മക്കളായ അദ്നാൻ, അഫ്നാൻ, അൽമ ബിൻത് അബ്ദു റഷീദ് എന്നിവർക്കൊപ്പം രഹ്ന റഷീദ്.
ചി​​​ത്ര​​​ങ്ങൾ:

സ്വരൂപ് കൃഷ്ണൻ

മകന് ​പഞ്ചഗുസ്തി പ്രാക്ടിസ് ചെയ്യാൻ കൂട്ടു പോയ ഉമ്മ ഇന്ന് ദേശീയ താരം. ഈ കുടുംബം വാരിക്കൂട്ടിയത് നിരവധി മെഡലുകൾ...

വർഷങ്ങൾക്കു മുമ്പാണ്. അന്ന് 10 വയസ്സുകാരി ഒരു തമിഴ് പയ്യനെ പഞ്ചഗുസ്തി മത്സരത്തിൽ തോൽപിച്ചു. വലിയ ആരവത്തോടെയാണ് അന്നവളെ കൂട്ടുകാർ വരവേറ്റത്. പിന്നീട് പഞ്ചഗുസ്തി മത്സരങ്ങളിൽ മെഡൽ വാരിക്കൂട്ടുന്ന താരമാകും താനെന്ന് അന്നവൾ സ്വപ്നത്തിൽപോലും കരുതിയില്ല. പക്ഷേ അവൾക്ക് സ്പോർട്സ് ജീവനായിരുന്നു.

സ്​പോർട്സ് മത്സരങ്ങളിൽ പ​ങ്കെടുക്കാൻ സമ്മതിക്കില്ല എന്നറിയുന്നതുകൊണ്ട് കളിയായിപ്പോലും അക്കാര്യം വീട്ടിൽ ചോദിച്ചില്ല. ഏതാനും സ്കൂൾതല മത്സരങ്ങളിൽ പങ്കെടുത്തതൊഴിച്ചാൽ അവിടം കൊണ്ട് അവസാനിച്ചു ആ കായിക പ്രേമിയുടെ സ്വപ്നങ്ങൾ എന്ന് ഒറ്റവാക്കിൽ പറയാം. ഇതാണ് കഥയുടെ ആദ്യഭാഗം...

മക്കളായ അദ്നാൻ, അഫ്നാൻ, അൽമ ബിൻത് അബ്ദു റഷീദ് എന്നിവർക്കൊപ്പം രഹ്ന റഷീദ്

ആ പെൺകുട്ടിയുടെ പേര് രഹ്ന റഷീദ്. ഇന്ന് സംസ്ഥാന, ദേശീയ പഞ്ചഗുസ്തി മത്സരങ്ങളിലെ ജേതാവാണ്. രഹ്ന മാത്രമല്ല, മക്കളായ അദ്നാനും അഫ്നാനും പഞ്ചഗുസ്തി താരങ്ങളാണ്. രഹ്നയും മൂത്ത മകൻ അദ്നാനും ദേശീയ മെഡൽ ജേതാക്കൾ.

ഇനി കഥയുടെ രണ്ടാംഭാഗം: പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് രഹ്ന പാവറട്ടി മുസ്‍ലിംവീട്ടിൽ ചന്ദനപറമ്പിൽ റഷീദ് കെ. മുഹമ്മദിന്റെ ജീവിത സഖിയായത്. വിവാഹ​ശേഷം ബിരുദ പഠനം പൂർത്തിയാക്കി. ഹിസ്റ്ററി ആയിരുന്നു വിഷയം. പിന്നീട് ലൈബ്രറി സയൻസും പഠിച്ചു. രണ്ടുവർഷം ജോലിക്കുപോയി. മക്കളായപ്പോൾ ജീവിതം അവർക്കു ചുറ്റുമായി.

അദ്നാൻ 10ാംക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിലേക്ക് പഞ്ചഗുസ്തി ലോകചാമ്പ്യൻ ഹരി കണ്ടശ്ശാംകടവ് എത്തിയതാണ് രഹ്നയുടെ ജീവിതത്തിലെ വഴിത്തിരിവ്.

കുട്ടികളിൽ ആർക്കെങ്കിലും പഞ്ചഗുസ്തിയിൽ താൽപര്യമുണ്ടെങ്കിൽ അദ്ദേഹത്തി​ന്‍റെ ജിമ്മിൽ പ്രാക്ടിസ് ചെയ്യാം എന്നും പറഞ്ഞു. അവരുടെ കൂട്ടത്തിൽ സെലക്ട് ആയത് അദ്നാൻ മാത്രമായിരുന്നു. അങ്ങനെ മകന് ​പഞ്ചഗുസ്തി പ്രാക്ടിസ് ചെയ്യാൻ ഉമ്മയും കൂട്ടുപോയി. അധികം വൈകാതെ ഉമ്മയും പരിശീലനം തുടങ്ങി എന്നതാണ് പിന്നത്തെ കഥ.

പരിശീലനമില്ലാതെ ഇറങ്ങിയ ആദ്യ മത്സരം

2016ലായിരുന്നു രഹ്നയുടെ തുടക്കം. പാവറട്ടിയിൽനിന്ന് ജില്ലതല മത്സരത്തിനെത്തിയത് പേടിയോടെയായിരുന്നു. 11 പേരുണ്ടായിരുന്നു കളത്തിൽ. എല്ലാവരെയും കണ്ടപ്പോൾ വേണ്ടിയിരുന്നില്ല എന്നാണ് ആദ്യം തോന്നിയത്. എന്നാൽ ആത്മവിശ്വാസം നഷ്ടപ്പെടുത്താതെ പൊരുതാൻതന്നെ ഉറച്ചു. മത്സരത്തിൽ ജേതാവായപ്പോൾ ആത്മവിശ്വാസത്തിനു കരുത്തുകൂടി. തുടക്കം ഗംഭീരമായി.

സംസ്ഥാന തലത്തിൽ വെള്ളിയും കിട്ടി. പഞ്ചാബിലെ റായ്പുരിലായിരുന്നു ദേശീയ മത്സരം. വലിയ പരിശീലനമൊന്നുമില്ലാതെയാണ് ആദ്യ മത്സരത്തിൽ പ​ങ്കെടുത്തത്. അന്ന് സൗകര്യങ്ങളും കുറവായിരുന്നു. എങ്കിലും നിരാശപ്പെടേണ്ടിവന്നില്ല. ദേശീയതലത്തിൽ വെങ്കലവും ലഭിച്ചു. അതിനുശേഷം കുടുംബത്തിലേക്ക് വീണ്ടുമൊരു അതിഥിയെത്തി. അൽമ ബിൻത് അബ്ദു റഷീദ്. അവളുണ്ടായപ്പോൾ മത്സരക്കളത്തിൽനിന്ന് രണ്ടുവർഷത്തെ ഇടവേളയെടുത്തു.


ഒരേ വേദിയിൽ വിജയിച്ച്​ ഉമ്മയും മകനും

2018ലാണ് കളത്തിലേക്ക് വീണ്ടും എത്തിയത്. ആ വർഷം സംസ്ഥാനതലം വരെയുള്ള മത്സരങ്ങളിലേ സജീവമായുള്ളൂ. അദ്നാന്‍റെ പ്ലസ്ടു പരീക്ഷ നടക്കുകയായിരുന്നു. കോവിഡിനെത്തുടർന്ന് മത്സരങ്ങൾ നടക്കാതായതോടെ വീണ്ടും ബ്രേക്ക് വന്നു. 2022ലാണ് സജീവമായത്. 80 പ്ലസ് കിലോ വിഭാഗത്തിലായിരുന്നു രഹ്നയുടെ മത്സരം. ജില്ലയിലും സംസ്ഥാനതലത്തിലും രഹ്നക്കും അദ്നാനും സ്വർണം ലഭിച്ചു.

ആ വർഷം എറണാകുളം കോലഞ്ചേരിയിലായിരുന്നു സംസ്ഥാനതല മത്സരം. പിന്നാലെ ഹൈദരാബാദിൽ നടന്ന ദേശീയ മത്സരത്തിൽ അദ്നാൻ വെള്ളിയും രഹ്ന വെങ്കലവും നേടി​ ഒരേ വേദിയിൽ അമ്മയും മകനും വിജയക്കൊടിപാറിച്ച അപൂർവ നിമിഷവും പിറന്നു. തുർക്കിയയിൽ നടന്ന അന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തിൽ പ​ങ്കെടുക്കാൻ അവസരം ലഭിച്ചെങ്കിലും സ്പോൺസറെ കിട്ടാത്തതിനാൽ പോകാൻ സാധിച്ചില്ല. അന്താരാഷ്ട്ര മത്സരങ്ങളിൽ മാറ്റുരക്കാൻ ലക്ഷങ്ങൾ വേണം. അതു തൽക്കാലം കൈയിലൊതുങ്ങുന്നതല്ലെന്നാണ് രഹ്ന പറയുന്നത്.

ഇതുവരെയായി നാലു ജില്ല, സംസ്ഥാനതല മത്സരങ്ങളിലും രണ്ട് ദേശീയ മത്സരങ്ങളിലും രഹ്ന പ​ങ്കെടുത്തു. ജില്ല തലങ്ങളിൽ സ്വർണം കൊയ്തു. ദേശീയതലത്തിൽ പ​ങ്കെടുത്ത രണ്ട് മത്സരങ്ങളിൽ വെള്ളിയിലും വെങ്കലത്തിലുമൊതുങ്ങി നേട്ടം. ഇപ്പോൾ കശ്മീരിൽ നടക്കുന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ പ​ങ്കെടുക്കാനുള്ള തയാറെടുപ്പിലാണ്. കൂടാതെ ധാരാളം ഓപൺ മത്സരങ്ങളിലും മെഡലുകൾ നേടിയിട്ടുണ്ട്.

പഞ്ചഗുസ്തിയിലും കാര്യമുണ്ട്

നന്നായി ഹാർഡ് വർക്ക് ചെയ്താൽ മാത്രമേ ഈ രംഗത്ത് പിടിച്ചുനിൽക്കാൻ സാധിക്കുകയുള്ളൂവെന്ന് രഹ്ന പറയുന്നു. ബോഡി ബിൽഡിങ് പോലെ വളരെ ശ്രദ്ധവേണ്ട ഫീൽഡാണിത്. ഉറക്കം, ഡയറ്റ് ഒക്കെ നന്നായി ശ്രദ്ധിക്കണം. സ്ഥിരമായി വർക്കൗട്ട് ചെയ്യണം.

പണ്ട് പറയാറുള്ളത് ചെറുതായി പുഷ്അപ്പും പുൾഅപ്പും ടേബിൾ പ്രാക്ടിസും ഒക്കെ മതിയെന്നാണ്. ബക്കറ്റിൽ വെള്ളം പൊക്കിയും ചാക്കിൽ മണ്ണുനിറച്ചും സൈക്കിൾ ട്യൂബ് വലിച്ചുമൊക്കെയായിരുന്നു അന്നത്തെ പരിശീലനം. ഇപ്പോൾ ജിമ്മിൽ ട്രെയിനറുടെ കീഴിൽ പരിശീലിക്കുന്നു. അദ്നാൻ ആണ് രഹ്നയുടെ ഇപ്പോഴത്തെ പ്രധാന ട്രെയിനർ. ഓൺലൈൻ വഴി ഒരു പേഴ്സനൽ ട്രെയിനറും ഉണ്ട്. കോഴിക്കോട് സ്വദേശി ഹാഷിം.

ആഴ്ചയിൽ മൂന്നുദിവസം ആം റസ് ലിങ് വർക്കൗട്ട് ചെയ്യും. ഒരുദിവസം രണ്ടുമണിക്കൂർവരെ ടേബിൾ പ്രാക്ടിസും ബാക്കി ദിവസങ്ങളിൽ ഫുൾ ബോഡി വർക്കൗട്ടും ചെയ്യും. മുമ്പും ഇപ്പോഴും ധാരാളം പെൺകുട്ടികൾ കടന്നുവരുന്ന മേഖലയാണ് ആം റസ് ലിങ്ങെന്ന് രഹ്ന പറയുന്നു.

ഭർത്താവിന് എഴുത്തും ഭാര്യക്ക് കരുത്തും

രണ്ടാമത്തെ മകൻ അഫ്നാൻ ഒമ്പതാം ക്ലാസിലാണ്. നന്നായി വർക്കൗട്ട് ചെയ്യും. ഇത്തവണ സംസ്ഥാനതലത്തിൽ നാലാമതെത്തി. ബി.ആർക്ക് വിദ്യാർഥിയായ അദ്നാൻ പഠനത്തിരക്കിലായതിനാൽ ഇത്തവണ മത്സരത്തിൽ പ​ങ്കെടുക്കുന്നില്ല.

അടുത്ത വർഷം സജീവമാകാനാണ് തീരുമാനം. ഉമ്മയും സഹോദരന്മാരും കൈക്കരുത്ത് തെളിയിക്കുന്നതുകണ്ട് ആറു വയസ്സുകാരി അൽമക്കും താൽപര്യം തോന്നിത്തുടങ്ങിയിട്ടുണ്ട്. എഴുത്തുകാരനും പ്രഭാഷകനുമായ ഭർത്താവ് റഷീദ് കെ. മുഹമ്മദ്‌ ഖത്തറിലാണ്. ആകാശവാണിയിൽ നിരവധി നാടകങ്ങളും കഥയും കവിതയും ഗാനങ്ങളുമൊക്കെ എഴുതിയിട്ടുണ്ട്. 'ഒറ്റയ്ക്കൊരാൾ' എന്ന പേരിൽ നേരത്തേ ഒരു നോവൽ പുറത്തിറങ്ങി. പുതിയ നോവലായ 'നോക്കിയാൽ കാണാത്ത ആകാശം' ഉടൻ വായനക്കാരുടെ കൈകളിലെത്തും.

ഭർത്താവിന് എഴുത്തും ഭാര്യക്ക് കരുത്തും എന്നാണ് അടുപ്പമുള്ളവർ ഇവരെക്കുറിച്ച് പറയാറുള്ളത്. എഴുത്തിലാണ് താൽപര്യമെങ്കിലും രഹ്നയും മക്കളും ഗുസ്തിപിടിക്കുന്നതിൽ റഷീദി​ന്‍റെ പൂർണ പിന്തുണയുണ്ട്. വിവാഹം കഴിഞ്ഞിട്ട് 24 വർഷമായി. രണ്ട് മക്കൾക്കുമൊപ്പം ദേശീയ, ലോക മത്സരങ്ങളിൽ പ​​ങ്കെടുത്ത് മെഡൽ നേടുന്നതാണ് രഹനയുടെ വലിയ സ്വപ്നം.


സ്പോർട്സ് ജീവിതത്തിൽ കൊണ്ടുവന്ന മാറ്റം

‘ശരീരഭാരം ക്രമാതീതമായി വർധിച്ചപ്പോഴാണ് ചികിത്സ തേടുന്നത്. പരിശോധനയിൽ പി.സി.ഒ.ഡി കണ്ടെത്തി. അന്ന് ഭാരം 86 കിലോ ഉണ്ടായിരുന്നു. എന്നാൽ, വ്യായാമത്തിലൂടെ ഭാരം 78ലെത്തിക്കാൻ സാധിച്ചു. പി.സി.ഒ.ഡി പൂർണമായും മാറി. മരുന്നൊന്നും എടുക്കുന്നില്ല. വെയ്റ്റ് ലോസ് മാത്രമാണ് പി.സി.ഒ.ഡിക്കുള്ള ഒരേയൊരു മരുന്ന്.

ആദ്യകാലങ്ങളിൽ പടികൾ കയറാനൊ​ക്കെ ബുദ്ധിമുട്ടായിരുന്നു. നന്നായി കിതക്കും. ഇപ്പോഴതെല്ലാം മാറി. കോളജ് കാലം തിരിച്ചുകിട്ടിയതുപോലെ നല്ല​ ഹെൽത്തിയാണ്’- രഹ്ന പറയുന്നു. സ്ത്രീകൾ ഏതെങ്കിലും സ്പോർട്സ് ഐറ്റം പരിശീലിക്കുന്നത് നല്ലതാണ്. അതുവഴി ആരോഗ്യപ്രശ്നങ്ങളെയൊക്കെ മറികടക്കാം.

സർക്കാർ മറ്റിനങ്ങൾക്ക് കൊടുക്കുന്ന പരിഗണന പഞ്ചഗുസ്തിക്കും കൊടുക്കണം. അതുവഴി കൂടുതൽ മെഡലുകൾ രാജ്യത്തേക്ക് എത്തിക്കാൻ കഴിയും. സ്പോർട്സ് കൗൺസിലുകൾ വഴി പഞ്ചായത്തുകൾ തോറും പരിശീലനകേന്ദ്രങ്ങൾ സ്ഥാപിക്കാനും സ്കൂൾ, കോളജ് തലങ്ങളിൽ മികച്ച പരിശീലനം നൽകാനും സർക്കാർ തലത്തിൽ നടപടിവേണമെന്നുമാണ് അഭ്യർഥന’-രഹന കൂട്ടിച്ചേർത്തു.

Tags:    
News Summary - trissur Family exhibit their collective might in Arm Wrestling Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.