മക്കൾക്കൊപ്പം സൈന ഉമ്മ. ചി​​​ത്ര​​​ങ്ങ​​​ൾ: അനീഷ്​ തോടന്നൂർ



‘നിങ്ങള്‍ ഒരു കാര്യം അതിതീവ്രമായി ആഗ്രഹിച്ചാല്‍ അത് നിങ്ങള്‍ക്ക് നേടിത്തരാന്‍വേണ്ടി ഈ പ്രപഞ്ചം മുഴുവന്‍ ഗൂഢാലോചന നടത്തും’

പൗലോ കൊയ്​ലോയുടെ വിഖ‍്യാതമായ ‘ആൽക്കെമിസ്റ്റ്’​ നോവലിലെ ഈ വാചകം പോലെ സ്വപ്നങ്ങൾക്കു പിന്നാലെ നിശ്ചയദാർഢ‍്യത്തോടെ ചുവടുവെച്ച നിരവധി പേരുടെ ജീവിതകഥകൾ നാം കേട്ടിട്ടുണ്ട്. കോഴിക്കോട് നാദാപുരം കസ്​തൂരിക്കുനിയിൽ വീടിന്​ പറയാനുള്ളത്​ ഏറെ വ്യത്യസ്​തമായൊരു കഥയാണ്. ​

ഒരോ രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട ജീവിതകഥ. ഓരോ മക്കളും തിരിച്ചറിയേണ്ട വഴികൾ. സൈന ഉമ്മയുടെ ജീവിതം ശരിക്കും ഒരു പാഠപുസ്​തകമാണ്​. താളുകളി​ൽ ഓരോന്നിലും ജീവിത​ സ്വപ്​നങ്ങളെ പൂവണിയിച്ചതിന്‍റെ ഏടുകളാണ്​.

ഈ ജീവിതം ഇരുത്തി ചിന്തിപ്പിക്കും. നിശ്ചയദാർഢ്യത്തോടെ മുന്നോട്ട്​ പോകാനുള്ള തീരുമാനം നിങ്ങളിലുണ്ടാകും. ​കേട്ടുപഴകിയ പൗലോ കൊയ്​ലോയുടെ വാക്കുകൾ അക്ഷരാർഥത്തിൽ ഇവിടെ പൂവണിഞ്ഞതായി കാണാം.

ഭര്‍ത്താവ് ടി.വി.പി. അഹമ്മദ് കുഞ്ഞമ്മദ് കുട്ടിയുടെ നടക്കാതെപോയെ ഡോക്​ടറാവുകയെന്ന ജീവിത സ്വപ്​നം മക്കളിലൂടെ യാഥാർഥ‍്യമാക്കിയിരിക്കുകയാണ് അഞ്ചാം ക്ലാസ് വരെ മാത്രം പഠിച്ച സൈന ഉമ്മ. ഇവരുടെ ആറു പെൺമക്കളും പഠിച്ച്​ ​ഡോക്​ടർമാരായി.

ഇക്കഴിഞ്ഞ ഏപ്രിൽ 14ന്​ സൈന ഉമ്മയുടെ മനസ്സിൽ സന്തോഷ നിലാവായിരുന്നു. അഞ്ചാമത്തെ മകള്‍ റെയ്ഹാനയുടെ വിവാഹമായിരുന്നു​. ചുറ്റും കുടുംബക്കാർ. പല നാടുകളിലായുള്ളവരെല്ലാം ഒപ്പമുണ്ട്​.

സന്തോഷത്തിൽ കൂടെ നിൽക്കാനെത്തിയ​വരു​ടെ​ മുന്നിൽ അഭിമാനത്തോടെ ചിരിച്ച്​ സൈന ഉമ്മ നിന്നു. ഒപ്പം ആറു പെൺമക്കളും മരുമക്കളും പേരമക്കളും. എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു ‘ഉമ്മയാണിവിടെ ഹീറോ...’

മക്കൾ, മരുമക്കൾ, പേരമക്കൾ എന്നിവർക്കൊപ്പം സൈന ഉമ്മ


അന്നൊരു കാലത്ത്​...

സൈന ഉമ്മ കഴിഞ്ഞ കാല​ങ്ങളെക്കുറിച്ച്​ ഇന്നലെയെന്നോണം പറഞ്ഞു തുടങ്ങി. പിതൃസഹോദരി പുത്രൻ കൂടിയായിരുന്നു ഭര്‍ത്താവ്. തുടക്കത്തിൽ അദ്ദേഹത്തിന്​​ മദ്രാസില്‍ ബിസിനസായിരുന്നു. ഞങ്ങള്‍ക്കൊരു മകൾ ജനിച്ചു. പിന്നീടാണ്​ അദ്ദേഹം ഖത്തറിലേക്ക് പോയത്​. അവിടെ പെട്രോളിയം കമ്പനിയില്‍ ജോലി കിട്ടി.

ഞങ്ങളെയും അങ്ങോട്ടേക്ക് കൊണ്ടുപോയി. ഏറെ സ്വപ്​നങ്ങളുമായാണ്​ ഖത്തറിലെത്തിയത്​. അദ്ദേഹത്തിന്‍റെ അനിയന്മാര്‍ ഞങ്ങളെ കൂട്ടി മുറിയിലേക്ക് പോയി. ആദ്യം അവിടെ ഭക്ഷണമൊക്കെ മാറ്റാരോ ഉണ്ടാക്കിത്തരുമെന്നാണ്​ കരുതിയത്​.

ഇളയ അനിയന്‍ ഞങ്ങള്‍ക്കുള്ള ഭക്ഷണമുണ്ടാക്കുന്നത് കണ്ടതോടെ അത്തരം ചിന്തകളൊക്കെ മാറി. ഗൾഫിനെക്കുറിച്ച് മനസ്സിൽ ഞാൻ കണ്ട പല ചിത്രങ്ങളും ഇല്ലാതായി. പുതിയവ പതിഞ്ഞു.

പെട്രോളിയം കമ്പനിയിൽ ജോലിയായിരുന്നെങ്കിലും പുസ്തകങ്ങളായിരുന്നു ഭർത്താവിന്‍റെ വലിയ കൂട്ട്​. എപ്പോഴും വായനയാണ്​. അദ്ദേഹത്തിന്​ ഡോക്​ടർ ആകണമെന്നായിരുന്നു ആഗ്രഹമെന്ന്​ പറയാറുണ്ടായിരുന്നു. എന്തുകൊണ്ടോ നടന്നില്ല.

മൂന്ന്​ പതിറ്റാണ്ട്​ കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് സൈനയും അഹമ്മദ് കുഞ്ഞഹമ്മദ് കുട്ടിയും നാട്ടിലെത്തുമ്പോള്‍ മൂത്തവര്‍ രണ്ട് പേരും ഡോക്ടര്‍മാരായി. ഡോ. ഫാത്തിമയും ഡോ. ഹാജറയും. മൂന്നാമത്തെയും നാലാമത്തെയും മക്കള്‍ എം.ബി.ബി.എസ് പഠനത്തിലും. ഇളയവര്‍ സ്‌കൂളിലും. നാട്ടിലെത്തി രണ്ടുവര്‍ഷം കഴിഞ്ഞു.

ഒരു ദിവസം അദ്ദേഹത്തിന്​ പെട്ടെന്നൊരു നെഞ്ചുവേദന. പിന്നാലെ അദ്ദേഹം ഞങ്ങളെ വിട്ടു​പോയി. എല്ലാം കൈവിട്ടുപോയി എന്ന്​ തോന്നിയ നിമിഷം. പക്ഷേ, ഞങ്ങൾ ഒരുമിച്ച് കണ്ട സ്വപ്​നങ്ങൾ എന്നെ ഏൽപിച്ചാണ് അദ്ദേഹം പോയത് എന്ന് ഓർത്തപ്പോൾ മുന്നോട്ട് കുതിക്കാനുള്ള ഊർജം ലഭിച്ചു​. അതിവിടെ വരെയെത്തി.

മക്കളുടെ പഠിപ്പ് തീരുന്നതുവരെ ഖത്തറില്‍തന്നെ നില്‍ക്കാനായിരുന്നു അദ്ദേഹത്തിന്‍റെ തീരുമാനം. കുറച്ചെങ്കിലും നമ്മുടെ നാട്ടിൽ ജീവിക്കണ്ടെ എന്നും പറഞ്ഞ് മടങ്ങാന്‍ ഞാനാണ് പറഞ്ഞുകൊണ്ടിരുന്നത്​.

‘ഇവളീ പെൺകുട്ട്യോളെയൊക്കെ എങ്ങനെ വളർത്താനാ’

ഞാന്‍ പ്രസവിക്കുമ്പോള്‍ പലരും പറയുന്നതിങ്ങനെയാണ്​, ‘സൈന പെറ്റു; കുട്ടി പെണ്ണ്. ഇവളീ പെണ്‍കുട്ട്യോളെയൊക്കെ എങ്ങനെ വളര്‍ത്താനാ..​.’ ഒറ്റ പെണ്‍കുട്ടിയാണെങ്കിൽപോലും ഏറെ വേവലാതിപ്പെടുന്ന രക്ഷിതാക്കളുള്ള നാടാണിത്​.

ഇടക്കൊരു ആണ്‍കുട്ടിയെ ​ആഗ്രഹിച്ചിരുന്നു. എന്നാൽ, പിറന്നതെല്ലാം പ്രിയപ്പെട്ട പെണ്‍കുരുന്നുകള്‍. മൂത്തവള്‍ ഫാത്തിമ, രണ്ടാമത് ഹാജറ, മൂന്നാമത് ആയിഷ, നാലാമത് ഫായിസ, അഞ്ചാമത് രഹ്നാസ്, ഇളയവള്‍ അമീറ.

മക്കളെ നന്നായി പഠിപ്പിക്കണമെന്ന്​ ഞങ്ങളിരുവർക്കും വാശിയുണ്ടായിരുന്നു. സ്‌കൂളിലെ പാഠപുസ്​തകങ്ങൾക്ക്​ പുറത്തെ വായന ഭർത്താവ്​ പ്രോത്സാഹിപ്പിച്ചു. പൊതുവിജ്ഞാനവും വേണമെന്ന് അദ്ദേഹത്തിന്​ നിർബന്ധമായിരുന്നു.

‘മക്കളെ നന്നായി പഠിപ്പിക്കാം’

ഞാന്‍ അഞ്ചാം ക്ലാസിൽ പഠിത്തം നിർത്തുമ്പോൾ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. അധ്യാപകര്‍ക്കൊക്കെ എന്നെ വലിയ ഇഷ്ടമായിരുന്നു. എന്നാൽ, അന്ന് ആരും പഠിക്കാന്‍ പ്രോത്സാഹിപ്പിച്ചില്ല. ബാപ്പയെ പേടിയായിരുന്നു. അന്ന്​ അങ്ങനെയായിരുന്നു.

ഒരു ദിവസം സ്‌കൂള്‍ വിട്ടുവന്നപ്പോള്‍ നാളെ നിന്‍റെ കല്യാണമാണെന്ന് ബാപ്പ പറഞ്ഞ്​ കേട്ടപ്പോള്‍ ഉള്ളിലൊരു ആളൽ. കല്യാണം കഴിഞ്ഞ ആദ്യകാലത്ത്​ ഞാന്‍ ഭര്‍ത്താവിനോടിത്​ പറയുമായിരുന്നു. അപ്പോ അദ്ദേഹമെന്നെ സമാധാനിപ്പിക്കും. ‘മക്കളെ നന്നായി പഠിപ്പിക്കാമെന്ന്​’. അതാണീ ജീവിത വിജയത്തിന്‍റെ രഹസ്യമെന്ന്​ സൈന ഉമ്മ സാക്ഷ്യപ്പെടുത്തുന്നു.

കുട്ടിക്കാലത്തേ ഡോക്​ടർ എന്ന ജോലിയോട്​ വലിയ കമ്പമായിരുന്നു. പഴയകാലത്ത്​ നാദാപുരത്തൊരു കുഞ്ഞാലിക്കുട്ടി ഡോക്ടറുണ്ടായിരുന്നു. എന്‍റെ ബാപ്പയുടെ സഹോദരനും ഡോക്ടറാണ്. ഡോ. എൻ.പി. കുഞ്ഞാലി. ഇവര്‍ക്കൊക്കെ നാട്​ വലിയ ബഹുമാനം കൊടുക്കുന്നത് കാണു​മ്പോൾ തോന്നിയ മോഹമാണ്​ മക്കളിലൂടെ വളർന്നത്​.

‘പഠിച്ചേ മതിയാവൂ, മറ്റു വഴികളില്ല’

സൈന ഉമ്മക്ക്​ മക്കളോട്​ ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ ‘പഠിച്ചേ മതിയാവൂ. മറ്റു വഴികളില്ല...’ പത്താം ക്ലാസ് കഴിയുമ്പോള്‍ പിതാവ് മക്കളോട്​ ചോദിക്കും, ‘പ്ലസ് ടു കഴിഞ്ഞാല്‍ എന്താണ് പ്ലാന്‍?’. എല്ലാവര്‍ക്കും ഡോക്ടറായാല്‍ മതി. കാരണം മൂത്തയാളെ കണ്ടാണ് ഓരോരുത്തരും പഠിക്കുന്നത്. മൂന്നാമത്തെ മകൾ ആയിഷക്ക് എല്‍എല്‍.ബി പഠിക്കണമെന്ന്​ താൽപര്യമുണ്ടായിരുന്നു. എന്നാൽ, ഒടുവിൽ അവളും പിന്നീട് മറ്റുള്ളവരുടെ പാതയിലെത്തി.

വിദ്യാഭ്യാസം തന്നെയാണ്​ വലുതെന്ന്​ കുട്ടിക്കാലം മുതലേ എനിക്കറിയാം. ഞാൻ ഗൾഫിൽ പോയപ്പോൾ മലയാളമല്ലാതെ മറ്റൊരു ഭാഷ അറിയാത്തതിന്‍റെ പ്രയാസം ഏറെ അനുഭവിച്ചു.

ഭർത്താവ് മരിക്കുന്ന സമയത്ത്​ രണ്ടുപേർ​ ഡോക്​ടറായിക്കഴിഞ്ഞിരുന്നു. അവരുടെ വിവാഹവും കഴിഞ്ഞിരുന്നു. മറ്റുള്ളവർ പഠിക്കുകയായിരുന്നു. അദ്ദേഹം എപ്പോഴും പറയുമായിരുന്നു, ‘എന്‍റെ ധൈര്യവും കരുത്തും നീയാ​ണ്. നീയൊരിക്കലും തളരാൻ പാടില്ല...’ ഈ വാക്കുകൾ എപ്പോഴും എന്നോടൊപ്പം ഉണ്ട്. ഇപ്പോൾ നാടിനാകെ പ്രചോദനമായില്ലേയെന്ന്​ ചോദിക്കു​മ്പോൾ സൈന ഉമ്മ ചിരിക്കുന്നു.

മൂത്തമകള്‍ ഫാത്തിമ അബൂദബി ഗവ. ആശുപത്രിയില്‍ ഡോക്ടര്‍. ഭര്‍ത്താവ് ഡോ. റിഷാദ് റഷീദ്. രണ്ടാമത്തെ മകള്‍ ഡോ. ഹാജറയും യു.എ.ഇയിലാണ്. ഭര്‍ത്താവ് ഡോ. അജ്നാസ് മുഹമ്മദ് അലി യു.എ.ഇ അഹല്യ ആശുപത്രിയില്‍. മൂന്നാമത്തെ മകള്‍ ആയിഷ ദുബൈയിൽ ഡോക്ടറാണ്. ഭര്‍ത്താവ് ഡോ. അബ്ദുൽ റഹ്മാന്‍.

നാലാമത്തെയാള്‍ ഡോ. ഫൈസയും ഭര്‍ത്താവ് ഡോ. അജാസും ദുബൈയിൽ ജോലി ചെയ്യുന്നു. അഞ്ചാമത്തെ മകള്‍ റെയ്ഹാന വടകര സഹകരണ ആശുപത്രിയിൽ ഡോക്​ടറാണ്​. ഭർത്താവ്​ നിഹാൽ സൗദിയിൽ ബിസിനസാണ്​. ഇളയമകള്‍ അമീറ മംഗലാപുരത്ത് എം.ബി.ബി.എസ് വിദ്യാർഥിയാണ്.




Tags:    
News Summary - Mother of doctors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.