കുടുംബത്തിലേക്ക് മടങ്ങാം

കുടുംബം വ്യക്തികളാണ്; കൂട്ടവുമാണ്. വിട്ടുവീഴ്ചയും കരുതലും പഠിക്കുന്ന, പഠിപ്പിക്കുന്ന പാഠശാലയാണ് കുടുംബം. സ്നേഹംകൊണ്ട് മറ്റെല്ലാം സൃഷ്ടിച്ചെടുക്കുന്ന മാജിക്...

കേട്ട കഥയാണ്. ആരാകണം എന്നെഴുതിയ കുട്ടികളുടെ ഉത്തരക്കടലാസുകളിൽ ഒന്ന് ടീച്ചർ ഭർത്താവിനെ കാണിച്ചു. ‘‘എനിക്ക് മൊബൈൽഫോണാകണം. അപ്പോഴെങ്കിലും അച്ഛനമ്മമാർ എന്നെ നോക്കുമല്ലോ’’ എന്ന്.

‘‘വല്ലാത്ത അച്ഛനമ്മമാർ’’ എന്ന് പുച്ഛത്തോടെ പറഞ്ഞ അയാളോട് ടീച്ചർ പറഞ്ഞു: ‘‘ഈ ഉത്തരക്കടലാസ് നമ്മുടെ മോന്‍റേതാണ്.’’

നിർമിതബുദ്ധിവരെ എത്തിയ ടെക്ജ്വരത്തിന്‍റെ വരിഞ്ഞുമുറുക്കൽ അനുഭവിച്ച സമൂഹങ്ങൾ പറയുന്നു: കുടുംബത്തിലേക്ക് മടങ്ങാം.

കുടുംബം വീടല്ല. ആളുകളല്ല. അത് ബന്ധങ്ങളാണ്. സ്നേഹമാണ്. വിട്ടുവീഴ്ചയാണ്.


അമേരിക്കയിലെ ഒരു പഠനമനുസരിച്ച്, കുടുംബത്തകർച്ചയുടെ അതേ തോതിലാണ് കുറ്റകൃത്യങ്ങളും വർധിക്കുന്നത്.

മറിച്ച്, കെട്ടുറപ്പുള്ള കുടുംബം കുട്ടികളിൽ ആത്മവിശ്വാസം വളർത്തും. ചെസ് ഗ്രാൻഡ്മാസ്റ്റർമാരായ പ്രഗ്നാനന്ദയും വൈശാലിയും നേട്ടങ്ങൾക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത് ചെസ് കളിക്കാനറിയാത്ത അമ്മ നാഗലക്ഷ്മിയെയും അച്ഛൻ രമേശ് ബാബുവിനെയുമാണല്ലോ.

അടുത്തുണ്ടായിരിക്കൽ മാത്രമല്ല കുടുംബം, അപരന്‍റെ പ്രശ്നം തന്‍റെ പ്രശ്നമാണെന്ന് അറിയലുമാണ്. വീട്ടിൽ എലിക്കെണി കണ്ട ഉടനെ എലി അത് കോഴിയോടും ആടിനോടും പശുവോടുമൊക്കെ പറഞ്ഞതാണ്. ഞങ്ങളുടെ പ്രശ്നമല്ല എന്നുപറഞ്ഞ് അവർ ഒഴിഞ്ഞു.

രാത്രി കെണിയിൽ പാമ്പിന്‍റെ വാൽ കുടുങ്ങി. ചെന്നുനോക്കിയ വീട്ടുകാരിയെ പാമ്പ് കടിച്ചു. വൈദ്യർ കോഴിസൂപ്പ് വിധിച്ചു; അതിനായി കോഴിയെ അറുത്തു. രോഗിയെ സന്ദർശിക്കുന്ന അതിഥികൾക്കായി ആടിനെയും, പിന്നെ വീട്ടുകാരി മരിച്ചപ്പോൾ സംസ്കാരത്തിനെത്തിയവരെ സൽക്കരിക്കാൻ പശുവിനെയും അറുത്തു. കെണി എലിയുടെ മാത്രം പ്രശ്നമായിരുന്നില്ല..!

കുടുംബം വ്യക്തികളാണ്; കൂട്ടവുമാണ്. വിട്ടുവീഴ്ചയും കരുതലും പഠിക്കുന്ന, പഠിപ്പിക്കുന്ന പാഠശാലയാണ് കുടുംബം. സ്നേഹംകൊണ്ട് മറ്റെല്ലാം സൃഷ്ടിച്ചെടുക്കുന്ന മാജിക്.


ശ്രാവസ്തിയിൽ കൊടുംക്ഷാമം വന്നു. ഗൗതമബുദ്ധൻ ചോദിച്ചു: വിശക്കുന്നവരെ ഉൗട്ടാൻ തയാറുള്ളവർ ആരുണ്ട്?

നാട്ടിലെ സമ്പന്നനും സേനാപതിയും ഭൂവുടമയുമെല്ലാം ഒഴിഞ്ഞുമാറി: കൈവശമുള്ളത് അതിന് തികയില്ല. ദരിദ്രന്‍റെ പുത്രി എഴു​ന്നേറ്റു: ‘‘ഞാൻ ഊട്ടാം.’’

എങ്ങനെ? എല്ലാവരും അത്ഭുതപ്പെട്ടു.

‘‘നിങ്ങളുടെയൊക്കെ വീട്ടിലുണ്ട് എന്‍റെ ഭണ്ഡാരവും ധാന്യപ്പുരയും.’’

ചുറ്റുമുണ്ട് വിഭവങ്ങൾ. പങ്കിടാനുള്ള മനസ്സേ വേണ്ടൂ. ‘‘നിങ്ങളിൽ ഉത്തമൻ കുടുംബത്തെ നന്നായി നോക്കുന്നവനാണ്’’ എന്ന് പ്രവാചകൻ. കാരുണ്യത്തിന്‍റെ പരിശീലനക്കളരിയാണല്ലോ കുടുംബം.

അധ്യാപകൻ ഓരോ കുട്ടിക്കും ഓരോ ബലൂൺ കൊടുത്തു. അത് വീർപ്പിച്ച്, സ്വന്തം പേരെഴുതി നിലത്തിടണം. ബലൂണെല്ലാം ഇടകലർത്തിയ ശേഷം അദ്ദേഹം അവരോട്, അഞ്ചു മിനിറ്റുകൊണ്ട് സ്വന്തം ബലൂൺ കണ്ടെത്താൻ പറഞ്ഞു.

അവർക്ക് കഴിഞ്ഞില്ല. അധ്യാപകൻ പറഞ്ഞു: ഇനി, സ്വന്തം ബലൂൺ തിരയാതെ, ഓരോരുത്തരും ആദ്യം കാണുന്ന ബലൂണെടുത്ത് അതിന്‍റെ ഉടമക്ക് കൊടുക്കുക.

എന്തെളുപ്പം! ആ ബലൂൺപോലെയാണ് സന്തോഷം. അന്യന്‍റേത് ഉറപ്പുവരുത്തിയാൽ നമുക്കും കിട്ടും.

പരിഹാരങ്ങൾക്കായി ​സെർച്ച് ചെയ്ത് നമ്മുടെ കൈ മൊബൈൽഫോണിനെ പൊതിഞ്ഞിരിക്കുകയാണോ? വേണ്ട. റൂമി പണ്ടേ പറഞ്ഞു: ‘‘നിങ്ങളുടെ കൈ പിടിക്കണമെന്നുണ്ടെങ്കിൽ നിങ്ങൾ അതൊന്ന് തുറന്നുവെക്കൂ.’’





Tags:    
News Summary - Let's go back to the family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.