‘ലോകത്തിന്റെ വിളി കേൾക്കുക, നിർഭയത്വത്തോടെ ഏകാന്തമായി യാത്ര തുടരുക’

പാഠപുസ്തകങ്ങളിൽ അച്ചടിച്ചുവന്ന ഹിമാലയത്തിന്റെയും താജ്മഹലിന്റെയും അവ്യക്തമായ രേഖാചിത്രങ്ങൾ എത്രയോ നേരം കൊതിയോടെ നോക്കിയിരുന്ന ഒരു കുട്ടിക്കാലം നമ്മിൽ പലർക്കുമുണ്ടായിരുന്നു. സ്കൂൾ ചുമരിലെ ഭൂപടത്തിലും മേശപ്പുറത്തെ ഗ്ലോബിലും ഇത്തിരിപ്പൊട്ട് പോലെ കാണുന്ന നാടുകളെപ്പറ്റി എന്തെല്ലാം സംശയങ്ങൾ കൂറിയിരുന്നു.

യാത്രപോയവർ മടക്കവഴിയിൽ കൊണ്ടുവന്ന സമ്മാനങ്ങളിലും വിദേശ സ്റ്റാമ്പുകളിലും പോസ്റ്റ് കാർഡുകളിലുമെല്ലാം ലോകം കാണാൻ ശ്രമിച്ചവരുടെ അടുത്ത തലമുറ ഇന്ന് ഹിമാലയത്തിനുമപ്പുറം മഞ്ഞിൽ വിരിഞ്ഞ പൂക്കൾക്കരികിൽനിന്ന് സെൽഫിയെടുക്കുന്നു, വിദേശ തെരുവുകളിലും വിനോദ-വിജ്ഞാന കേന്ദ്രങ്ങളിലും സ്വന്തം നാട്ടിലെന്ന പോലെ പരിചിതരായിരിക്കുന്നു.

ഇരുൾമുറ്റിയ ഏതോ കൊടുംകാടിൻ നെഞ്ചകത്തുനിന്ന് വെളിച്ചം തിരഞ്ഞ് ആരംഭിച്ച യാത്രകളാണ് തനിക്കപ്പുറം ഒരു ലോകമുണ്ടെന്ന് മനുഷ്യരെ പഠിപ്പിച്ചത്, മാറ്റങ്ങൾക്കും നവീകരണങ്ങൾക്കും പ്രേരിപ്പിച്ചത്. അപ്പോഴേക്കും ഭൂഖണ്ഡങ്ങൾ പലവട്ടം പ്രദക്ഷിണം വെച്ച് പറന്നെത്തിയ പക്ഷികൾ മരച്ചില്ലകളിലിരുന്ന് പങ്കുവെച്ച യാത്രാവിവരണങ്ങളും അവരെ മോഹിപ്പിച്ചിട്ടുണ്ടാവണം.

കാണാക്കാഴ്ചകളെക്കുറിച്ചുള്ള, അറിയാദേശങ്ങളെക്കുറിച്ചുള്ള ആകാംക്ഷ അവരെ സാഹസികരും ഉൽക്കർഷേച്ഛുകളുമാക്കി. വിജ്ഞാനത്തിന്റെ കേന്ദ്രങ്ങൾ അന്വേഷിച്ചു കണ്ടെത്താനും നാടുകൾ വെട്ടിപ്പിടിക്കാനും പ്രചോദിതരാക്കി. നിലനിൽപിനും അതിജീവനത്തിനുമായി പ്രയാണങ്ങളും പലായനങ്ങളുമുണ്ടായി.

ഉപജീവനം തേടിയും പുണ്യം കാംക്ഷിച്ചുമായിരുന്നു കുറെയേറെ സഞ്ചാരങ്ങളെങ്കിൽ പിന്നെയത് വിനോദത്തിനും കണ്ണുകളെ വിരുന്നൂട്ടാനുമായി. പുതിയ വെളിച്ചവും നറുമണം നിറഞ്ഞ വായുവും നമ്മെ വരവേറ്റു. രോഗഗ്രസ്തമായ ഒരു ശരീരത്തിൽ മരുന്ന് സൃഷ്ടിക്കുന്നത് പോലുള്ള അത്ഭുതകരമായ മാറ്റങ്ങളാണ് ഓരോ യാത്രയും നമുക്ക് സമ്മാനിക്കുക.

വിസ്മയകരമായ കാഴ്ചകളും ഉൽകൃഷ്ഠരായ മനുഷ്യരും ആശ്വാസവും വെല്ലുവിളികളും നിറഞ്ഞ അനുഭവങ്ങളുമാണ് നമുക്ക് ചുറ്റിനുമുള്ളത്. പക്ഷേ, അവ കണ്ടെത്താനുള്ള ആദ്യ ചുവട് വെക്കുന്നതുവരെ അതെല്ലാം നമ്മിൽനിന്ന് മറഞ്ഞുനിൽക്കും. ആകയാൽ ലോകത്തിന്റെ വിളി കേൾക്കുക... ‘‘എക് ല ചൊലോ രെ’’ എന്ന് കവി ശ്രേഷ്ഠൻ ടാഗോർ പാടിയതുപോലെ കൂടെ ആരും ഇല്ലെന്നറിഞ്ഞാലും നിർഭയത്വത്തോടെ ഏകാന്തമായി യാത്ര തുടരുക...

Tags:    
News Summary - ‘Listen to the call of the world, and continue your journey alone with fearlessness’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.