സലീം തന്‍റെ ചക്കത്തോട്ടത്തിൽ

പരീക്ഷണത്തിനായി റബറെല്ലാം വെട്ടിമാറ്റി പ്ലാവിൻതൈ നട്ടു, ഇന്ന് ചക്ക ബിസിനസിൽ മികച്ച വരുമാനവുമായി സലീം

കോവിഡിനും ലോ ക്ഡൗണിനും മുമ്പുവരെ ചക്കയെക്കുറിച്ച് അത്ര കാര്യമായി ചിന്തിച്ചിരുന്നില്ല, നമ്മളിൽ പലരും. നാട് അടച്ചിട്ടപ്പോൾ ഭക്ഷ്യസാധനങ്ങൾക്ക് മാർക്കറ്റ് തേടിപ്പോകാൻ സാധിക്കാതെ വന്നപ്പോഴാണ് അടുക്കളയിൽ ചക്കയും ചക്കക്കുരുവും മാങ്ങയും മറ്റു നാടൻ കായ്കനികളുമൊക്കെ നിറഞ്ഞത്.

ചക്ക ഒരു ബിസിനസാണെന്ന ചിന്ത കൂടുതൽ പേരിലേക്ക് എത്തിയതും ഈ സമയത്തുതന്നെ. അഞ്ചേക്കറോളം സ്ഥലത്ത് ചക്കകൃഷി ചെയ്ത് വിജയം നേടിയ ഒരാളുണ്ട് മലപ്പുറം ജില്ലയിൽ. വണ്ടൂർ കോട്ടമ്മൽ സലീം എന്ന കർഷകനാണ് പുത്തൻ പരീക്ഷണവുമായി വിജയവഴിയിലുള്ളത്.

തലമുറ കൈമാറിവന്ന ചക്കക്കമ്പം

വണ്ടൂർ ഗ്രാമപഞ്ചായത്തിൽ വാണിയമ്പലം-അമരമ്പലം റോഡിൽ അത്താണിക്കൽ കയറ്റത്തിനടുത്ത് റോഡരികിലെ വിശാലമായ തോട്ടം കണ്ടാൽ ആരും ഒന്നു നോക്കും. വലിയ ഉയരത്തിലല്ലാതെ നീണ്ടുകിടക്കുന്ന തോട്ടത്തിലേക്ക് കയറിച്ചെന്നാൽ ഏത​ു കാലത്തും കായ്ച്ചുനിൽക്കുന്ന വിവിധയിനം പ്ലാവുകൾ. ഇതേക്കുറിച്ച് സലീമിനോട് ചോദിച്ചാൽ ഒരു ലോഡ്​ ചക്കവിശേഷങ്ങൾ കേൾക്കാം.

ഇദ്ദേഹത്തിന്‍റെ കുടുംബവും മുൻതലമുറക്കാരുമെല്ലാം കാർഷിക മേഖലയോട്​ ഇഴുകിച്ചേർന്നവരാണ്. ജോലിയുമായി സൗദിയിലാണ് ഒരുപാടുകാലം കഴിഞ്ഞത്; ഫ്രൂട്ട്സ് ആൻഡ് വെജിറ്റബ്ൾസ് മേഖലയിൽ. ഭക്ഷ്യവസ്തുക്കളെക്കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും ജോലി ഏറെ സഹായിച്ചു.

‘‘15 വർഷം മുമ്പ് ബിസിനസുമായി ബന്ധപ്പെട്ട് വിയറ്റ്നാമിൽ പോകേണ്ടിവന്നു. അവിടെ കണ്ട കാഴ്ച അക്ഷരാർഥത്തിൽ എന്നെ ഞെട്ടിച്ചു. നമ്മുടെ നാട്ടിൽ തെങ്ങും കവുങ്ങും റബറുമൊക്കെ ഉള്ളതുപോലെ അവിടം നിറയെ ചക്കത്തോട്ടങ്ങൾ. ചെറിയ പ്ലാവിൽ പോലും മുന്തിയ ഇനം ചക്ക വിളഞ്ഞുനിൽക്കുന്നത് കണ്ടപ്പോൾ എന്തുകൊണ്ട് നമ്മുടെ നാട്ടിലും ഇങ്ങനെയൊന്ന് പരീക്ഷിച്ച​ുകൂടാ എന്ന ചിന്ത വന്നു. വിയറ്റ്നാമിലും നമ്മുടെ നാട്ടിലും ഒരേ കാലാവസ്ഥയാണ്. അതുകൊണ്ടുതന്നെ കൃഷി ചെയ്താൽ വിജയിക്കാൻ സാധ്യതയുണ്ടെന്ന് തോന്നി. അങ്ങനെ രണ്ടും കൽപിച്ച് മുന്നോട്ടിറങ്ങി’’ -അദ്ദേഹം പറയുന്നു.


വിപണിയിൽ എന്നും സാധ്യത

കൃഷിയെക്കുറിച്ച് അറിഞ്ഞശേഷം പിന്നീട് പഠിച്ചത് അതിന്‍റെ വിപണിസാധ്യതകളാണ്. സൗദിയിലെ തന്നെ വിപണി നിലവാരം പരിശോധിച്ചു. ശ്രീലങ്കയിൽനിന്നും വിയറ്റ്നാമിൽനിന്നുമൊക്കെയാണ് സൗദിയിലേക്ക് ചക്ക പ്രധാനമായും വരുന്നത്. ആഗോളതലത്തിൽ ചക്കക്ക് വൻ ഡിമാൻഡ് ഉണ്ടെന്ന കാര്യം ബോധ്യമായി.

പിന്നീട് നാട്ടിലേക്കുവന്ന് മംഗളൂരു, കോട്ടയം ഭാഗങ്ങളിൽചെന്ന് അവിടത്തെ ചക്കകൃഷിരീതി മനസ്സിലാക്കി. അതുവരെ നാട്ടിലെ എന്‍റെ തോട്ടത്തിലുണ്ടായിരുന്നത് റബറായിരുന്നു. നല്ല വരുമാന മാർഗമായിരുന്ന റബർ വെട്ടിമാറ്റാൻ ആദ്യം മനസ്സ്​ അനുവദിച്ചില്ല. ഒടുവിൽ ചിന്തിച്ചുറപ്പിച്ച് മുഴുവൻ റബറും വെട്ടിമാറ്റി പ്ലാവിൻതൈ നട്ടു.

ആദ്യം കൃഷിയിറക്കിയത് വണ്ടൂർ എറിയാട് ഭാഗത്താണ്. അവിടെ തോട്ടം വലുതായപ്പോൾ ലീസിന് കൊടുത്താണ് നടത്തിയത്. ഇപ്പോൾ ലീസ് കാലാവധി കഴിഞ്ഞു. വണ്ടൂർ അത്താണി കയറ്റത്തിലുള്ളത് അധികവും വിയറ്റ്നാം ഏർലിയാണ്. ജെ-33ഉം കൃഷി ചെയ്തിട്ടുണ്ട്. ഒന്നര വർഷമേ ആയിട്ടുള്ളൂ. 30-30 അനുപാതത്തിലാണിത് ചെയ്തത്.

ചക്കയിലെ വെറൈറ്റികൾ

മികച്ച ഉൽപാദനക്ഷമതയുള്ള ഇനങ്ങളാണ് സലീം തോട്ടത്തിൽ പരീക്ഷിച്ചത്. പരമാവധി വിളവ്​ ലഭിക്കുംവിധം ‘ഹൈ ഡെൻസിറ്റി പ്ലാന്‍റിങ്​’ കൃഷിരീതിയാണ്​ പിന്തുടർന്നത്​. രണ്ടു വിഭാഗമായാണ് കൃഷി. ജെ-33 ആണ് അതിൽ ഒരു വിഭാഗം. പിന്നെ വിയറ്റ്നാം സൂപ്പർ ഏർലിയും. ഇ​പ്പോൾ ഈ തോട്ടത്തിലുള്ളത് വിയറ്റ്നാം സൂപ്പർ ഏർലിയാണ്. 10-10 അനുപാതത്തിലാണ് കൃഷി ചെയ്തിട്ടുള്ളത്. ഇതുവഴി ഒരേക്കറിൽ 440 തൈകൾ വെച്ചുപിടിപ്പിക്കാനാവും. തൈ വെച്ച​ുപിടിപ്പിച്ചിട്ട് മൂന്നു വർഷമായി. ഒന്നര വർഷം ആകുമ്പോഴേക്കും അതിൽനിന്ന് വിളവ് ലഭിക്കും. മൂന്ന​ുവർഷം ആകുമ്പോഴേക്കും വരുമാനവും ലഭിക്കും.

അസുഖങ്ങളെ പ്രതിരോധിക്കണം

കൃഷിയിൽ സാധാരണ കാണാറുള്ള അസുഖങ്ങൾ പ്ലാവിനും ഉണ്ടാകാറുണ്ട്. കൃത്യമായ രീതിയിൽ മരുന്നും പ്രതിരോധ മാർഗങ്ങളും സ്വീകരിച്ചില്ലെങ്കിൽ അത് വിളവിനെ ബാധിക്കും. ജൈവവളങ്ങളും കീടനാശിനികളുമാണ് തോട്ടത്തിൽ പ്രയോഗിക്കുന്നത്.

കഴിഞ്ഞ വർഷം ജെ-33 കൃഷി പരീക്ഷിച്ചിരുന്നു. 13-13 അനുപാതത്തിൽ. ഒരേക്കറിൽ 50 തൈകളാണ് വെച്ചുപിടിപ്പിക്കാനാവുക. ഇതിൽനിന്ന് വിളവ് ലഭിക്കണമെങ്കിൽ നാലുവർഷം കഴിയണം. അഞ്ചുവർഷം കഴിയുന്നതോടെ വരുമാനവും ലഭിക്കും. മികച്ച തൂക്കം ലഭിക്കുന്നു എന്നതാണ് ജെ-33ന്റെ മെച്ചം. കൂടാതെ ഇടിച്ചക്കയായിട്ടും ഇത് വിൽക്കാറുണ്ട്. വിളഞ്ഞ് 45 ദിവസം കഴിയുമ്പോഴേക്കും ഇവ ഇടിച്ചക്കയായി വിൽക്കാൻ സാധിക്കും.


ഇവയാണ് ചക്കയിലെ സ്റ്റാറുകൾ വിയറ്റ്നാം സൂപ്പർ ഏർലി

വിയറ്റ്നാമിൽ വ്യാവസായികമായി കൃഷി ചെയ്യുന്ന മികച്ച ഇനമാണിത്. നടീലിനുശേഷം വളരെ പെട്ടെന്നുതന്നെ കായ്ഫലം തരുന്നു എന്നതാണ് പ്രത്യേകത. സാധാരണ പ്ലാവുകൾ തടി മൂത്ത് മൂന്ന്-നാല് വർഷം കഴിയുമ്പോഴാണ് ചക്ക വിളയുന്നത്. എന്നാൽ, ഇവ തടി മൂക്കുന്നതിനു മുമ്പുതന്നെ കായ്ഫലം തരുന്നു.

മറ്റു പ്ലാവിനങ്ങളേക്കാൾ ഇലക്ക് വലുപ്പവും കടും പച്ചനിറവുമാണ് ഇതിന്. താരതമ്യേന കൂടുതൽ കട്ടിയും വരൾച്ചയെ പ്രതിരോധിക്കുന്ന ക്യൂട്ടിക്കിളിന്റെ ഉയർന്ന തോതും ഇതിന്റെ പ്രത്യേകതകളാണ്. സാധാരണ പ്ലാവിനങ്ങൾ 30 അടി അകലത്തിൽ നടുമ്പോൾ ഇവ 20 അടി അകലത്തിൽ നടാം. അധികം പടർന്നു പന്തലിക്കില്ല എന്നത് ഈ രീതിയിൽ കൃഷിചെയ്യാൻ ഉപകാരപ്പെടും. ചക്കയുടെ ചുളകൾക്ക് ക്രഞ്ചി സ്വഭാവവും നല്ല മഞ്ഞനിറവുമുണ്ട്.

ജെ -33

മലേഷ്യൻ ഇനമായ ജെ-33ന്റെ ചക്കകൾ തൂക്കത്തിലും വലുപ്പത്തിലും മറ്റിനങ്ങളേക്കാൾ വളരെ മുന്നിലാണ്. മഞ്ഞനിറത്തിൽ വലുപ്പവും ദൃഢതയുമുള്ള ചുളകളാണ് ഇവയുടെ പ്ര​േത്യകത. നല്ല രുചിയുള്ളതിനാൽ തന്നെ ടേബ്ൾ ഫ്രൂട്ടായി ഉപയോഗിക്കാം. മൂല്യവർധിത ഉൽപന്നങ്ങൾക്ക് ഏറ്റവും യോജിച്ച ഇനവുമാണെന്നതിനാൽ രാജ്യാന്തര വിപണിയിൽ ഏറെ പ്രിയമുള്ളതാണിത്. ചുളകളുടെ എണ്ണത്തിലും വലുപ്പത്തിലും ജെ-33 ഏറെ മുന്നിൽ തന്നെയാണ്.

ജാക്ക് ഡ്യാങ് സൂര്യ

ഇടത്തരം വലുപ്പമുള്ള ചുളകൾക്ക് ദൃഢതയും നല്ല ചുവപ്പുനിറവുമുണ്ട്. മുകുളനം വഴി ഉൽപാദിപ്പിച്ചെടുക്കുന്ന മരങ്ങൾക്ക് അധികം വലുപ്പമില്ല. വളരെ ഒതുങ്ങി വളരുന്നതിനാൽ അകലം കുറച്ചു പ്ലാവുകൾ നടാം. എന്നാൽ, വലുപ്പമുള്ള ചക്കകൾ ധാരാളമുണ്ടാകുന്നതിനാൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാം. ടേബ്ൾ സ്നാക്കായി ഉപയോഗപ്പെടുത്താൻ ഏറ്റവും നല്ല ഇനമാണിത്.

Tags:    
News Summary - jackfruit farmer saleem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.