വിശ്വസിച്ചോളൂ, ദൈവത്തിലും നന്മയിലും

അൽബ്രഖ്ത് ഡ്യൂറർ, ആൽബർട്ട് ഡ്യൂറർ എന്നീ ജർമൻ സഹോദരന്മാരെപ്പറ്റി ഒരു ഐതിഹ്യമുണ്ട്. അൽ ബ്രഖ്ത്തിന്റെ 'പ്രാർഥിക്കുന്ന കൈകൾ' (Praying Hands) എന്ന പെയിന്റിങ്ങിനെ ചുറ്റിപ്പറ്റിയാണ് കഥ.

ദരിദ്രകുടുംബമാണ്. ഇരുവർക്കും കല അഭ്യസിക്കാൻ കലശലായ മോഹം. ന്യൂറംബർഗ് അക്കാദമിയിൽ വലിയ ചെലവാണ്. അച്ഛന് വയ്യ. എന്നാലും എങ്ങനെയും പഠിക്കണം. അവർ ഒരു കരാറിലെത്തി.

ആദ്യം, മൂത്തവനായ അൽബ്രഖ്ത് പഠിക്കാൻ പോകും. അനുജൻ ആൽബർട്ട് ഖനിയിൽ പണിയെടുത്ത് പണം കണ്ടെത്തും. നാലു വർഷം കഴിഞ്ഞ് അൽബ്രഖ്ത് മടങ്ങിവന്ന്, അനുജനെ പഠിക്കാനയക്കും.

അൽബ്രഖ്ത് പഠിച്ചു. അതിപ്രശസ്തനായി തിരിച്ചു വന്നു. വീട്ടിൽ സ്വീകരണത്തിനെത്തിയ അയാൾ പഴയ കരാർ ഓർമിപ്പിച്ചു: ഇനി ആൽബർട്ട് പഠിക്കട്ടെ. ഞാൻ പണമുണ്ടാക്കാം.


പക്ഷേ, ആൽബർട്ട് ദുഃഖത്തോടെ തന്റെ കൈകൾ ഉയർത്തിക്കാട്ടി. ഖനിപ്പണി കാരണം വിരലുകൾ ദ്രവിച്ചിരിക്കുന്നു. കൈക്ക് ക്ഷതമുണ്ട്. ഞരമ്പു തളർച്ച, വാതം ... ചിത്രമെഴുത്തെന്ന സ്വപ്നം ഇനി നടക്കില്ല.

ആ ത്യാഗം ഒരു കരാറിന് വേണ്ടിയായിരുന്നു. വിശ്വാസത്തിനു വേണ്ടി. സഹോദരനോടുള്ള കരുതലായിട്ട്. സങ്കടത്തോടെ അൽബ്രഖ്ത് അനുജനോട് ആ കൈകൾ ഉയർത്തിക്കാട്ടാൻ പറഞ്ഞു. അതയാൾ വരച്ചു. 515 വർഷങ്ങൾക്കിപ്പുറം, അൽബ്രഖ്ത്തിന്റെ അസംഖ്യം കലാസൃഷ്ടികൾ ബാക്കിയുണ്ടെങ്കിലും ഏറ്റവും ജനപ്രിയം 'പ്രാർഥിക്കുന്ന കൈകൾ' ആണ്.

വിശ്വാസവും അതിനായുള്ള സമർപ്പണവും മനുഷ്യ മനസ്സിനെ ഗാഢമായി തൊടും. കാരണം അത് നിലനിൽപിന്റെ ആധാരമാണ്. എത്ര കഷ്ടപ്പെട്ടാലും വിശ്വാസവഞ്ചന പാപമാണ്. വിശ്വസിക്കാവുന്നവർ ഇല്ലാത്ത സമൂഹം മനുഷ്യത്വമില്ലാത്ത സമൂഹമാണ്.

ഭൂകമ്പത്തിൽ ലോകശ്രദ്ധ പിടിച്ച സിറിയയിലെ ഏഴു വയസ്സുകാരിയുടെയും അനുജന്റെയും ചിത്രം എത്ര ഉദാത്തമായ സന്ദേശമാണ് നൽകുന്നത്! അനങ്ങാനാവാത്ത നിസ്സഹായതയിലും അവൾ ഒരു കൈ അവന്റെ കുഞ്ഞുതലക്ക് കവചമായി വെച്ചുവല്ലോ.


മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം നിൽക്കാൻ ഒരു പരിചയവുമില്ലാത്ത പ്രഫസർ രൂപ് രേഖ വർമ മുന്നോട്ടുവന്നതും മനുഷ്യരെന്ന നിലക്കുള്ള വിശ്വാസത്തിന് കോട്ടമരുത് എന്ന നിലക്കായിരുന്നു.

വിശ്വസിക്കുന്നവരും വിശ്വാസത്തിനായി സ്വയം നൽകുന്നവരും മനുഷ്യമഹത്വം ഉയർത്തിപ്പിടിക്കുകയാണ്. മതം പറയുന്നു, അവർ പുണ്യവാന്മാർ.

നന്മ മനുഷ്യന്റെ നൈസർഗിക ഗുണമാണ്. പ്രത്യക്ഷനല്ലാത്ത ദൈവം മനുഷ്യനിൽ നിക്ഷേപിച്ചതാണ് പ്രത്യക്ഷമായ നന്മയും അതിലുള്ള വിശ്വാസവും. വിശ്വാസവും സദ്‌വൃത്തിയുമില്ലാതിരുന്നാൽ മനുഷ്യർ 'അധമരിൽ അധമരാ'കും എന്ന് വേദം.

ഖലീഫ ഉമറിന്റെ ഭരണകാലത്ത് ഒരാൾ അബദ്ധത്തിൽ ഒരു കൊലപാതകം ചെയ്യാനിടയായി. വധശിക്ഷ വിധിക്കപ്പെട്ടു. അവസാനമായി അയാൾക്ക് ദൂരസ്ഥലത്തുള്ള കുടുംബത്തെ കാണാൻ കൊതി. അതിന് ആരെങ്കിലും ജാമ്യം നിൽക്കണം. പക്ഷേ, ആർക്കും അയാളെ പരിചയമില്ല.

നബിശിഷ്യൻ അബു ദർറ് ജാമ്യം നിന്നു. പ്രതി നാട്ടിലേക്ക് പോയി. ശിക്ഷാദിനത്തിലും അയാളെ കാണാനില്ല. പകരം ജാമ്യക്കാരനായ അബു ദർറിനെ വധശിക്ഷ ഏറ്റുവാങ്ങാൻ എത്തിച്ചു. അപ്പോഴാണ് പ്രതി ഓടിക്കിതച്ച് എത്തുന്നത്. സുഖമില്ലാത്ത കുഞ്ഞിനെ പിരിയാൻ കൂടുതൽ സമയമെടുത്തതായിരുന്നു വൈകാൻ കാരണം.

അബു ദർറിനോട് ഖലീഫ ചോദിച്ചു: എന്ത് ധൈര്യത്തിലാണ് പരിചയമില്ലാത്തയാൾക്ക് താങ്കൾ ജാമ്യം നിന്നത്?

മറുപടി: ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ വിശ്വസിക്കാത്ത അവസ്ഥ ഞാൻ ജീവിച്ചിരിക്കെ ഉണ്ടാകരുതെന്ന ആഗ്രഹം കൊണ്ട്.

മടങ്ങിവന്ന പ്രതിയോട് അദ്ദേഹം ചോദിച്ചു: മരണം ഉറപ്പായിട്ടും താങ്കളെന്തിന് തിരിച്ചുവന്നു?

മറുപടി: വിശ്വസിച്ചയാളെ ചതിക്കുന്ന അവസ്ഥ ഞാൻ ജീവിച്ചിരിക്കെ ഉണ്ടാകരുതെന്ന ആഗ്രഹം കൊണ്ട്.

കൊല്ലപ്പെട്ട ആളുടെ ബന്ധുക്കൾ പറഞ്ഞു: ഞങ്ങൾ ജീവിച്ചിരിക്കെ വിട്ടുവീഴ്ച ഇല്ലാത്ത അവസ്ഥ ഉണ്ടായിക്കൂടാ. പ്രതിക്ക് ഞങ്ങൾ മാപ്പുനൽകുന്നു.

എത്ര മനോഹരം, വിശ്വാസം നിറഞ്ഞ സമൂഹം!

Tags:    
News Summary - nallavakku, madhyamam kudumbam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.