രണ്ട് വർഷം കൊണ്ട് ആഫ്രിക്കയിലെ മലാവിയെന്ന രാജ്യത്തെ ഒരു ഉൾഗ്രാമത്തിന്‍റെ മുഖച്ഛായ മാറ്റിയ മലയാളി ദമ്പതികളിതാ...

2023 ഫെബ്രുവരി 19. തെക്കുകിഴക്കൻ ആഫ്രിക്കയിലെ മലാവിയെന്ന കൊച്ചുരാജ്യം. അവിടത്തെ ഉൾഗ്രാമമാണ് ചിസാസില. നിർമിതബുദ്ധിയുടെ കാലത്ത് പോലും പട്ടിണിയും ദുരിതവും മാത്രം നിറഞ്ഞ നാട്. മഴ മാറിനിന്ന ആ പകലിൽ അവിടത്തെ സ്കൂൾ മുറ്റം ആഘോഷത്തിമിർപ്പിലാണ്. ഏറെക്കാലമായി ആ നാട് ആഗ്രഹിച്ച പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. കെട്ടിടത്തിന് നൽകിയിരിക്കുന്ന പേര് ‘കേരള ബ്ലോക്ക്’. അതെ, മലയാളിയായ അരുൺ സി. അശോകനും ഭാര്യ സുമി സുബ്രഹ്മണ്യനും സുഹൃത്തുക്കളും ചേർന്ന് പണിതുയർത്തിയ കെട്ടിടം. ചോർന്നൊലിക്കാത്ത തങ്ങളുടെ പുതിയ സ്കൂളിനകത്തെ മൃഗങ്ങളുടെയും കാർട്ടൂൺ കഥാപാത്രങ്ങളുടെയും ചിത്രങ്ങൾ കണ്ട് കുട്ടികൾ...

2023 ഫെബ്രുവരി 19. തെക്കുകിഴക്കൻ ആഫ്രിക്കയിലെ മലാവിയെന്ന കൊച്ചുരാജ്യം. അവിടത്തെ ഉൾഗ്രാമമാണ് ചിസാസില. നിർമിതബുദ്ധിയുടെ കാലത്ത് പോലും പട്ടിണിയും ദുരിതവും മാത്രം നിറഞ്ഞ നാട്. മഴ മാറിനിന്ന ആ പകലിൽ അവിടത്തെ സ്കൂൾ മുറ്റം ആഘോഷത്തിമിർപ്പിലാണ്. ഏറെക്കാലമായി ആ നാട് ആഗ്രഹിച്ച പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. കെട്ടിടത്തിന് നൽകിയിരിക്കുന്ന പേര് ‘കേരള ബ്ലോക്ക്’.

അതെ, മലയാളിയായ അരുൺ സി. അശോകനും ഭാര്യ സുമി സുബ്രഹ്മണ്യനും സുഹൃത്തുക്കളും ചേർന്ന് പണിതുയർത്തിയ കെട്ടിടം. ചോർന്നൊലിക്കാത്ത തങ്ങളുടെ പുതിയ സ്കൂളിനകത്തെ മൃഗങ്ങളുടെയും കാർട്ടൂൺ കഥാപാത്രങ്ങളുടെയും ചിത്രങ്ങൾ കണ്ട് കുട്ടികൾ തുള്ളിച്ചടി.

പുതുവസ്ത്രം ധരിച്ചെത്തിയ അവർ പുതുമണം മാറാത്ത പുസ്തകങ്ങളിലൂടെ വിരലോടിച്ചു. ഇത്രയും കാലം ചളിപുരണ്ട മണ്ണിലിരുന്ന അവർ പുതുപുത്തൻ ബെഞ്ചിലായി. ഉച്ചത്തിൽ പാട്ടുപാടി കുട്ടികൾ തനത് ശൈലിയിൽ നൃത്തം ചവിട്ടി.

കേരള ബ്ലോക്കിന്‍റെ ഉദ്ഘാടനം അരുണും സുമിയും ചേർന്ന് നിർവഹിക്കുന്നു

കഥയുടെ തുടക്കം

2019ലെ മറ്റൊരു ഫെബ്രുവരി. അന്നാണ് മലപ്പുറം ജില്ലയിലെ പോത്തുകൽ ആനക്കൽ സ്വദേശിയായ അരുൺ മലാവിയിലെ ട്രേഡിങ് കമ്പനിയിൽ ജോലി തേടിയെത്തുന്നത്. അദ്ദേഹത്തിന്‍റെ സഹോദരൻ നേരത്തെതന്നെ ഇവിടെയുണ്ട്. കൂടാതെ അമ്മാവനും കുടുംബവും 15 വർഷമായി മലാവിയിലാണ്. ഇവരാണ് അരുണിന് മലയാളികൾക്ക് അത്ര സുപരിചിതമല്ലാത്ത മലാവിയിലേക്ക് വഴികാട്ടുന്നത്.

രണ്ട് വർഷത്തോളം ട്രേഡിങ് കമ്പനിയിൽ ജോലി ചെയ്ത അരുൺ പിന്നീട് കോഴിക്കോട്ടുകാരനായ മോഹനകൃഷ്ണന്‍റെ ഉടമസ്ഥതയിലുള്ള പ്ലെം കൺസ്ട്രക്ഷൻ എന്ന കമ്പനിയിലേക്ക് മാറി. സൈറ്റ് അഡ്മിനിസ്​േട്രഷൻ മാനേജർ എന്നതാണ് പുതിയ ചുമതല. തുടർന്ന് മലാവി തടാകത്തിന്‍റെ കരയിലുള്ള ചിന്തേച്ചി എന്ന നഗരത്തിലെത്തി. തലസ്ഥാനമായ ലിലോങ്‌വെയിൽനിന്ന് 350 കിലോമീറ്റർ അകലെയാണീ പ്രദേശം. പുതിയ ഡാം നിർമാണത്തിന്‍റെ ഭാഗമായാണ് അരുൺ ഇവിടെ എത്തുന്നത്.

നൊമ്പരപ്പെടുത്തും കാഴ്ച

2021 ഫെബ്രുവരിയിലെ മഴക്കാലം. ടാർ ഇടാത്ത റോഡിലൂടെ തന്‍റെ ഡ്രൈവർക്കൊപ്പം അരുൺ ഡാം സൈറ്റിലേക്കാണ് ആദ്യമായി പോയത്. മണ്ണും ചളിയും നിറഞ്ഞ റോഡിലൂടെയാണ് യാത്ര. ഈ സമയം കുറെ കുട്ടികൾ മഴ നനഞ്ഞ് പുസ്തകവും തലയിൽ പിടിച്ച് ഓടിവരുന്നു.

ആദ്യം കരുതിയത് അവർ മഴ ആസ്വദിച്ച് ഓടുകയാണെന്നാണ്. എന്നാൽ, കുറച്ചുകൂടി മുന്നോട്ടുപോയപ്പോഴാണ് മനസ്സിനെ പിടിച്ചുലക്കുന്ന കാഴ്ച കാണുന്നത്. ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായ പുല്ലുമേഞ്ഞ കെട്ടിടം. അതിന് ചുറ്റും കുട്ടികൾ കൂടിനിൽക്കുന്നു. കുറെ കുട്ടികൾ മഴ നനഞ്ഞാണ് നിൽപ്.

ഡ്രൈവറോട് കാര്യം തിരക്കി. ഈ ഗ്രാമത്തിലെ കുട്ടികൾ പഠിക്കുന്ന ഏക സ്കൂളാണെന്ന് അയാൾ പറഞ്ഞു. ഒന്ന് മുതൽ നാല് വരെയാണ് ക്ലാസുകൾ. കെട്ടിടത്തിൽ സ്ഥലസൗകര്യമില്ലാത്തതിനാൽ പലരും മരത്തിന്‍റെ ചുവട്ടിലിരുന്നാണ് പഠിക്കുന്നത്​. മഴ വന്നാൽ വീട്ടിലേക്ക് ഓടിപ്പോകും.

ഇതെല്ലാം കേട്ടതോടെ അരുണിന്‍റെ മനസ്സ് പിടഞ്ഞു. യാത്രയിൽ ആ സ്കൂളിനെക്കുറിച്ച് മാത്രമായി ചിന്ത. അവർക്കായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ആ മഴയത്ത് മനസ്സിൽ നാമ്പിട്ടു. കേരളത്തിലെ ഹൈടെക് കെട്ടിടങ്ങളുടെ അത്രയൊന്നും വരില്ലെങ്കിലും ചോർന്നൊലിക്കാത്ത കൂരയെങ്കിലും ചിസാസിലയിൽ പണിയണമെന്ന് ഉറപ്പിച്ചു.

ഒത്തുപിടിച്ച നാളുകൾ

കെട്ടിട നിർമാണത്തിന്​ പ്രാരംഭ ആലോചനകൾ ആരംഭിച്ചു. പണം എങ്ങനെ കണ്ടെത്തും എന്നതായിരുന്നു പ്രധാന ചോദ്യം. കിട്ടുന്ന ശമ്പളത്തിൽനിന്ന് ഒരു ഭാഗം മാറ്റിവെക്കാം എന്നുറപ്പിച്ചു. കൂടാതെ ദുബൈയിലുള്ള സുഹൃത്ത് ആഷിഫിനോട് കാര്യങ്ങൾ വിശദീകരിച്ചു.

ഏതെങ്കിലും സാഹചര്യത്തിൽ പണമില്ലാതെ വലഞ്ഞാൽ തന്നെ സഹായിക്കണമെന്ന് അഭ്യർഥിച്ചു. എന്ത് ആവശ്യം വന്നാലും കൂടെയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകിയതോടെ ആത്മവിശ്വാസമായി. കമ്പനിയിൽ കൂടെ ജോലി ചെയ്യുന്ന കെന്നത്ത് എന്ന സുഹൃത്ത് കെട്ടിടത്തിന്‍റെ പ്ലാൻ തയാറാക്കിയും മറ്റു സഹായങ്ങളുമായെത്തി.

അങ്ങനെ ഒരു ഞായറാഴ്ച പ്രദേശത്തുള്ള ആളുകളെയെല്ലാം അരുൺ വിളിച്ചുചേർത്തു. ചുരുങ്ങിയ ചെലവിൽ സ്കൂൾ നിർമിക്കാനുള്ള ആഗ്രഹം അവരുടെ മുന്നിൽ തുറന്നിട്ടു. ‘ഇത് യാഥാർഥ്യമാകുമെന്ന് എത്രത്തോളം ഉറപ്പില്ല. എന്നാൽ, നിങ്ങൾ എല്ലാവരും കൂടെനിന്നാൽ നമുക്ക് ശ്രമിക്കാം.

നിർമാണത്തിന്​ മൺകട്ടകൾ നിങ്ങൾ തയാറാക്കി തരണം’ -അരുൺ കാര്യങ്ങൾ വിശദീകരിച്ചതോടെ അവർ സന്തോഷപൂർവം സ്വീകരിച്ചു. പണം കുറവാണെങ്കിലും കഠിനാധ്വാനികളായിരുന്നു അവർ. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും 40,000 മൺകട്ടകൾ അവർ തയാറാക്കി. അങ്ങനെ പതിയെ കെട്ടിടനിർമാണം തുടങ്ങി.

ഗ്രാമത്തിന്‍റെ ഒരു സ്വപ്നമായി ആ കെട്ടിടം മാറാൻ തുടങ്ങി. പിന്നീടുള്ള ദിവസങ്ങളിൽ ഒത്തൊരുമിച്ചായി പ്രവർത്തനം. അരുൺ അവധിദിവസങ്ങളിൽ അവരുടെ കൂടെ ജോലിചെയ്തു. ഇതോടെ അവർക്ക് കൂടുതൽ ആവേശമായി. കട്ടകൾ എടുത്തുനൽകി കുട്ടികളും കിലോമീറ്ററുകൾ ദൂരം തലച്ചുമടായി വെള്ളമെത്തിച്ച് സ്ത്രീകളുമെല്ലാം ഒപ്പം നിന്നു.

വഴിത്തിരിവായ മലയാളി

ഇതിനിടയിൽ അരുണിന്‍റെ കല്യാണം നടന്നു. കമ്പനിയിലെ സുഹൃത്തുക്കൾ കല്യാണസമ്മാനമായി വലിയൊരു തുക നൽകിയിരുന്നു. ഈ പൈസയും സ്കൂൾ നിർമാണത്തിന് മാറ്റിവെച്ചു. തന്‍റെ പ്രവർത്തനങ്ങൾ അരുൺ ‘മലാവി ഡയറി’ എന്ന യൂട്യൂബ് ചാനലിലൂടെ ആളുകൾക്ക് മുന്നിലെത്തിച്ചിരുന്നു. തുടക്കക്കാലത്ത് കാര്യമായ പ്രേക്ഷകരൊന്നും വിഡിയോകൾക്ക് ഉണ്ടായിരുന്നില്ല.

ഈ സമയത്താണ് മലയാളിയായ യൂട്യൂബർ സാന്‍റോ തോമസ് ഇവരുടെ അടുത്ത് വരുന്നത്. അദ്ദേഹം സ്കൂൾ നിർമാണവുമായി ബന്ധപ്പെട വിഡിയോ തയാറാക്കുകയും തന്‍റെ ചാനലായ ട്രാവലിസ്റ്റയിലെ സബ്സ്ക്രൈബേഴ്സിനോട് മലാവി ഡയറിക്കും ഇവരുടെ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകാനും അഭ്യർഥിച്ചു. ഇതോടെ ഒരുപാട് പേർ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും അതുവഴി വരുമാനം ലഭിക്കാനും തുടങ്ങി. ആ വരുമാനം കൂടി വന്നതോടെ സ്കൂൾ നിർമാണത്തിന്​ വേഗം കൂടി.

ചിസാസിലയിലെ പഴയ സ്കൂൾ കെട്ടിടത്തിന് മുന്നിൽ കുട്ടികൾ

വെല്ലുവിളികളെ മറികടന്ന്

ആദ്യഘട്ടത്തിൽ പണത്തിന്‍റെ ദൗർലഭ്യം കാരണം പതിയെയാണ് നിർമാണം നടന്നത്. ഇത് ഗ്രാമീണരായ പലരിലും താൽപര്യം കുറക്കാനിടയാക്കി. പലരും മക്കളുടെ പഠിത്തം കഴിഞ്ഞപ്പോഴേക്കും പണിക്ക് വരാതെയായി. അപ്പോഴും അരുൺ ദൃഢനിശ്ചയത്തിൽ തന്നെയായിരുന്നു. ഭാര്യ സുമിയും കേരളത്തിൽനിന്ന് മലാവിയിലെത്തി. നാട്ടുകാരുടെ പിന്തുണ കുറഞ്ഞെങ്കിലും രണ്ടുപേരും ഒഴിവ് ദിനങ്ങളിൽ പ്രവൃത്തി തുടർന്നു. വരും തലമുറകൾക്ക് വേണ്ടിയാണ് ഈ സ്കൂൾ കെട്ടിടം നിർമിക്കുന്നതതെന്ന് അവർ നാട്ടുകാരെ ഓർമിപ്പിച്ച് കൊണ്ടിരുന്നു. കാര്യങ്ങൾ മനസ്സിലാക്കിയതോടെ പലരും തിരിച്ചുവരാൻ തുടങ്ങി.

ഈ സമയത്ത് മലാവിയിൽ സാധനങ്ങളുടെ വില കുത്തനെ വർധിച്ച സാഹചര്യമുണ്ടായി. ഇതോടെ വീണ്ടും പ്രതിസന്ധി ഉടലെടുത്തു. ബജറ്റ് പ്രതീക്ഷിച്ചതിനേക്കാൾ ഉയർന്നു. എങ്കിലും കുടുംബവും സുഹൃത്തുക്കളും ഉറച്ച പിന്തുണ നൽകിയതോടെ എല്ലാം എളുപ്പമായി. മലാവിയിലെ മലയാളി കൂട്ടായ്മയും പിന്തുണ നൽകി.

90 ശതമാനം പണി പൂർത്തിയാകുംവരെ ജലലഭ്യത കുറവായിരുന്നു. രണ്ട് കിലോമീറ്റർ നടന്നുവേണം വെള്ളം എത്തിക്കാൻ. ഈ സമയത്താണ് വേൾഡ് വിഷൻ ഇന്‍റർനാഷനൽ എന്ന സംഘടന സഹായവുമായി എത്തിയത്. അവർ സ്കൂളിന് തൊട്ടടുത്തായി കുഴൽക്കിണർ നിർമിച്ചു. ഇത് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി.

അങ്ങനെ ഒന്നര വർഷത്തെ ഒരുകൂട്ടം ആളുകളുടെ കഠിനാധ്വാനത്തിന്‍റെ ഫലമായി കെട്ടിടം പണി തീർന്നു. ഒപ്പം പുറത്ത് ഗാർഡൻ ഒരുക്കി മനോഹരമാക്കി. നിലത്തിരുന്ന് പഠിച്ചിരുന്ന കുട്ടികൾക്ക് പുതിയ ബെഞ്ച് വാങ്ങിനൽകി. ചിത്രങ്ങൾ വരച്ച് കെട്ടിടത്തിനകം മനോഹരമാക്കി.

എന്തുകൊണ്ട് കേരള ബ്ലോക്ക് ?

സ്കൂൾ കെട്ടിടം ഉദ്ഘാടനത്തിന്​ ഒരുക്കമായി. അരുണിന്‍റെയും സുമിയുടെയും പേര് കെട്ടിടത്തിൽ എഴുതിവെക്കണമെന്നായി ഗ്രാമീണർ. രണ്ടുപേരും അത് നിരസിച്ചു. തങ്ങളുടെ രാജ്യത്തിന്‍റെ പേര് എഴുതാമെന്ന് അരുൺ പറഞ്ഞെങ്കിലും അവരതും നിരസിച്ചു. ഇത് നിർമിച്ചത് ഇന്ത്യക്കാരാണെന്ന് ഈ നാട്ടുകാർക്കെല്ലാം അറിയാം, അതുകൊണ്ട് നിങ്ങളുടെ സ്വന്തം നാടിന്‍റെ പേര് നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. ഇതോടെയാണ് കെട്ടിടത്തിന് ‘കേരള ബ്ലോക്ക്’ എന്ന് നാമകരണം ചെയ്യുന്നത്. അരുണും സുമിയും ചേർന്ന് തന്നെയാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്.

രണ്ടുപേരുടെയും ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷമായിരുന്നുവത്. റിബൺ മുറിച്ച് കുട്ടികൾ ക്ലാസിലേക്ക് ഓടിക്കയറുമ്പോൾ വലിയൊരു ദൗത്യം പൂർത്തിയായതിന്‍റെ ചാരിതാർഥ്യത്തിലായിരുന്നു അവർ. ഇതോടൊപ്പം അരുൺ ജോലി ചെയ്യുന്ന പ്ലെം കൺസ്ട്രക്ഷനും വേൾഡ് വിഷൻ ഇന്‍റർനാഷനലും രണ്ട് കെട്ടിടങ്ങൾ കൂടി നിർമിച്ചുനൽകി. പുതിയ സൗകര്യങ്ങൾ വന്നതോടെ എട്ടാം ക്ലാസ് വരെയുള്ള പഠനം ഇവിടെ സാധ്യമാകുകയാണ്.

ചിസാസിലയിലെ കുട്ടികളോടൊപ്പം സുമി

മുഖച്ഛായ മാറും ഗ്രാമങ്ങൾ

വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കൊപ്പം ചിസാസില ഗ്രാമത്തിന്‍റെ മുഖച്ഛായ തന്നെ മാറ്റുന്ന പ്രവർത്തനങ്ങളും അരുണും സുമിയും നടത്തുന്നുണ്ട്. ഗ്രാമീണരുടെ കൈവശമുള്ള ഭക്ഷ്യവിഭവങ്ങൾ ഉപയോഗിച്ച് കൂടുതൽ പോഷകസമ്പന്നവും രുചികരവുമായ ഭക്ഷണങ്ങൾ തയാറാക്കാൻ അവരെ പഠിപ്പിച്ചു.

വാഴപ്പഴം കൊണ്ടെല്ലാം മൂല്യവർധിത വസ്തുക്കൾ തയാറാക്കാനും അത് കടകളിൽ കൊണ്ടുപോയി വിൽക്കാനും അതിൽനിന്ന് വരുമാനം ഉണ്ടാക്കാനും ഇവരെ പ്രാപ്തരാക്കി. ശാസ്ത്രീയ കൃഷിരീതികൾ പകർന്നുനൽകി. ഇതുവഴി കൂടുതൽ വിള ലഭിക്കുന്ന അവസ്ഥയുണ്ടായി. ഗ്രാമീണരോടൊപ്പം കൃഷി ചെയ്യാനിറങ്ങിയാണ് ഇത് സാധ്യമാക്കിയത്. തോടുകളിൽ തടയണ നിർമിച്ച് കൃഷിക്ക് ജലലഭ്യത ഉറപ്പുവരുത്തി. കുടിവെള്ളത്തിനായി കുളങ്ങൾ നിർമിച്ച് നൽകി.

വീടുകളിലൊന്നും അടുപ്പില്ലായിരുന്നു. ഇത് സ്ത്രീകളിലടക്കം വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. കല്ലുകൾ കൂട്ടിവെച്ചായിരുന്നു ഇവരുടെ പാചകം. ഇപ്പോൾ വീടുകളിലെല്ലാം അടുപ്പ് നിർമിച്ച് നൽകാൻ തുടങ്ങി. ഇതിനായി ഒരു ഗ്രാമവാസിക്ക് പരിശീലനവും നൽകി. പാത്രങ്ങളും വസ്ത്രങ്ങളുമെല്ലാം വാങ്ങിനൽകാറുണ്ട്. കൂടാതെ ഗ്രാമത്തിൽ ഒരു കടയും നിർമിച്ച് നൽകി. നേരത്തെ ആറ് കിലോമീറ്റർ നടന്നുവേണം ഗ്രാമീണർക്ക് സാധനങ്ങൾ വാങ്ങിവരാൻ. പുതിയ കടയിലേക്ക് സാധനങ്ങൾ ആദ്യഘട്ടത്തിൽ അരുണും സുമിയുമാണ് വാങ്ങിനൽകിയത്. നാല് സ്ത്രീകൾ ചേർന്നാണ് കട നടത്തുന്നത്.

രണ്ട് വർഷം കൊണ്ട് ചിസാസിലയുടെ മുഖച്ഛായ തന്നെ ഇവർ മാറ്റി. അടുത്ത മാസം ഇവർ പുതിയ സൈറ്റിലേക്ക് താമസം മാറും. തങ്ങൾ ഇവിടെനിന്ന് പോയാലും സമീപത്തെ ഗ്രാമങ്ങളിൽ പോയി ഈ രീതിയിൽ മാറ്റങ്ങൾ കൊണ്ടുവരണമെന്ന് ഇവർ ഗ്രാമീണരോട് നിർദേശിക്കാറുണ്ട്. അതിനുള്ള സഹായവും ഇവർ വാഗ്ദാനം ചെയ്യുന്നു.

പ്രളയകാലത്തെ കരുതൽ

2023 മാർച്ചിലാണ് മലാവിയുടെ തെക്കൻ മേഖലയിൽ ചുഴലിക്കാറ്റിനെത്തുടർന്ന് പ്രളയം ഉണ്ടാകുന്നത്. അഞ്ച് ലക്ഷത്തിലടക്കം പേരെ ബാധിച്ച ദുരന്തം. ഈ ഘട്ടത്തിൽ മലാവി ഡയറിയുടെ ലോകമെമ്പാടുമുള്ള കാഴ്ചക്കാർ പിന്തുണയുമായെത്തി. ഏഴ് മലയാളി പ്രവാസികളും മലാവി ഡയറിയും ചേർന്ന് വലിയൊരു സഹായം ചെയ്തു. ഇതിനായി ആറ് ലക്ഷം രൂപയോളം ചെലവഴിച്ചു. ക്യാമ്പിൽ കഴിഞ്ഞ ജനങ്ങൾക്ക് രണ്ട് മാസത്തേക്കുള്ള ഭക്ഷണമടക്കമുള്ള സഹായങ്ങൾ എത്തിച്ചുനൽകി.

മലാവി ഡയറി

1949ൽ എസ്.കെ. പൊറ്റെക്കാട്ട് നടത്തിയ ആഫ്രിക്കൻ യാത്രയുടെ വിവരണമായ കാപ്പിരികളുടെ നാട്ടിൽ എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്ന ന്യാസാലന്‍റാണ്​ ഇന്നത്തെ മലാവി. ആ നാടിനെ ഒരുപക്ഷേ മലയാളികൾക്ക് ആദ്യമായി പരിചയപ്പെടുത്തിയത് എസ്.കെ. പൊറ്റെക്കാട്ട് ആകും. ന്യാസാലൻറിലെ ജനങ്ങളുടെ ജീവിതരീതിയും അവിടത്തെ ഇന്ത്യക്കാരുടെ സ്വാധീനവുമെല്ലാം ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.

ന്യാസാലന്‍റിനെ കുറിച്ച് മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരൻ എഴുതുമ്പോൾ സങ്കടം വരുന്നതുപോലെ ‘മലാവി ഡയറി’ ചാനലിലെ വിഡിയോകൾ കാണുമ്പോഴും നമ്മുടെ മനസ്സ് നൊമ്പരപ്പെടും. ആധുനിക ടെക്നോളജികളുടെ കാലത്തും വികസനം ഒട്ടും തിരിഞ്ഞുനോക്കാത്ത മലാവിയിലെ ഗ്രാമീണ ജനങ്ങളെ സങ്കടത്തോടെയല്ലാതെ കാണാനാകില്ല. 1950കളിലെ ന്യാസാലന്‍റിനെ പൊറ്റെക്കാട്ട് വിവരിച്ചുതന്നപ്പോൾ ആ നാടിന്‍റെ ഇന്നത്തെ കാഴ്ചകൾ നമുക്ക് പരിചയപ്പെടുത്തുകയാണ് അരുണും സുമിയും.

പെരുന്നാളും ക്രിസ്മസുമെല്ലാം അവരോടൊപ്പം ആഘോഷിച്ച് നമ്മുടെ നാടിന്‍റെ സ്നേഹവും കരുതലുമെല്ലാം അവർ അവിടെയും പ്രകടിപ്പിക്കുന്നു. ഓണവും വിഷുവുമെല്ലാം ഗ്രാമീണരോടൊപ്പം തന്നെയാണ് ആഘോഷിക്കാറ്. പരസ്പര സ്നേഹത്തിന്‍റെ മാതൃക പകർന്നുനൽകി അവരുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നു മലാവി ഡയറി.


ചാരിറ്റിയല്ല, ഉത്തരവാദിത്തം

തങ്ങളുടെ പ്രവർത്തനങ്ങളെ ചാരിറ്റിയായിട്ടില്ല, ഉത്തരവാദിത്തമായിട്ടാണ് അരുണും സുമിയും കാണുന്നത്. ഒരു രാജ്യത്ത് വന്ന് ജോലിയെടുക്കുമ്പോൾ ആ നാടിന്‍റെ വികസനത്തിലും ദുരിതത്തിലും ഒപ്പം നിൽക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് അരുൺ പറയുന്നു. ഇവരുടെ വിഡിയോകൾ കണ്ട് ഗ്രാമീണർക്ക് സഹായം ചെയ്യാനായി പലരും അക്കൗണ്ട് നമ്പർ ചോദിക്കാറുണ്ട്. എന്നാൽ, ആർക്കും അത് നൽകാറില്ല. ഒരു ചാരിറ്റി പ്രവർത്തനമായി ഇതിനെ കാണാത്തതിനാലാണ് മറ്റുള്ളവരിൽനിന്ന് പണം സ്വീകരിക്കാത്തത്. തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റി അരുണും സുമിയും അതിൽ സന്തോഷം കണ്ടെത്തുന്നു.

നാട്ടിലെ പഠനശേഷം എറണാകുളത്തെ ഹോട്ടൽ ബിസിനസിന്‍റെ ഭാഗമായിരുന്നു അരുൺ. ബി.ടെക് ബിരുദധാരിയായ സുമിയോടൊപ്പം മലാവിയിലെ സാമൂഹിക സേവന രംഗത്ത് കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യാനാണ് തീരുമാനം. കുടുംബശ്രീ മാതൃകയിലുള്ള കൂട്ടായ്മകൾ ഇവിടെ നടപ്പാക്കണമെന്ന് ആഗ്രഹമുണ്ട്.

ആഫ്രിക്കയിലെ കേരളം

കേരളത്തിനോട് സമാനമായ ഭൂപ്രകൃതിയാണ് മലാവിയിലും. കുന്നും മലകളും പുഴയുമെല്ലാം നിറഞ്ഞുനിൽക്കുന്ന നാട്. കാലാവസ്ഥയും മണ്ണുമെല്ലാം ഒരുപോലെ. നാട്ടിലെ പല കൃഷികളും മലാവിയിലുമുണ്ട്. മനുഷ്യരുടെ രൂപത്തിൽ മാത്രമാണ് വ്യത്യാസം. സ്നേഹത്തോടെയുള്ള പെരുമാറ്റമാണ് ആരിലും. ആരെയും ഇരുകൈയും നീട്ടി സ്വീകരിക്കുന്നവർ.

മലാവിയിൽ 300ന് അടുത്ത് മാത്രമാണ് മലയാളികളുള്ളത്. മിക്ക ബിസിനസുകാരും ഗുജറാത്തികളാണ്. മലാവിയുടെ പല ഭാഗങ്ങളിലും ഇപ്പോഴും വികസനമെത്തിയിട്ടില്ല. അതിനാൽ തന്നെ ജോലി സാധ്യതകളും കുറവാണ്. എന്നാൽ, വളർന്നുവരുന്ന രാജ്യമായതിനാൽ വലിയ ബിസിനസ് സാധ്യതകൾ ഇവിടെയുണ്ട്. കൂടുതൽ ബിസിനസുകൾ വരുകയാണെങ്കിൽ ജോലിസാധ്യതകളും വർധിക്കും. അതോടൊപ്പം ഈ രാജ്യത്തിന്‍റെ വികസനവും യാഥാർഥ്യമാകുമെന്ന് അരുൺ പറയുന്നു.

Tags:    
News Summary - A school building in Chisasila, a village in the East African country of Malawi, is called Kerala Block.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.