‘പരസ്പര ബന്ധങ്ങളിൽ യുക്തിയുടെ അളവുകൾ എപ്പോഴും പാകമാകില്ല. ശരിക്കും മനസ്സിലാക്കാതെ, എത്ര തവണ നാം മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ടുണ്ട്!’

ന്യരെ അറിയേണ്ടത് തലച്ചോറുകൊണ്ടല്ല, ഹൃദയം കൊണ്ടാണ്.

ഒന്നാം ക്ലാസിലെ അധ്യാപകൻ കുട്ടിയോട് ഒരു ചോദ്യം ചോദിച്ചു: ‘‘ഞാൻ നിനക്കൊരു മാങ്ങ തന്നു എന്ന് കരുതുക. പിന്നെ ഒന്നുകൂടി. വീണ്ടും ഒന്നുകൂടി. ഇപ്പോൾ നിന്റെ പക്കൽ എത്ര മാങ്ങയായി?’’

കുട്ടി ഉത്തരം പറഞ്ഞു: ‘‘നാല്’’

അധ്യാപകൻ നിരാശനായി; മ​റ്റൊരു രീതിയിൽ ശ്രമിച്ചു. തന്റെ കൈയിലെ മൂന്നു മാങ്ങ ഓരോന്നായി എടുത്തുകാട്ടി ചോദിച്ചു: ‘‘ഇപ്പോൾ എന്റെ കൈയിൽ എത്ര മാങ്ങ?’’

‘‘മൂന്ന്.’’ ശരിയുത്തരം!

‘‘ഗുഡ്. ഇനി ആ ചോദ്യം: ഞാൻ നിനക്ക് ഒരു മാങ്ങയും പിന്നെ ഒരു മാങ്ങയും വീണ്ടും ഒരു മാങ്ങയും തന്നാൽ നിന്റെ പക്കൽ ആകെ എത്ര മാങ്ങയായി?’’

‘‘നാല്.’’

അധ്യാപകന് അരിശം വന്നു. ചീത്ത പറഞ്ഞു. കുട്ടി കരഞ്ഞുകൊണ്ട് പറഞ്ഞു: ‘‘സാർ, എന്റെ ബാഗിൽ ഒരു മാങ്ങ ആദ്യമേ ഉണ്ട്.’’

തെറ്റിയത് ആർക്കാണ്? യുക്തിക്ക് ഹൃദയത്തിന്റെ ആർദ്രതയില്ല. അത് അതിവേഗം വിധിച്ചുകളയും. അധ്യാപകൻ കുട്ടിയെ കണക്കുകൊണ്ട് അളന്നു. ഹൃദയം കൊണ്ട് അറിഞ്ഞില്ല.

പരസ്പര ബന്ധങ്ങളിൽ യുക്തിയുടെ അളവുകൾ എപ്പോഴും പാകമാകില്ല. ശരിക്കും മനസ്സിലാക്കാതെ, എത്ര തവണ നാം മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ടുണ്ട്!

ലിയർ രാജാവിന്റെ കഥയോ

ർക്കുക.

‘‘നിങ്ങൾ എന്നെ എത്രത്തോ

ളം സ്നേഹിക്കുന്നുണ്ട്?’’ എന്ന ലിയറിന്റെ ചോദ്യത്തിന് മൂത്ത രണ്ടു മക്കളും അളവ് പറഞ്ഞു: ‘‘ഭൂമിയോളം, ആകാശത്തോളം...’’ മൂന്നാമത്തെ മകൾ ഇത്രയേ പറഞ്ഞുള്ളൂ: ‘‘ഒരു മകൾ അച്ഛനെ എത്രത്തോളം സ്നേഹിക്കണമോ അത്രയും.’’

അളവില്ലാത്ത സ്നേഹത്തിന്റെ വിലയറിയാതെ ലിയർ രാജാവ് അവളെ പുറത്താക്കി. എന്നാൽ, അധികാരമൊഴിഞ്ഞ ആ അച്ഛനെ അളന്നുവെച്ച സ്നേഹവുമായി മൂത്തവർ അങ്ങോട്ടുമിങ്ങോട്ടും തട്ടി.

യുക്തി അളന്നു കണക്കാക്കുമ്പോൾ ഹൃദയം അളവില്ലാതെ നൽകുന്നു. അന്യർ കാണാൻ വേണ്ടി ചെയ്യുന്നതിൽ ആത്മാർഥത ഉണ്ടാകണമെന്നില്ല. ഒരു സംഭാഷണം ശ്രദ്ധിക്കൂ:

- എനിക്ക് വിശന്നപ്പോൾ നിങ്ങളെന്ത് ചെയ്തു?

- ഞങ്ങൾ വിശപ്പിനെതിരെ ചർച്ചകൾ സംഘടിപ്പിച്ചു.

- ഞാൻ തടവിലാക്കപ്പെട്ടപ്പോൾ നിങ്ങളെന്ത് ചെയ്തു?

- ഞങ്ങൾ പ്രാർഥനാ സംഗമങ്ങൾ നടത്തി.

- ഞാൻ രോഗിയായപ്പോൾ?

- ഞങ്ങൾ പുതിയ ആരോഗ്യനയം പ്രഖ്യാപിച്ചു.

- ഞാൻ തടവിൽ മരിച്ചപ്പോഴോ?

- ഞങ്ങൾ മനുഷ്യമതിലുണ്ടാക്കി പ്രതിഷേധിച്ചു.

അളന്നുതൂക്കിയ, സ്വയം രക്ഷയുടെ യുക്തികൾ. യഥാർഥ കരുതൽ മറിച്ചാണ്. പുറമേക്ക് ക്രൂരതയായിപ്പോലും തോന്നാം.

മഹാരാജാവിന് സമ്മാനമായി കിട്ടിയ പരുന്തിൻകുഞ്ഞ് വളർന്നിട്ടും പറക്കുന്നില്ല. മരത്തിന്റെ ഒരേ കൊമ്പിൽ ഇരിക്കും. ഇടക്ക് അൽപം പറന്ന് അവിടെത്തന്നെ വന്ന് ഇരിക്കും.

പലരും അതിനെ പറക്കാൻ പരിശീലിപ്പിക്കാനായി എത്തി. എല്ലാം നിഷ്ഫലം. ഒടുവിൽ ഒരു കർഷകൻ പരുന്തിനെ പറത്തി -അത് ആകാശംമുട്ടേ പറന്നു.

അയാൾ എന്താണ് ചെയ്തത്? പരുന്ത് ആശ്രയമായിക്കണ്ട ആ മരക്കൊമ്പ് മുറിച്ചു. മറ്റാർക്കും തോന്നാത്ത ക്രൂരത! പറക്കുകയല്ലാതെ രക്ഷയില്ലെന്ന് പരുന്തിനെ പഠിപ്പിക്കേണ്ടിയിരുന്നു.

അപരരെ മനസ്സിലാക്കുമ്പോൾ പുറംപൂച്ചിന്റെ യുക്തി നിങ്ങളെ വഴിതെറ്റിക്കുന്നു

ണ്ടോ? ലിയറിനെ ഓർക്കുക.

കാരുണ്യത്തിന്റെ ഔഷധം കയ്പാണെന്ന് തോന്നുന്നു

ണ്ടോ? പരുന്തിനെ ഓർക്കുക.

Tags:    
News Summary - nallavakku, madhyamam kudumbam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.