‘ഓരോ കുഞ്ഞും പുഞ്ചിരി തൂകി പുതിയ ലോകത്തേക്ക് പറന്നുയരുന്ന കാലം വരണം. അവർ നിർഭയരായിരിക്കണം’

ഇക്കഴിഞ്ഞ മാസം ഒരു നവതിയാഘോഷം നടന്നു. തൊണ്ണൂറിലെത്തിനിൽക്കുമ്പോഴും നമ്മുടെ മനസ്സുകളിൽ ജനാലക്കരികിലെ വികൃതിക്കുട്ടിയായി നിന്ന് പുഞ്ചിരിതൂകുന്ന ടോട്ടോച്ചാന്റെ!

പിൽക്കാലത്ത് ജപ്പാനിലെ പ്രമുഖ അഭിനേത്രിയായും ഗിന്നസ് ബഹുമതി തേടിവരുവോളം പ്രശസ്തിയുള്ള അവതാരകയായും യുനിസെഫിന്റെ ഗുഡ് വിൽ അംബാസഡറായുമൊക്കെ വളർന്നെങ്കിലും തെത്സുകോ കുറോയാനഗിയെ ലോകമറിയുന്നത് അവരുടെ ബാല്യകാലത്തിന്റെ ആത്മകഥയിലൂടെയാണ്, ടോട്ടോച്ചാനിലൂടെ.

തെത്സുകോ കുറോയാനഗിയുടേതുപോലൊരു ഐതിഹാസിക ജീവിതത്തെ രൂപപ്പെടുത്തിയതിന്റെ തൊണ്ണൂറു ശതമാനം ക്രെഡിറ്റും അവർ കളിച്ചും പഠിച്ചും കുറുമ്പുകാട്ടിയും വളർന്ന ടോമോ എന്ന പള്ളിക്കൂടത്തിനും അതിന്റെ ശിൽപി കൊബായാഷി മാസ്റ്റർക്കുമായിരുന്നു. ആരും തോൽക്കാത്ത, എല്ലാവരും ഒന്നാം സ്ഥാനക്കാരാകുന്ന സ്കൂൾ!

ചൂരൽവടിയോ അടിയോ ചുമക്കാൻ കഴിയാത്ത ഹോംവർക്കുകളോ ആ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമായിരുന്നില്ല. ചവിട്ടി നടക്കുന്ന മണ്ണും പാറി നടക്കുന്ന പക്ഷികളുമെല്ലാം അവരുടെ ക്ലാസ് മുറിയുടെ ഭാഗമായിരുന്നു.

കുഞ്ഞുങ്ങൾ കയറിച്ചെല്ലാൻ മടിക്കുന്ന, അവരെ മനുഷ്യരായി സ്വീകരിക്കാൻ കൂട്ടാക്കാത്ത അധ്യാപകരുള്ള വിദ്യാലയങ്ങളേക്കാൾ വലിയ പ്രേതക്കോട്ടകൾ ഈ ഭൂമുഖത്തുണ്ടാകില്ല.


ഗുണമേന്മയുള്ള വിദ്യാഭ്യാസത്തെക്കുറിച്ച ചർച്ചകളും ഗവേഷണങ്ങളും ഖണ്ഡനമണ്ഡനങ്ങളും ഒട്ടേറെ നടക്കുന്നുണ്ട്. വിഷയ വിദഗ്ധർക്കും പഠന റിപ്പോർട്ടുകൾക്കും തെല്ലുമില്ല പഞ്ഞം. ഏതൊക്കെയോ അൽപ ശരികളിലേക്കും അർധ സത്യങ്ങളിലേക്കും നയിക്കുന്നവ.

പക്ഷേ, എങ്ങനെ പഠിക്കുന്നതാണ്, പഠിപ്പിക്കുന്നതാണ് ഇഷ്ടമെന്ന് പറയാൻ നമ്മുടെ കുട്ടികൾക്ക് വേദികളില്ല, അവരതു തുറന്നുപറഞ്ഞാലും നടപ്പിൽ വരുത്താറുമില്ല.

കുട്ടികൾക്കാവശ്യമെന്തെന്ന് അവരല്ലാതെ മറ്റാരാണ് പറയേണ്ടത്? Many Moons എന്ന കഥയിലൂടെ ജെയിംസ് തർബർ പരിചയപ്പെടുത്തിയ ലെനോർ രാജകുമാരിയെ ഓർമയില്ലേ?

അസുഖം വരുന്ന സമയത്ത് കുഞ്ഞുങ്ങൾക്ക് അൽപം ആവശ്യങ്ങളും വാശിയുമെല്ലാം സ്വാഭാവികമായും അധികരിക്കും. രാജകുമാരിയുടെ ആവശ്യം ജനാലയിലൂടെ മാനത്തേക്ക് നോക്കുമ്പോൾ കാണുന്ന ചന്ദ്രനെയായിരുന്നു. അതിനു വേണ്ട സൗകര്യങ്ങളൊരുക്കാൻ രാജാവ് ഉത്തരവിടുന്നു.

രാജകൽപനയാകയാൽ സാധ്യമോ അസാധ്യമോ എന്ന് പരി​ശോധിക്കാനും പറയാനുമുള്ള സാവകാശമില്ല, നടപ്പിലാക്കുക മാത്രമേ മാർഗമുള്ളൂ. കൊട്ടാരത്തിലെ ജ്ഞാനികൾക്ക് ചന്ദ്രന്റെ വലുപ്പത്തെയും പ്രകൃതിയെയും ദൂരത്തെയും കുറിച്ച് വ്യത്യസ്തമായ അറിവുകളും അഭിപ്രായങ്ങളുമുണ്ടായിരുന്നു, പക്ഷേ അത് എങ്ങനെ സ്വന്തമാക്കാമെന്നതിനെക്കുറിച്ച് നിശ്ചയമില്ലായിരുന്നുതാനും.

പണ്ഡിതരും നിരീക്ഷകരും മന്ത്രവാദികളുമെല്ലാം പരാജയപ്പെട്ട് തല നഷ്ടപ്പെടുത്തിയതോർത്ത് വിഷണ്ണരായി നിൽക്കവെ കൊട്ടാരം വിദൂഷകൻ രാജകുമാരിയോട് വന്ന് തിരക്കുന്നു. ചന്ദ്രൻ സ്വർണ നിർമിതമാണെന്നും മുറിയുടെ മുറ്റ​ത്തെ മരത്തിൽ കയറിയാൽ കൈകൊണ്ട് തൊടാനാകുമെന്നും തന്റെ തള്ളവിരലിനെക്കാൾ ചെറുതാണെന്നും അവളുടെ മറുപടി. പിറ്റേന്നാൾ തന്നെ അവളുടെ ആഗ്രഹത്തിനൊത്ത ‘ചന്ദ്ര​നെ’ സമ്മാനിക്കാനായി.

ചന്ദ്രനെ വീണ്ടും ആകാശത്ത് കാണുമ്പോൾ കബളിപ്പിക്കപ്പെട്ടതായി അവർക്ക് തോന്നിയാലോ എന്നതായിരുന്നു അടുത്ത വെല്ലുവിളി. ചന്ദ്രൻ രാജകുമാരിയുടെ ദൃഷ്ടിയിൽപെടാതിരിക്കാൻ കറുത്ത കണ്ണട ധരിപ്പിക്കാമെന്നും നിത്യവും വെടിക്കെട്ട് നടത്താമെന്നും കൊട്ടാര മുറ്റം കെട്ടിമറക്കാമെന്നുമെല്ലാമുള്ള ഉപായങ്ങൾ മുന്നോട്ടുവെച്ചു ജ്ഞാനികൾ. വീണ്ടും വിദൂഷകന്റെ ഊഴം വന്നു- ഇതേക്കുറിച്ച് രാജകുമാരി എന്ത് ചിന്തിക്കുന്നു എന്ന് തിരക്കാൻ അയാൾക്ക് മാത്രമേ തോന്നിയുള്ളൂ- എന്റെ കൊഴിഞ്ഞുപോയ പല്ലിനു പകരം പുതിയതൊന്ന് മുളക്കുന്നതു പോലെ, പുതിയ പൂക്കൾ വിരിയുന്നതു പോലെ പറിച്ചെടുത്ത ചന്ദ്രന് പകരം പുതിയത് മാനത്തുദിക്കുമെന്ന്!


എന്തു തീരുമാനമെടുക്കു​മ്പോഴും അതേക്കുറിച്ച് കുഞ്ഞുങ്ങൾ എന്തു ചിന്തിക്കുന്നു എന്ന് തിരക്കാനുള്ള, അവരെ എങ്ങനെ ബാധിക്കുമെന്ന് ആലോചിക്കാനുള്ള വലുപ്പമുണ്ടാവണം മുതിർന്നവർക്ക്. ആ സന്നദ്ധത മുന്നേ ഉണ്ടായിരുന്നുവെങ്കിൽ കലാപങ്ങളും യുദ്ധങ്ങളും മാത്സര്യങ്ങളുമെല്ലാം ഈ ഭൂമിഗോളത്തിൽനിന്ന് എന്നേക്കെന്നേ അകന്നുപോയേനേ.

ഓരോ കുഞ്ഞും പുഞ്ചിരി തൂകി പുതിയ ലോകത്തേക്ക് പറന്നുയരുന്ന കാലം വരണം

ഭാവിയിൽ എൻജിനീയർമാരോ കർഷകരോ ഡോക്ടർമാരോ കച്ചവടക്കാരോ സിവിൽ സർവിസുകാരോ അധ്യാപകരോ രാഷ്ട്രനേതാക്കളോ എന്തുമായിക്കൊള്ളട്ടെ...

അവർ നിർഭയരായിരിക്കണം, മനുഷ്യപ്പറ്റിന്റെ നനുപ്പും നനവുമുള്ളവരാകണം.

ഭൂമിക്കുമേൽ നമ്മളേൽപിച്ച പോറലുകളും പരിക്കുകളും സുഖപ്പെടുത്താനുള്ളവരാണവർ;

ആകാശത്തിന് നമ്മൾ വരച്ച അതിരുകൾ മാറ്റിവരക്കാനുള്ളവരാണവർ...

Tags:    
News Summary - madhyamam kudumbam nallavakku 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.