‘രണ്ടേ രണ്ട് മണിക്കൂറിന്‍റെ തയാറെടുപ്പ് -ജിൽ ജിൽ താളത്തിൽ പിറന്ന വൈറൽ ഡാൻസിന്‍റെ അണിയറക്കാരിതാ...

മലയാളികളുടെ പെരുന്നാൾ ആഘോഷങ്ങൾക്ക്​ ഒരു ഒപ്പനത്താളത്തിന്‍റെ ശീലും ചുവടുകളും പകർന്ന ഏഴുപേർ. ‘സുലൈഖ മൻസിൽ’ സിനിമയിലെ ‘ജിൽ ജിൽ’ പാട്ടിനൊത്ത്​ ഡാൻസ്​ ​േഫ്ലാറിൽ ഇവ​ർ വെച്ച ചുവടുകൾ സോഷ്യൽ മീഡിയയിൽ തീർത്തത്​ വൻ തരംഗം.

രണ്ടര മിനിറ്റോളം നീളുന്ന ഈ വിഡിയോ കണ്ടവരെല്ലാം ആ ഒപ്പന ചുവടുകൾക്ക്​ താളം പിടിച്ചു. കേരളത്തിലല്ല, അങ്ങ് യു.എ.ഇയിലെ ഷാർജയിലായിരുന്നു ഈ സംഘത്തിന്‍റെ പെർഫോമൻസ്. അതുകണ്ട് അവരെല്ലാം പ്രഫഷനൽ ഡാൻസർമാരാണെന്ന് ധരിച്ചെങ്കിൽ തെറ്റി.

നർത്തകിയും ഫിറ്റ്‌നസ് ട്രെയിനറുമായ ആര്യ ബാലകൃഷ്ണന്‍റെ കീഴിൽ ഡാൻസ് പ്രാക്ടിസ് ചെയ്യുന്ന പ്രവാസി മലയാളികളായിരുന്നു ആ ചുവടുകൾക്കു പിന്നിൽ. ഡാൻസ് പിറന്ന കഥ കൊറിയോഗ്രാഫർകൂടിയായ ആര്യ പങ്കുവെക്കുന്നു...

ഭാവന, ഐന എൽസ്മി ഡെൽസൻ, ഡോ. അജില, ആര്യ ബാലകൃഷ്ണൻ, ജാക്വിലിൻ, ലക്ഷ്മി,ശ്രീലക്ഷ്മി എന്നിവർ 

രണ്ടു മണിക്കൂർകൊണ്ടൊരു വൈറൽ ഡാൻസ്

സാധാരണ ട്രെൻഡിങ്ങായ പാട്ടുകളുടെ ഡാൻസ് കവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഒറിജിനൽ ഡാൻസ് സ്വന്തം കോറിയോഗ്രഫിയിലൂടെ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് ഞങ്ങൾ അവതരിപ്പിക്കുക. അതിൽ ചിലതൊക്കെ കൂടുതൽ ആളുകളിലേക്ക് എത്തുകയോ വൈറലാവുകയോ ചെയ്യാറുണ്ട്. അക്കൂട്ടത്തിലാണ് ‘ജിൽ ജിൽ’ ഡാൻസും.

സിനിമയുടെ പാട്ടും ഡാൻസും വൈറലായതോടെ രണ്ടു ദിവസത്തിനു ശേഷമാണ് പാട്ടിനൊത്ത് ഡാൻസ് ചെയ്യാൻ തോന്നിയത്. മാപ്പിളപ്പാട്ടാണല്ലോ, പോരാത്തതിന് അന്ന് റമദാനും പെരുന്നാളിനോടടുത്ത സമയവും ആയതുകൊണ്ടും സംഗതി കൊള്ളാമെങ്കിൽ ഷൂട്ട് ചെയ്യാനും തീരുമാനിച്ചു.

അടുത്ത ദിവസം ഡാൻസ് ക്ലാസിന് വരുന്നവരോട് ചുരിദാറും തട്ടവും ധരിച്ച് വരാനും പറഞ്ഞു. വാട്സ്ആപ് ഗ്രൂപ്പിലൂടെയായിരുന്നു അറേഞ്ച്മെന്‍റ്സെല്ലാം. ടീം എല്ലാവരും നല്ല ത്രില്ലിലായതോടെ ഒരു മണിക്കൂർ കൊണ്ടാണ് പഠിച്ചതും പ്രാക്ടിസ് പൂർത്തിയാക്കിയതും. എല്ലാവരും നന്നായി കളിച്ചതോടെ ഒരു മണിക്കൂർകൊണ്ട് ഷൂട്ടും ചെയ്തു. എല്ലാം വളരെ പെട്ടെന്നായിരുന്നു സംഭവിച്ചത്.

വൈറൽ ഡാൻസ് ടീം

എനിക്കൊപ്പം നടി ഐമ റോസ്മി സെബാസ്റ്റ്യന്‍റെ ഇരട്ട സഹോദരി ഐന എൽസ്മി ഡെൽസൻ, ഡോ. അജ്ല, ഭാവന, ശ്രീലക്ഷ്മി, ജാക്വിലിൻ, ലക്ഷ്മി എന്നിവരാണ് ആ വൈറൽ താരങ്ങൾ. വീട്ടമ്മമാർ, ജോലിക്കാർ വരെ ഇക്കൂട്ടത്തിലുണ്ട്. ഇവരിൽ ആരും പ്രഫഷനൽ ഡാൻസേഴ്സ് അല്ല.

റമദാനും നാട്ടിൽ വെക്കേഷനും ആ‍യതുകൊണ്ട് സ്റ്റുഡന്‍റ്സ് കൂടുതലും നാട്ടിലാണ്. അതുകൊണ്ടാണ് ഞങ്ങൾ ഏഴു പേരായി ചുരുങ്ങിയത്. എല്ലാവരും പാഷൻ കാരണം വരുന്നതാണ്. സംഗതി തട്ടിക്കൂട്ട് ആണെങ്കിലും ഡാൻസ് ഹിറ്റാവുമെന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല. യൂട്യൂബിൽ അപ് ലോഡ് ചെയ്തതോടെ സംഗതി വൈറലായി.

സാധാരണ ഡാൻസ് ഷൂട്ട് ചെയ്യുമ്പോൾ വളരെ നേരത്തേ പ്ലാൻ ചെയ്ത് കോസ്റ്റ്യൂമൊക്കെ അറേഞ്ച് ചെയ്യും. കോറിയോഗ്രഫിയും പ്രാക്ടിസും ഒരു ദിവസമോ അതിലപ്പുറമോ നടക്കും. പിന്നാലെ പുറത്തിറക്കിയ ഡാൻസിന്‍റെ പാർട്ട് രണ്ടും ഹിറ്റായിരുന്നു. പൂജ, ശ്രീലക്ഷ്മി, ജ്വൽ ജോൺസൺ, വൈഗ, സാന്ദ്ര എന്നിവരടങ്ങിയ ടീമായിരുന്നു പാർട്ട് രണ്ടിൽ.

നെഗറ്റിവും പോസിറ്റിവും കമന്‍റുകൾ

എല്ലാ വിഡിയോകൾക്കും പോസിറ്റിവും നെഗറ്റിവുമായ കമന്‍റുകൾ നിരവധിയുണ്ടാവും. ബോഡി ഷെയ്മിങ്ങും തെറിയുമൊക്കെ ഇഷ്ടംപോലെ വരാറുണ്ട്, അതൊക്കെ സ്വാഭാവികം. നെഗറ്റിവ് കമന്‍റിന് മുഖം കൊടുക്കാതിരുന്നാൽ പിന്നെ അതോർത്ത് ടെൻഷൻ വേണ്ടല്ലോ. പോസിറ്റിവ് കമന്‍റുകൾ മാത്രം മതി ഞങ്ങൾക്ക് ഊർജം നിറക്കാൻ.

ഇങ്ങനെയുള്ള ഡാൻസ് ഭയങ്കര ഇൻസ്പിരേഷനാണെന്നു പറഞ്ഞ് വീട്ടമ്മമാരുൾപ്പെടെ നിരവധി സ്ത്രീകൾ മെസേജ് അയക്കാറുണ്ട്. പ്രത്യേകിച്ച് പ്രവാസ ലോകത്ത് പരസ്പരം ഒത്തുകൂടാനോ മറ്റുള്ളവരോട് സംസാരിക്കാനോ പോലും സാധിക്കാത്ത വീട്ടമ്മമാരായ എത്രയോ സ്ത്രീകളുണ്ട്. അവർക്കൊക്കെ ഇത്തരം ഡാൻസുകളും കൂട്ടായ്മയും പകരുന്ന ഊർജം ചെറുതല്ല. ചില സിനിമയുടെ പ്രമോഷന്‍റെ ഭാഗമായും ഡാൻസ് ചെയ്ത് വിഡിയോ ഷെയർ ചെയ്യാറുണ്ട്.


സ്പോട്ടിൽ ഇട്ട സ്റ്റെപ്

ഇതിന് കോറിയോഗ്രഫി ചെയ്തെന്നു പറയാൻ പറ്റില്ല, സ്പോട്ടിൽ ഇട്ടതാണ് സ്റ്റെപ്പെല്ലാം. സിനിമക്കുവേണ്ടി കോറിയോഗ്രഫി ചെയ്ത സുഹൃത്തായ ജിഷ്ണുവിന്‍റെ പാറ്റേൺ തന്നെയാണ് ഞങ്ങളും ഫോളോ ചെയ്യാൻ ശ്രമിച്ചത്. കുറച്ചുമാത്രം മോഡിഫൈ ചെയ്തെന്നു മാത്രം. എന്റെ പാഷന്‍ നൃത്തമാണ്.

അത് രക്തത്തിൽ അലിഞ്ഞുചേർന്നതുകൊണ്ടാണ് ഞാനും സുഹൃത്ത് സനം ഷിബിനും വനിതകൾക്കായി സ്റ്റുഡിയോ 19 എന്ന ഡാൻസ് ആൻഡ് ഫിറ്റ്നസ് സ്ഥാപനം ആരംഭിച്ചത്. ഞങ്ങളുടെ സ്വപ്നമായിരുന്നു. വീട്ടമ്മമാർ, പ്രഫഷനൽസ്, വിദ്യാർഥികൾ, കുട്ടികൾ തുടങ്ങി പ്രായഭേദമന്യേ വിവിധ തലങ്ങളിലുള്ളവർ ഇവിടെ പ്രാക്ടിസ് ചെയ്യുന്നുണ്ട്.

കേവലം ഡാൻസ് പഠനത്തിനു പുറമെ പലർക്കും പരസ്പരം കാണാനും സംസാരിക്കാനും ഒത്തുകൂടാനുമുള്ള വേദികൂടിയാണിവിടം. സർട്ടിഫൈഡ് ഫിറ്റ്നസ് ഇൻസ്ട്രക്ടറായ സഹോദരൻ അഭിത്ത് ബാലകൃഷ്ണനാണ് ഇവിടെ ഫിറ്റ്നസ് ക്ലാസ് കൈകാര്യം ചെയ്യുന്നത്.

(ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തമായ താരമാണ് ആര്യ ബാലകൃഷ്ണൻ. ഷോയിൽ ടൈറ്റിൽ അവാർഡ് നേടിയില്ലെങ്കിലും പ്രേക്ഷകരുടെ ഹൃദയത്തിൽ ആര്യ ഇടം നേടി. 2018ലാണ് സ്റ്റുഡിയോ 19 ആരംഭിച്ചത്. തൃശൂര്‍ തളിക്കുളത്താണ് സ്വദേശം. വിവാഹശേഷം ഭർത്താവ് വിഷ്ണു ഗോവിന്ദ്, മകൻ ഓം വിഷ്ണു എന്നിവർക്കൊപ്പം ദുബൈയിലാണ് താമസം.)

ജിഷ്ണു (കൊറിയോഗ്രാഫർ -സുലൈഖ മൻസിൽ)

ഭീഷ്മപർവത്തിലെ പറുദീസ പാട്ടിന്‍റെ ഡാൻസിനു പിന്നാലെ ജിൽ ജിൽ ചുവടുകൾ ട്രെൻഡിങ് ആയതിന്‍റെ ത്രില്ലിലാണ് കോറിയോഗ്രാഫർ ജിഷ്ണു. 'മൈസെൽഫ് ആൻഡ് മൈ മൂവ്സ്' എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ഡാൻസ് വിഡിയോകൾ ചെയ്തു വൈറലായ ജിഷ്ണുവും സംഘവും തൊട്ടതെല്ലാം പൊന്നാക്കി ശ്രദ്ധനേടുകയാണ്. മാപ്പിളപ്പാട്ടിന്‍റെ പതിവ് ക്ലീഷെ താളത്തിൽനിന്ന് മാറി എനർജറ്റിക്കായ കോറിയോഗ്രഫിയൊരുക്കിയ വിശേഷം ജിഷ്ണു പങ്കുവെക്കുന്നു...

റിലാക്സായി ചെയ്ത കോറിയോഗ്രഫി

സുലൈഖ മൻസിലിലേക്കുള്ള എൻട്രി എന്നെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതമായിരുന്നു. പഴയ പാട്ടായതുകൊണ്ട് ലിറിക്സിന് ആരാധകർ ഏറെയുണ്ടായിരുന്നു. വിഡിയോ സോങ് റിലീസായതോടെ അതിനേക്കാളേറെ ഹിറ്റായി. പറുദീസ ഹിറ്റായതിനു പിന്നാലെയാണ് ഇതിലേക്കുള്ള വിളി വരുന്നത്.

ആദ്യ കൂടിക്കാഴ്ചക്കുശേഷം സ്ക്രിപ്റ്റും കാര്യങ്ങളും ഡയറക്ടർ അഷ്റഫ് ഹംസ വിശദീകരിച്ചുതന്നു. പാട്ടും പരിസരവും സംബന്ധിച്ച് കൃത്യമായ ക്ലാരിറ്റി ലഭിച്ചതും പ്ലാനിങ്ങിന് സമയം കൂടുതൽ ലഭിച്ചതും കോറിയോഗ്രഫി റിലാക്സായി ചെയ്യാൻ സഹായിച്ചു.

ഡാൻസ് വിഡിയോ റിലീസ്ചെയ്ത ആദ്യ ദിവസങ്ങളിൽ അത്ര പോസിറ്റിവായിരുന്നില്ല കമന്‍റുകളും അഭിപ്രായങ്ങളും. പക്ഷേ, ദിവസങ്ങൾക്കുശേഷം സ്ഥിതി മാറി, പ്രേക്ഷകർ ഹൃദയത്തോടു ചേർത്തുവെച്ചു. ഒരു പാട്ട് ഇറങ്ങിയതിന്റെ തുടർച്ചയായി അതിന്റെ കോറിയോഗ്രഫിയെക്കുറിച്ച് പ്രേക്ഷകർ ചർച്ചചെയ്യുന്നത് സന്തോഷമുള്ള കാര്യമാണ്. ചെയ്യുന്ന വർക് വ്യത്യസ്തവും മികച്ചതും ആവണം എന്ന വാശിയിലാണ് വർക്കുകൾ ചെയ്യാറുള്ളത്. ഭാവിയിലും അത് അങ്ങനെത്തന്നെയാവും, പ്രതീക്ഷിക്കാം.

എല്ലാവരും ലൈവായിരുന്നു

‘ജിൽ ജിൽ’ പാട്ടിനുമാത്രം മൂന്നു ദിവസത്തെ ഷെഡ്യൂൾ ആണ് തന്നതെങ്കിലും മഴകാരണം ബ്രേക്കായതോടെ രണ്ടു ദിവസംകൊണ്ട് പൂർത്തിയാക്കേണ്ടിവന്നു. അനാർക്കലി, ഗണപതി തുടങ്ങി ഡാൻസിലെ ആർട്ടിസ്റ്റുകളെല്ലാം നന്നായി സഹകരിച്ചു. എനിക്കൊപ്പം ഏണസ്റ്റ്, ഗംഗ എന്നിവരാണ് കോറിയോഗ്രഫി ടീം.

മാപ്പിളപ്പാട്ടിനൊപ്പം കല്യാണ ആമ്പിയൻസ് കൂടി ആയതോടെ തനി ഒപ്പനയിലേക്ക് പോകാതെയുള്ള കോറിയോഗ്രഫി കൊണ്ടുവരണമെന്നത് വെല്ലുവിളിയായിരുന്നു. മുഴുസമയം എനർജറ്റിക്കായ പാട്ടാണിത്. ചെയ്തുവന്നപ്പോൾ സംഗതി എല്ലാവർക്കും ഇഷ്ടമായി. മറ്റു പാട്ടുകളുടെ പ്രാക്ടിസും അതേപോലെ ഭംഗിയായി നടന്നു. നായകൻ ലുക്മാന്‍റെയൊക്കെ സഹകരണവും ഇടപെടലും എടുത്തുപറയേണ്ടതാണ്. സിനിമയിലെതന്നെ ഏതാണ്ട് 350ഓളം ആർട്ടിസ്റ്റുമാർ തന്നെയാണ് പാട്ടിലും പെർഫോം ചെയ്തത്.

മൈസെല്‍ഫ് ആന്‍ഡ് മൈ മൂവ്‌സ്‌

ഞാനും സുഹൃത്ത് സുമേഷ് സുന്ദറുമാണ് സിനിമക്കായി കോറിയോഗ്രഫി ചെയ്യുന്നത്. വ്യക്തിപരമായ തിരക്കുകാരണം സുമേഷിന് ഈ സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞില്ല. പാട്ടിന്‍റെ പ്രമോഷൻ വർക്കുകളിൽ അവൻ സഹായിച്ചിരുന്നു. ഡാന്‍സ് എജുക്കേഷൻ എന്ന കൺസെപ്റ്റിൽ ഞങ്ങൾ തൃശൂരിൽ ആരംഭിച്ച സ്ഥാപനമാണ് മൈസെല്‍ഫ് ആന്‍ഡ് മൈ മൂവ്‌സ് സ്റ്റുഡിയോ.

കോമ്പറ്റിഷന്‍ കോറിയോഗ്രഫി, ഇവന്റ് കോറിയോഗ്രഫി തുടങ്ങി വിവിധ കോറിയോഗ്രഫികൾ ഇവിടെ ചെയ്യുന്നുണ്ട്. ഞങ്ങളുടെ ചില വിഡിയോകള്‍ കണ്ടാണ് അമൽ നീരദ് ഭീഷ്മപർവത്തിലേക്ക് വിളിക്കുന്നത്. കുന്നംകുളം കാണിപ്പയ്യൂരാണ് എന്‍റെ സ്വദേശം. എന്‍ജിനീയറായ സുമേഷ് തൃശൂര്‍ മുല്ലശ്ശേരി സ്വദേശിയാണ്. ഞങ്ങൾ 10ഓളം സിനിമകൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. ചാക്കോച്ചന്‍റെ പത്മിനിയാണ് ഇനി റിലീസാകാനുള്ളത്.


വിഷ്ണു വിജയിയുടെ സംഗീതം തന്നെയാണ് സിനിമയുടെ ആത്മാവ്

(മുഹ്സിൻ പരാരി. സംവിധായകൻ, എഴുത്തുകാരൻ, ഗാനരചയിതാവ്)

സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയന്റ് പാട്ടുകള്‍ തന്നെയാണ്. മലബാറിലെ കല്യാണ വീടുകളിലെ പള്‍സറിഞ്ഞ മാപ്പിളഗാനങ്ങളാണ് സിനിമക്ക് മികവ് നല്‍കിയത്. വിഷ്ണു വിജയിയുടെ സംഗീതം തന്നെയാണ് സിനിമയുടെ ആത്മാവ്. പാട്ടിന്‍റെ ക്രെഡിറ്റ് വിഷ്ണുവിനും അഷ്റഫ് ഹംസക്കുമാണ്.

അവർ പാട്ടിന്‍റെ ഒറിജിനൽ ലിറിക്സ് കണ്ടെത്തി വീണ്ടും റെക്കോഡ് ചെയ്ത ശേഷമാണ് ഈ രൂപത്തിലേക്ക് എത്തിച്ചത്. അതിനുശേഷമാണ് ഞാനുമായി ബന്ധപ്പെട്ടത്. അഷ്റഫ് സിനിമയുടെയും പാട്ടിന്‍റെയും കോൺടെക്സ്റ്റ് കൃത്യമായി പറഞ്ഞിരുന്നു. വിഷ്ണു ട്യൂൺചെയ്ത ശേഷമാണ് വരികൾ കൂട്ടിച്ചേർത്തത്. പഴയ പാട്ടിന്‍റെ തനിമചോരാതെ അതേ വൊക്കാബുലറി പിന്തുടർന്നാണ് ലിറിക്സ് ചെയ്തത്.


റെക്കോഡിങ് സ്റ്റുഡിയോയിലേക്കുള്ള യാത്രക്കിടെ കാറിൽവെച്ചാണ് പാട്ട് പാടിപ്പഠിച്ചത്

(വർഷ രഞ്ജിത് -ഗായിക-ജിൽ ജിൽ പാട്ട്)

പാട്ട് വമ്പൻ ഹിറ്റായതിൽ സന്തോഷമുണ്ട്. നേരിട്ടും സോഷ്യൽമീഡിയ വഴിയും പലരും സന്തോഷം ഷെയർ ചെയ്യുന്നുണ്ട്. പാട്ടിന്‍റെ ത്രില്ല് ഇപ്പോഴും വിട്ടിട്ടില്ല. വിഷ്ണു വിജയ് ചേട്ടൻ വഴിയാണ് സുലൈഖ മൻസിലിലേക്ക് എത്തുന്നത്. യൂട്യൂബിലും ഇൻസ്റ്റയിലും നേരത്തേ തല്ലുമാലയിലെ ‘ഓളെ മെലഡി’ പാട്ടിന്‍റെ കവർ ഞാൻ ഇട്ടിരുന്നു. അതിൽ വിഷ്ണുവിനെയും ടാഗ് ചെയ്തു. അതു കേട്ട് ഇഷ്ടപ്പെട്ടാണ് അദ്ദേഹം നമുക്ക് ഉടൻ ഒരു പാട്ട് ചെയ്യണമെന്ന് അറിയിച്ചത്.

പിന്നാലെയാണ് സിനിമയിലേക്ക് വിളി വരുന്നത്. പക്ഷേ ഇത്ര പെട്ടെന്നാവും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. റെക്കോഡിങ്ങിന്‍റെ ഒന്നു രണ്ടു ദിവസം മുമ്പ് അദ്ദേഹം എനിക്ക് പാട്ട് അയച്ചുതന്നിരുന്നു. ഇങ്ങനെയുള്ള പാട്ടുകൾ എനിക്ക് ഇഷ്ടമാണെങ്കിലും ആദ്യമായിട്ടാണ് പാടുന്നത്. ലിറിക്സ് പാടായിരുന്നു. എറണാകുളത്തായിരുന്നു റെക്കോഡിങ്. പലതവണ വായിച്ചു പഠിച്ചെങ്കിലും റെക്കോഡിങ് സ്റ്റുഡിയോയിലേക്കുള്ള യാത്രക്കിടെ കാറിൽവെച്ചാണ് പാട്ട് പാടിപ്പഠിക്കുന്നത്.

ഹാഫ് ഡേകൊണ്ട് റെക്കോഡിങ് പൂർത്തിയാക്കി. വിഷ്ണുവും ടീമിലുള്ളവരും നന്നായി സഹകരിച്ചതുകൊണ്ട് റിലാക്സായാണ് റെക്കോഡിങ് പൂർത്തിയാക്കിയത്. കൊല്ലം മുണ്ടക്കലാണ് സ്വദേശം. താമസവും പഠനവും ചെന്നൈയിലാണ്. പ്ലസ്ടു കോമേഴ്സിനാണ് പഠിക്കുന്നത്. സിനിമയിലും അല്ലാതെയുമായി വർക്കുകൾ വരുന്നുണ്ടെങ്കിലും പരീക്ഷയും പഠനവും കാരണം ചിലതൊക്കെ ഒഴിവാക്കേണ്ടിവന്നു. മ്യൂസിക് ഡയറക്ടർമാരായ വല്യച്ഛൻ ശരത്തും അച്ഛൻ രഞ്ജിത്തും തന്നെയാണ് എന്‍റെ ഏറ്റവും വലിയ സപ്പോർട്ട്. അമ്മ ഷീബ മ്യൂസിക് ടീച്ചറാണ്.


ഏതാണ്ട് ഒരു വർഷം മുമ്പ് ഇതേ പാട്ടിന്‍റെ പഴയ ട്രാക് പാടിയിരുന്നു

(മീര പ്രകാശ് ഗായിക-ജിൽ ജിൽ പാട്ട്)

മുമ്പ് സിനിമയിൽ ചില പാട്ടുകളുടെ ചെറിയ പോർഷനുകൾ പാടിയിട്ടുണ്ടെങ്കിലും പാട്ട് മുഴുവനായി പാടുന്നത് ആദ്യമാണ്. തല്ലുമാലയിലെ ‘മനസ്സകമിൽ’ പാട്ടിന്‍റെ ചെറിയൊരു പോർഷൻ പാടിയതുവഴിയാണ് അതിനുള്ള അവസരം ലഭിച്ചത്. വിഷ്ണുവഴിയാണ് അവസരം കിട്ടിയത്.

അദ്ദേഹത്തിനുവേണ്ടി ഏതാണ്ട് ഒരു വർഷം മുമ്പ് ഇതേ പാട്ടിന്‍റെ പഴയ ട്രാക് പാടിയിരുന്നു. നേരത്തേ ലിറിക്സ് കിട്ടിയതും പഴയ ട്രാക് പാടിയ എക്സ്പീരിയൻസും റെക്കോഡിങ് സമയത്ത് ഹെൽപ്ഫുള്ളായി. മിക്സ് മാസ്റ്ററായ ഭർത്താവ് സുജിത് ശ്രീധർക്കൊപ്പം ചെന്നൈയിൽ സ്റ്റുഡിയോ നടത്തുകയാണ്. ഭാവിയിൽ സിനിമകളിൽ പുതിയ അവസരങ്ങൾ വരുമെന്നാണ് പ്രതീക്ഷ. കൊച്ചി കളമശ്ശേരിയാണ് സ്വദേശം.


പാട്ടിന്‍റെ ഒറിജിനൽ ട്രാക് കണ്ടെത്താനും സിനിമയിൽ ഉപയോഗിക്കാനുള്ള അനുമതി വാങ്ങാനും ‘സുലൈഖ മൻസിൽ ടീമിനെ’ സഹായിച്ചു

(ഫൈസൽ എളേറ്റിൽ- മാപ്പിളപ്പാട്ട് ഗവേഷകൻ)

കണ്ണൂർ അഴീക്കോട് ചാലാട് സ്വദേശിയായ ടി.കെ. കുട്ട്യാലി രചിച്ച പാട്ടാണിത്. ‘മനസ്സിന്റെ ഉള്ളിൽ നിന്നൊളിയുന്ന മാണിക്യ മണിമുത്ത് രാജാത്തീ’, ‘ഇബ്റാഹീം നബി ഇറയോനില്‍’ തുടങ്ങി നിരവധി പഴയ ഹിറ്റ് മാപ്പിളപ്പാട്ടുകളുടെ രചയിതാവാണ്. 1970-80കളിലാണ് ‘ആരാലും മനസ്സിൽ നിന്ന്’ പാട്ട് ആദ്യമായി റെക്കോഡ് ചെയ്യുന്നത്. ടി.കെ. രാമമൂര്‍ത്തി സംഗീത സംവിധാനം നിര്‍വഹിച്ച പാട്ട് കോഴിക്കോട്ടുകാരി എൻ.പി. ഫൗസിയയായിരുന്നു ആലപിച്ചത്. ഗ്രാമഫോൺ റെക്കോഡറിൽ ചെയ്ത പഴയ ഒറിജിനൽ ട്രാക് ഞാൻ സൂക്ഷിച്ചിട്ടുണ്ട്.

ശേഷം ഏതാണ്ട് 12 വർഷം മുമ്പ് അസീസ് തായിനേരി പുറത്തിറക്കിയ ‘ജവാബ്’ എന്ന ഒരു ആൽബത്തിൽ ‘ആരാലും മനസ്സിൽനിന്ന്’ പാട്ട് ഓളവും ലെങ്ങ്ത്തും കൂട്ടി പുതിയ വേർഷനിൽ ഉൾപ്പെടുത്തിയിരുന്നു. അതിനുശേഷം എട്ടുവർഷം മുമ്പ് ഞാൻ ജഡ്ജിയായിരുന്ന മീഡിയവൺ പതിനാലാം രാവ് റിയാലിറ്റി ഷോയിൽ ഷഹജ എന്ന ഗായിക പാടിയ ഇതേ പാട്ട് 46 മില്യൺ ആളുകളാണ് കണ്ടത്. ഒരുപക്ഷേ റിയാലിറ്റി ഷോ ചരിത്രത്തിൽ ഒരുപാട്ടിന് കിട്ടിയ ഏറ്റവും കൂടുതൽ വ്യൂവർഷിപ്പാവും ഇത്. അന്നും ഇന്നും കേരളത്തിനു പുറത്തുള്ളവർവരെ ആരാധകരായുള്ള പാട്ടാണിത്.

ഡോ. ഷംഷാദ് ഹുസൈൻ വഴിയാണ് സിനിമയുടെ അണിയറക്കാർ ഞാനുമായി ബന്ധപ്പെടുന്നത്. ഡയറക്ടർ അഷ്റഫ് ഹംസ സുഹൃത്താണ്. തുടർന്നാണ് കുട്ട്യാലിയുടെ ബന്ധുക്കളെ കണ്ടെത്തുന്നതും സംസാരിക്കുന്നതും. പാട്ടിന്‍റെ ഒറിജിനൽ ട്രാക് കണ്ടെത്താനും സിനിമയിൽ ഉപയോഗിക്കാനുള്ള അനുമതി വാങ്ങാനും അവരെ സഹായിച്ചു.

വളരെ സാധാരണ കുടുംബമാണ് അവരുടെത്. മകനൊപ്പമാണ് കുട്ട്യാലിയുടെ ഭാര്യ താമസിക്കുന്നത്. അദ്ദേഹത്തിന്‍റെ പാട്ടുകൾ അനുമതിയില്ലാതെ പലരും പലയിടങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ കാലശേഷം അതിനുള്ള അനുമതിയൊന്നും കുടുംബവുമായി ബന്ധപ്പെട്ട് ആരും വാങ്ങിയിട്ടില്ലെന്ന് മക്കൾ പറയുന്നു.

സിനിമയുടെ അണിയറക്കാർ മാപ്പിളപ്പാട്ട് കൾചറിൽനിന്ന് തനിമ വിടാതെ പാട്ട് അവതരിപ്പിച്ചിട്ടുണ്ട് എന്നതും പ്രശംസനീയമാണ്. താളാത്മകമായ പദമേളനവും ആപാദമധുരമായ ഗാനരീതിയുമുള്ള മാപ്പിളപ്പാട്ട് മലയാള സിനിമ ഗാനശാഖക്കും കാര്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട് എന്നതും എടുത്തുപറയേണ്ടതാണ്.


ആ പാട്ട് തെരഞ്ഞെടുക്കാനുള്ള തീരുമാനം ഡയറക്ടറുടെതായിരുന്നു...

(വിഷ്ണു വിജയ് -മ്യൂസിക്കൽ കംപോസർ-സുലൈഖ മൻസിൽ)

ആ പാട്ട് തെരഞ്ഞെടുക്കാനുള്ള തീരുമാനം ഡയറക്ടറുടെതായിരുന്നു. പഴയ പാട്ട് ആയതുകൊണ്ട് പ്രൊഡക്ഷൻ ടീം അതിന്‍റെ കുട്ട്യാലിയുടെ ബന്ധുക്കളുമായി സംസാരിച്ച് ലീഗൽ റൈറ്റ്സ് വാങ്ങിയിരുന്നു. സ്ക്രിപ്റ്റും സ്റ്റോറിയും അനുസരിച്ച് കഥയുടേയും പാട്ടിന്‍റെയും കോണ്ടക്സ്റ്റുകൾ സംയോജിപ്പിക്കുന്ന രീതിയിലാണ് പ്ലാൻ ചെയ്ത്തത്.

ഫൈസൽ എളേറ്റിൽ വഴിയാണ് പഴയ ഒറിജിനൽ ട്രാക്കും കവറും ലഭിച്ചത്. നേരത്തേ യൂട്യൂബിൽനിന്ന് ലഭിച്ച ട്രാക്ക് അനുസരിച്ച് പാട്ടിന്‍റെ ഏതാണ്ട് 70-80 ശതമാനം റെക്കോർഡിംഗ് പ്രാഥമികമായി പൂർത്തിയാക്കിയ ശേഷമാണ് പഴയ ഒറിജിനൽ ട്രാക്ക് ലഭിച്ചത്. (യൂട്യൂബിൽ നിരവധിയുള്ളതുകൊണ്ട് ഒറിജിനൽ ഇതാണെന്ന് വിശ്വസിക്കുന്നു). അസോസിയേറ്റ് ഡയറക്ടർ സഹീർ റംലയാണ് ലിറിക്സ് കറക്റ്റ് ചെയ്തുതന്നത്.

റെക്കോർഡിംഗിനുവേണ്ടി ആദ്യം പാടിയ ഗായിക മീരാ പ്രകാശിനെക്കൊണ്ട് തന്നെ വീണ്ടും പാടിച്ച ശേഷമാണ് പാട്ടിന്‍റെ ഒരു രൂപം തയ്യാറാക്കി അഷ്റഫ് ഹംസക്ക് അയച്ചുകൊടുത്തത്. പാട്ട് ഒറ്റ വോക്കലിൽ തുടർച്ചയായി മുന്നോട്ട് പോകുന്നത് എക്സൈറ്റ്മെന്‍റ് കുറക്കുമെന്ന പാട്ട് മിക്സർ സുജിത്തിന്‍റെയും മറ്റു ടീം അംഗങ്ങളുടേയും അഭിപ്രായത്തെതുടർന്നാണ് രണ്ട് വോക്കലാക്കിയത്. പാട്ടിന്‍റെ കവറിൽ നിന്നാണ് സംഗീത സംവിധാനം ചെയ്ത ടി.കെ രാമമൂര്‍ത്തിയുടെ പേര് കിട്ടിയത്.


Full View


Tags:    
News Summary - Aararum Manassil Ninnorikkalum, team viral dance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.