ഡൽഹിയിൽ ചേർന്നത്. രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഉള്ളവർ പ​ങ്കെടുക്കുന്നതല്ലേ? അവർക്ക് വിഷുവും കാര്യവുമൊന്നുമില്ലല്ലോ. രണ്ടാം ദിവസമാണ് വിഷു. കൂടെ ഇവളുമില്ല.

‘‘ആരാ എനിക്ക് വിഷുക്കൈനീട്ടം തരുക?’’ തലേന്ന് രാത്രി ഞാനിങ്ങനെ ആലോചിച്ചു കിടന്നു. പിറ്റേന്ന് രാവിലെയുണ്ട് പഴയ റവന്യൂ മന്ത്രി പി.എസ്. ശ്രീനിവാസൻ വിളിക്കുന്നു: ‘‘രവീ രവീ വാ!..’’ ഞാൻ പോയി​. നോക്കുമ്പോൾ ​കൈനീട്ടം തരാൻ വിളിച്ചതാണ്. നല്ല ചുവന്ന രണ്ടുരൂപ നോട്ട് കൈനീട്ടമായി തന്നു. എനിക്ക് എത്രയോ സന്തോഷമായി. കനകത്തെക്കാൾ വിലമതിക്കുന്നതായാണ് ഞാനതിനെ കാണുന്നത്. ഇപ്പോഴുമത് സൂക്ഷിച്ചുവെച്ചിട്ടുമുണ്ട്.

ഞാൻ ഒരു നോമ്പുകാരൻ

റമദാൻ എനിക്കിഷ്ടപ്പെട്ട മാസമാണ്. എല്ലാ റമദാനിലും നോമ്പെടുക്കാറുണ്ട്. ഏഴുനോമ്പ് വരെ എടുത്ത വർഷങ്ങളുണ്ട്. പകുതിയെങ്കിലും എടുക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, തിരക്കുകളും മറ്റും കാരണം കഴിയാറില്ല. വിശേഷദിവസമായി കരുതുന്ന 27ാം നോമ്പ് എല്ലായ്പോഴും അനുഷ്ഠിക്കാറുണ്ട്.

വെള്ളമടിച്ച് ഫിറ്റായ ആ രാത്രി

ഒരു ദിവസം സുഹൃത്തിന്റെ വീട്ടിൽ പാർട്ടിയുണ്ടെന്നു പറഞ്ഞ് എന്നെ വിളിച്ചുകൊണ്ടുപോയി. ആവിപറക്കുന്ന ചിരട്ടപ്പുട്ടും നല്ല അസ്സൽ നാടൻ കോഴിയിറച്ചിക്കറിയും. വിഭവസമൃദ്ധമായ ഭക്ഷണത്തിനുശേഷം എല്ലാവർക്കും സുഹൃത്തിന്റെ ആർമിക്കാരനായ ജ്യേഷ്ഠൻ കൊണ്ടുവന്ന മുന്തിയ ഇനം മദ്യം പകർന്നുനൽകി. ഇതുവരെ മദ്യപിക്കാത്ത ഞാൻ വേണ്ടെന്നു പറഞ്ഞെങ്കിലും കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ഒരു ഗ്ലാസ് ഒറ്റയടിക്ക് വലിച്ചു കുടിച്ചു.

രാത്രി ബാലൻസ് തെറ്റി ആടിക്കുഴഞ്ഞ് വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്നുതന്നത് അമ്മയായിരുന്നു. അമ്മക്ക് കാര്യം മനസ്സിലായെങ്കിലും ഒന്നും മിണ്ടിയില്ല. പിറ്റേന്ന് രാവിലെ മദ്യത്തിന്റെ കെട്ടഴിഞ്ഞശേഷം അമ്മ എന്നെ അരികിലേക്ക് വിളിച്ചു. ഇന്നലെ എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചു.

ഞാൻ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. അമ്മ എന്നെ ചേർത്തുപിടിച്ച് ഒരു കരച്ചിലായിരുന്നു. ആവർത്തിക്കരുത് എന്ന ഒരു വാക്കും. ഞാനും കരഞ്ഞു. എന്റെ ആദ്യത്തെയും അവസാനത്തെയും മദ്യപാനമായിരുന്നു. സോവിയറ്റ് യൂനിയനിൽ പോയപ്പോൾപോലും അതിനുശേഷം ഇന്നുവരെ ഞാൻ മദ്യം തൊട്ടിട്ടേയില്ല.

പോക്കറ്റടിക്കാരന്‍റെ ചീത്ത വിളി

പാർട്ടി ജില്ല സെക്രട്ടറിയായിരിക്കെ തലശ്ശേരി ഭാഗത്ത് ഒരു പരിപാടിയിൽ പ​ങ്കെടുക്കാൻ പോയതാണ്​. തിരിച്ചു വീട്ടിലെത്തിയപ്പോൾ കീശയിലുള്ള ചുവന്ന പോക്കറ്റ് ഡയറിയും പി.എസ്. ശ്രീനിവാസൻ വിഷുക്കൈനീട്ടമായി തന്ന രണ്ടു രൂപയും കാണാനില്ല. ശ്രീനിവാസനെ പോലുള്ള ത്യാഗിയായ കമ്യൂണിസ്റ്റുകാരൻ തന്ന, എനിക്ക് ജീവനോളം വിലപ്പെട്ട ആ രണ്ടു രൂപ നോട്ട് വഴിയിൽ എവിടെയോ വെച്ച് ആരോ പോക്കറ്റടിച്ചിരിക്കുന്നു.

ഒരു വെള്ളിയാഴ്ചയാണ് സംഭവം. അതേക്കുറിച്ച് ആലോചിച്ച് സങ്കടപ്പെട്ടിരിക്കെ തിങ്കളാഴ്ച ആ രണ്ടു രൂപയും ഡയറിയും തപാലിൽ എന്നെ തേടിയെത്തി. കൂടെ ഒരു ചെറുകുറിപ്പും അഞ്ചു രൂപയും. ആ കുറിപ്പ് തുടങ്ങുന്നതുതന്നെ നല്ല പുളിച്ച തെറിയോടെ ആയിരുന്നു. ‘&%#$....

വല്യ നേതാവെന്നു പറഞ്ഞ് നടക്കുന്ന തെണ്ടീ... ഞാൻ മൂന്നുവട്ടം ശ്രമിച്ചിട്ടാണ് ഈ പഴ്സ് നിന്റടുത്തുനിന്ന് കിട്ടിയത്. എന്നിട്ട് നോക്കി​യപ്പോ രണ്ടു രൂപ! എന്തിന് വേണം ഇത്? ഞാൻ അടുത്തയാളെ പോക്കറ്റടിച്ചപ്പോ കിട്ടിയതിൽനിന്ന് അഞ്ചു രൂപ ഇതിന്റെ കൂടെയുണ്ട്. നീ പോയി ചായ കുടിക്ക് നാറീ &%$#@*...’ പിന്നീട് കണ്ണുകാണാത്ത ഒരു ഭിക്ഷക്കാരന് ഞാൻ ആ അഞ്ചു രൂപ കൈമാറി.

‘അതാണേ റേഡിയോയിൽ പറഞ്ഞ ചെക്കൻ’

ഞാൻ പഠിച്ച് വലിയ ആളാകണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. പ്രാരബ്ധങ്ങൾ നേരിട്ട് ജീവിതം കെട്ടിപ്പിടിച്ച സ്ത്രീകളുടെ കടുത്ത ആഗ്രഹമായിരിക്കും മക്കൾ വളർന്ന് ഉന്നതങ്ങളിൽ എത്തുക എന്നത്. എന്നെ മൂന്നുവയസ്സു മുതൽ അമ്മ സംസ്കൃതം പഠിപ്പിച്ചിരുന്നു. 1948ൽ ജനിച്ച എന്നെ 1951ൽതന്നെ സ്കൂളിൽ ചേർത്തു. ’52ലെ ഇലക്ഷനിൽ എ.കെ.ജി പ്രചാരണത്തിന് വന്നപ്പോൾ എന്നെക്കൊണ്ട് ചുവന്ന മാലയണിയിച്ചു. ചെറുപ്പത്തിലേ എന്നെ കമ്യൂണിസ്റ്റാക്കുകയായിരുന്നു അതിലൂടെ.

പാർട്ടിയിൽ ​ചെറുപ്പത്തിൽ തന്നെ ഞാൻ നേതൃപദവിയിൽ എത്തിയിരുന്നു. എന്നാൽ, എം.പിയാകുന്നതും ജില്ല കൗൺസിൽ അംഗമാകുന്നതും കാണാൻ അമ്മ ഉണ്ടായില്ല. അമ്മ ഉണ്ടായിരുന്നെങ്കിൽ ആ സ്ഥാനലബ്ധികൾക്ക് എത്രയോ പൂർണതയുണ്ടാകുമായിരുന്നു...

എന്റെ വളർച്ചയിൽ അമ്മ എത്രമാത്രം സന്തോഷിക്കുന്നുവെന്ന് നേരിട്ടറിഞ്ഞ അനുഭവമായിരുന്നു 1970ലെ റേഡിയോ പ്രഭാഷണം. അന്നെനിക്ക് 22 വയസ്സ്. ശ്രീനാരായണഗുരു ഫുട്ബാൾ ടൂർണമെന്റിന്റെ അനൗൺസ്മെന്റ് ടീമിൽ ഞാൻ ഉണ്ടായിരുന്നു. നാലു കാശ് കിട്ടുന്ന കാര്യമാണ്. അതിനിടെ, ടൂർണമെന്റിനെ കുറിച്ച് 10 മിനിറ്റ് സംക്ഷിപ്ത വിവരണം നടത്താൻ ആകാശവാണിയിൽനിന്ന് ഒരു അവസരം കിട്ടി. ഞാൻ അമ്മയോട് കാര്യം പറഞ്ഞു.

ആഹ്ലാദംകൊണ്ട് ആ കണ്ണുകൾ വിടർന്നു. അന്ന് റേഡിയോയിൽ പറയുക എന്നാൽ നാട്ടിൽ ഭൂകമ്പമുണ്ടാക്കുന്ന വലിയ കാര്യമാണ്. ഞാൻ കോഴിക്കോട് ആകാശവാണിയിൽ പോയി. അമ്മ വീടിനടുത്തുള്ള സ്ത്രീകളെയൊക്കെ വിളിച്ച് അയൽപക്കത്ത് റേഡിയോ ഉള്ള ഒരു വീട്ടിൽ ഒത്തുകൂടി എന്റെ വിവരണം കേട്ടു. അമ്മക്ക് ലോകം കീഴടക്കിയ പ്രതീതിയായിരുന്നു.

രാത്രി ഞാൻ തിരിച്ച് വീട്ടിൽ വന്നപ്പോൾ ‘ഇനി എനിക്ക് മരിച്ചാൽ മതി’യെന്നു പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. എന്റെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത ദിവസമായിരുന്നു അത്​. പിന്നീട് ഞാൻ നാട്ടിലൂടെ പോകുമ്പോഴൊക്കെ ‘അതാണേ റേഡിയോയിൽ പറഞ്ഞ ചെക്കൻ പോകുന്നു’ എന്ന് സ്ത്രീകൾ അടക്കം പറയുന്നത് കേട്ടിട്ടുണ്ട്.

ജനലും വാതിലുമില്ലാത്ത വീട്

മഴയിൽ ചോർന്നൊലിച്ചിരുന്നു 1991 വരെയുള്ള എന്റെ വീട്. 1989ൽ കേന്ദ്രസർക്കാറിന്റെ നിർധനർക്കുള്ള വീട് പദ്ധതിയിൽ നിന്നുള്ള സഹായം ലഭിച്ചതോടെയാണ് ഈ അവസ്ഥ മാറിയത്. പഞ്ചായത്തിൽ 50 വീടനുവദിച്ചതിൽ ഒന്ന് എനിക്കാണ്​. ആ തുക ഉപയോഗിച്ച് ചുമരും വാർപ്പും പൂർത്തിയാക്കി.

ജനലും വാതിലുമൊന്നും ഇല്ലാത്ത വീടിന്റെ രൂപം മാത്രം പൂർത്തിയായി. ആരോടെങ്കിലും പറഞ്ഞാൽ ബാക്കി തുക സ്വരൂപിച്ച് വീടുപണി പൂർത്തിയാക്കാമെന്ന് പാർട്ടിയിലെ സുഹൃത്തുക്കൾ ഉപദേശിച്ചെങ്കിലും അത് എനിക്ക് ഉൾക്കൊള്ളാനായില്ല. ആരെയും ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്ന് തോന്നി.

അങ്ങനെ 1991ൽ ക്രിസ്മസ് തലേന്ന് വടകരയിൽ പോയി തിരിച്ചുവരുമ്പോൾ ഒരു കേക്ക് വാങ്ങി. 25ന് രാവിലെ ആ കേക്ക് മുറിച്ച് ഈ വീട്ടിൽ താമസം തുടങ്ങി. ഇന്നത്തെ പാർട്ടി ജില്ല സെക്രട്ടറിയായ സന്തോഷ് കുമാറായിരുന്നു ആദ്യ ‘അതിഥി’. ഒരു പൊലീസ് കേസുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാൻ വേണ്ടിയായിരുന്നു സന്തോഷ് എത്തിയത്. എ​െന്റ മക്കൾ വലുതായശേഷം അവരാണ് അഞ്ചു സെന്റിലുള്ള ഈ വീട് ഇന്നത്തെ നിലയിലാക്കിയത്.

നടൻ മധുവിനെ ഒളിച്ച് തൊട്ടിട്ടുണ്ട്!

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടവും അനുഗ്രഹവുമായിരുന്നു തിരുവനന്തപുരത്ത് എം.പിയായ 2005 മുതൽ 2009 വരെയുള്ള കാലഘട്ടം. രാഷ്ട്രീയ സാമൂഹിക രംഗത്തുള്ള എല്ലാവരുമായി ബന്ധപ്പെടാൻ കഴിഞ്ഞു. ഞാൻ ആരാധനയോടെ കണ്ട സിനിമ നടൻ മധു, യേശുദാസ്, മമ്മൂട്ടി, മോഹൻലാൽ, തുടങ്ങി പ്രമുഖരുമായി അക്കാലത്ത് പരിചയപ്പെട്ടു.

മധുവിനോട് എനിക്ക് വല്ലാത്ത ആരാധനയായിരുന്നു. 1970-74ൽ മധുസാർ കോഴിക്കോട്ട് വന്നപ്പോൾ ആർത്തി മൂത്ത് അദ്ദേഹം കാണാതെ ഞാൻ പോയി ഒളിച്ചു തൊട്ടിട്ടുണ്ട്. അങ്ങനെയുള്ള മധുസാറുമായി ഇപ്പോ എനിക്ക് വലിയ ബന്ധമാണുള്ളത്.

മധുവിനെ നായകനാക്കി എന്റെ സ്വന്തം സിനിമ

'ദൈവത്തിന്റെ വാള്‍', 'ആശംസകളോടെ അന്ന’ തുടങ്ങിയ സിനിമകളിൽ നടനായി എത്തിയ ഞാൻ അടുത്ത ഒരു സിനിമയുടെ പണിപ്പുരയിലാണ്. മധുവാണ് നായകൻ. കഴിഞ്ഞ ജന്മദിനത്തിൽ ഞങ്ങൾ സംഘമായി കാണാൻ പോയപ്പോഴായിരുന്നു ഇതിന് അദ്ദേഹം സമ്മതം മൂളിയത്. ഞാൻ സ്വന്തമായി എഴുതിയ കഥ മധുപാലിന്റെ സംവിധാനത്തിലാണ് ചിത്രമാകുക. കെ. ജയകുമാറാണ് സംഗീതം. ശരത് സംഗീതസംവിധാനം നിർവഹിക്കും.

ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രാഷ്ട്രീയ നേതാവിന്റെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. മധുസാർ തന്നെയായിരിക്കും 90 ശതമാനവും സ്ക്രീനിൽ ഉണ്ടാവുക. അദ്ദേഹത്തിന്റെ ജീവിതത്തിലെ എന്നുമോർക്കാവുന്ന ചിത്രമായിരിക്കും ഇത്.

ഇന്ത്യയെ രക്ഷിക്കാൻ ജനങ്ങൾ ഒരുമിക്കണം

ജുഡീഷ്യറിയെയും നിയമനിർമാണസഭയെയും മാധ്യമങ്ങളെയും ഉദ്യോഗസ്ഥരെയും സംഘ്പരിവാർ വരിഞ്ഞുമുറുക്കുകയാണ്. ഇതിൽനിന്ന് മോചിപ്പിക്കാൻ ഇന്ത്യയിലെ ജനങ്ങൾ ഒരുമിക്കണം. കേരളത്തിലൂടെ ഇന്ത്യയെ കാണരുത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യമല്ല മറ്റു സംസ്ഥാനങ്ങളിൽ. ബി.ജെ.പിക്കും ആർ.എസ്.എസിനും തീവ്രവാദ പ്രസ്ഥാനങ്ങൾക്കും കേരളത്തിൽ അടിത്തറയില്ല.

വാഗ്ഭടാനന്ദനും ശ്രീനാരായണഗുരുവും വക്കം മൗലവിയും പൊയ്കയിൽ യോഹന്നാനും ഒരുക്കിയ മതേതര അടിത്തറയാണ് കേരളത്തിന്റേത്. ഇവിടെ ബി.ജെ.പിയുടെ വർഗീയതയെ തോൽപിക്കാൻ ലെഫ്റ്റിന് തന്നെ കഴിയും. എന്നാൽ, രാജ്യത്ത് അതല്ല സ്ഥിതി. മതനിരപേക്ഷ ബദൽ അനിവാര്യമാണ്. ജനാധിപത്യ മതനിരപേക്ഷ വിശ്വാസികൾ ഒരുമിക്കണം. അതിന് കേരളം മുന്നിട്ടിറങ്ങണം. 

ഇന്ത്യ മാറുന്നു

ഇക്കഴിഞ്ഞ ദിവസം രാജ്യത്തെ പ്രമുഖരായ 93 മുൻ സിവിൽ സർവിസുകാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു നിവേദനം നൽകി. രാജ്യത്തെ ക്രൈസ്തവ ജനതക്കെതിരായ പീഡനം അവസാനിപ്പിക്കണമെന്നായിരുന്നു ആവശ്യം. അതിൽ ഹിന്ദുവും ക്രിസ്ത്യനും മുസ്‍ലിമും അതൊന്നുമല്ലാത്തവരും ഉണ്ടായിരുന്നു. ബി.ജെ.പി വിചാരിച്ചാൽ ഈ അതിക്രമം നിർത്താൻ കഴിയും എന്നാണ് അവർ പറഞ്ഞത്. അതായത്, ഈ ക്രൂരതക്കു പിന്നിൽ ബി.ജെ.പി തന്നെയാണ് എന്നാണ് അതിനർഥം.

Tags:    
News Summary - In Conversation with Pannyan Raveendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.