നടൻ ജയന്‍റെ കോസ്റ്റ‍്യൂമിൽ ചായ വിൽപനക്കിറങ്ങിയ ജയൻ അഷ്റഫ്. ചി​​​ത്ര​​​ങ്ങൾ: ടി.എച്ച്. ജദീർ



“ഒരു മുതലയെ കിട്ടിയിരുന്നെങ്കിൽ... മൽപിടിത്തം നടത്താമായിരുന്നൂൂ...” ഏതാണ്ടിതുപോലെയുള്ള ഒരുപാട് ഡയലോഗുകൾ അനശ്വര നടൻ ജയനെ അനുസ്മരിച്ച് പ്രത്യേക താളത്തിൽ പറയാറുണ്ട്. മിമിക്രിക്കാരാണ് ഇത്തരം ഡയലോഗുകൾ വൈറലാക്കിയത്.

തൃശൂർ നഗരത്തിലൂടെ നടക്കുമ്പോൾ ഇതേ താളത്തിൽ ‘‘ഒരു ചായ കിട്ടിയിരുന്നെങ്കിൽൽൽ....’’ എന്ന് ജയനെ അനുകരിച്ച് നീട്ടിവിളിച്ചാൽ ഒരുപക്ഷേ ‘ജയൻ’ ചായയുമായി എത്തും. ജയൻ അഷ്റഫ് എന്ന് അറിയപ്പെടുന്ന തൃശൂർ ഒളരിക്കാരൻ അഷ്റഫ് ബൈക്കിൽ ചായയും പലഹാരങ്ങളും വിൽക്കുന്നത് ജയന്‍റെ വേഷത്തിലാണ്.

ഫിഗർ ഷോ കലാകാരനായിരുന്ന അഷ്റഫ് ചായവിൽപനക്കാരനായതിനു പിന്നിൽ കണ്ണീരുപ്പ് കലർന്ന കഥയുണ്ട്, അതിജീവനത്തിന്‍റെ കരുത്തുണ്ട്, നന്മയുടെ നുറുങ്ങുവെട്ടമുണ്ട്.

വീട്ടിൽനിന്ന് ചായ വിൽപനക്ക് ഇറങ്ങുന്ന ജയൻ അഷ്റഫ്


ജ്യൂസ് കടയിൽനിന്ന് വേദികളിലേക്ക്

20 വർഷം മുമ്പ് ഒളരിയിൽ ജ്യൂസ് കടയിൽ ജോലി ചെയ്യുമ്പോൾ കടയിലേക്കു വന്ന സന്തു ഭായ് എന്ന മിമിക്രി കലാകാരനാണ് നിങ്ങൾക്ക് വാജ്പേയിയുടെ ഛായയുണ്ട്, ഫിഗർ ഷോ ചെയ്യാൻ താൽപര്യമുണ്ടോ എന്നു ചോദിക്കുന്നത്. അങ്ങനെ തൃശൂർ രസലയ ട്രൂപ്പിൽ അംഗമായി.

അതിനുമുമ്പ് അഷ്റഫ് ബന്ധുക്കളുടെ കല്യാണവീടുകളിലും സുഹൃദ്സദസ്സുകളിലും ചെറിയ ഐറ്റങ്ങൾ അവതരിപ്പിച്ചിരുന്നത് അറിഞ്ഞിട്ടല്ല സന്തു ഭായിയുടെ ചോദ്യം. പിന്നീട് കോമിക് ഇന്ത്യ, നൈറ്റ് ഈഗിൾസ് തുടങ്ങിയ ട്രൂപ്പുകളിലും ചേർന്നു. കേരളത്തിലെ എല്ലാ ജില്ലകളിലുമായി 150ലേറെ വേദികളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റിലെ ‘സിനിമാല’യുടെ രണ്ട് എപ്പിസോഡിൽ ഭാഗമായി. ഏഷ്യാനെറ്റിലെ ‘മിന്നുംതാരം’ ഷോയിൽ സുബിൻ പെരുവല്ലൂരും അഷ്റഫും ചേർന്ന ​ടീമിന് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.


പ്രവാസത്തിലേക്ക്

പ്രാരബ്ധങ്ങളോട് പൊരുതിത്തളർന്ന് 15 വർഷം മുമ്പ് അഷ്റഫ് ഗൾഫിലേക്ക് തിരിച്ചു. മൂന്നു സഹോദരിമാരെ വിവാഹം കഴിപ്പിക്കാനുണ്ടായിരുന്നു.

ഉമ്മ നാലു വീടുകളിൽ വീട്ടുജോലിക്കു പോയിരുന്നു. അതിലൊന്ന് അയ്യന്തോളിലെ സലാം മാഷിന്‍റെ വീടായിരുന്നു. മാഷാണ് അഷ്റഫിന് വിസ ഏർപ്പാടാക്കി നൽകിയത്. ഗൾഫിൽ പോകുന്ന ദിവസവും മിമിക്രി പരിപാടിയുണ്ടായിരുന്നു.

ഷാർജയിലെ കുബ്ബൂസ് കടയിൽ അഞ്ചുവർഷം ജോലിയെടുത്തു. അവിടെനിന്ന് മടങ്ങിയശേഷം ഒമാനിൽ മൂന്നു വർഷം ലോൺട്രിയിൽ ജോലി ചെയ്തു.


കെറ്റിലെടുപ്പിച്ച കോവിഡ് കാലം

ഒമാനിൽനിന്ന് അവധിക്ക് നാട്ടിൽ വന്ന അഷ്റഫിന് കോവിഡ് കാരണം തിരിച്ചുപോകാൻ കഴിഞ്ഞില്ല. ആറുമാസം അങ്ങനെ പോയതോടെ വിസയും റദ്ദായി. കലാപരിപാടികൾ പോയിട്ട് ആളുകൾ പുറത്തിറങ്ങുന്നതിനുപോലും നിയന്ത്രണമുണ്ടായിരുന്ന കാലം. വീട്ടുവാടകക്കും കുട്ടികളുടെ ഓൺലൈൻ ക്ലാസ് ഫീസിനും ഒരു വഴിയും കാണാതെ അ​ഷ്റഫ് ഒരു കെറ്റിൽ ചായയുമായി ഇറങ്ങിത്തിരിച്ചു.

പണി നടക്കുന്ന കെട്ടിടങ്ങളായിരുന്നു പ്രധാന ആശ്രയം. പൂങ്കുന്നത്ത് ക്യാമ്പ് ചെയ്തിരുന്ന പൊലീസുകാർക്ക് സൗജന്യമായി ചായ നൽകി. ആ പേരിൽ കോവിഡ് കാലത്ത് പുറത്തിറങ്ങി കച്ചവടം ചെയ്യാൻ അനുമതി ലഭിച്ചു.

ബിന്ദു ചേച്ചി സൂപ്പറാ

അയ്യന്തോൾ കാർത്യായനി ക്ഷേത്രത്തിന് എതിർവശം പച്ചക്കറി വിൽക്കുന്ന ബിന്ദുവിന്‍റെ അരികിലും അഷ്റഫ് ചായയുമായി എത്തി. ചായ വാങ്ങി വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ബിന്ദു ഒരു ​ഓഫർ വെച്ചു, ‘‘നീ പൊലീസുകാർക്ക് സൗജന്യമായി കൊടുക്കുന്ന ചായയുടെ പൈസ ഞാൻ തരാം.’’ 350 രൂപ വീതം മൂന്നു മാസം ബിന്ദു ചേച്ചി നൽകിയത് അഷ്റഫ് കണ്ണുതുടച്ച് നന്ദിയോടെ ഓർക്കുന്നു.

ഇന്നും അമ്പലത്തറയിലും റോഡരികിലും കിടക്കുന്നവർക്ക് അഷ്റഫ് ചായയും കടിയും സൗജന്യമായി നൽകുന്നത് ഈ ഓർമകളുടെകൂടി തണലിലാണ്. മൂന്നു പേർക്ക് ദിവസവും സൗജന്യമായി ചോറ് നൽകുന്നു. അത് 30 ആക്കണമെന്നാണ് ആഗ്രഹം.


കോവിഡ് കുറഞ്ഞു, കച്ചവടവും

കോവിഡിന് അൽപം അയവ് വന്ന് ഇറങ്ങിനടക്കാം എന്ന നിലയെത്തിയതോടെ പഴയ ചായക്കാർ വന്നുതുടങ്ങി. ഇത് ഞങ്ങൾ കച്ചവടം നടത്തിയിരുന്ന ഏരിയയാണ്, ഒഴിഞ്ഞുപോകണം എന്ന രീതിയിൽ ഭീഷണിയുണ്ടായി. കസ്റ്റമേഴ്സും വർഷങ്ങളുടെ പരിചയമുള്ള പഴയ ആളുകളിലേക്ക് തിരിഞ്ഞതോടെ അഷ്റഫ് ശരിക്കും പെട്ടു.

കച്ചവടം നഷ്ടത്തിലായത് ഭാര്യയെ അറിയിക്കേണ്ടല്ലോ എന്നു കരുതി ഒരാഴ്ച വീട്ടിൽനിന്ന് കൊണ്ടുവന്ന ചായ റോഡിൽ ഒഴുക്കിക്കളഞ്ഞു. രണ്ടു സെന്‍റിലെ വാടക വീട്ടിൽ ‘വേസ്റ്റ്’ ഒഴുക്കിക്കളയാൻപോലും സ്ഥലവുമില്ലായിരുന്നു.

വൈറലായ ജയൻ

കൈയിലുള്ള നീക്കിയിരിപ്പും കഴിഞ്ഞ് ഇനിയെന്തു ചെയ്യും എന്നറിയാതെ മേലോട്ട് നോക്കിയിരിക്കുമ്പോൾ തോന്നിയതാണ് ജയന്‍റെ വേഷത്തിൽ കച്ചവടത്തിനിറങ്ങാമെന്നത്. അത് ക്ലിക്കായി. ‘നിനക്ക് വല്ല പ്രാന്തും ഉണ്ടോടാ’ എന്ന് ആദ്യം പരിഹസിച്ചവർപോലും പിന്നീട് ജയന്‍റെ കൈയിൽനിന്ന് ചായ കുടിക്കാൻ എത്തി.

തൃശൂർ കലക്ടർ കൃഷ്ണതേജക്ക് ജയന്‍റെ കൈയിൽനിന്ന് ചായ വേണം എന്നു പറഞ്ഞ് ഗൺമാൻ വിളിച്ചു. യൂട്യൂബർമാർ അഷ്റഫിന്‍റെ വിഡിയോ എടുത്തു വൈറലാക്കി. 20 കടകൾക്ക് ജയൻ അഷ്റഫ് ഉദ്ഘാടകനായി. 18 കല്യാണവീടുകളിൽ ‘ജയൻ’ വിശിഷ്ടാതിഥിയായി. അമൃത ടി.വിയിലെ ‘കോമഡി മാസ്റ്റേഴ്സ്’, മഴവിൽ മനോരമയിലെ ‘ഉടൻ പണം’ തുടങ്ങിയ പരിപാടികളിൽ ജയൻ എപ്പിസോഡുണ്ടായി.

ഒറിജിനൽ ജയന്‍റെ പാന്‍റും ഷർട്ടും

നടൻ ജോസ് പ്രകാശിന്‍റെ മകൻ രാജൻ ജോസ് പ്രകാശ് നടൻ ജയന്‍റെ കൂട്ടുകാരനായിരുന്നു. അവർ ഒരുമിച്ച് താമസിച്ചിട്ടുണ്ട്. യൂട്യൂബ് വിഡിയോ കണ്ട് അദ്ദേഹം അഷ്റഫിനെ എറണാകുളത്ത് വിളിപ്പിച്ച് സാക്ഷാൽ ജയന്‍റെ ബെൽബോട്ടം പാന്‍റും ഷർട്ടും നൽകി.

ചാലക്കുടി വൃദ്ധസദനത്തിലും വയോജനങ്ങൾക്കായി നടത്തിയ മറ്റൊരു പരിപാടിയിലും ഈ ഒറിജിനൽ വസ്ത്രം ധരിച്ചാണ് പോയത്. ജയന്‍റെ കാലത്ത് ജീവിച്ചിരുന്ന വയോധികരിൽ ആ വസ്ത്രങ്ങൾ കൗതുകവും നൊസ്റ്റാൾജിയയും ഉണർത്തി. കച്ചവടത്തിന് പോകുമ്പോൾ ഇടാതെ അത് ഭദ്രമായി എടുത്തുവെച്ചിരിക്കുകയാണ്.

ജയൻ സ്മാരകത്തിൽ

കൊല്ലം ഓലയിലിലെ ജയൻ സ്മാരകത്തിൽ പോയി ആദരമർപ്പിച്ചത് മാധുര്യമുള്ള ഓർമയാണ് അഷ്റഫിന്. ജയന്‍റെ വേഷത്തിൽ ട്രെയിനിലും ബസിലുമെല്ലാം മിഠായി വിതരണം ചെയ്ത് ആഘോഷപൂർവമായിരുന്നു യാത്ര.

ജയന്‍റെ പ്രതിമയിൽ മാലയിടുമ്പോൾ യൂട്യൂബർമാർ ഒത്തുകൂടിയിരുന്നു. ഈ വിഡിയോകളും വൈറലായി. ജയന്‍റെ ബന്ധുക്കൾ കൂട്ടിക്കൊണ്ടുപോയി അദ്ദേഹം ഉപയോഗിച്ച ബുള്ളറ്റും ഫോട്ടോകളും കാണിച്ചുതന്നു.

പണിയെടുത്ത് ജീവിക്കണം

ഭാര്യ നിഷയുടെ നിറഞ്ഞ പിന്തുണ അഷ്റഫിനുണ്ട്. അവരാണ് ചായയും പലഹാരങ്ങളും ഉണ്ടാക്കുന്നത്. മൂത്ത മകൻ അഫ്നാന് അഞ്ചു വയസ്സ്. അസ്‍ലം, അസ്മി എന്നീ ഇരട്ടക്കുട്ടികൾക്ക് 11 മാസം പ്രായം. യൂട്യൂബ് വിഡിയോകൾ കണ്ട് അമേരിക്കയിൽനിന്ന് സലീം എന്നയാൾ വിളിച്ച് വീട് വെച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

നിങ്ങൾ അലഞ്ഞുതിരിഞ്ഞ് നടക്കേണ്ട, കടയിട്ട് തരാമെന്നും പറഞ്ഞു. സ്നേഹത്തോടെ അത് നിരസിച്ച അഷ്റഫിന് ഒരാഗ്രഹം മാത്രം. സ്വന്തം അധ്വാനത്തിലൂടെ ഒരു കൊച്ചുവീട് പണിയണം. അതിന് ഒരൊറ്റ കാര്യം മതി, ജയന്‍റെ കൂടെ സെൽഫിയെടുക്കുന്നവർ ഓരോ ചായകൂടി കുടിച്ച് സഹകരിക്കണം. 10 രൂപയേയുള്ളൂ.




Tags:    
News Summary - Jayan sells tea and snacks on a bike in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.