'ആ​ഘോ​ഷ​ങ്ങ​ൾ വ​ർ​ഗീ​യ​വ​ത്ക​രി​ക്ക​രു​ത്'; ഡോ. ​ഗീ​വ​ര്‍ഗീ​സ് മാ​ര്‍ കൂ​റി​ലോ​സ് ക്രിസ്​മസ്​ ഓർമകൾ പങ്കുവെക്കുന്നു

''മുമ്പ് വഴിയോരത്തെ ചായക്കടയില്‍ കേറി വര്‍ത്തമാനം പറഞ്ഞോണ്ട് ചായ കുടിക്കാമായിരുന്നു. ഇപ്പൊ അത് നടക്കുന്നില്ല, അത്രതന്നെ''-മെത്രാപ്പോലീത്ത ആയതിനുമുമ്പും ശേഷവുമുള്ള വ്യത്യാസം ചേദിച്ചപ്പോൾ യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഒറ്റവാചകത്തിൽ എളുപ്പം മറുപടി പറഞ്ഞു. കട്ട മമ്മൂട്ടി ഫാനായ കപ്പയും ഉണക്കമീനും ഇഷ്​ടപ്പെടുന്ന, ഒരു ബിഷപ്പിന് ആകെയുള്ളത് കുരിശുമാത്രമാണെന്ന പൊതുബോധം എന്നേ വെട്ടിത്തിരുത്തിയ വ്യക്തിത്വമാണ് അദ്ദേഹം. നിലപാടുകൾ ഭയപ്പാടില്ലാതെ തുറന്നുപറയുന്നതും എടുക്കുന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതുമാണ് ബിഷപ്പിനെ വ്യത്യസ്തനാക്കുന്നത്. 'മതമല്ല മനുഷ്യനാണ്, മനുഷ്യത്വമാണ് വലുത്' എന്ന് പറയുക മാത്രമല്ല ജീവിതത്തിലൂടെ കാണിച്ചുതന്ന, സഭാവിശ്വാസികൾക്കുമപ്പുറം ഇന്ന് കേരളം മുഴുവൻ കാതോർക്കുന്ന ശബ്​ദങ്ങളിൽ ഒന്നാണ് അദ്ദേഹത്തി​േൻറത്. സമരമായാലും പോരാട്ടമായാലും പാവപ്പെട്ട, പിന്നാക്ക ദലിത് അടിച്ചമർത്തപ്പെട്ടവർക്കൊപ്പം ശക്തമായി നിലകൊള്ളുന്നു. ജീവിതവും നിലപാടുകളും പോലെതന്നെ ക്രിസ്മസ് ആഘോഷങ്ങൾക്കുമുണ്ട് പ്രത്യേകത...

ആഘോഷങ്ങളും അച്ഛനും അമ്മയും

ആഘോഷങ്ങളിൽ ഏറെ താൽപര്യമുള്ള ആളായിരുന്നു എ​െൻറ പിതാവ്. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല. എന്നാൽ, അമ്മ ഏറെ വ്യത്യസ്​തയായിരുന്നു. അമ്മക്ക് ആഘോഷങ്ങളോട് താൽപര്യം കുറവായിരുന്നു. കുട്ടിക്കാലത്ത് അച്ഛനെപ്പോലെ ആഘോഷങ്ങളിൽ സജീവമായിരുന്ന ഞാൻ ചിന്തിക്കുന്ന പ്രായമായതോടെ മാറിത്തുടങ്ങിയിരുന്നു. ഇന്നത്തെപ്പോലെ ആർഭാടങ്ങൾ, ആഘോഷങ്ങൾ, ധൂർത്ത് എന്നിവയിൽനിന്ന് അകന്നുനിൽക്കാനും പ്രതിഷേധവും എതിർപ്പും പ്രകടിപ്പിക്കാനും പാരമ്പര്യമായി സ്വാധീനം ലഭിച്ചത് അമ്മയിൽനിന്നാണെന്ന് ഞാൻ കരുതുന്നു.


ഇന്ന് കരോളൊക്കെ കുറെ കമേഴ്സ്യലായി മാറിയിട്ടുണ്ട്. പണപ്പിരിവിനായി പാട്ടൊന്നും ചിട്ടയായി പഠിക്കാതെയാണ് കരോളി​െൻറ പേരിൽ ആളുകൾ എത്തുന്നത്

കുടുംബത്തോടൊപ്പമുള്ള ആഘോഷം

കോട്ടയത്ത് പുതുപ്പള്ളിക്കടുത്ത് വാകത്താത്ത് നാലുന്നാക്കിൽ കൊച്ചുഗ്രാമത്തിലാണ് ജനിച്ചതും പഠിച്ചതും വളർന്നതും ജീവിച്ചതും. രണ്ടു സഹോദരന്മാരും നാലു സഹോദരിമാരുമാണ്. എല്ലാവരും കുടുംബമായി കഴിയുന്നു. അത്യാവശ്യം വലിയ കുടുംബമായതിനാൽ ഒരുമിച്ചുള്ള കാലം ക്രിസ്മസ് ആഘോഷം വലിയ സന്തോഷത്തി​െൻറ നാളുകളായിരുന്നു. ഒരുമിച്ച് ഭക്ഷണവും ആഘോഷവും തയാറെടുപ്പുകളും ഏറെ ആനന്ദവും സംതൃപ്തിയും നൽകുന്ന ഓർമകളാണ്.

ഗ്രാമീണ ക്രിസ്മസ് ഓർമകൾ

കുട്ടിക്കാലത്തെ ക്രിസ്മസ് ഓർമകൾ മനസ്സിൽ വല്ലാത്തൊരു നൊസ്​റ്റാൾജിയ നൽകുന്നുണ്ട്. ഗ്രാമത്തിലാണ് ജനിച്ചതും വളർന്നതും എന്നതുകൊണ്ടാവും ഏത് ആഘോഷമായാലും അതിന് ഗ്രാമീണ അന്തരീക്ഷത്തി​േൻറതായ പ്രത്യേകതയുണ്ടായിരുന്നു. അത് ആഘോഷങ്ങൾക്ക് ഏറെ പകിട്ടേകി‍യിരുന്നു. അക്കാലത്തെ ക്രിസ്മസ് ഓർമകളിലേക്ക് ആദ്യം വരുന്നത് പടക്കം പൊട്ടിക്കലാണ്. അത് അന്നും ഇന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. ക്രിസ്മസ് ദിനത്തിലെ തന്നെ ഏറെ കാത്തിരിക്കുന്ന ആനന്ദം നൽകിയിരുന്നതും പടക്കംപൊട്ടിക്കലായിരുന്നു. ക്രിസ്മസിനോടനുബന്ധിച്ച് വീടും പരിസരവും അലങ്കരിക്കുന്നതിൽ പിതാവിന് പ്രത്യേക ശ്രദ്ധയും താൽപര്യവുമുണ്ടായിരുന്നു. എന്ത് ആഘോഷമായാലും വീട്ടിലെ അലങ്കാരത്തിന് ഒരു കുറവും അപ്പൻ വരുത്താറില്ല. ക്രിസ്മസ് സ്​റ്റാറും ട്രീയും തോരണങ്ങളും ലൈറ്റുമൊക്കെയായി മനോഹരമാക്കിയ വീടും പരിസരവും ഞങ്ങളിൽ ഉത്സവപ്രതീതിയുണർത്തും. ഡിസംബർ 25നു മുമ്പുതന്നെ അലങ്കാരം പൂർത്തിയാക്കും. ഞങ്ങൾ കുട്ടികളും അപ്പനെ സഹായിക്കാൻ ഒപ്പംകൂടും. അത് ഞങ്ങൾക്കും ഉത്സാഹവും ആവേശവുമായിരുന്നു. ആഘോഷം ഏതായാലും ജാതിമത ഭേദമന്യേ എല്ലാവരും പങ്കുചേർന്നിരുന്ന കാലമായിരുന്നു.

ക്രിസ്മസ് കരോൾ സംഘം

കുട്ടിക്കാലത്ത് ക്രിസ്മസ് കരോൾ ഗ്രൂപ്പി​െൻറ ഭാഗമായി പാടാൻ പോയിട്ടുണ്ട്. സംഘത്തിലുള്ളവർ പലതവണ പ്രാക്ടിസ് ചെയ്തിട്ടാണ് പാട്ട് പഠിക്കുക. എ​​െൻറ മാതൃദേവാലയമായ നാലുന്നാക്കൽ സെൻറ്​ ആദായീസ് പള്ളിയുടെ യൂത്ത് അസോസിയേഷ​െൻറ ഭാഗമായും കരോൾ പോകാറുണ്ടായിരുന്നു. കുടുംബയോഗത്തി​െൻറ ഭാഗമായിട്ടും പോയിട്ടുണ്ട്. രാത്രി ഏറെ വൈകിയും നടക്കുന്ന കരോൾ രസകരമായ ഓർമയാണ്. കരോൾ സംഘത്തിന് വീടുകളിൽ ചായയോ കാപ്പിയോ പലഹാരമോ ലഭിക്കും, ഏറെ വൈകുകയാണെങ്കിൽ കപ്പപ്പുഴുക്കും ചമ്മന്തിയുമാവും. ഞങ്ങൾ കൂട്ടുകാർ സംസാരിച്ച് സുഖദുഃഖങ്ങൾ പരസ്പരം പങ്കുവെച്ചുള്ള നിമിഷങ്ങളായിരുന്നു അതെല്ലാം. നാട്ടിലെ പ്രമുഖരായ ക്രിസ്മസ് കരോൾ സംഘങ്ങൾക്കായി വീടുകൾ കാത്തിരിക്കും. വാകത്താനത്തിനടുത്തുള്ള പുത്തൻ ചന്തയിലെയും ചീരഞ്ചിറയിലെയും സാൽവേഷൻ ആർമിയുടെ കരോൾ സംഘങ്ങൾ അതിൽ പ്രമുഖരായിരുന്നു. ചിട്ടയോടെ മനോഹരമായി പാട്ടുപഠിച്ചെത്തുന്ന അവരോട് ആളുകൾക്ക് ഭയങ്കര താൽപര്യമായിരുന്നു. എല്ലാവരും അവർക്കായി കാത്തിരിക്കും. അന്ന് അതൊക്കെ വലിയ ഓർമകളായിരുന്നു. ഇന്ന് കരോളൊക്കെ കുറെ കമേഴ്സ്യലായി മാറിയിട്ടുണ്ട്. പണപ്പിരിവിനായി പാട്ടൊന്നും ചിട്ടയായി പഠിക്കാതെയാണ് കരോളി​െൻറ പേരിൽ ആളുകൾ എത്തുന്നത്.

വിജയ ലൈബ്രറിയും ആഘോഷങ്ങളും

നാലുന്നാക്കിലെ വിജയ ലൈബ്രറി എ​െൻറ ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തിയ ഇടമാണ്. ലൈബ്രറി ഇന്നും അവിടെയുണ്ട്. എന്നിൽ വായനശീലം ഉണ്ടാക്കാനും കുട്ടിക്കാലം മുതൽ സ്വാധീനം ചെലുത്താനും ലൈബ്രറി വഹിച്ച പങ്ക് വലുതാണ്. സ്കൂൾ, കോളജ് പഠനകാലത്ത് ലൈബ്രറിക്കരികിൽ ഞങ്ങൾ സ്ഥിരമായി കൂട്ടുകാർ ഒത്തുകൂടും. ടീമുണ്ടാക്കി ക്രിക്കറ്റ്, ഫുട്ബാൾ, ബാഡ്മിൻറൺ എന്നിവ കളിക്കും. മിക്കവാറും ക്ലാസ് കഴിഞ്ഞ് വൈകുന്നേരങ്ങളിലായിരുന്നു ഒത്തുകൂടൽ. ക്രിസ്മസിനോടനുബന്ധിച്ച് ലൈബ്രറിയുടെ ബാനറിൽ കരോളിനും പോയിരുന്നു. നാട്ടിലെ കുട്ടികളും ചെറുപ്പക്കാരും സംഘടിച്ചുള്ള വലിയ ആഘോഷമായിരുന്നു. തമ്പയർ അടിച്ചാണ് പാട്ടൊക്കെ പ്രാക്ടിസ് ചെയ്യുന്നതും കരോളിന് പോകുന്നതും. ദിവസങ്ങളോളം പാട്ടുപാടി വീടുകൾ കയറിയിറങ്ങും. ലൈബ്രറിക്കായി പണം പിരിക്കുന്നതുമൊക്കെ മധുരമായ ഓർമകളാണ്. ശരിക്കും ഉത്സവപ്രതീതിയായിരുന്നു.

ബിഷപ്പായ ശേഷമുള്ള ക്രിസ്മസ്

വൈദികനും ബിഷപ്പുമായശേഷം ആഘോഷത്തി​െൻറ രൂപത്തിലും ഭാവത്തിലും അർഥത്തിലും ഒത്തിരി മാറ്റംവന്നിട്ടുണ്ട്. അമ്മയുടെയും ദൈവശാസ്ത്ര വിദ്യാഭ്യാസത്തി​െൻറയും ഭാഗമുണ്ടായ സ്വാധീനത്തിൽ അതിരുകടന്ന ആഘോഷത്തോടും ധൂർത്തിനോടും ആർഭാടത്തോടും പ്രതിഷേധവും വിരക്തിയും എ​െൻറ മനസ്സിൽ രൂപപ്പെട്ടുതുടങ്ങിയ കാലമാണ്. എ​െൻറ ജീവിതത്തിലും അത് പ്രാവർത്തികമാക്കാൻ ശ്രമിച്ചിട്ടുണ്ട്. ക്രിസ്മസ് ആയാലും ഉത്സവമായാലും മറ്റെന്ത് ആഘോഷമായാലും ആഘോഷത്തിമിർപ്പുകളിലും ധൂർത്തിലും ആഡംബരങ്ങളിലും അഭിരമിക്കുന്ന പ്രകൃതം എനിക്കില്ലെന്ന് ഞാൻ അഭിമാനത്തോടെ പറയുന്നു.

എ​െൻറ ക്രിസ്മസ് ദിനങ്ങൾ

ക്രിസ്മസിന് പള്ളിയിലെ ആരാധന കഴിഞ്ഞാൽ പിന്നെ എ​െൻറ ആഘോഷങ്ങളിൽ ഞാൻ ശ്രദ്ധിക്കുന്നത് ഏതെങ്കിലും സ്ഥാപനങ്ങളിൽ പാവപ്പെട്ടവരോടും അശരണരോടും പ്രയാസപ്പെടുന്നവരോടുമൊക്കെ സമയം ചെലവഴിക്കാനാണ്. വർഷങ്ങളായി അങ്ങനെയാണ്. ഡിസംബർ 25ന് മിക്കവാറും അത്തരം സ്ഥാപനങ്ങളിലായിരിക്കും. ഞാൻതന്നെ ഭാഗമായി പ്രവർത്തിക്കുന്ന തീരം എന്നൊരു പ്രസ്ഥാനമുണ്ട്. ബുദ്ധിമാന്ദ്യം എന്ന് സമൂഹം പറയുന്ന മാനസിക വെല്ലുവിളികൾ നേരിടുന്ന നേർബുദ്ധിയുള്ള, സ്നേഹിക്കാൻ മാത്രം അറിയാവുന്ന 200ഓളം കുട്ടികളുടെ വലിയ കുടുംബമാണ് തീരം. തീരത്തിലെ കുഞ്ഞുങ്ങളുമായുള്ള ക്രിസ്മസ് ആഘോഷം, അതുപോലെ പാമ്പാടിയിലെ എച്ച്.ഐ.വി പോസിറ്റിവായ കുട്ടികളെ പരിപാലിക്കുന്ന കേന്ദ്രം, തിരുവല്ലയിൽതന്നെ വിവിധ ചാരിറ്റബ്​ൾ ഇൻസ്​റ്റിറ്റ്യൂട്ട്, അഭയ ഭവൻ ഓൾഡ് ഏജ് ഹോം എന്നിവിടങ്ങളിലൊക്കെ പോയി അവർക്കൊപ്പം ഭക്ഷണം കഴിച്ച് കേക്ക് മുറിച്ച് ആഘോഷിക്കും. പാവപ്പെട്ടവരോടൊപ്പം സമയം ചെലവഴിച്ചും ഭക്ഷണം പങ്കിട്ടും ആഘോഷിക്കുന്നതാണ് ക്രിസ്​മസി​െൻറ പൊരുളും അർഥവുമെന്ന് ഞാൻ ആത്മാർഥമായി വിശ്വസിക്കുന്നു.

ചെങ്ങറ സമരഭൂമിയിലെ ക്രിസ്മസ് ഓർമകൾ

ചെങ്ങറ ഭൂസമരവുമായി എ​െൻറ ബന്ധം ഉണ്ടായതുമുതൽ കുറെ വർഷക്കാലം ഞാനും എ​െൻറ തിരുവല്ലയിലെ കൂട്ടുകാരുമൊന്നിച്ച് ഡിസംബർ 25ന് ഉച്ചതിരിഞ്ഞ് ചെങ്ങറ സമരഭൂമിയിൽ പോകുന്ന പതിവുണ്ടായിരുന്നു. ഡോ. സൈമൺ ജോൺസ്, ​പ്രഫ. ഫിലിപ് എം. തോമസ്, ജോസഫ് ചാക്കോ എന്നിവരാണ് കൂടെയുണ്ടാവുക. എനിക്ക് സമ്മാനമായി ലഭിക്കുന്ന കേക്ക്, പുറമെനിന്ന്​ വാങ്ങിയ കേക്ക്, മറ്റു ഭക്ഷണസാധനങ്ങൾ എന്നിവ വാഹനത്തിൽ നിറച്ചാണ് സമരഭൂമിയിലേക്ക് പോവുക. സമരഭൂമിയിലെ ആയിരക്കണക്കായ ആളുകൾക്കൊപ്പം കേക്ക് മുറിച്ചും ഭക്ഷണം കഴിച്ചും ക്രിസ്മസ് ആഘോഷിക്കും. വർഷങ്ങളോളം അത് ആവർത്തിച്ചിരുന്നു. യഥാർഥ ക്രിസ്മസ് അനുഭവമായിട്ട് ഞാൻ പലസ്ഥലത്തും ഇക്കാര്യം പ്രസംഗിക്കുകയും എഴുതുകയും ചെയ്തിട്ടുണ്ട്. യഥാർഥ ക്രിസ്മസ് എന്നുപറയുന്നത് ഭൂമിയും ഇടവും ഒന്നും ലഭിക്കാതെ അതെല്ലാം നിഷേധിക്കപ്പെട്ടവനായ ദൈവം യേശുക്രിസ്തുവി​െൻറ രൂപത്തിൽ ഭൂമിയിലേക്ക് വന്നതി​െൻറ ഓർമയാണല്ലോ. അത് ഇക്കാലത്ത് യഥാർഥത്തിൽ ചെങ്ങറ, അരിപ്പ പോലെയുള്ള സമരഭൂമികളിലാണ് യാഥാർഥ്യമാകുന്നത്. ക്രിസ്മസി​െൻറ കാലിക ആവിഷ്കാരങ്ങളാണ് അതെല്ലാമെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് ഇടം നിഷേധിക്കപ്പെട്ടവരുടെ വീടില്ലാത്തവരുടെ സമരഭൂമിക ഒരു പുതിയ ക്രിസ്മസ് ഭൂമികയായി മറുകയാണ്. ചെങ്ങറ സമരഭൂമിയിലെ ക്രിസ്മസ് ആഘോഷം വലിയ സന്തോഷത്തി​െൻറയും അഭിമാനത്തി​െൻറയും ദിനങ്ങളായിരുന്നു. അവർ അവിടെ വിളയിച്ച കപ്പയും ചേനയും ചേമ്പും പുഴുങ്ങി ചമ്മന്തിയും കൂട്ടിയുള്ള ഭക്ഷണവും ആഘോഷവുമായി കുറെ സമയം അവർക്കൊപ്പം ചെലവഴിക്കും. ഞങ്ങൾ മടങ്ങുമ്പോൾ വിളവെടുത്ത വസ്തുക്കൾ വണ്ടിയിൽ തന്നുവിടുകയും ചെയ്യും.


സമരജയിലൂടെ കണ്ട യഥാർഥ ക്രിസ്മസ് ആവിഷ്കാരം

ചെങ്ങറ സമരഭൂമിയിലെ കുടിലിൽ പിറന്ന പെൺകുട്ടിക്ക് മാതാപിതാക്കൾ ഇട്ട പേട്ട് സമരജ എന്നായിരുന്നു. ക്രിസ്മസിന് പതിവുപോലെ പോയപ്പോൾ സമരജയെ കാണാൻ ചെന്ന അനുഭവം മറക്കാനാവാത്തതാണ്. ആ കുഞ്ഞിൽ, 2021 വർഷങ്ങൾക്കുമുമ്പ് യേശു എന്നപേരിൽ മനുഷ്യപുത്രൻ ഇടം നിഷേധിക്കപ്പെട്ടവനായി പശുത്തൊഴുത്തിൽ കിടന്നതിന് സമാന ദൃശ്യമാണ് കണ്ടത്, നാലു കമ്പും ടാർപായും വലിച്ചുകെട്ടിയ കുടിലിൽ സമരജ എന്ന കുട്ടി കിടക്കുന്ന കാഴ്ച കണ്ടപ്പോൾ അതാണ് എന്നെ ഓർമിപ്പിച്ചത്. അത് യഥാർഥ ക്രിസ്മസ് ആവിഷ്​കാര അനുഭവമായാണ് എനിക്ക് തോന്നിയത്. 'സമാന്തര ലോകങ്ങൾ' എന്നപേരിൽ ഞാൻ പുസ്തകം എഴുതുമ്പോൾ സമരജ വളർന്ന് സ്കൂളിൽ പോകാൻ തുടങ്ങിയിരുന്നു. സമരവേദിയിൽ ആ കുട്ടി മുദ്രാവാക്യം വിളിക്കുന്ന പടമാണ് പുസ്തകത്തിൽ കവർചിത്രമായി കൊടുത്തത്. ഇത്തരം അർഥവത്തായ ധാരാളം ക്രിസ്മസ് ഓർമകളും സ്മരണകളും എനിക്കുണ്ടായിട്ടുണ്ട്.

വിദേശയാത്രകളും ക്രിസ്മസും

ഏകദേശം 70ഓളം രാജ്യങ്ങൾ സന്ദർശിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ചില രാജ്യങ്ങളിൽ നിരവധി തവണ പോകാനും സമയം ചെലവഴിക്കാനും സാധിച്ചു. ലോകത്തെ ഏറ്റവും മനോഹരമായ രാജ്യങ്ങളിലൊന്നാണ് സ്വിറ്റ്സർലൻഡ്​. അവിടെയാണ് വേൾഡ് കൗൺസിൽ ഓഫ് ചർച്ചസി​െൻറ ആസ്ഥാനം. ഡബ്ല്യു.സി.സി യോഗവുമായി ബന്ധപ്പെട്ട് സ്വിറ്റ്സർലൻഡിലെ ജനീവയിൽ 50ലധികം തവണയെങ്കിലും പോയിട്ടുണ്ട്. എവിടെയായാലും മിക്കവാറും ക്രിസ്മസിന് നാട്ടിലെത്താൻ ശ്രമിക്കാറുണ്ട്. അതിനാൽ ക്രിസ്​മസ് സീസണിൽ വിദേശത്ത് കൂടുതൽ സമയം ചെലവഴിച്ചിട്ടില്ല.

വൈറ്റ് ക്രിസ്മസും മഞ്ഞുപെയ്ത്തും

വിദേശത്തെ ക്രിസ്മസ് അനുഭവം വ്യത്യസ്​തമാണ്. 1992 സെപ്​റ്റംബറിലാണ് പിഎച്ച്.ഡിക്കായി ഇംഗ്ലണ്ടിലേക്ക് പോയത്. മൂന്നു വർഷത്തോളം അവിടെ താമസിച്ചു. കാൻറർബറിയിലെ കെൻറ്​ യൂനിവേഴ്സിറ്റിയിലായിരുന്നു പഠനം. അന്നത്തെ ക്രിസ്മസ് ഓർമകൾ മറക്കാനാവാത്തതാണ്. വിൻററി​െൻറ ആരംഭത്തിലായിരുന്നു ഇംഗ്ലണ്ടിലെത്തിയത്. അതിശൈത്യം അനുഭവപ്പെടുന്ന അവിടെ പ്രത്യേകിച്ച് കേരളം പോലുള്ള സ്ഥലങ്ങളിൽനിന്ന് വരുന്നവർക്ക് അതുമായി പൊരുത്തപ്പെടുക പ്രയാസമായിരുന്നു. പക്ഷേ, ചെറുപ്പം ആയതുകൊണ്ടാവാം അതെല്ലാം എനിക്ക് ആസ്വാദ്യകരമായാണ് തോന്നിയത്. പഠിക്കുമ്പോൾ വൈറ്റ് ക്രിസ്മസ് എന്നൊക്കെ കേട്ട് പരിചയമുള്ള എനിക്ക് അതെല്ലാം അനുഭവിക്കാനും ആസ്വദിക്കാനും സാധിച്ചു. ഏറ്റവും പഴക്കമുള്ള പ്രധാനപ്പെട്ട കത്തീഡ്രലായ കാൻറർബറി കത്തീഡ്രലിൽ പോയി ആഘോഷങ്ങളിൽ പങ്കെടുത്തത് മനസ്സിൽ മായാത്ത ഓർമകളാണ്.

ഫലസ്‌തീൻ ജനതയുടെ ഭൂമിയും വിഭവങ്ങളും ഇസ്രായേൽ ഒന്നൊന്നായി കൈയടക്കിക്കൊണ്ടിരിക്കുന്നു. സ്വന്തം നാട്ടിൽ അഭയാർഥികളായി മാറിയിരിക്കുകയാണീ ഫലസ്തീനികൾ. അതിന്​ അറുതിയും അന്ത്യവും സമീപഭാവിയിൽ ഉണ്ടാവട്ടെയെന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു

ഫലസ്തീൻ മണ്ണിലെ ക്രിസ്മസ്

ക്രിസ്മസിന് ഒരിക്കൽ ഫലസ്തീനിൽ പോയപ്പോൾ യേശു ക്രിസ്തു ജനിച്ചുവീണ സ്ഥലത്ത് പോയിരുന്നു. അവിടെ ചെന്ന് പ്രാർഥിക്കാനും സമയം ചെലവഴിക്കാനുമായത് വലിയ അനുഭവമായിരുന്നെങ്കിലും ദുഃഖിപ്പിക്കുന്ന മറ്റൊരു സംഭവം മനസ്സിനെ വേട്ടയാടിയിരുന്നു. ആദ്യത്തെ ക്രിസ്‌മസ്‌ അന്ന്‌ നിലവിലിരുന്ന റോമ സാമ്രാജ്യത്തിനേറ്റ ശക്തമായ പ്രഹരമായിരുന്നു. മർദിതരുടെയും പീഡിതരുടെയും വിമോചകനായാണ്‌ യേശു പിറവിയെടുത്തത്‌ എന്നറിഞ്ഞ റോമ ചക്രവർത്തി, യേശുവിനെ കൊല്ലാൻ പദ്ധതി തയാറാക്കി. ആ നിഗൂഢപദ്ധതിയിൽ പക്ഷേ, യേശുവിനെ വധിക്കാൻ സാമ്രാജ്യത്വശക്തികൾക്ക്‌ സാധിച്ചില്ലെങ്കിലും ആയിരക്കണക്കിന്‌ ശിശുക്കളാണ് കൊല്ലപ്പെട്ടത്. എന്നാൽ, ഇന്ന് യേശു പിറന്ന ബെത്‌ലഹേം (ഫലസ്‌തീൻ) നവസാമ്രാജ്യത്വത്തി​െൻറ മറ്റൊരു അധിനിവേശം നേരിടുകയാണ്‌. ഫലസ്‌തീൻകാരുടെ മാതൃഭൂമി ഇസ്രായേൽ എന്ന ആധുനിക രാജ്യം തങ്ങളുടെ കോളനിയാക്കി ഭരിക്കുകയാണ്‌. ഫലസ്‌തീൻ ജനതയുടെ ഭൂമിയും വിഭവങ്ങളും ഇസ്രായേൽ ഒന്നൊന്നായി കൈയടക്കിക്കൊണ്ടിരിക്കുന്നു. സ്വന്തം നാട്ടിൽ അഭയാർഥികളായി മാറിയിരിക്കുകയാണീ ഫലസ്തീനികൾ. അതിന്​ അറുതിയും അന്ത്യവും സമീപഭാവിയിൽ ഉണ്ടാവട്ടെയെന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു.


മമ്മീ, ഫൈവ് സാന്താക്ലോസ് കമിങ്​

പലർക്കും അറിയാവുന്നതാണ് ഞങ്ങളുടെ യാക്കോബായ സുറിയാനി സഭയിലെ ബിഷപ്പുമാരുടെ വസ്ത്രധാരണ രീതി. ചുവന്ന നീളമുള്ള അങ്കി ധരിച്ച് താടി നീട്ടി മാലയിട്ടതാണ് ഞങ്ങളുടെ ട്രഡീഷനൽ വസ്ത്രധാരണം. ഒരിക്കൽ ഞങ്ങൾ അഞ്ചു ബിഷപ്പുമാർ ഈ വേഷത്തിൽ വിദേശത്തേക്ക് പരിപാടിക്ക് പോകാനായി വിമാനത്തിലേക്ക് കയറുകയായിരുന്നു. കാലെടുത്തുവെച്ചതും തൊട്ടടുത്തായി സീറ്റിലിരിക്കുന്ന ഒരു കുഞ്ഞ് പൊടുന്നനെ സന്തോഷത്തോടെ ആർത്തട്ടഹസിച്ചു, ''മമ്മീ, ഫൈവ് സാന്താക്ലോസ് കമിങ്​' എന്ന്. ഞങ്ങളെ കണ്ടിട്ട് കുട്ടിക്ക് അങ്ങനെ തോന്നിയിട്ടുണ്ടാവും. വിമാനത്തിലെ എല്ലാവരും അതുകേട്ട് ചിരിച്ചു. അത് ഇന്നും ഓർക്കുമ്പോൾ മനസ്സിൽ ചിരിപരത്തുന്നുണ്ട്.

വർഗീയവത്കരിക്കരുത് ആഘോഷങ്ങൾ

നിർഭാഗ്യവശാൽ ഇന്നത്തെ ആഘോഷങ്ങളെല്ലാം വർഗീയ വത്കരിക്കപ്പെടുന്നു എന്നത് ദുഃഖകരമാണ്. വർഗീയതയും മൗലികവാദവും വാണിജ്യവത്കരണവും മറ്റും ആഘോഷങ്ങളെയെല്ലാം വ്യത്യസ്​തതലത്തിലേക്ക് മാറ്റിയെന്നത് നിർഭാഗ്യകരമാണ്. കുട്ടിക്കാലത്ത് അതെല്ലാം ഞങ്ങൾക്ക് അന്യമായിരുന്നു. ജാതിമത വർണ വർഗ ഭേദമന്യേ അന്ന് ഒരുമയുടെ കൂട്ടായ്​മയുടെയും നാളുകളായിരുന്നു. ലൈബ്രറി പരിസരത്തെ ആ അന്തരീക്ഷവും ആഘോഷവുമൊക്കെ ഇന്നത്തെ കാലത്ത് കലുഷിതപ്പെടുന്നുണ്ടോ എന്ന് ഞാൻ സംശയിക്കുകയും ആശങ്കപ്പെടുകയും ചെയ്യുന്നു. അന്നൊക്കെ എല്ലാവരും ഒന്നാണെന്ന ചിന്തയിലായിരുന്നു എല്ലാ ആഘോഷങ്ങളും. അന്നത്തെ ആ നിമിഷങ്ങളിലേക്ക് ഇന്നത്തെ ആഘോഷങ്ങളും മടങ്ങട്ടെയെന്ന് ആത്മാർഥമായി ആഗ്രഹിക്കുകയും ആശംസിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു.

മാറണം ക്രിസ്മസ് ആഘോഷം

സമൂഹത്തിൽ നീതിയും അവകാശങ്ങളും മനുഷ്യാവകാശവും നിഷേധിക്കപ്പെട്ടവർക്കും പാവപ്പെട്ടവർക്കും ഒപ്പം ദൈവം നിലപാടെടുത്തതി​െൻറ, അവർക്കൊപ്പം ദൈവം ഏകീഭവിച്ചതി​െൻറ ഓർമയാണ് ക്രിസ്മസ് എന്ന് പറയുന്നത്. ഭക്ഷണത്തിനും പാർപ്പിടത്തിനും മറ്റും ബുദ്ധിമുട്ടുന്ന അതെല്ലാം നിഷേധിക്കപ്പെടുന്ന കോടിക്കണക്കിന് വരുന്ന നിസ്വരുടെ പ്രതിനിധിയായാണ് മനുഷ്യപുത്രനായ യേശുക്രിസ്തു ലോകത്തിൽ അവതരിച്ചത്. അതി​െൻറ ഓർമയാണ് ക്രിസ്മസ് എങ്കിൽ ഇന്ന് അതിന് വിപരീതമായി കമ്പോളവത്കരിക്കപ്പെടുകയും ആർഭാടവത്കരിക്കുകയും ആഘോഷത്തിമിർപ്പുകളുടെയും ധൂർത്തി​െൻറയും വേദിയായും ക്രിസ്മസ് ആഘോഷങ്ങൾ മാറുന്നുവെന്നത് നിർഭാഗ്യകരമാണ്. തിരിഞ്ഞുനോക്കുമ്പോൾ ഏറെ ദുഃഖം തോന്നുന്നത് ക്രിസ്മസി​െൻറ അർഥം നഷ്​ടപ്പെടുന്ന ഇത്തരം കമ്പോളവത്കരണവും വാണിജ്യവത്കരണവും ആഘോഷങ്ങളുമൊക്കെയാണ്. അതിനെല്ലാം മാറ്റംവരണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. പാവപ്പെട്ടവരോടൊപ്പം നമുക്കുള്ളത് പങ്കുവെച്ചും അവരോട് ഏകീഭവിക്കുന്ന അർഥവത്തായ ക്രിസ്മസ് ആഘോഷവും അനുഭവങ്ങളും ഇനിയുള്ള കാലത്ത് ഉണ്ടാവട്ടെയെന്ന് ആഗ്രഹിക്കുകയാണ്. വിപണിയുടെ ഉപഭോഗ സംസ്കാരത്തിലും ആഡംബരങ്ങളിലും ലഹരിയുടെ ആസക്തികളിലും ക്രിസ്മസി​െൻറ യഥാർഥ അർഥം നഷ്​ടപ്പെടുത്താതെ സ്നേഹത്തി​െൻറയും കരുതലി​െൻറയും പങ്കിടലി​െൻറയും വിനയത്തി​​െൻറയും ശാന്തിയുടെയും ഉത്സവമായി ക്രിസ്മസ് മാറട്ടെ. എല്ലാവർക്കും അർഥവത്തായ ക്രിസ്മസ് മംഗളങ്ങൾ നേരുന്നു.

Tags:    
News Summary - Geevarghese Coorilos christmas memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.