ആലുവയിലെ വെസ്റ്റ് വെളിയത്തുനാട്ടിൽ പ്രവർത്തിക്കുന്ന സ്നേഹതീരം


അരികിലേക്ക് മാറ്റിനിർത്തപ്പെട്ടവർക്കായി ആലുവയിലുണ്ടൊരു കേന്ദ്രം

തെരുവിൽ അലയുന്ന ആരോരുമില്ലാത്തവർ, ബന്ധുക്കൾ ഉപേക്ഷിച്ചവർ, പ്രിയപ്പെട്ടവരാൽ പരിപാലിക്കപ്പെടാൻ നിവൃത്തിയില്ലാതെ നിസ്സഹായരായവർ... സ്നേഹവും സംരക്ഷണവും നൽകാതെ അരികിലേക്ക് മാറ്റിനിർത്തപ്പെട്ട അനേകം മനുഷ‍്യജന്മങ്ങൾ.

ഇവർക്കായി എറണാകുളം ആലുവയിലെ വെസ്റ്റ് വെളിയത്തുനാട്ടിൽ ഒരു ട്രസ്റ്റും അതിനു കീഴിൽ നിരവധി സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. വെൽഫെയർ അസോസിയേഷൻ ട്രസ്റ്റ് (വാറ്റ്) എന്ന കൂട്ടായ്മയാണ് അനാഥർക്കും ഒറ്റപ്പെട്ടവർക്കുമായി കാരുണ്യത്തിന്‍റെ ചിറകുവീശി തണൽ പരത്തുന്നത്. അവയുടെ പ്രവർത്തനങ്ങളിലേക്ക്...

ചേർത്തുപിടിച്ച്...

അഗതികളായ വയോധികർക്കായി വി കെയർ ഹോം, മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് സൈക്കോളജിക്കൽ റിഹാബിലിറ്റേഷൻ സെന്‍റർ, ദുരിതജീവിതത്തിലൂടെ കടന്നുപോയ വനിതകൾക്ക് സെന്‍റർ ഫോർ വിമൻ, സാമ്പത്തികമായും മറ്റും കടുത്ത പ്രയാസത്തിലൂടെ കടന്നുപോവുന്നവർക്ക് താൽക്കാലിക അഭയസ്ഥാനമൊരുക്കുന്ന വെൽഫെയർ വില്ലേജ്, അന്തേവാസികളുടെ ചികിത്സക്കായി വെൽഫെയർ ചാരിറ്റബ്ൾ ഹോസ്പിറ്റൽ തുടങ്ങിയവയാണ് ട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്നത്.

വെൽഫെയർ വില്ലേജുകൾ വെസ്റ്റ് വെളിയത്തുനാടും (24 വീട്) കൊടുങ്ങല്ലൂരും (20 വീട്) പ്രവർത്തിക്കുന്നു. പെരുമ്പാവൂരിലേത് നിർമാണം പുരോഗമിക്കുകയാണ്. പ്രായമുള്ള ദമ്പതികൾ, ഭിന്നശേഷി അംഗങ്ങളുള്ള കുടുംബങ്ങൾ, കടുത്ത സാമ്പത്തിക പ്രയാസം നേരിടുന്ന കുടുംബങ്ങൾ എന്നിവർ തങ്ങളുടെ സ്ഥിതി മെച്ചപ്പെടുകയും സ്വന്തമായി വീടോ മറ്റൊരിടമോ ആവുകയും ചെയ്യും വരെ കരാറടിസ്ഥാനത്തിൽ ഇത്തരം വില്ലേജുകളിൽ താമസിക്കുന്നു. മറ്റു സ്ഥാപനങ്ങളെല്ലാം വെൽഫെയർ ട്രസ്റ്റിന്‍റെ സ്നേഹതീരം എന്നു പേരിട്ട മതിൽക്കെട്ടിനകത്താണ്.

ഡോ. മൻസൂർ ഹസൻ. ചി​​​ത്ര​​​ങ്ങ​​​ൾ: ബൈ​​​ജു കൊ​​​ടു​​​വ​​​ള്ളി



കൈവിടില്ല

എല്ലാത്തിനും ചുക്കാൻ പിടിക്കുന്നത് പെരുമ്പാവൂർ താലൂക്ക് ആശുപത്രി ഡോക്ടറായിരുന്ന മൻസൂർ ഹസന്‍റെ കീഴിലുള്ള ട്രസ്റ്റ് ആണ്. ഇദ്ദേഹം തന്നെയാണ് ട്രസ്റ്റ് ചെയർമാനും സ്ഥാപകനും. ഇന്‍റേണൽ മെഡിസിൻ സ്പെഷലിസ്റ്റായ ഡോക്ടറുടെ അർപ്പണമനോഭാവവും വീക്ഷണവും പ്രതിബദ്ധതയുമാണ് അന്തേവാസികൾക്ക് താങ്ങാവുന്നത്.

ലാഹിർ ഹസൻ (മുഖ്യരക്ഷാധികാരി), വൈസ് ചെയർമാൻ മുഹമ്മദ് ഇഖ്ബാൽ, മുഹമ്മദലി എന്നിവരാണ് ട്രസ്റ്റിലെ ബാക്കിയുള്ളവർ. ട്രസ്റ്റിനു കീഴിലെ ഭരണസമിതി ഭാരവാഹികൾ മുഹമ്മദ് ഷബീറും (പ്രസി) സി.ഐ. ജബ്ബാറുമാണ് (സെക്ര). വൈസ് പ്രസിഡന്‍റ് പ്രഫ. വി.കെ. അബ്ദുൽ റഹ്മാനും സ്ഥാപനം കെട്ടിപ്പടുക്കാനും ഇന്നത്തെ നിലയിലാക്കാനും ഏറെ വിയർപ്പൊഴുക്കിയിട്ടുണ്ട്. ട്രസ്റ്റിനുകീഴിൽ യൂത്ത് വിങ്, സ്ത്രീശാക്തീകരണ കമ്മിറ്റി എന്നിവയും പ്രവർത്തിക്കുന്നു.

വ്യത്യസ്തമീ ത്രിതല ചികിത്സാ സംവിധാനം

മറ്റു സ്ഥാപനങ്ങളിൽനിന്ന് വ്യത്യസ്തമായി അക്യൂട്ട് (രോഗികൾക്ക് ഹ്രസ്വകാലയളവിൽ വിദഗ്ധ ചികിത്സ), സ്റ്റെപ് ഡൗൺ (കൂടുതൽ കാലം നീണ്ടുനിൽക്കുന്ന തുടർച്ചയായ പ്രത്യേക പരിചരണം), ലോങ് ടേം (രോഗികളെ പ്രത്യേകമായി പുനരധിവസിപ്പിക്കുകയും മുൻകാലത്തെ രോഗാതുര സാഹചര്യത്തിലേക്ക് മടക്കി അയക്കാതിരിക്കുകയും ചെയ്യുന്നു) എന്നിങ്ങനെ ത്രിതല ചികിത്സാ സംവിധാനത്തിലൂടെയുള്ള സമഗ്ര ഇടപെടലാണ് ഇവിടെ നടത്തുന്നതെന്ന് ഡോ. മൻസൂർ ഹസൻ വിശദീകരിക്കുന്നു. വിവിധ ജില്ലകളിൽനിന്നുള്ള സ്ത്രീകളും പുരുഷന്മാരുമായി 180ഓളം അന്തേവാസികളുണ്ടിവിടെ. സ്ത്രീകളാണ് കൂടുതൽ.

കടുത്ത മാനസിക പ്രശ്നവുമായി അക്രമാസക്തരായി എത്തിയവർപോലും ഇവിടത്തെ ചികിത്സയും പരിചരണവും മൂലം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. അതിൽ ചിലർ ഇവിടെ സഹായികളായും മറ്റും ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നു.

സ്പെഷൽ സ്കൂളിലൂടെ തുടക്കം

1991ൽ ഭിന്നശേഷിക്കാരായ കുരുന്നുകൾക്കുവേണ്ടി വി കെയർ സ്പെഷൽ സ്കൂൾ സ്ഥാപിച്ചായിരുന്നു തുടക്കം. ഡോ. മൻസൂറിന്‍റെ മനസ്സിൽ രൂപംകൊണ്ട ആശയമായിരുന്നു ഇത്. കൂട്ടായ്മയായ ഫ്രൈഡേ ക്ലബിന്‍റെ പിന്തുണയുമുണ്ടായിരുന്നു.

മൻസൂറിന്‍റെ പിതാവും മുൻ ഡി.ഐ.ജിയുമായ അന്തരിച്ച മുഹമ്മദ് ഹസന്‍റെ തറവാടുവീട് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പൂർണമായും ഏറ്റെടുത്തു. ഇതോടൊപ്പം സുമനസ്സുകളായ പലരും തങ്ങളുടെ സ്വത്തും പണവും സകാത്തായി നൽകിത്തുടങ്ങി.

വെളിയത്തുനാട്ടിലെ വേഴപ്പിള്ളി കുടുംബാംഗങ്ങളാണ് വെൽഫെയർ വില്ലേജിന് ആദ്യം സ്ഥലം നൽകിയത്. മറ്റുള്ളവരും അതേ പാത പിൻപറ്റുകയായിരുന്നു. പിന്നീട് ട്രസ്റ്റിനു കിട്ടുന്ന അപേക്ഷകൾ പരിശോധിച്ച് അന്വേഷിച്ച് ആവശ്യമായതു ചെയ്തുകൊടുക്കാനും തുടങ്ങി.

വിദ്യാഭ്യാസം, വീട് നിർമാണം, ചികിത്സ തുടങ്ങിയവയായിരുന്നു ഇതിൽ ചിലത്. രണ്ടാംഘട്ടത്തിൽ ചില കുടുംബങ്ങളെ പൂർണമായും ഏറ്റെടുത്തു. സർക്കാർതലത്തിൽ ബഡ്സ് സ്കൂളുകൾ തുടങ്ങിയതോടെ മികച്ച രീതിയിൽ പ്രവർത്തിച്ച വി കെയർ പതിയെ നിർത്തലാക്കി.

സ്നേഹതീരം അന്തേവാസികൾ നിർമിച്ച ഉൽപന്നങ്ങൾ


ഹാപ്പി വൈബിൽ

സ്നേഹതീരത്തിലെ വിവിധ കേന്ദ്രങ്ങളിലായി പ്രായമായവരും അംനേഷ്യ, വിഷാദം, ബുദ്ധിപരമായ വളർച്ചക്കുറവ് എന്നിങ്ങനെ വിവിധ പ്രശ്നങ്ങൾ നേരിടുന്നവരുമായ ധാരാളം പേരുണ്ട്. ഇവർക്കുള്ള ചികിത്സയും ഇവിടെ ലഭ്യമാണ്. അന്തേവാസികളുടെ ഉല്ലാസത്തിനും ക്ഷേമത്തിനുമായി നിത്യേന കലാപരിപാടികൾ, കുടുംബസംഗമങ്ങൾ, തൊഴിൽ പരിശീലനം തുടങ്ങിയവ സംഘടിപ്പിക്കുന്നു.

ബ്ലീച്ചിങ്പൗഡർ, ക്ലീനിങ് ലോഷൻ, സോപ്പ്, സോപ്പുപൊടി, സാനിറ്റൈസർ, ഡിഷ് വാഷ്, തുടങ്ങിയവയെല്ലാം ഇവരുണ്ടാക്കി വിൽക്കുന്നു. എല്ലാത്തിനും നേതൃത്വം നൽകിയും അന്തേവാസികളെ പരിചരിച്ചും പത്തോളം സോഷ്യൽ വർക്കർമാരും സ്റ്റാഫ് നഴ്സുമാരുമെല്ലാമുണ്ട് ഇവിടെ.

പാട്ടുകളും കളിയും ചിരിയുമെല്ലാമായി അവർ തങ്ങളുടേതായ ലോകത്ത് സന്തോഷം കണ്ടെത്തുകയാണ്. എല്ലാത്തിനും നേതൃത്വം നൽകിയും അന്തേവാസികളെ പരിചരിച്ചും 10 സോഷ്യൽ വർക്കർമാരും സ്റ്റാഫ് നഴ്സുമാരുമുണ്ട് ഇവിടെ. പാട്ടും കളിയും ചിരിയുമായി അവർ തങ്ങളുടെ ലോകത്ത് സന്തോഷം കണ്ടെത്തുകയാണ്.

ഈ മതിൽക്കെട്ടിനുള്ളിൽ അവർ സുരക്ഷിതരാണ്

വർഷത്തിൽ രണ്ടുതവണയെങ്കിലും അന്തേവാസികളുടെ ബന്ധുക്കളെ ഇവിടെ എത്തിക്കുകയും അവരോടൊപ്പം ഒരുദിനം ചെലവഴിപ്പിക്കുകയും ചെയ്യാറുണ്ടെന്ന് കമ്മിറ്റി ജോയന്‍റ് സെക്രട്ടറി വി.വി.കെ. സഈദ് പറഞ്ഞു.

സ്പീച് തെറപ്പി, മ്യൂസിക് തെറപ്പി, യോഗ ക്ലാസുകൾ തുടങ്ങിയവ മുടങ്ങാതെ നടക്കുന്നു. മൂന്നാർ, ചെറായി ബീച്ച്, പാർക്ക് തുടങ്ങിയ ഉല്ലാസ കേന്ദ്രങ്ങളിലെല്ലാം ഇവരെ ഇടക്ക് കൊണ്ടുപോകാറുമുണ്ട്. 15 പേർക്ക് തിമിര ശസ്ത്രക്രിയ നടത്തി കാഴ്ചയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുവന്നു.

കനിവിന്‍റെ കൈകൾ

സുമനസ്സുകളിൽനിന്ന് സമാഹരിക്കുന്ന സകാത്ത്, ധനസഹായം തുടങ്ങിയവയാണ് സ്ഥാപനത്തിന്‍റെ മുന്നോട്ടുള്ള യാത്രയിൽ ഊർജമാകുന്നത്. പ്രതിമാസം 18 ലക്ഷം രൂപയാണ് ചെലവ്. ഇതിൽ ഏഴുലക്ഷം രൂപ ജീവനക്കാരുടെ ശമ്പളമാണ്. സ്ഥാപനത്തോടുചേർന്ന് പുതിയ കെട്ടിടത്തിന്‍റെ പണി പുരോഗമിക്കുന്നുണ്ട്.

അന്തേവാസികളുടെ ലോങ് ടേം പുനരധിവാസത്തിന്‍റെ ഭാഗമായി വാഗമണിൽ വിശാലമായ ഭൂമി ഏറ്റെടുത്ത് പുതിയ കെട്ടിടസമുച്ചയം ഒരുക്കാനുള്ള തയാറെടുപ്പിലാണ് ട്രസ്റ്റ് നടത്തിപ്പുകാർ.





Tags:    
News Summary - A center for marginalized people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.