'ഇപ്പോഴും എനിക്ക് സ്​മാർട്ട്​ഫോൺ ഉപയോഗിക്കാൻ അറിയില്ല'; 40 വർഷത്തെ അഭിനയ ജീവിതത്തെക്കുറിച്ച് ഇന്ദ്രൻസ്​ മാധ്യമ​ത്തോട്​ സംസാരിക്കുന്നു

മലയാള സിനിമക്ക് ലഭിച്ച ഏറ്റവും മികച്ച നടന്മാരുടെ മുൻനിരയിലാണിന്ന് ഇന്ദ്രൻസി​െൻറ സ്ഥാനം.40 വർഷം നീണ്ട അഭിനയ ജീവിതത്തെക്കുറിച്ച് 341ാം സിനിമയായ 'ഹോമി'െൻറ പശ്ചാത്തലത്തിൽ സംസാരിക്കുന്നു...

ഒളിവർ ട്വിസ്​റ്റ്​ എന്ന ബാലനല്ല, വലിയ ആരോഗ്യശേഷിയൊന്നുമില്ലെങ്കിലും ക്രൂരതയുടെ പര്യായമായ ഫാഗിൻ എന്ന വില്ലനായിരുന്നു ഇന്ദ്രൻസി​െൻറ കണ്ണിൽ തനിക്കു പറ്റിയ കഥാപാത്രം. അക്ഷരങ്ങളെ സ്നേഹിച്ചുതുടങ്ങിയ ചെറുപ്രായത്തിലേ ഒപ്പംകൂടിയ ഒളിവർ ട്വിസ്​റ്റിെൻറ ലോകം അത്രമേൽ അദ്ദേഹത്തെ ഹരംകൊള്ളിച്ചിരുന്നു. കുഞ്ഞു ഒളിവർ ആകാൻ എന്തായാലും പറ്റില്ല, പക്ഷേ ഫാഗിൻ... അത് തനിക്കു പറ്റുമെന്ന് ഉറപ്പിച്ചിരുന്ന ഇന്ദ്രൻസ് ത​െൻറ സ്വപ്നലോകത്ത് ആ കഥാപാത്രത്തിെൻറ കുപ്പായം എത്രയോ തവണ എടുത്തണിഞ്ഞിരുന്നു. ആ സ്വപ്നത്തിലെവിടെയും ഒളിവർ ട്വസ്​റ്റ്​ എന്ന പേര് തനിക്ക് യോജിക്കുമെന്ന് ചിന്തിക്കുക പോലും ചെയ്തില്ല.

എന്നാൽ, മലയാള സിനിമയുടെ മാസ്മരിക ലോകത്ത് ഇന്ന് ഒളിവർ ട്വിസ്​റ്റിന് മറ്റൊരു മുഖം സങ്കൽപിക്കാൻ േപാലും കഴിയാത്തവിധം ചേരുംപടി ചേർന്നിരിക്കുകയാണ് ഇന്ദ്രൻസ് എന്ന അതുല്യപ്രതിഭ. ഒളിവർ ട്വിസ്​റ്റ്​ എന്ന പേര് കേൾക്കുേമ്പാൾ മലയാളിമനസ്സുകളിൽ ഇപ്പോൾ തെളിയുന്നത് ഇന്ദ്രൻസിെൻറ നിഷ്കളങ്കമായ പുഞ്ചിരിയും 'ഹോം' എന്ന സിനിമയുടെ നിറവാർന്ന ഫ്രെയിമുകളുമാണ്. ഒാരോ സിനിമക്കൊപ്പവും കാണികളെ അത്ഭുതപ്പെടുത്തുന്ന പ്രകടനവുമായി മുന്നേറുന്ന ഇന്ദ്രൻസിന് ഹോമി​െൻറ വിശേഷങ്ങൾ ഏറെയുണ്ട് പങ്കു​െവക്കാൻ...

പ്രേക്ഷകർക്ക് ഒരേ സമയം ഫീൽ ഗുഡ് നിമിഷങ്ങളും നെഞ്ചുനീറ്റുന്ന നിമിഷങ്ങളും സമ്മാനിച്ചാണ് ഹോം സ്ക്രീനിൽ നിറഞ്ഞത്. എടുത്തുപറയാൻ ഒരുപാട് നിമിഷങ്ങളുണ്ട്. മക െൻറ മുറിയിൽനിന്ന് വിഷമിച്ച് ഇറങ്ങി ഗേറ്റിനടുത്ത് പോയി തകർന്നുനിൽക്കുന്ന ഒളിവർ ട്വിസ്​റ്റ്​, നെഞ്ചിൽ കൊളുത്തിപ്പിടിക്കുന്ന അനുഭവമായിരുന്നു. ആ സീൻ ഇത്രയും മനോഹരമായതിനു പിന്നിലെ രഹസ്യം?

സ്ക്രിപ്റ്റിെൻറ ബലമാണ് അത്തരം സീനുകളുടെ കാതൽ. പിന്നെ കൃത്യമായി നമ്മളെ പറഞ്ഞ് ബോധ്യപ്പെടുത്തിത്തരുന്ന സംവിധായക​െൻറ മിടുക്കും. അത് ഉൾക്കൊണ്ട് കാര്യമായി ചെയ്യാൻ കഴിഞ്ഞതാണ് സ്ക്രീനിൽ കാണുന്ന നിലയിലേക്ക് ആ സീനിന് ജീവൻ നൽകിയത്. മുഴുവൻ ക്രെഡിറ്റും അവർക്കാണ്. പറഞ്ഞുതരുന്നത് അഭിനയിക്കാൻ പറ്റുമെന്നല്ലാതെ അതിനെക്കുറിച്ച് കൂടുതൽ പറഞ്ഞുഫലിപ്പിക്കാൻ കഴിയില്ല. സിനിമയുടെ സുന്ദരമായ രസങ്ങളെല്ലാംചേർന്ന് വരുേമ്പാൾ പിറക്കുന്നവയാണ് ആ സീനുകൾ. അതിൽ കാമറയും ഷൂട്ടിങ് സമയത്തെ അപ്പോഴത്തെ ചുറ്റുപാടുമെല്ലാം വരും.

ഹോമിലെ ഏറ്റവും പ്രിയപ്പെട്ട സീൻ തെരഞ്ഞെടുത്താൽ ഏതായിരിക്കും?

ഒരുപാട് കാര്യങ്ങൾ പറയാതെ പറഞ്ഞ ഒരു സീൻ ആണ് സിനിമയിൽ എനിക്കേറ്റവും പ്രിയപ്പെട്ടത്. കുട്ടിയമ്മ മകനോട് ശബ്​ദമുയർത്തി ദേഷ്യപ്പെടവേ, അപ്പച്ചൻ നിശ്ശബ്​ദനായി വാതിൽക്കൽ വന്ന് നിൽക്കുേമ്പാൾ പെെട്ടന്ന് വഴക്ക് നിർത്തി എല്ലാവരും നിശ്ശബ്​ദമാകുന്ന സീൻ. മുതിർന്ന തലമുറക്ക് നൽകുന്ന ബഹുമാനത്തിെൻറയും സ്ഥാനത്തിെൻറയും അടയാളപ്പെടുത്തലായിരുന്നു ഡയലോഗുകൾപോലും ആവശ്യമില്ലായിരുന്ന ആ സീൻ. സിനിമയിലെ ഏറ്റവും പ്രൗഢമായ സീൻ എന്നു പറയാം.

'ഹോം' ചിത്രത്തിൽ നിന്ന്​

ഒളിവർ ട്വിസ്​റ്റും മക്കളും തമ്മിലുള്ള ബന്ധത്തിനൊപ്പം തന്നെ വരച്ചുകാട്ടാൻ ശ്രമിച്ച മറ്റൊരു തലമായിരുന്നു ഒളിവർ ട്വിസ്​റ്റും പിതാവും തമ്മിലുള്ളത്. ഏറെ ശ്രദ്ധ കിട്ടിയല്ലോ ആ സീനുകൾക്കും?

ബന്ധങ്ങൾ തമ്മിലുള്ള വകതിരിവ് കാണിക്കുന്ന നിമിഷങ്ങളാണ് ആ സീനുകൾ പകർന്നത്. തലമുറകൾ പരസ്പരം പകർന്നുനൽകുന്ന സംസ്കാരമുണ്ട്. അത് ജീവിതത്തിൽ സൂക്ഷിക്കേണ്ട വലിയ മൂല്യമാണ്. പക്ഷേ, കുറേയെങ്കിലും അതെവിടെയൊക്കെയോ ചോർന്നുേപാകുന്നു. നമ്മുടെ സമൂഹത്തിലുള്ള കുടുംബങ്ങളുടെ ജീവിതമുഹൂർത്തങ്ങൾ ചിലപ്പോൾ സിനിമയിൽ എവിടെയൊക്കെയോ കാണാൻ കഴിയുന്നുണ്ടാകാം. ബന്ധങ്ങൾ തമ്മിലുള്ള പൊരുത്തപ്പെടലിെൻറ കഥകൂടിയാണിത്. ഇൗ സിനിമ കാണുേമ്പാൾ അതിലേക്ക് തങ്ങളുടെ ജീവിതംകൂടി പ്രേക്ഷകർക്ക് ചേർത്തുവെക്കാൻ കഴിയുന്നുണ്ടാകാം. അത് സംവിധായക​െൻറ മിടുക്കുതന്നെയാണ്.

ഹോമിലെ പ്രധാന കഥാപാത്രമാണ് സ്മാർട്ട് േഫാൺ. ഇന്ദ്രൻസ് തിരശ്ശീലക്കു പുറത്ത് സാദാ േഫാണി​െൻറ ആരാധകനാണ്. ചിത്രത്തിൽ ഉപയോഗിച്ച അത്രയെങ്കിലും ജീവിതത്തിൽ സ്മാർട്ട് ഫോൺ ഉപയോഗിച്ചുണ്ടോ?

ഇല്ല. ഉപയോഗിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ശരിയാകില്ല എന്ന് മനസ്സിലായതോടെ വേണ്ടെന്നു​െവച്ചു. സിനിമയിൽ േഫാൺ പഠിക്കാൻവേണ്ടി മക്കളുടെ സഹായം തേടുന്നപോലുള്ള സന്ദർഭങ്ങൾ ചിലതൊക്കെ ജീവിതത്തിൽ നേരിട്ടിട്ടുണ്ട്. മക്കളുടെ തിരക്കിനിടയിൽ ഇതൊന്ന് ചെയ്തുതാടാ എന്നൊക്കെ പറഞ്ഞ് ചെന്നിട്ടുണ്ട്. പക്ഷേ, അത് നൂറു തിരക്കിനിടയിൽ ഇരിക്കുന്ന അവരെ കൂടുതൽ ബുദ്ധിമുട്ടിക്കുകയാണെന്ന് സ്വയം തോന്നലുണ്ടായി. നമ്മൾ ചെയ്തുവരുേമ്പാൾ കൈയിൽ നിൽക്കാതെ കയറിപ്പോകുന്നതും അപകടമല്ലേ. ഒരുപാട് കുട്ടികൾ ഹോം കാണാൻ മുതിർന്നവരെ പ്രേരിപ്പിക്കുന്നുണ്ട്. കാരണം, അവർക്കും ഇത്തരം നിമിഷങ്ങൾ നേരിട്ടിട്ടുണ്ടാകും. തന്നോട് രക്ഷിതാക്കൾ സഹായം ചോദിച്ച് വന്നപ്പോൾ ചെയ്തില്ലല്ലോ എന്ന ഒരു കുറ്റബോധം കുട്ടികളിൽ പലർക്കും റിലേറ്റ് ചെയ്യാൻ കഴിയും. പക്ഷേ, അത് മനഃപൂർവമോ ദേഷ്യംകൊണ്ടോ അല്ല. കുട്ടികളുടെ സാഹചര്യംകൊണ്ട് അങ്ങനെ ആകുന്നതാണ്. ആ തിരിച്ചറിവ് ഹോം നൽകുന്നുണ്ട്.

ഒളിവർ ട്വിസ്​റ്റ്​ പഠിച്ചതിനൊപ്പം സ്മാർട്ട് ഫോണും ഫേസ്ബുക്കും വാട്സ്ആപ്പുമൊക്കെ ഇന്ദ്രൻസും പഠിച്ചോ?

ഇല്ല. ഇപ്പോഴും എനിക്ക് അറിയില്ല. പഠിക്കേണ്ട എന്നു തന്നെ േതാന്നി. കാര്യങ്ങളൊക്കെ കൃത്യമായി നടക്കുന്നുണ്ട്. പിന്നെ അതിലേക്ക് കൂടുതൽ ശ്രദ്ധ കൊടുത്താൽ അപകടമാണെന്നു തോന്നി. എനിക്ക് എന്നെതന്നെ പേടിയാണെന്ന് വേണമെങ്കിൽ പറയാം. അതിലേക്ക് കൂടുതൽ ഇറങ്ങിപ്പോയാൽ പിന്നെ പത്രവായനയും പുസ്തകം വായനയുമൊന്നും ഉണ്ടാകില്ല. അത് ആലോചിക്കുേമ്പാൾതന്നെ പേടിയാണ്. ഒരുപാട് പുസ്തകങ്ങൾ വായിക്കാനുണ്ട്.

ഒളിവർ ട്വിസ്​റ്റായി ഇന്ദ്രൻസ്​ 

പത്രവും പുസ്തകവും ​കൈയിൽ പിടിച്ചുള്ള വായനതന്നെയാണല്ലേ പ്രിയ വിനോദം?

അതെ, അതി​െൻറ മണവും പരപ്പും ഒക്കെ പ്രിയപ്പെട്ടതാണ്. കണ്ണിലെ കൃഷ്ണമണിയുടെ ഒാട്ടവും ഒക്കെ ഒന്ന് വേഗത്തിലാകുമല്ലോ... പുസ്തകങ്ങൾ ഒരുപാടുണ്ട്. പക്ഷേ, വായന അതിനനുസരിച്ച് കുറവാണ്. സമയം കണ്ടെത്തലാണ് ശ്രമകരം. അതിനിടക്ക് ഫോണുംകൂടി പഠിച്ച് ബുദ്ധിമുട്ട് ഉണ്ടാ​േക്കണ്ട എന്നു ​െവച്ചിട്ടാണ്. ഒരുപാട് മെസേജുകൾ വരുേമ്പാൾ മറുപടിയൊക്കെ നൽകണം. എപ്പോഴും അതിന് സാധിക്കില്ലല്ലോ. ചിലപ്പോൾ എടുത്ത് വായിച്ചാൽപോലും മറുപടി നൽകാൻ കഴിഞ്ഞെന്നു വരില്ല. സ്മാർട്ട് ഫോൺ ആകുേമ്പാൾ നമ്മൾ മെസേജ് വായിക്കുന്നത് അയക്കുന്നവർക്ക് അറിയാനാകില്ലേ. അപ്പോൾ മറുപടി നൽകിയില്ല എന്നു വരുന്നത് ശരിയാകില്ലല്ലോ.

പുസ്തകലോകത്തെ പ്രിയപ്പെട്ട എഴുത്തുകാർ ആരെങ്കിലും?

കിട്ടുന്നതെല്ലാം വായിക്കാറുണ്ട്. രസമുണ്ടെന്നു കണ്ടാൽ യാത്രാഅനുഭവങ്ങൾ, ജീവചരിത്രം, കഥകൾ, നോവൽ അങ്ങനെ എെൻറ വായന പരന്നുകിടക്കുന്നതാണ്. അതുകൊണ്ടുതന്നെ എഴുത്തുകാരോട് വലിയ ബഹുമാനമാണ്. വളരെ ചെറുതെന്നോ പുതിയതെന്നോ വ്യത്യാസമില്ലാതെ മികച്ച എഴുത്തുകാർ നിരവധിയുണ്ട്. ഹോം പോലുള്ള സിനിമകൾ എഴുതുന്ന പുതിയ എഴുത്തുകാരെപ്പോലെ. എത്രപേരാണ് പുതിയ തലമുറയിൽ മികച്ച കൃതികൾ രചിക്കുന്നത്. അതൊക്കെ തീർച്ചയായും നമ്മളെ സ്വാധീനിക്കുകയും ചെയ്യും.

അഭിനയത്തിന് ഇൗ വായനയും മുതൽക്കൂട്ടല്ലേ?

ഉറപ്പല്ലേ... വായിക്കു​േമ്പാൾ നമ്മുടെ മനസ്സിൽ ഒരുപാട് സ്വപ്നങ്ങൾ നിറയുകല്ലേ. കഥയും പശ്ചാത്തലവും കഥാപാത്രങ്ങളുമെല്ലാം സങ്കൽപിച്ച് വായിക്കുകയല്ലേ. അത് കൊണ്ടെത്തിക്കുന്ന സ്വപ്നലോകം ഒന്ന് വേറെതന്നെയാണ്. അഭിനയത്തിനും കഥാപാത്രങ്ങളെ ഉൾക്കൊള്ളുന്നതിനുമൊക്കെ ഇങ്ങനെ വായനയിലൂടെ ലഭിക്കുന്ന സങ്കൽപങ്ങളുടെ സപ്പോർട്ടും നമുക്ക് കിട്ടും. മനസ്സിൽ ശൂന്യത അനുഭവപ്പെടില്ല. കഥയും കഥാപാത്രങ്ങളുമെല്ലാം നിറഞ്ഞുനിൽക്കുന്ന മനസ്സാകും നമ്മുടേത്. അത്തരത്തിൽ ഏതെങ്കിലും ഒരു കഥാപാത്രം അഭിനയത്തിനും രക്ഷക്കെത്തും.

വായനയുമായുള്ള അടുപ്പം ഒളിവർ ട്വിസ്​റ്റും കഥകളും നിറഞ്ഞുനിൽക്കുന്ന 'ഹോം' സിനിമയെയും കൂടുതൽ പ്രിയപ്പെട്ടതാക്കിയതിന് ഘടകമാകുമല്ലോ?

തീർച്ചയായും അതേ, ഞാൻ വളരെ ചെറുപ്പത്തിൽ വായിച്ച കഥയാണ് ഒളിവർ ട്വിസ്​റ്റ്​. ഇപ്പോഴും കുട്ടികളോടൊക്കെ ഇത് വായിക്കണം എന്ന് പറഞ്ഞുകൊടുക്കുന്ന ചാൾസ് ഡിക്കൻസിെൻറ ക്ലാസിക് കഥ. അദ്ദേഹത്തിെൻറ ഒരുപാട് പുസ്തകങ്ങൾ ഉണ്ടെങ്കിലും ഇതാണ് മനസ്സിൽ നിൽക്കുന്നത്. ആദ്യകാലങ്ങളിൽ വായിച്ചതുകൊണ്ടാകാം, സ്ക്രീനിൽ അവതരിപ്പിക്കാൻ സ്വപ്നംകാണുന്ന ഒരുപാട് കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഒളിവർ ട്വിസ്​റ്റിലെ ക്രൂരനായ വില്ലൻ ഫാഗിൻ. കുട്ടിയായ ഒളിവർ ട്വിസ്​റ്റ്​ ആകാൻ എന്തായാലും പറ്റില്ലല്ലോ. രൂപം​െവച്ച് ഫാഗിനെ ഞാൻ എന്നോട് ചേർത്തു​െവച്ചിരുന്നു. എന്നാൽ, അതിൽനിന്ന് വ്യത്യസ്തമായി ഇൗ പ്രായത്തിൽ ഒളിവർ ട്വിസ്​റ്റ്​ എന്ന പേരിൽ കഥാപാത്രം തേടിയെത്തി എന്നത് അത്രമേൽ സന്തോഷം നൽകുന്ന കാര്യമായിരുന്നു.

ഇത്രയും മനസ്സിനോട് അടുത്തുനിൽക്കുന്ന ഹോം വൻ വിജയമായി എന്നത് വലിയ സന്തോഷം നൽകി, അതിനുമപ്പുറം പ്രിയപ്പെട്ടതായി തോന്നിയത് പലകോണുകളിൽനിന്ന് വന്ന പ്രതികരണങ്ങൾ ആണെന്ന് പറഞ്ഞല്ലോ?

ഒരുപാട് പേരുടെ മികച്ച പ്രതികരണങ്ങൾ ലഭിച്ചു. മുതിർന്നവർ, ഗുരുതുല്യരായവർ വരെ. കാൽതൊട്ടുവണങ്ങി അനുഗ്രഹം വാങ്ങി അഭിനയത്തിലേക്ക് പിടിച്ചുകയറ്റിയവർ വരെ വിളിച്ചു നല്ലത് പറഞ്ഞു എന്നത് ഏറെ പ്രിയപ്പെട്ട നിമിഷങ്ങളായിരുന്നു. കമൽ സാർ, സിബി സാർ, രാജസേനൻ സാർ എന്നിങ്ങനെ ആദ്യകാലത്തെ സംവിധായകരുമെല്ലാം വിളിച്ചു . ഭദ്രൻ സാർ വിളിച്ചുപറഞ്ഞത്, എടാ... നന്നായി ഒരു കൽക്കണ്ടം വായിലിട്ടതുപോലെ ഉണ്ടെടാ എന്നായിരുന്നു. അതൊക്കെ കേൾക്കുേമ്പാൾ, എന്നെപ്പോലെ പരിമിതമായ ശാരീരിക യോഗ്യതയൊക്കെ ഉള്ള ഒരാൾക്ക് ഇതിലപ്പുറം മറ്റൊരു അംഗീകാരം കിട്ടാനില്ല.

ഇന്ദ്രൻസ് കുടുംബാംഗങ്ങളോടൊപ്പം

കുടുംബത്തിൽനിന്നുള്ള പ്രതികരണം എങ്ങനെയായിരുന്നു?

ഒരു സിനിമ തുടങ്ങിയാൽ ഇടക്കിടക്ക് അതി​െൻറ കഥയും കഥാപാത്രങ്ങളും വീട്ടിലേക്ക് കടന്നെത്താറുണ്ട്. സിനിമ എപ്പോഴും ഞങ്ങളുടെ ചർച്ചകളിൽ കടന്നുവരുന്നതുകൊണ്ട് കുടുംബത്തിലുള്ളവർക്ക് അതിൽ പുതുമയൊന്നും ഉണ്ടാകില്ല എന്നതാണ് യാഥാർഥ്യം. എന്നെപ്പോലെതന്നെ സിനിമയുടെയും കഥാപാത്രത്തിെൻറയും മുക്കുംമൂലയും അവരും പരിചയപ്പെടുന്നതുകൊണ്ട് വിലയിരുത്താൻ അവർക്കും ബുദ്ധിമുട്ടാകും. ആ സിനിമയുടെ സുഖം കുറേശ്ശയായി നമ്മൾ നേരത്തേ അനുഭവിച്ചുകഴിഞ്ഞിരിക്കും. അതുകൊണ്ടുതന്നെ ഒരു സർപ്രൈസ് ഉണ്ടാകില്ല. ശരിക്കും സർപ്രൈസ് വരുന്നത് ഗുരുനാഥന്മാരുടെയും കൂട്ടുകാരുടെയും ഭാഗത്തുനിന്നുണ്ടാകുന്ന പ്രതികരണംതന്നെയാണ്.


കുടുംബത്തി​െൻറ കഥപറഞ്ഞ ഹോമിലെ എല്ലാ കഥാപാത്രങ്ങളും കുടുംബംപോലെ ഇഴുകിച്ചേരുന്ന കെമിസ്ട്രി ആണ് സ്ക്രീനിൽ നിറഞ്ഞത്. കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ എങ്ങനെയായിരുന്നു ആ ഒരു ഒത്തൊരുമ ഒരുക്കിയത്?

കൈനകരി ചേട്ടനെയും മഞ്ജുവിനെയും ഏറെക്കാലമായി അറിയാം. ശ്രീനാഥ് ഭാസിയുടെ സിനിമകൾ കണ്ട് ഞാൻ ഒരു ആരാധകനാണ്. പിന്നെ നസ്​ലിനുമായി അടുത്ത് ബന്ധമൊന്നുമില്ലെങ്കിലും ഇഷ്​ടമുള്ളവനാണ്. പിന്നെ അഭിനയിച്ച ലളിത ചേച്ചി ആയാലും ബാക്കി എല്ലാവരുമായും നല്ല ബന്ധമാണ്. കോവിഡിെൻറ ആദ്യഘട്ട ഇളവുകൾ വന്ന സമയത്തായിരുന്നു ഷൂട്ടിങ്. ഒരുപാട് പരിമിതികൾ ഉണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും ഒരുമിച്ച് കുറെ ദിവസം പുറത്തേക്കൊന്നും പോകാതെയും പുറത്തുനിന്ന് ആരും വരാതെയും ഒക്കെ താമസിച്ച് ഷൂട്ട് ചെയ്തതായിരുന്നു. ആ ദിവസങ്ങളിൽ ഒരു കുടുംബമായി കഴിഞ്ഞതിെൻറ മനപ്പൊരുത്തം ഹോമിൽ കാണാനുണ്ട്.

സിനിമയിൽ ഏറെ ചർച്ചയായ മറ്റൊരു മനപ്പൊരുത്തം ഒളിവർ ട്വിസ്​റ്റും സൂര്യനും തമ്മിലുള്ളതാണ്. അത്തരം സുഹൃത്തുക്കൾ ജീവിതത്തിലുണ്ടോ?

ധാരാളം പേരുണ്ട് അങ്ങനെ സുഹൃത്തുക്കളായി. മനസ്സു തുറന്ന് സംസാരിക്കാൻ പറ്റുന്നവർ. പക്ഷേ, അതിന് സമയംകിട്ടുന്നില്ല എന്നതാണ് വലിയ സങ്കടം. കാണുന്നത് എപ്പോഴായാലും നിറയെ സംസാരിക്കാൻ കഴിയുന്ന സുഹൃത്തുക്കളാണവർ. അത്തരം സൗഹൃദങ്ങൾ സൂക്ഷിക്കുന്നവർക്ക് ഒളിവറിെൻറയും സൂര്യ​െൻറയും സൗഹൃദവും മനസ്സിൽ തട്ടും. എല്ലാവരുടെയും ജീവിതത്തിൽ അങ്ങനെ ഒരു സൗഹൃദം വേണമെന്നുകൂടിയാണ് 'ഹോം' പറഞ്ഞു​െവക്കുന്നത്.

സൂര്യൻ എന്ന കഥാപാത്രം അഭിനയിച്ച ജോണി ആൻറണിയുമായും വർഷങ്ങളായുള്ള അടുപ്പമാണ്. അദ്ദേഹം അസിസ്​റ്റൻറ് ഡയറക്ടറായും ഞാൻ കോസ്​റ്റൂം ചെയ്തിരുന്ന സമയത്തേ ഉള്ള സൗഹൃദം. ആ അടുപ്പം സംവിധായകൻ ഉദ്ദേശിക്കുന്ന തലത്തിലേക്ക് ഇരുകഥാപാത്രങ്ങളെയും എത്തിക്കാൻ ഒരുപാട് സഹായിച്ചിട്ടുണ്ടാകാം.

സംവിധായക​െൻറ നടനാണോ ഇന്ദ്രൻസ്?

തീർച്ചയായും. ഒന്നും നമ്മുടെ മിടുക്കല്ല. സംവിധായകൻ തന്നെയാണ് സിനിമയുടെ ക്യാപ്റ്റൻ. അത് എത്ര പുതിയ ആളായാലും പരിചയസമ്പന്നൻ ആയാലും. സിനിമയുടെ ക്രെഡിറ്റ് എപ്പോഴും സംവിധായകനാണ് നൽകേണ്ടത്. സംവിധായക​െൻറ തെരഞ്ഞെടുപ്പുകളാണ് സിനിമയുടെ വിധി നിശ്ചയിക്കുന്നത്. കഥയായാലും അഭിനേതാക്കളായാലും ലൊക്കേഷനായാലും മറ്റു ഘടകങ്ങളായാലും. വർഷങ്ങളോളം അവരുടെ മനസ്സിൽ നിറഞ്ഞുനിന്ന സിനിമയിലേക്ക് പെെട്ടന്ന് കയറിച്ചെന്ന് അവരുടെ ചിന്തകളെ മാറ്റിമറിക്കുന്നതിനോടൊന്നും യോജിപ്പില്ല. അവർ പറഞ്ഞുതരും. അത് ചെയ്യുക. ഇനി സ്വന്തം കൈയിൽനിന്നിട്ട് കൂടുതൽ ചെയ്താലും എഡിറ്റിങ് ടേബിളിൽ കട്ട് ചെയ്ത് കളയാൻ അവർക്ക് ബുദ്ധിമുെട്ടാന്നുമില്ല എന്നും ഒാർക്കണം. മുമ്പും എെൻറ ശാരീരിക പ്രത്യേകതകൾ അനുസരിച്ചുള്ള കഥാപാത്രങ്ങൾ തന്ന് പിടിച്ചു നടത്താൻ കഴിവുള്ള സംവിധായകരുണ്ടായിരുന്നു. പിന്നീട്, ശരീരത്തിെൻറ കഴിവ് ഉപയോഗിക്കേണ്ടതല്ലാതെ കഥാവശേഷനിലെ കള്ള​െൻറ കഥാപാത്രവും മനോഹരമായി ചെയ്യിക്കാനുള്ള കഴിവുള്ള സംവിധായകൻ ഉണ്ടായി എന്നതാണ് നേട്ടമായത്. തുടർന്ന് വന്ന ഒാരോ കഥാപാത്രവും കാലത്തിനനുസരിച്ചുള്ള മാറ്റത്തിനൊപ്പം സംവിധായകരുടെ കൈയൊപ്പുകൂടി പതിഞ്ഞുകിടക്കുന്നതാണ്.

ഇങ്ങനെ അടിമുടി സിനിമയെ സ്നേഹിച്ച് ഒാരം ചേർന്ന് നടന്ന ഇന്ദ്രൻസാണ് ഇന്ന് പല ഫസ്​റ്റ്​ ലുക്ക് പോസ്​റ്ററുകളിലെയും മുഖം. ആദ്യമായി സിനിമ പോസ്​റ്ററിൽ ഇടംപിടിച്ചത് ഒാർമയിലുണ്ടോ?

കാലം ഒാർമയില്ലെങ്കിലും സിനിമ ഒാർമയുണ്ട്. സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത ഉത്സവമേളം. വലിയ സന്തോഷമായിരുന്നു ആ പോസ്​റ്റർ നൽകിയത്. എന്നാൽ, അതിനായി കാത്തിരുന്നോ എന്ന് ചോദിച്ചാൽ, സമയമില്ലായിരുന്നു എന്നേ പറയാനാകൂ. കോസ്​റ്റ്യൂം ഡിസൈനിങ്ങിനൊപ്പം സിനിമ അഭിനയവും നടത്തി തിരക്കിൽ ഒാടിക്കൊണ്ടിരുന്ന സമയമായിരുന്നു. ചെറിയ വലിയൊരു സന്തോഷം തന്ന് ആ പോസ്​റ്ററും സിനിമയും വന്ന് പോയി.

നാലു പതിറ്റാണ്ട് നീണ്ട കരിയറിൽ സീനിയർ താരങ്ങളുടെ നിരയിലാണ് ഇപ്പോൾ. ഏറ്റവും മികച്ച നടൻ എന്ന പദത്തിലേക്കുവരെ നടന്നുകയറിയിട്ടും ഇന്ദ്രൻസ് എന്ന മനുഷ്യൻ ഇപ്പോഴും സിനിമസെറ്റിലെ ഏറ്റവും സാധാരണക്കാർക്കൊപ്പമാണ്. എങ്ങനെയാണ് താരപട്ടത്തെ അകറ്റിനിർത്തുന്നത്?

താരമായാൽ കഴിഞ്ഞില്ലേ. പിന്നെ കൊഴിഞ്ഞുവീഴൽ മാത്രമേ ബാക്കിയുള്ളൂ. താരമാകരുതെന്നുതന്നെ ആത്മാർഥമായി ആഗ്രഹിക്കുന്നു. ഞാൻ സാധാരണ സിനിമാപ്രവർത്തകരിൽ ഒരാളായി വന്നയാളാണ്. അവർക്കൊപ്പം നിന്നാലേ ഇനിയും ചെയ്യാനുള്ള ഒരുപാട് കാര്യങ്ങൾ ചെയ്യാനാകൂ. അതൊക്കെവിട്ട് സ്വയം താരം എന്നു കരുതി മാറിപ്പോയാൽ എെൻറ എല്ലാ സ്വപ്നങ്ങളും ആഗ്രഹങ്ങളും തീർന്നു എന്നാകും. അങ്ങനെ ഒരു താരത്തിെൻറ നിലയിലേക്ക് ഉയർന്നിട്ടുമില്ല എന്ന കാര്യവും എനിക്ക് നന്നായി അറിയാം. പുതുതായി വരുന്ന കുട്ടികളൊക്കെ നമ്മളെ വിസ്മയിപ്പിക്കുന്ന തരത്തിലാണ് പ്രകടനം നടത്തുന്നത്. അപ്പോൾ അവർക്കൊപ്പം എത്തിയെന്നുപോലും പറയാനാകില്ല. ഒരു സിനിമ നന്നായി എന്ന് കേട്ടാൽ വളരെ സന്തോഷം, പക്ഷേ, അതുകൊണ്ടൊന്നും ആയിട്ടില്ല എന്ന ബോധ്യമുണ്ട്. ഇനിയും ഏറെയുണ്ട് മുന്നോട്ടുപോകാൻ.

Tags:    
News Summary - Indrans interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.