ഏറ്റവും നല്ല അധ്യാപകൻ പഠിപ്പിക്കുന്നത് ഹൃദയത്തിൽനിന്നായിരിക്കും’’ -സമൂഹം ഏറെ ആദരവും കടപ്പാടും നൽകുന്ന അധ്യാപികജോലികിട്ടിയ ആ അഞ്ചു പെൺമക്കളോടും പിതാവും മാതാവും നൽകിയ വലിയ ഉപദേശം ഇതായിരുന്നു. മാജിദ, നാജിഹ, വാജിദ, നജ്മ, സാജിദ എന്നീ മക്കളെ പൊതുവിദ്യാലയത്തിൽ അധ്യാപികമാരാക്കാനായതിന്റെ ചാരിതാർഥ്യത്തിലാണ് റിട്ട. അധ്യാപകനായ അബ്ദുൽ മജീദും പത്നി ജമീലയും ഇക്കഴിഞ്ഞ ബലിപെരുന്നാൾ ആഘോഷമാക്കിയത്. മലപ്പുറം ജില്ലയിലെ കരുളായി കിണറ്റിങ്ങൽ സ്വദേശിയായ പുളിക്കൽ അബ്ദുൽ മജീദിന്റെ വീടിനത് അഞ്ചിരട്ടി മധുരമായിരുന്നു.

എടക്കര ഗവ. ഹൈസ്കൂളിലാണ് മൂത്തമകൾ മാജിദ ജോലി ചെയ്യുന്നത്. രണ്ടാമത്തെ മകൾ നാജിഹ ചുങ്കത്തറ ഗവ. എൽ.പി സ്കൂളിലും മൂന്നാമത്തെ മകൾ വാജിദ നിലമ്പൂർ മാങ്കുത്ത് ഗവ.എൽ.പി സ്കൂളിലും നാലാമത്തെ മകൾ നജ്മ കാരപ്പുറം ചോളമുണ്ട ഗവ. എൽ.പി സ്കൂളിലും അഞ്ചാമത്തെ മകൾ സാജിദ മുണ്ടേരി ഗവ. ഹൈസ്കൂളിലുമാണ്. പെരുന്നാൾ പിറ്റേന്നാണ് നജ്മ അധ്യാപികയായി ഒപ്പുചാർത്തിയത്.

വിശപ്പെന്ന കഠിനപാഠം - അബ്ദുൽ മജീദ് (റിട്ട. അധ്യാപകൻ)


റിട്ട. അധ്യാപകൻ അബ്ദുൽ മജീദും ഭാര്യ ജമീലയും


ചെറുപ്പത്തിൽതന്നെ പിതാവ് മരണപ്പെട്ട് ദാരി​ദ്യത്തിന്റെ പടുകുഴിലായിരുന്നു ഞാനും സഹോദരങ്ങളും മാതാവും. പഠനത്തിൽ ഏറെ പിന്നിൽനിന്ന എന്നെയും ഒരു​ ​സഹോദരനെയും വി​ശപ്പിൽനിന്നും കരകയറ്റാനായി ഉമ്മ കോഴിക്കോട് ജില്ലയിലെ മുക്കം അനാഥശാലയിൽ കൊണ്ടാക്കി. ഉമ്മയെ അടുത്തുകാണാത്തതിൽ തുടക്കത്തിൽ വലിയ സങ്കടത്തിലായിരുന്നു. പിന്നീട് അരച്ചാൺ വയർ നിറക്കാനായതോടെ പതിയെ എല്ലാം നേരെയായി തുടങ്ങി. പഠിക്കാനുള്ള മോഹം എന്നിൽ പൂവണിഞ്ഞു.

മുക്കം അനാഥശാലയും അതിന് നേതൃത്വം നൽകിയ വയലിൽ മൊയ്തുഹാജിയെയും എല്ലാ കാലവും മനസ്സിൽനിന്ന് മായാതെ കിടപ്പുണ്ട്. 1985ൽ ഞാൻ മുക്കം ഓർഫനേജിൽ നിന്നും ടി.ടി.സി വിജയിച്ചു. പിന്നീട് 1985ൽ വണ്ടൂർ ഒ.എ.എൽ.പി സ്കൂളിൽ അധ്യാപകനായി ജോലി ചെയ്തു. 1993ൽ പി.എസ്.സി വഴി വയനാട് ബി.ആർ.സി ട്രെയിനറായി സേവനമനുഷ്ഠിച്ചു. 2000 മുതൽ റിട്ടയർ വരെ സ്വന്തം നാട്ടിലെ പുള്ളിയിൽ ജി.യു.പി സ്കൂളിൽ ​ആയിരുന്നു. സ്വന്തം മക്കളെയും പഠിപ്പിക്കാനായി. ഒറ്റക്ക് ചിന്തിക്കാനും ബോധ്യപ്പെടാനും വിദ്യാർഥികളെ പ്രാപ്തരാക്കുന്നവരാണ് നല്ല അധ്യാപകർ. പഠിതാക്കൾക്ക് കൂടുതൽ കൂടുതൽ പുതിയ ചോദ്യങ്ങൾ ഉന്നയിക്കാൻ പ്രേരണയാകുന്നവരും വഴികാട്ടിയുമാകുന്ന തിളക്കമേറിയ നക്ഷത്രമാണ് അധ്യാപകർ എന്നാണ് സർവിസിൽ നിന്ന് പഠിച്ച വലിയ പാഠമെന്നാണ് അബ്ദുൽ മജീദ് അനുഭവ സാക്ഷ്യമായി പറയുന്നു.


അവർ എനിക്ക് അനുഗ്രഹം -ജമീല


അഞ്ചും പെൺമക്കളായത് മറ്റുള്ളവർ വിഷമത്തോടെ പറയുമ്പോഴും എനിക്ക് അനുഗ്രഹമായാണ് അനുഭവപ്പെട്ടത്. അവരെ വളർത്തി നല്ല നിലയിലെത്തിക്കാനുള്ള കഴിവ് ഞങ്ങൾക്കുള്ളതുകൊണ്ടാണ് അല്ലാഹു അഞ്ചുപേരെയും ഞങ്ങൾക്ക് തന്നതെന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. ഒരാൺതരി പോലുമില്ലെന്ന പറച്ചിലുകാരാണ് യഥാർഥത്തിൽ മക്കളെ ഈ നിലയിൽ എത്തിക്കാൻ എന്നിൽ കൂടുതൽ ആവേശം ജനിപ്പിച്ചത്. മക്കളുടെ കൂടെ നിൽക്കാൻ എനിക്ക് കഴിഞ്ഞു. വിവാഹം കഴിഞ്ഞും പഠനം തുടർന്നപ്പോഴും കൊച്ചുമക്കളെ നോക്കിയും ഒപ്പം ചേർത്തുനിർത്തി. മക്കൾക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തി വേണമെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. എല്ലാവർക്കും ജോലിയായതിൽ അതിയായി സന്തോഷിക്കുന്നു. സർവശക്തനായ അല്ലാഹുവിനെ സ്തുതിക്കുന്നു.


പാഷനും കഴിവും തിരിച്ചറിയുക -മാജിദ


മാജിദ


ഉപ്പയുടെ കൂടെ സ്കൂളിൽ പോയിരുന്ന കാലം മുതൽ അധ്യാപനം ഹൃദയത്തിൽ കയറിക്കൂടിയിരുന്നു. പിന്നീട് അതൊരു പാഷനായി. എനിക്കതിൽ കഴിവുണ്ടെന്ന ബോധ്യവും മാതാപിതാക്കളുടെ പ്രോത്സാഹനം കൂടി ആയപ്പോൾ മറിച്ചൊന്നും ചിന്തിക്കേണ്ടി വന്നില്ല. ഇപ്പോൾ ജോലി ചെയ്യുമ്പോൾ ജീവനുള്ള ഉപകരണങ്ങളെ തുടച്ചുമിനുക്കി തിളക്കം വരുത്തുന്ന മനോഹരമായ ഒരുകലയായിട്ടാണ് അനുഭവപ്പെടുന്നത്. ടി.ടി.സിക്കുശേഷം ഇംഗ്ലീഷിൽ എം.എയും ബി.എഡും പഠിച്ചു. ഹൈസ്കൂൾ അധ്യാപികയാവാനുള്ള പ്രയത്നത്തിലാണ്.

അനിയത്തിമാരെ അപേക്ഷിച്ച് ഞാൻ കുറച്ചു വൈകിയാണ് ജോലിയിൽ കയറിയത്. അതിനു കാരണം അപ്പോഴത്തെ എന്റെ സന്തോഷം ഒരു ജോലിയെക്കാളേറെ ഇനിയും പഠിക്കുക എന്നതായിരുന്നു.

ഞാൻ എന്റെ വഴിയിലൂടെ മുന്നോട്ടു പോയി. പലരും അനിയത്തിമാരൊക്കെ കയറിയല്ലോ എന്ന് പറഞ്ഞപ്പോഴും ഞാൻ ആഗ്രഹിച്ച പോലെ പഠിക്കാൻ കഴിഞ്ഞല്ലോ എന്ന സന്തോഷത്തിലായിരുന്നു. അതിനു കുടുംബം കൂടെ നിന്നപ്പോൾ എളുപ്പമായി. ജീവിതത്തിലെ ഏതു പ്രതിസന്ധിയും പുഞ്ചിരിയോടെ നേരിടുന്ന ഉപ്പയും, ഇതൊക്കെ നിസ്സാരമെന്ന ഭാവത്തോടെ കൈകാര്യം ചെയ്യുന്ന ഉമ്മയും ഞങ്ങളുടെ ഭാഗ്യം തന്നെയാണ്.

അഞ്ചു പെൺകുട്ടികൾ എന്ന ആശങ്ക പ്രകടിപ്പിക്കുന്ന പലരെയും ഞങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ, അത് സന്തോഷത്തോടെയും അഭിമാനത്തോടെയും പറയുന്ന ഉപ്പയെയും ഉമ്മയേയും മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. ചെമ്പൻകൊല്ലി സെന്‍റ് പോൾസ് എൽ.പി സ്കൂളിൽ അധ്യാപകനായ ഭർത്താവ് നൗഷാദും മക്കളായ റെന ഹാഷ്മിയും ഹഷ്ബിൻ ഉമറും ലഷ് വിൻ ഉമറും കട്ടക്ക് കൂടെ നിന്നപ്പോൾ എല്ലാം എളുപ്പമായി.

കവിത എഴുത്താണ് മറ്റൊരു ഇഷ്ടമേഖല. ‘പെണ്ണ്’ എന്ന കവിതക്ക് കോഴിക്കോട് സദ്ഭാവന ബുക്സ് നൽകുന്ന മാമ്പഴം പ്രതിഭാ പുരസ്കാരത്തിന് 2022ൽ അർഹയായിരുന്നു.

ജോലിക്കായി കാത്തിരിക്കുന്നവരോട് പറയാനുള്ളത് നിങ്ങളുടെ പാഷനും കഴിവും എവിടെയെന്നു തിരിച്ചറിയുക. ആ സ്വപ്നം വലുതോ ചെറുതോ ആവട്ടെ, ലക്ഷ്യബോധത്തോടെ മുന്നോട്ടു പോവുക. കാലിടറിയേക്കാം. പരാജയപ്പെട്ടേക്കാം. പരിഹാസങ്ങളേൽക്കേണ്ടി വന്നേക്കാം...തളർന്നുപോവരുത്. പോരാടുക... തീർച്ചയായും നിങ്ങളുടെ സന്തോഷത്തിലേക്ക് എത്തിച്ചേരുക തന്നെ ചെയ്യും. നിങ്ങൾക്കായി നിങ്ങളുടെ ദിവസം കാത്തിരിക്കുന്നു.

അവരുടെ പാത ജീവിതത്തിൽ വെളിച്ചമേകി -വാജിദ


വാജിദ


ഉപ്പ തെളിച്ച വഴിയിലൂടെ സഞ്ചരിച്ച ഇത്താത്തമാരുടെ പാത ഞാനും പിന്തുടർന്നു. ജീവിതത്തിൽ വെളിച്ചമേകാൻ അത് ഉപകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ഭർത്താവ് സലീം കല്ലുങ്ങൽ അബൂദബി അഡ്നോക്ക് പെട്രോളിയം കമ്പനിയില്‍ അസിസ്റ്റന്റ് മാനേജർ അണ്. രണ്ടാം ക്ലാസ് വിദ്യാർഥിനി ആയിഷ ലൈബയാണ് മകൾ. പഠന കാര്യത്തില്‍ ഭര്‍ത്താവും നല്ല സപ്പോര്‍ട്ടാണ്. ഞാൻ ഇപ്പോൾ ഇംഗ്ലീഷിൽ ബിരുദം കഴിഞ്ഞു. പിജി ചെയ്തു. സഹോദരിമാർ എല്ലാവരും ഒത്തുചേരുമ്പോൾ പാചകം എന്നെ ഏൽപിക്കാറാണ്​ പതിവ്. അതിന് അവർ ‘പാചക റാണി’ എന്ന പട്ടവും ചാർത്തി തന്നിട്ടുണ്ട്.


പ്രതീക്ഷിച്ചതിലും കൂടുതൽ ഇപ്പോൾ അനുഭവിച്ചറിയുന്നു -സാജിദ


സാജിദ


ഞാൻ ജീവിതത്തിൽ കണ്ട ആദ്യ ഹീറോ ഉപ്പ തന്നെ. അക്കാരണത്താൽ ഉപ്പയോടുള്ള സ്നേഹവും ബഹുമാനവും ഉപ്പ ചെയ്യുന്ന ജോലിയോടും ഉണ്ടായിരുന്നു. ഞങ്ങളെ പഠിപ്പിച്ചു ടീച്ചർ ആക്കണമെന്ന ആഗ്രഹം, ഉമ്മയുടെ പൂർണ പിന്തുണയും ഉണ്ടായപ്പോൾ കൂടുതൽ എളുപ്പത്തിൽ ലക്ഷ്യത്തിലെത്താൻ സാധിച്ചു. ഇത്താത്തമാർ ആയിരുന്നു വഴികാട്ടികൾ.

അധ്യാപനം എന്ന ജോലിയിൽ പ്രതീക്ഷിച്ചതിലും കൂടുതൽ ഇപ്പോൾ അനുഭവിച്ചറിയുന്നു. സമൂഹത്തിലെ വ്യത്യസ്തമാർന്ന ജീവിത ശൈലിയിൽനിന്നും നമുക്കുമുന്നിൽ എത്തുന്ന ഓരോ വിദ്യാർഥിയും ഓരോ ജീവിത പാഠങ്ങളാണ്. പല ജീവിത സാഹചര്യത്തിൽനിന്നും എന്റെ മുന്നിൽ എത്തുന്ന കുട്ടികളെ ഒന്നായി കാണാനും അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞു പിന്തുണ നൽകി മുൻനിരയിലേക്ക് കൊണ്ടുവരാനും ഒരു മെന്റർ എന്ന നിലയിൽ ഞാൻ ശ്രമിക്കുന്നു. ഒരു സർക്കാർ സ്കൂളിൽ ജോലിചെയ്യുക എന്നത് എന്നെക്കാൾ കൂടുതൽ ഉമ്മയുടെ ആഗ്രഹമായിരുന്നു. ഉമ്മ അത്രത്തോളം പഠനകാര്യത്തിൽ സപ്പോർട്ട് തന്നിട്ടുണ്ട്. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ച ശേഷമായിരുന്നു വിവാഹം. ഞാൻ ജോലിചെയ്യുന്ന അതേ സ്കൂളിൽ ഓഫിസ് സ്റ്റാഫ് ആയ ഭർത്താവ് മുഹമ്മദ്‌ ഷമീറിന്‍റെ പിന്തുണയും കരുത്തായി. നാലു മാസം പ്രായമായ മകനുണ്ട്. അദീം അർഷാൻ. അവന്‍റെ ഉമ്മയെന്ന അധ്യാപനവും പഠിക്കുന്ന തിരിക്കിലാണിപ്പോൾ. 2018ലാണ് ബി.എഡ് കഴിഞ്ഞത്.


നമ്മുടെ കഴിവുകൾ പ്രയോഗിക്കാൻ പറ്റിയ പ്ലാറ്റ്ഫോമുകൾ കണ്ടെത്തുക -നജ്മ

നജ്മ

വലിയ കണ്ണാടിയുടെ മുന്നിൽ ഒരു ടീച്ചറെ പോലെ ക്ലാസെടുത്തും കഥകൾ പറഞ്ഞും കവിതകൾ ചൊല്ലിയും ഹോം വർക്ക് കൊടുത്തും പല വേഷങ്ങളിൽ മുഴുകിയൊരു കുട്ടിക്കാലമുണ്ടായിരുന്നു എനിക്കും. അന്നതെല്ലാം എനിക്ക് ഒരു കളിയായിരുന്നു. എന്നാൽ, ആ കളി കാര്യമായി എന്റെ കൂടെ വളർന്നിരുന്നു. എന്റെ അധ്യാപനവൃത്തിക്ക് എന്നും റോൾ മോഡൽ ആകാൻ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്കൂളിൽ പഠിക്കുമ്പോൾ എല്ലാ കുട്ടികൾക്കും പ്രിയങ്കരൻ ആയ, എന്റെയും പ്രിയങ്കരനായ അധ്യാപകൻ. എന്റെ ഉപ്പ.

കല, പ്രവൃത്തിപരിചയ, ശാസ്ത്രമേളകളിൽ കഴിവുകൾ തെളിയിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ടെങ്കിലും മറ്റുള്ളവരോട് സംസാരിക്കാനും ഇടപഴകാനുമുള്ള മടി തിരിച്ചടി ആകുമോ എന്ന് ഭയന്നിരുന്നു. എന്നാൽ, ടീച്ചർ ട്രെയിനിങ് കോഴ്സ് കഴിഞ്ഞതോടെ ആത്മവിശ്വാസവും കഴിവുകളും വർധിച്ചു. അന്ന് ലഭിച്ച ആത്മവിശ്വാസമാണ് കൂടുതൽ സ്വപ്നം കാണാനും അധ്യാപികയിൽ എത്തിച്ചേരാനും സഹായിച്ചത്. അതിനായി എന്നെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തത് ഉപ്പയും ഉമ്മയും ആണ്. ചിത്രം വരയിൽ താത്പര്യമുള്ള എനിക്ക് േപ്രാത്സാഹനം നൽകിയത് സഹോദരിമാരായിരുന്നു.

സി.ആർ.പി.എഫിൽ ഡൽഹിയിൽ ജോലിചെയ്യുന്ന ഭർത്താവ് ജുൽബാർ അഹമ്മദിന്‍റെ പിന്തുണയും കരുത്തായി. ജോലിത്തിരക്ക് കാരണം എപ്പോഴും കൂടെയില്ലെങ്കിലും മനസ്സുകൊണ്ടും പ്രാർഥന കൊണ്ടും സപ്പോർട്ട് കൊണ്ടും എപ്പോഴും ഒപ്പം തന്നെയായിരുന്നു. പിന്നെ മകൾ ആലിയയുടെ ‘കണ്ണുവെട്ടിച്ചാ’യിരുന്നു പി.എസ്.സിക്കായി തയാറെടുത്തത്. ചെറിയ കുട്ടി ആയതിനാൽ എപ്പോഴും ഞാൻ കൂടെതന്നെ വേണമായിരുന്നു. വീട്ടു ജോലിക്കൊപ്പം അവളെ ഉറക്കിയും കളിക്കാൻ ഇരുത്തിയും ആയിരുന്നു പഠനം. കൂടെ ഉള്ളവരുടെ പ്രാർഥനയും ദൈവത്തിന്റെ അനുഗ്രഹവും ഭാഗ്യവും എല്ലാം ഒത്തുചേർന്നപ്പോൾ എന്റെ സ്വപ്നവും പൂവണിഞ്ഞു.

നമുക്കറിയാം നമ്മുടെ കഴിവുകൾ എന്താണെന്ന്. അവ ഉപയോഗിക്കാൻ പറ്റിയ പ്ലാറ്റ്ഫോമുകൾ നമ്മൾ കണ്ടെത്തുക. എങ്കിലേ മനസ്സറിഞ്ഞു സന്തോഷത്തോടെ അതിൽ മുന്നേറുവാനും മുന്നിൽ നേരിടേണ്ടി വരുന്ന പ്രയാസങ്ങളെയും പ്രതിബന്ധങ്ങളെയും തരണം ചെയ്തു വിജയം കൈവരിക്കുവാനും സാധിക്കുകയുള്ളൂ.


പൊലീസിൽനിന്ന് അധ്യാപികയിലേക്ക് -നാജിഹ

നാജിഹ


സുബ്ഹി നമസ്കരിച്ച് അടുക്കളയിൽ എത്തി അഞ്ചു മക്കൾക്കും ഉപ്പാക്കും സ്കൂളിലേക്ക് കൊണ്ടുപോകേണ്ട ഭക്ഷണവും പ്രാതലും അതിവേഗത്തിൽ തയാറാക്കി തന്ന ഉമ്മയാണ് ഞങ്ങൾക്ക് എല്ലാമെല്ലാം. ചെറുപ്പം മുതലേ കല്യാണങ്ങൾക്കും പുറത്തും പോകുമ്പോൾ അധ്യാപകനായ ഉപ്പാന്റെ അടു​ത്തേക്ക് പൂർവ വിദ്യാർഥികൾ സ്നേഹത്തോടെ അരികിലെത്തി വിശേഷങ്ങൾ ചോദിച്ചറിയുന്നത് കാണുമ്പോൾ വല്ലാത്ത സന്തോഷമായിരുന്നു. സമൂഹം ഇത്രമേൽ ആദരം കൽപിക്കുന്ന അധ്യാപനത്തിലേക്ക് ഞാനും ആകർഷിക്കപ്പെടുകയായിരുന്നു.

ഔദ്യോഗിക ജീവിതം തുടങ്ങിയത് വുമൺ പൊലീസ് കോൺസ്റ്റബിൾ ആയിട്ടായിരുന്നെങ്കിലും പിന്നീട് ഇഷ്ട മേഖലയായ അധ്യാപികയായി മാറി. ചുങ്കത്തറ എം.പി.എം ഹയർ സെക്കൻഡറി സ്കൂളിൽ ക്ലർക്ക് ആയ ഭർത്താവ് മിസ്ഹബിന്റെ പിന്തുണയിലാണ് ഇത്രയും എത്തിച്ചേരാനായത്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് ഇഷാനും ഒരുവയസ്സുള്ള ഐഷിൻ അമാനുമാണ് മക്കൾ. ഒരുവർഷം ഡെയിലി വേജ് ടീച്ചർ ആയി എരഞ്ഞിമങ്ങാട് ഗവ. യു.പി സ്കൂളിൽ പ്രവർത്തിച്ചു. അവിടെ നിന്നാണ് ഒരു സർക്കാർ ജോലി എന്ന മോഹം മനസ്സിൽ ചേക്കേറിയതും പി.എസ്.സി കോച്ചിങ്ങിന് പോയതും. വീട്ടുകാരും നല്ല സപ്പോർട്ട് ആയിരുന്നു. രണ്ടുവർഷത്തോളം പൊലീസിൽ ജോലി ചെയ്തു. 2019 ജൂണിലാണ് വീണ്ടും ടീച്ചർ കുപ്പായമിട്ടത്.

Tags:    
News Summary - All daughters are teachers, successful journey of Majeed master

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.