സജികുമാർ

‘ശിഷ്യന്മാരായി മന്ത്രിമാർ മുതൽ സിനിമാ നടന്മാർ വരെ, ഇത് ലോ കോളജിന്‍റെ സ്വന്തം ‘വി.ഐ.പി’ അധ്യാപകൻ’


അമ്മ ലളിതാദേവി അധ്യാപികയായ വട്ടപ്പാറ ലൂർദ് മൗണ്ട് സ്കൂളിൽ പഠിക്കുന്ന കാലം മുതൽ സജിയുടെ മനസ്സിൽ കയറിക്കൂടിയിരുന്നു വെള്ളയോടുള്ള ഇഷ്ടം. മിഷനറിയുടെ കീഴിലുള്ള സ്കൂളായതിനാൽ അവിടത്തെ ചിട്ടവട്ടങ്ങളും അന്തരീക്ഷവും പരിസരവും സജിയെ സ്വാധീനിച്ചു. പള്ളിയിലെ അച്ഛനാകാനായിരുന്നു അന്ന് കുഞ്ഞു സജി ആഗ്രഹിച്ചത്.

പത്തിൽ പഠിക്കുമ്പോൾ വെള്ളക്കുപ്പായത്തോടുള്ള ആ ഇഷ്ടം ഡോക്ടർ മോഹത്തിലേക്ക് കൂടുമാറി. സ്റ്റെതസ്കോപ്പും തൂക്കി ഗമയിലുള്ള നടപ്പും നിൽപ്പും സജിയുടെ സ്വപ്നത്തിൽ നിറഞ്ഞു. ഉയർന്ന മാർക്കോടെ പത്താംതരം പാസ്സായതോടെ ആർട്സ് കോളജിൽ സെക്കൻഡ് ഗ്രൂപ്പിന് അഡ്മിഷൻ ലഭിച്ചെങ്കിലും തന്‍റെ സ്വപ്നത്തിലേക്കുള്ള യാത്രയുടെ പ്രാരംഭത്തിൽ തന്നെ വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. തിരുവനന്തപുരത്ത് തിയറ്റര്‍ നടത്തുകയായിരുന്ന പിതാവ് നളിനാക്ഷന്‍ ഹൃദയാഘാതം മൂലം മരിച്ചു. അതോടെ പഠനം നിര്‍ത്തി മുഴുവന്‍ സമയം ബിസിനസിലേക്ക് തിരിയാന്‍ നിര്‍ബന്ധിതനായി.

കൈപിടിച്ച് സുനന്ദ ടീച്ചർ

ഇതിനിടെയാണ് വിവരങ്ങൾ അറിഞ്ഞ് അധ്യാപിക സുനന്ദ സജിയുടെ വീട്ടിലെത്തുന്നത്. പഠിക്കാൻ മിടുക്കനായിരുന്ന സജിയോട് തുടര്‍ന്നു പഠിക്കണമെന്ന് ടീച്ചർ സ്നേഹത്തോടെ നിർബന്ധിച്ചു. പഠിക്കാൻ പൂർണ സഹായം ടീച്ചർ ഉറപ്പുനൽകിയതോടെ സജിക്കും താൽപര്യമായി. പ്രാക്ടിക്കലിനടക്കം പ്രത്യേകം ക്ലാസുകള്‍ നല്‍കി ടീച്ചർ സഹായിച്ചു. സുനന്ദ ടീച്ചറുടെ ഇടപെടൽ തന്നെയാണ് സജിയുടെ ജീവിതത്തിന്‍റെ ട്രാക്ക് മാറ്റിയത്.

ജീവിതം തിരിച്ചുവിട്ട ഗതാഗതസ്തംഭനം

പ്രീഡിഗ്രി പാസായെങ്കിലും എം.ബി.ബി.എസിനു പോകാനുള്ള സാഹചര്യം സജികുമാറിന് ഉണ്ടായിരുന്നില്ല. അതോടെ വീണ്ടും ബിസിനസിലേക്ക് തന്നെ തിരിയാൻ തീരുമാനിച്ചു. എന്നാൽ ഇത്തവണ തുടർപഠനത്തിന് നിർബന്ധിച്ചത് ബന്ധുക്കളായിരുന്നു. ഡോക്ടർമോഹം മാറ്റിവെച്ച് മറ്റു കോഴ്സുകൾ നോക്കാമെന്ന് സ്വയം തീരുമാനിച്ചു. ജില്ലയിലെ പ്രധാന കോളജുകളില്‍ അപേക്ഷ നല്‍കാനുള്ള യാത്രക്കിടെയാണ് അടുത്ത ‘ട്വിസ്റ്റ്’ സംഭവിക്കുന്നത്. യാത്രക്കിടെ പേരൂര്‍ക്കട ഭാഗത്ത് ഗതാഗത സ്തംഭനമുണ്ടായതോടെ ഏറെ നേരം റോഡിൽ കുടുങ്ങി. കൂടെയുണ്ടായിരുന്ന ബന്ധു മുരളിയാണ് അടുത്തുള്ള ലോ അക്കാദമിയിൽനിന്ന് അപേക്ഷ വാങ്ങാൻ നിർബന്ധിച്ചത്. ആദ്യ അലോട്‌മെന്റില്‍ തന്നെ അഡ്മിഷനും ലഭിച്ചു.

സഹപാഠികളുടെ പ്രിയപ്പെട്ട അധ്യാപകൻ

പഠിക്കാൻ മിടുക്കനായിരുന്ന സജി കുമാറിന് നിയമ ക്ലാസുകളും എളുപ്പം വഴങ്ങി. അക്കാരണത്താൽ സഹപാഠികൾക്കിടയിലെ പ്രിയപ്പെട്ട ‘അധ്യാപകനായും’ പേരെടുത്തു. സംശയ നിവാരണത്തിനായി സഹപാഠികൾ അധ്യാപകരെക്കാൾ ഏളുപ്പം സമീപിച്ചതും സജിയെയായിരുന്നു. അതു തന്നെയായിരുന്നു അധ്യാപനത്തിലേക്കുള്ള ആദ്യ ചുവടുവെപ്പും. ജൂനിയർ, സീനിയർ വ്യത്യാസമില്ലാതെ നിരവധിപേരാണ് സജിയുടെ ശിഷ്യത്വം തേടിയെത്തിയത്.


ജോലി തേടി ദുബൈയിലേക്ക്

എല്‍.എല്‍.ബി ബിരുദത്തിന് ശേഷം അഡ്മിനിസ്‌ട്രേറ്റിവ് ലോയില്‍ ബിരുദാനന്തര ബിരുദം നേടിയ സജി കേരള ഹൈകോടതിയിലും തിരുവനന്തപുരം ജില്ല കോടതിയിലും അഡ്വ. കെ.പി. കൈലാസ്‌നാഥിന്റെ കീഴില്‍ ജോലിചെയ്തു. ഗവ. ആര്‍ട്‌സ് കോളജില്‍ പാർട്ട് ടൈം അധ്യാപകനായി ജോലി ചെയ്യവെ നിയമത്തില്‍ നെറ്റും പാസായി.

അതോടെ ലോ അക്കാദമിയില്‍ ഗെസ്റ്റ് അധ്യാപകനായി നിയമനവും ലഭിച്ചു. അതിനിടെയാണ് വ്യക്തിപരമായ കാരണങ്ങളാൽ അധ്യാപനത്തിൽനിന്ന്​ താൽക്കാലികമായി മാറി ദുബൈയിലേക്ക് വിമാനം കയറിയത്. എന്നാൽ സര്‍ക്കാര്‍ ലോ കോളജിൽ അധ്യാപക ജോലി കിട്ടിയതോടെ ദുബൈ വിട്ടു.

കൈയടി നേടിയ മാതൃക പരിഷ്കാരങ്ങൾ

കോഴിക്കോട് ലോ കോളജിലായിരുന്നു ആദ്യ നിയമനം. അധ്യാപകനെന്ന നിലയിലുള്ള അനുഭവ സമ്പത്ത് കരുത്തായതോടെ സജികുമാറും ശ്രദ്ധിക്കപ്പെട്ടു. വിപുലമായ പാഠ്യപദ്ധതികളുമൊരുക്കി വിദ്യാർഥികളുടെ പ്രിയങ്കരനായി. തിരുവനന്തപുരം ലോ കോളജിൽ നടപ്പാക്കിയ സപ്ലിമെന്ററി ഫ്രീ കാമ്പസ്, ഫിനിഷിങ് സ്‌കൂള്‍ തുടങ്ങി വിവിധ പദ്ധതികൾ ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിന്റെ ഭാഗമായി റെഗുലര്‍ ക്ലാസുകള്‍ക്ക് പുറമെ രാത്രിയും അവധി ദിനങ്ങളിലും വിദ്യാര്‍ഥികൾക്ക് പ്രത്യേകം ക്ലാസുകള്‍ നല്‍കിയതും വൻ റിസൽറ്റ് ഉണ്ടാക്കി.

ഇതിനിടെ സജികുമാറിനെ സ്ഥലംമാറ്റിക്കൊണ്ടുള്ള രണ്ടു ഉത്തരവുകൾ വിദ്യാർഥി പ്രതിഷേധത്തെത്തുടർന്ന് അധികൃതർക്ക് മരവിപ്പിക്കേണ്ടിയും വന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കക്ഷിരാഷ്ട്രീയ ഭേദമെന്യേ മുഖ്യന്ത്രിയെ വരെ വിദ്യാർഥികൾ നേരിട്ടുകണ്ടിരുന്നെന്ന് സജികുമാർ പറയുന്നു. ഇക്കാര്യം അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തന്നോട് പറഞ്ഞിരുന്നതായും അദ്ദേഹം അഭിമാനത്തോടെ പറയുന്നു.

പിന്നീടാണ് അന്നത്തെ നിയമ മന്ത്രിയായിരുന്ന എ.കെ. ബാലന്റെ നിര്‍ദേശപ്രകാരം കോഴിക്കോട് ഗവ. ലോ കോളജിലേക്ക് തിരികെ എത്തുന്നത്. രാജ്യത്തെ മികച്ച കോളജുകളുടെ പട്ടികയിൽ ആദ്യ 20ാം സ്ഥാനത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾക്കും സജികുമാർ ചുക്കാൻ പിടിച്ചു. ‘മിഷന്‍ 2020’ പോലുള്ള പദ്ധതികൾ നടപ്പാക്കി മികച്ച റിസൽറ്റുണ്ടാക്കിയ ശേഷമാണ് തിരുവനന്തപുരത്തേക്ക് മടങ്ങിയത്.

വി.ഐ.പി ‘ശിഷ്യൻ’മാർ

മന്ത്രിമാരായ എം.ബി. രാജേഷ്, റോഷി അഗസ്റ്റിന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, ഡീൻ കുര്യാക്കോസ്, എം.എൽ.എമാരായ വി.കെ. പ്രശാന്ത്, ജി. സ്റ്റീഫന്‍, ഐ.ബി. സതീഷ്, അനൂപ് ജേക്കബ്, പി.സി. വിഷ്ണുനാഥ്, പ്രമോദ് നാരായണന്‍, എം. വിന്‍സെന്റ്, മുൻ എം.എൽ.എമാരായ ഇ.എസ്. ബിജി മോള്‍, എം. സ്വരാജ്, സി. മമ്മൂട്ടി, എ.പി. അബ്ദുല്ലക്കുട്ടി, ടി.വി. രാജേഷ്, ശരത്ചന്ദ്രപ്രസാദ്, മുൻ എം.പി കെ.കെ രാഗേഷ്, കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. മുഹമ്മദ് ബഷീര്‍, നടൻ ബാലചന്ദ്രമേനോന്‍ തുടങ്ങി സജി നിയമം പഠിപ്പിച്ചവരുടെ പട്ടിക നീളുന്നു.

‘രാഷ്ട്രീയ പ്രവര്‍ത്തനവുമായി പോകുന്നതിനിടെ ക്ലാസില്‍ കയറാന്‍ സാധിക്കാത്തവരുടെ പഠനം മിക്കവാറും പരീക്ഷാത്തലേന്നായിരുന്നു. നിയമസഭ കാന്റീൻ, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് റൂം, വിദ്യാർഥി സംഘടന ഓഫിസ് എന്നിവടങ്ങളൊക്കെ പലപ്പോഴും ക്ലാസ് മുറികളായിട്ടുണ്ട്. കേരള പൊലീസ് ട്രെയിനിങ് കോളജിലെ നിരവധി പൊലീസുകാരെയും നിയമം പഠിപ്പിച്ചിട്ടുണ്ട്.’- സജികുമാര്‍ ഓർത്തെടുത്തു. ഒഡിഷ ബര്‍ഹാംപുര്‍ സര്‍വകലാശാലയില്‍നിന്നാണ് നിയമത്തില്‍ സജികുമാർ ഡോക്ടറേറ്റ് നേടിയത്. നിയമപഠനത്തിനായി പത്തോളം പുസ്തകങ്ങളും പഠനസഹായ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. പ്രമുഖരെ പഠിപ്പിക്കാനല്ല അധ്യാപനം തിരഞ്ഞെടുത്തത്. സര്‍ക്കാര്‍ കോളജില്‍ വരുന്ന പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുക എന്നതാണ് ലക്ഷ്യം. ’ -സജികുമാർ പറയുന്നു.

Tags:    
News Summary - N.L. Sajikumar, Assistant Professor, vip teacher

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.