ഇപ്പോൾ പ്രതിദിനം എന്നോണം നാം ടി.വിയിൽ സചിന്റെയും ധോണിയുടെയും മ്യൂച്ചൽ ഫണ്ട് നിക്ഷേപത്തെക്കുറിച്ചുള്ള പരസ്യങ്ങൾ കാണുന്നുണ്ട്. പലരും തന്നെ ഈ നിക്ഷേപ മാർഗം തിരഞ്ഞെടുത്തവരും അല്ലെങ്കിൽ ഇതേക്കുറിച്ച് അറിയാൻ ശ്രമിക്കുന്നവരുമാകും. എന്താണ് മ്യൂച്ചൽ ഫണ്ട്? ഇതിലെ നിക്ഷേപത്തിന്റെ ശരി, തെറ്റുകൾ എന്തൊക്കെ, ഇതിൽ നിന്നുള്ള നേട്ടം എന്ത് എന്നൊക്കെ വിശദമായി പരിശോധിക്കാം.

കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് സമൂഹമാധ്യമത്തിൽ കുറിച്ചത് ഇങ്ങനെയായിരുന്നു: ‘കഴിഞ്ഞ ഒരു വർഷമായി മ്യൂച്ചൽ ഫണ്ട് നിക്ഷേപം നടത്തുന്നു. ഇപ്പോൾ എല്ലാം നഷ്ടത്തിലാണ്. ഇതിൽ നിക്ഷേപിക്കാനുള്ള തീരുമാനം തെറ്റായിപ്പോയി’.
ഇത് ഒരുപക്ഷേ നാം കഴിഞ്ഞ കുറച്ച് ആഴ്ചകളായി കേൾക്കുന്നതാണ്. ഇതേക്കുറിച്ചു വിശദമായി പരിശോധിക്കാം. എന്താണ് മ്യൂച്ചൽ ഫണ്ട് എന്നു മനസ്സിലാക്കിയാൽ ഇതിലെ കൺഫ്യൂഷൻ മാറും.


മ്യൂച്ചൽ ഫണ്ട്​ എന്നാൽ

ഏറ്റവും ലളിതമായി പറഞ്ഞാൽ നിരവധി ആളുകളുടെ കൈയിൽനിന്ന് (വ്യക്തിഗത നിക്ഷേപകർ) ചെറിയ തുകകൾ സ്വരുക്കൂട്ടി ഒരു വലിയ തുക സമാഹരിക്കുന്നു. ഈ പണം ഒരു ഫണ്ട് മാനേജർ ഓഹരികളിലോ കടപ്പത്രങ്ങളിലോ നിക്ഷേപിക്കുന്നു. നമുക്ക് ഈ പണത്തിന് ആവശ്യം വരുമ്പോഴോ ഒരു നിശ്ചിത കാലാവധി കഴിയുമ്പോഴോ തുക പിൻവലിക്കാം.

ഒരു ഫണ്ട് മാനേജർ ഈ തുക നിക്ഷേപിക്കുന്നത് ഓഹരികളിലോ സർക്കാർ അല്ലെങ്കിൽ കോർപറേറ്റ് കടപ്പത്രങ്ങൾ, ഡിബഞ്ചറുകൾ എന്നിവയിലാണ്. ഇവയുടെ മൂല്യം ഉയരുമ്പോൾ നിക്ഷേപത്തിന്റെ മൂല്യവും ഉയരുന്നു, തിരിച്ചും.

മൂല്യത്തിൽ വർധന

ഏറ്റവും പുതിയ കണക്കനുസരിച്ച്​, രാജ്യത്ത്​ 22.75 ലക്ഷം കോടി രൂപ മൂല്യമുള്ള മ്യൂച്ചൽ ഫണ്ട് യൂനിറ്റുകളാണ് വ്യക്തിഗത നിക്ഷേപകരുടെ കൈയിലുള്ളത്. 2021നെ അപേക്ഷിച്ചു കഴിഞ്ഞ വർഷം മ്യൂച്ചൽ ഫണ്ട് മൂല്യത്തിൽ എട്ടര ശതമാനം വളർച്ച നേടി. ഓഹരികളിൽ നിക്ഷേപം നടത്തുന്ന മ്യൂച്ചൽ ഫണ്ടുകളിൽ മൂല്യത്തിൽ 13 ശതമാനത്തിൽ അധികമാണ് വളർച്ച.


നേട്ടം ലഭിക്കുന്നത്​ എങ്ങനെ?

മ്യൂച്ചൽ ഫണ്ട് പരസ്യങ്ങളിൽ പറയുന്നതുപോലെ നിങ്ങളുടെ നിക്ഷേപം ഓഹരി വിപണിയിലെ ലാഭനഷ്ടങ്ങൾക്ക് വിധേയമാണ്. എങ്കിലും സാധാരണ നിലക്ക്​ 10 മുതൽ 15 ശതമാനം നേട്ടം ശരാശരി മ്യൂച്ചൽ ഫണ്ട് നിക്ഷേപത്തിൽനിന്ന് വളർച്ച പ്രതീക്ഷിക്കാം. ഒരു മാസം 1000 രൂപ 10 വർഷത്തേക്ക് 14 ശതമാനം നേട്ടം ലഭിക്കുന്ന ഒരു ഫണ്ടിൽ നിക്ഷേപിച്ചാൽ നിങ്ങൾ നിക്ഷേപിക്കുന്ന 1,20,000 രൂപ 2,59,000 രൂപയായി വളരുന്നു.

എങ്ങനെ വാങ്ങാം

ഒരു കമ്പനി ആദ്യമായി ഒരു മ്യൂച്ചൽ ഫണ്ട് തുടങ്ങുമ്പോൾ അതിൽ നിക്ഷേപിക്കാം. ഇങ്ങനെ ആദ്യമായി നിക്ഷേപം സ്വീകരിക്കുന്നതിന് എൻ.എഫ്.ഒ അഥവാ ന്യൂ ഫണ്ട് ഓഫർ എന്നാണ് പറയുക. കൂടാതെ നിലവിൽ ​പ്രവർത്തിക്കുന്ന ഒരു ഫണ്ടിലും നിക്ഷേപിക്കാം.

ഓഹരികളിൽ നിക്ഷേപം നടത്തുന്ന ഇക്വിറ്റി ഫണ്ടുകൾ, കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഡെബ്​റ്റ് ഫണ്ടുകൾ, ഈ രണ്ടിലുമായി നിക്ഷേപിക്കുന്ന ഹൈബ്രിഡ് ഫണ്ടുകൾ, നികുതിയിളവിന് സഹായിക്കുന്ന ഫണ്ടുകൾ എന്നിങ്ങനെ മ്യൂച്ചൽ ഫണ്ട് നിരവധിയാണ്. ചുരുക്കത്തിൽ, നമ്മുടെ വരുമാനവും സാമ്പത്തിക ലക്ഷ്യങ്ങളും അനുസരിച്ച് എല്ലാ പ്രായക്കാർക്കും ഉതകുന്ന ഫണ്ടുകൾ ലഭ്യമാണ്.


എന്താണ് എൻ.എ.വി

മ്യൂച്ചൽ ഫണ്ടിന്‍റെ മൂല്യം വിലയിരുത്തുന്നത് അറ്റ ആസ്തി മൂല്യം അഥവാ എൻ.എ.വി എന്ന യൂനിറ്റിലാണ്. ഓരോ ഫണ്ടിനും ഇതു ദിവസവും മാറിക്കൊണ്ടിരിക്കും. ഉദാഹരണത്തിന്, ഒരു ഫണ്ടിന്റെ ഇന്നത്തെ എൻ.എ.വി 10 രൂപ ആണെന്ന് കരുതുക. 1000 രൂപ നാം നിക്ഷേപിച്ചാൽ അതിന്റെ 100 യൂനിറ്റുകൾ നമുക്ക് ലഭിക്കുന്നു. വില 11 രൂപ ആകുകയാണെങ്കിൽ നമ്മുടെ നിക്ഷേപം 1100 രൂപയാകും.

പലവിധം ഫണ്ടുകൾ

മ്യൂച്ചൽ ഫണ്ട് പദ്ധതികൾ മൂന്നു വിധത്തിലാണ്-ഓപൺ എൻഡ്, ക്ലോസ് എൻഡ്, ഇന്റർവെൽ സ്കീമുകൾ. ഓപൺ എൻഡ് പദ്ധതികളിൽ എപ്പോൾ വേണമെങ്കിലും യൂനിറ്റുകൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യാം. ക്ലോസ് എൻഡ് പദ്ധതികളിൽ ലോക്ക് ഇൻ പീരിയഡ് ഉണ്ട്. അതിനുള്ളിൽ യൂനിറ്റുകൾ വിൽക്കുകയാണെങ്കിൽ പ്രത്യേക പിഴ ചാർജ് ഈടാക്കും. ഒരു നിശ്ചിത സമയത്തിൽ വാങ്ങാനോ വിൽക്കാനോ അനുവദിക്കുന്ന പദ്ധതികളാണ് ഇന്റർവെൽ സ്കീമുകൾ. ചുരുങ്ങിയത് രണ്ടു ദിവസത്തിൽ വിൽക്കാനോ വാങ്ങാനോ കഴിയും. എന്നാൽ, അടുത്ത ഇടപാട് (വാങ്ങലോ, വിൽക്കലോ) നടത്താൻ 15 ദിവസം കാത്തിരിക്കണമെന്നു മാത്രം.

നിക്ഷേപിക്കാൻ എളുപ്പം എസ്.ഐ.പി

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്​മെന്‍റ്​​ പ്ലാൻ എന്നതിന്റെ ചുരുക്ക രൂപമാണ് എസ്.ഐ.പി. മ്യൂച്ചൽ ഫണ്ട് നിക്ഷേപത്തിൽ, ഏറ്റവും ചെറിയ തുക കൊണ്ട് ദീർഘകാല നിക്ഷേപത്തിലൂടെ വലിയ തുക സമാഹരിക്കാൻ കഴിയും എന്നതാണ് അതിന്റെ വലിയ സവിശേഷത. പ്രതിമാസം 100 രൂപ മുതൽ മ്യൂച്ചൽ ഫണ്ട് നിക്ഷേപം തുടങ്ങാൻ സാധിക്കും. ദീർഘകാലത്തേക്ക് നിക്ഷേപിക്കുക എന്നതാണ് മ്യൂച്ചൽ ഫണ്ട് നിക്ഷേപകർ അനുവർത്തിക്കേണ്ട രീതി.


ഓൺലൈനിൽ തുടങ്ങാം

പാൻ കാർഡ്, ആധാർ കാർഡ്, ഡീമാറ്റ് അക്കൗണ്ട് എന്നിവയാണ് നിക്ഷേപം തുടങ്ങാൻ വേണ്ടത്. ഡിജിറ്റൽ യുഗത്തിൽ ഓൺലൈൻ ആയി മ്യൂച്ചൽ ഫണ്ട് കമ്പനിയുടെ വെബ്സൈറ്റ്, ആപ് വഴി നിക്ഷേപിക്കാം. തുക പിൻവലിക്കാൻ അപേക്ഷ നൽകിയാൽ ലിക്വിഡ്, ഡെബ്​റ്റ് ഫണ്ടുകളിൽ രണ്ടു ദിവസത്തിനുള്ളിലും, മറ്റ് ഫണ്ടുകളിൽ ഒന്നു മുതൽ അഞ്ചു ദിവസത്തിനുള്ളിലും പണം അക്കൗണ്ടിൽ ലഭിക്കും.

സമ്പാദ്യത്തിൽ ​ഉയർച്ച നൽകുന്നത്

ഓഹരികളിലും മറ്റും നിക്ഷേപം നടത്തുന്ന മ്യൂച്ചൽ ഫണ്ട് പദ്ധതികളുടെ മൂല്യം ഓഹരികളുടെ വില വർധിക്കുമ്പോൾ അതിനനുസരിച്ചു കൂടും. ഓഹരി വില കുറയുമ്പോൾ കുറയുകയും ചെയ്യും. വിലയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ നിക്ഷേപകന് നേട്ടവും നഷ്ടവും ഉണ്ടാക്കുന്നതിൽ പ്രധാനമാണ്.

മൊത്തം മൂല്യത്തിൽ ഉണ്ടാകുന്ന വർധന എൻ.എ.വി വർധനക്ക്​ കാരണമാകുന്നു. ഒരു മ്യൂച്ചൽ ഫണ്ട് നിക്ഷേപിച്ചിരിക്കുന്ന ഓഹരികൾ ലാഭ വിഹിതം നൽകുമ്പോഴും മൊത്തം ഫണ്ടിന്‍റെ മൂല്യം വർധിക്കുന്നു. ഇതുമൂലവും മ്യൂച്ചൽ ഫണ്ട് എൻ.എ.വി വർധിക്കും. മുൻനിര ഓഹരികളിൽ (ബ്ലൂചിപ്പ് ) കമ്പനികളിൽ നിക്ഷേപം നടത്തുന്ന ഫണ്ടുകളെ അപേക്ഷിച്ച്​ ചെറുകിട, ഇടത്തരം ഓഹരികളിൽ നിക്ഷേപം നടത്തുന്ന പദ്ധതികൾ ദീർഘകാലത്തേക്ക് കൂടുതൽ നേട്ടം നൽകുന്നതായി കാണാം.

തുടക്കത്തിൽ സൂചിപ്പിച്ച സുഹൃത്തിന്റെ വാചകങ്ങൾ നോക്കാം. അദ്ദേഹം നിക്ഷേപം തുടങ്ങിയത് ഒരു വർഷം മുമ്പു മാത്രം. പക്ഷേ, വലിയ നേട്ടം പ്രതീക്ഷിക്കുന്നു. ഓഹരി വിപണി ചാഞ്ചാട്ടത്തിന്റെ കാലമായിരുന്നു ഈ സമയം. നിരവധി പ്രശ്നങ്ങൾ ലോകത്തും, ഇന്ത്യയിലും നിലനിൽക്കുന്നു. അപ്പോൾ ദീർഘകാലത്തേക്കുള്ള നിക്ഷേപത്തിന്റെ സമയമാണ്. അതിനാൽ, നിക്ഷേപം നേരത്തേ തന്നെ തുടങ്ങേണ്ടതും, അത് ദീർഘകാലത്തേക്ക് ആയിരിക്കുക എന്നതും പ്രധാനമാണ്. ഓഹരികളിൽ നേരിട്ട് നിക്ഷേപിക്കുന്നതിനേക്കാൾ റിസ്കും മ്യൂച്ചൽ ഫണ്ട് നിക്ഷേപത്തിൽ കുറവാണ്.


പത്തു വർഷത്തേക്ക് 14 ശതമാനത്തിന് മുകളിൽ നേട്ടം നൽകിയ ചില ഫണ്ടുകൾ

● Canara Robeco Bluechip Equity Fund - Direct Plan - Growth

● Mirae Asset Large Cap Fund - Direct Plan - Growth

● Axis Midcap Fund - Direct Plan - Growth

● DSP Midcap Fund - Direct Plan - Growth

● Kotak Flexi Cap Fund - Direct Plan - Growth

● SBI Small Cap Fund - Direct Plan - Growth


Tags:    
News Summary - What is Mutual Funds? How Mutual Funds Work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.