ഉണ്ണി മേനോൻ. ചിത്രങ്ങൾ: നജു വയനാട്

‘മലയാളത്തിൽ പുരസ്കാരം കിട്ടിയിട്ടില്ല. അതിൽ ദുഃഖമൊന്നുമില്ല’ -ഉണ്ണി മേനോൻ

വിഷാദച്ഛായയുള്ള ആ പ്രണയാർദ്ര ശബ്​ദം ഒരു വട്ടമെങ്കി​ലും മനസ്സിലേറ്റാത്തവർ ഉണ്ടാകില്ല. ജീവി​തത്തി​ന്റെ ഏതെങ്കി​ലും ഇരുൾമൂടി​യ ഘട്ടത്തി​ൽ ഉള്ളി​ൽനി​ന്നും മി​ടി​ച്ചുയരും ആ ഗാനങ്ങൾ. മലയാളികളുടെ ഹൃദയത്തിലിടം പിടിച്ച ഉണ്ണി മേനോൻ എന്ന ഗായകപ്രതിഭയുടെ സംഗീതജീവിതത്തിന് 42 വർഷങ്ങൾ തികയുന്നു.


പൊന്നോണപ്പുലരി പടിവാതിൽക്കലെത്തുമ്പോൾ അദ്ദേഹം തന്റെ പ്രിയ ഗാനങ്ങളിലൊന്നായ 'തിരുവാവണിരാവിനെ’പ്പറ്റിയും മറ്റ് ഇഷ്ടഗാനങ്ങളെപ്പറ്റിയും ‘കുടുംബം’ വായനക്കാരോട് സംസാരിക്കുന്നു. ​ഒപ്പം അപ്രതീക്ഷിതമായി സംഗീതം ജീവിതവഴിയായി തിരഞ്ഞെടുക്കാനിടയാക്കിയ ട്വിസ്റ്റുകളെപ്പറ്റിയും.


ഓർമയിലിന്നും തിരുവാവണിരാവ്

ഞാൻ പാടിയ 'തിരുവാവണിരാവ്...’ എന്ന ഓണപ്പാട്ട് എനിക്ക് പ്രിയപ്പെട്ടതാണ്. സമീപകാലത്ത് സൂപ്പർഹിറ്റായ ആ പാട്ട് എന്നെത്തേടിയെത്തിയത് അപ്രതീക്ഷിതമായിരുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'ജേക്കബിന്റെ സ്വർഗരാജ്യം' എന്ന സിനിമയിലാണ് ആ ഗാനരംഗമുള്ളത്. ഗൾഫിൽ നടക്കുന്ന കഥയാണ്. ഓണാഘോഷവും ഗൾഫിൽതന്നെ. ഓണത്തിന്റെ ഗൃഹാതുര അനുഭവങ്ങളും പുതിയ തലമുറയുടെ ഓണസങ്കൽപങ്ങളും സംയോജിപ്പിച്ചുള്ള ഒരു ട്രീറ്റ്മെന്റാണ് വിനീത് ഉദ്ദേശിച്ചത്.


റെക്കോഡിങ്​ അമേരിക്കയിൽ

എന്റെ തമിഴ് ഗാനങ്ങളുടെ ആരാധകനാണെന്ന് വിനീത് ശ്രീനിവാസ​ൻ പല വേദിയിലും പറഞ്ഞുകേട്ടിട്ടുണ്ട്. തനിക്കിഷ്ടപ്പെട്ട ഒരു തമിഴ്ഗാനത്തിന്റെ ശൈലിയിൽ ആ പാട്ട് പാടണമെന്നാണ് വിനീതിന്റെ ആവശ്യം. ആ ഫോൺ വരുമ്പോൾ ഞാൻ ഒരു ഷോയുമായി ബന്ധപ്പെട്ട് യു.എസിലെ ഡാളസിലാണ്. തിരികെ വന്നിട്ട് റെക്കോഡ് ചെയ്തതാൽ പോരേ എന്ന് ഞാൻ ചോദിച്ചു. വിനീത് സമ്മതിക്കുന്നില്ല. സമയമില്ല, അവിടെനിന്ന് റെക്കോഡ് ചെയ്ത് അയച്ചാൽ മതി എന്നു പറഞ്ഞു. ഞാൻ അവിടെ ഒരു ഇടുങ്ങിയ റെക്കോഡിങ്​ സ്റ്റുഡിയോയിൽ പോയി പാട്ട് റെക്കോഡ് ചെയ്ത് അയച്ചുകൊടുത്തു. വിദേശത്തുവെച്ച് റെക്കോഡ് ചെയ്യപ്പെടുന്ന എ​ന്റെ ആദ്യ പാട്ടാണത്. സിനിമക്ക് വേണ്ടി പാടുന്ന ആദ്യ ഓണപ്പാട്ടും. പല ഘടകങ്ങളും അനുയോജ്യമായതുകൊണ്ടാണ് ആ പാട്ട് ഹിറ്റായത്.

പുതുമയും പഴമയും നിറഞ്ഞ ഫ്യൂഷൻ

വരികളുടെ പ്രത്യേകതയും പുതിയ തലമുറയെ മുന്നിൽ കണ്ടുള്ള ചിത്രീകരണവുമായിരുന്നു ആ പാട്ടിന്​. പുതുമയുടെയും പഴമയുടെയും ഒരു ഫ്യൂഷൻ. എല്ലാം മികച്ചത്​. ഏതു കാലത്തും ഓർമിക്കപ്പെടുന്ന ഒരു പാട്ട്​. ഓണം ഉള്ളിടത്തോളം കാലം എന്നെയും ഓർക്കും. നിരവധി ഓണപ്പാട്ടുകൾ കാസറ്റുകൾക്കും ആൽബങ്ങൾക്കും വേണ്ടി പാടിയിട്ടുണ്ട്. യൂസഫലി കേച്ചേരി രചിച്ച് ബോംബെ രവി സംഗീതം നൽകിയ 'ചുണ്ടത്ത് തേനുള്ള പ്രേമക്കിനാവിന്‍റെ’ എന്നു തുടങ്ങുന്ന ഗാനം പ്രിയപ്പെട്ട ഒന്നാണ്.


ഗായകനാവാൻ ആഗ്രഹിച്ചിരുന്നില്ല

പാലക്കാട് കോളജിൽ പഠിക്കുമ്പോൾ സംഗീത മത്സരങ്ങളിൽ പ​ങ്കെടുക്കുകയും സമ്മാനങ്ങൾ വാങ്ങുകയും ചെയ്തിട്ടുണ്ട്. അതിനപ്പുറം സംഗീതം ശാസ്ത്രീയമായി പഠിക്കണ​മെന്ന മോഹം ഉണ്ടായിരുന്നില്ല. വീട്ടിൽ അനുവദിക്കുമായിരുന്നുമില്ല. പാട്ടുപാടുക, ഫുട്ബാൾ കളിക്കുക എന്നിവയിലാണ് താൽപര്യം. പഠിക്കാൻ വലിയ താൽപര്യമില്ല. അന്നും ഇന്നും ഫുട്ബാൾ കളിക്കും. ചേട്ടൻ പത്മനാഭനും നല്ല ഫുട്ബാളറാണ്​.

പഠനം കഴിഞ്ഞ് ചെന്നൈയിൽ ഹെവി വെഹിക്കിൾസ് ഫാക്ടറിയിൽ ഉദ്യോഗസ്ഥനായി. ബോറടിപ്പിക്കുന്ന ജോലി. പാറ്റൺ ടാങ്കും മറ്റ് യന്ത്രങ്ങളും ഉണ്ടാക്കുന്ന ഫാക്ടറിയാണ്. എനിക്ക് പൊരുത്തപ്പെടാൻ ആവുമായിരുന്നില്ല. അതിൽനിന്ന് രക്ഷപ്പെടാനായാണ് സമീപമുള്ള സ്റ്റുഡിയോകളിൽ റെക്കോഡിങ്​ കാണാൻ പോയിത്തുടങ്ങിയത്. ചിലപ്പോൾ അവധിയെടുത്തും എടുക്കാതെയും മുങ്ങും. അതിന്റെ പേരിൽ ഷോകോസ് നോട്ടീസൊക്കെ കിട്ടിയിട്ടുണ്ട്.

നിരവധി ഗായകരുമായി അടുപ്പമുണ്ടായി. അവരാണ് ചിദംബരനാഥ് എന്ന സംഗീത സംവിധായകനെ പരിചയപ്പെടുത്തിയത്. അദ്ദേഹം പാടാൻ പറഞ്ഞു. അതിനൊന്നും ഞാൻ ആയിട്ടില്ല എന്ന് പറഞ്ഞപ്പോൾ അദ്ദേഹം താൻ പാട്ടു പഠിപ്പിച്ചുതരാമെന്ന് പറഞ്ഞു. അങ്ങനെ ശാരദ സ്റ്റുഡിയോയിൽ പോയി പാടി. അദ്ദേഹം സംഗീതസംവിധാനം നിർവഹിച്ച 'അമുദും തേനും' എന്ന ചിത്രത്തി​ലെ പാട്ടാണ്. അത് സ്ക്രീനിൽ പാടിക്കേട്ടപ്പോൾ തരക്കേടില്ലല്ലോ എന്ന് എനിക്കും തോന്നി. അതിനുശേഷം പല ഭാഗത്തുനിന്നും എന്നെ റെക്കോഡിങ്ങിനു വിളിക്കാൻ തുടങ്ങി. ട്രാക്ക് പാടാൻ അവസരം കിട്ടി. അങ്ങനെ ദാസേട്ടനു​വേണ്ടി നിരവധി തവണ ട്രാക്ക് പാടിയിട്ടുണ്ട്.

യേശുദാസും ഗുരു

ചിദംബരനാഥ് സാറാണ് ശാസ്ത്രീയ സംഗീതത്തിലേക്കുള്ള വഴി തുറന്നത്. ഡോ. എസ്. രാമനാഥനടക്കം മറ്റു ഗുരുക്കൻമാരുടെ കീഴിലും പഠിച്ചിട്ടുണ്ട്. ദാസേട്ടനും ഗുരുവായിരുന്നു. രണ്ടുമൂന്നു തവണ ദാസേട്ടന്റെ വീട്ടിൽവെച്ച് അദ്ദേഹം സംഗീതം അഭ്യസിപ്പിച്ചിട്ടുണ്ട്.

'ശ്രുതിയിൽനിന്നുയരും...', 'മഞ്ഞേ വാ മധുവിധുവേള' തുടങ്ങി അക്കാലത്തിറങ്ങിയ ശ്യാംസാറിന്റെ പല പാട്ടുകളും ഞാൻ ട്രാക്ക് പാടിയതാണ്. ‘കടത്ത്’ എന്ന സിനിമയിലെ ‘ഓളങ്ങൾ താളം തല്ലുമ്പോൾ’ എന്ന പാട്ട് അദ്ദേഹം എനിക്ക് തന്നു. അവസരം അങ്ങോട്ടുപോയി ചോദിക്കുക എന്ന രീതി എനിക്കില്ല. എന്തുകൊണ്ടോ ഞാൻ അതിൽനിന്നൊക്കെ ഒഴിഞ്ഞുനിന്നു.

1984ൽ ​ഐ.വി. ശശി സംവിധാനം ചെയ്ത 'അക്ഷരങ്ങൾ' എന്ന സിനിമയിലെ ഗാനങ്ങൾ രചിച്ചത് ഒ.എൻ.വി സാറാണ്. മനോഹരമായ വരികൾ. ആ പാട്ടുകൾക്ക് ട്രാക്ക് പാടിയത് ഞാനാണ്. ശ്യാം സാറായിരുന്നു സംഗീതസംവിധാനം. ആ പാട്ടുകൾ നിന്റെ ക്രെഡിറ്റിൽ തരണമെന്ന് ഐ.വി. ശശിയോട് ചോദിക്കാൻ അദ്ദേഹമെന്നോട് പറഞ്ഞു.

ഞാൻ മടിച്ചുനിന്നു. അദ്ദേഹത്തിന്റെ നിർബന്ധംമൂലം ഞാൻ ആദ്യമായി ഒരു സംവിധായകനെ കണ്ട് ഒരുകാര്യം ആവശ്യപ്പെടുകയാണ്. അപ്പോൾ ഐ.വി. ശശി സാർ പറഞ്ഞു. അത് യേശുദാസി​നുവേണ്ടി കമ്മിറ്റ് ചെയ്ത പാട്ടുകളാണല്ലോ. ഞാൻ തിരികെപ്പോയി. ശ്യാം സാർ എന്തായി എന്നു ചോദിച്ചു. ശരിയായില്ലെന്ന് ഞാൻ പറഞ്ഞു. അപ്പോൾ അദ്ദേഹം ഞാൻ നോക്കട്ടെ എന്ന് പറഞ്ഞു. ദാസേട്ടന് അന്ന് വലിയ തിരക്കാണ്.

ഒരുദിവസം തന്നെ പത്തും പതിനഞ്ചും റെക്കോഡിങ്ങുകൾ. ഏതായാലും ഐ.വി. ശശി സാർ തീരുമാനം മാറ്റി. 'തൊ​ഴുതു മടങ്ങും സന്ധ്യയുമേതോ...' എന്ന പാട്ട് എനിക്ക് തന്നു. ആ പാട്ട് വീണ്ടും പാടാമെന്ന് ഞാൻ പറഞ്ഞു. വേണ്ട ട്രാക്ക് പാടിയത് നന്നായിട്ടുണ്ട്. അതുതന്നെ എടുക്കുമെന്ന് ഐ.വി. ശശി സാർ പറഞ്ഞു. ആ പാട്ട് എനിക്ക് കിട്ടിയത് ഭാഗ്യമാണ്. മലയാളത്തിലെ എക്കാലത്തെയും പ്രിയഗാനങ്ങളിലൊന്നായി അത് നിലകൊള്ളുകയാണ്.


ബ്രേക്ക് നൽകി ‘പുതുവെള്ളൈ മഴൈ...’

എ.ആർ. റഹ്മാന്റെ 'പുതുവെള്ളൈ മഴൈ' ആണ് ബ്രേക്ക് നൽകിയ ഒരു പാട്ട്. അതിനുമുമ്പ് ഇളയരാജ സാറിന്റെ ഒരു പാട്ട് ഹിറ്റായിരുന്നു. കമൽഹാസൻ അഭിനയിച്ച 'ഒരു കൈതിയിൻ ഡയറി' എന്ന സിനിമയിലെ 'പൊൻമാനേ...' എന്ന ഭാരതിരാജ-ഇളയരാജ കോമ്പിനേഷൻ. ഇളയരാജ സാറിന്റെ പന്ത്രണ്ടോളം പാട്ടുകൾ അക്കാലത്ത് പാടി. എന്റെ പേര് അന്ന് അദ്ദേഹം വിജയ് എന്ന് മാറ്റിയിരുന്നു. എന്തുകൊണ്ടോ ആ പേര് ക്ലിക്കായില്ല.

എ.ആർ. റഹ്മാന്റെ സ്റ്റുഡിയോയിൽവെച്ചാണ് ഔസേപ്പച്ചന്റെ ഒരാൽബത്തിൽ ഞാനും സുജാതയും പാടിയത്. അതിന്റെ പ്രോഗ്രാമിങ്​ ചെയ്തത് റഹ്മാനാണ്. അന്ന് അദ്ദേഹം ദിലീപ്കുമാറാണ്. അതിന്റെ വോയ്സ് മിക്സിങ് സമയത്താണ് അദ്ദേഹത്തെ കാണുന്നത്. അദ്ദേഹം അധികം സംസാരിക്കില്ല. ചെറിയ ചിരി മാത്രമേയുള്ളൂ. പക്ഷെ, വോയ്സ് ശ്രദ്ധിച്ചുവെക്കും. 1990ലാണ് ഈ ആൽബം ഇറക്കിയത്. ആ റെക്കോഡിങ് സമയത്തുള്ള വോയ്സ് കൾച്ചർ അതേ രീതിയിൽ ഉപയോഗിക്കാനാണ് അദ്ദേഹം 1991ൽ എന്നെയും സുജാതയെയും വിളിക്കുന്നത്. അതാണ് ‘പുതുവെള്ളൈ മഴൈ’. ആ പാട്ടിനുശേഷം അദ്ദേഹത്തിന്റെ 26ഓളം പാട്ടുകൾ പാടി.

നല്ല മനുഷ്യനായ എ.ആർ. റഹ്​മാൻ

എ.ആർ. റഹ്​മാൻ മിതഭാഷിയാണ്. സംഗീതത്തെപ്പറ്റിയും അദ്ദേഹം സംസാരിക്കാറില്ല. ‘എന്റെ സംഗീതം സംസാരിച്ചുകൊള്ളും. ഞാൻ സംസാരിക്കേണ്ട കാര്യമില്ല’ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. നല്ല ഒരു മനുഷ്യസ്നേഹിയാണ്​ അദ്ദേഹം. അത് എന്റെ അനുഭവമാണ്. ഞാൻ അദ്ദേഹത്തിന്റെ 27 പാട്ടുകൾ പാടിയെങ്കിലും 27 വാചകംപോലും ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടില്ല. എല്ലാവരെയും ബഹുമാനിക്കുന്ന വ്യക്തിത്വം. 1992ൽ ചെയ്ത ‘റോജ’യിലെ പാട്ടുകൾ ഇപ്പോൾ കേട്ടുനോക്കൂ. ഇപ്പോഴിറങ്ങിയ പാട്ടിന്റെ ഫീൽ കിട്ടും. അദ്ദേഹത്തിന്റെ കഴിവാണത്. ‘കണ്ണുക്ക് മെയ്യഴക്’, ‘വീരപാണ്ടിക്കോട്ടയിലെ’ എന്നുവേണ്ട അദ്ദേഹത്തോടൊപ്പം ചെയ്ത 99 ശതമാനം പാട്ടുകളും ഹിറ്റായിരുന്നു. ഇതൊക്കെ തെലുങ്കിലും ഞാൻ പാടിയിട്ടുണ്ട്. റോജയുടെ മലയാളത്തിലെ രണ്ട് പാട്ടുകളും ഞാൻ പാടിയിട്ടുണ്ട്.


എ.ആർ. റഹ്മാന് വേണ്ടി സൂഫി സംഗീതം

റഹ്മാന് വേണ്ടി മാത്രം ഞാൻ സൂഫി സംഗീതം പാടിയിട്ടുണ്ട്. അദ്ദേഹം അത് പുറത്തുവിടില്ല. ഒരിക്കൽ അതിന്റെ കോപ്പി ചോദിച്ചു. അദ്ദേഹം തന്നില്ല. അത് തനിക്ക് മാത്രം കേൾക്കാനാണെന്നായിരുന്നു മറുപടി. അ​ദ്ദേഹത്തിന്റെ സ്വകാര്യശേഖരത്തിൽ അതുണ്ടാകും. ഒരു മെയിൽ അയച്ചാൽ ഉടൻ മറുപടിയുണ്ടാകും. ഗായകർക്ക് ഒരുതരത്തിലുള്ള നിയന്ത്രണവും അദ്ദേഹം വെക്കാറില്ല. ഒരു പ്രശ്നം മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. അത് അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും റെക്കോഡ് ചെയ്യുന്നത് അർധരാത്രിയാണ്​.

അർധരാത്രി പോയി പുലർച്ച മൂന്നിനും നാലിനും ഒക്കെയാണ് തിരിച്ചുവരുന്നത്. എല്ലാ പാട്ടും അങ്ങനെയായിരുന്നു. ആദ്യമൊക്കെ എനിക്കത് ബുദ്ധിമുട്ടായിരുന്നു. പത്തുമണിക്ക് കിടന്നുറങ്ങുന്നതായിരുന്നു എ​ന്റെ ശീലം. അർധരാത്രി ഒരു ശല്യവുമുണ്ടാകില്ല എന്നതാണ് അദ്ദേഹത്തിന്റെ ന്യായം. അദ്ദേഹം രണ്ടുമൂന്ന് മാസങ്ങൾക്കുമുമ്പ് വിളിച്ചിരുന്നു. പക്ഷെ, ഞാൻ വിദേശത്തായിരുന്നതിനാൽ പോകാൻ പറ്റിയില്ല.

അത് വലിയ നഷ്ടമാണ്. മിൻസാരക്കനവ്, വരുഷമെല്ലാം വസന്തം എന്നീ ചിത്രങ്ങളിലെ പാട്ടുകൾക്ക് രണ്ടുതവണ തമിഴ്നാട് സ്റ്റേറ്റ് അവാർഡ് കിട്ടി. കലൈമാമണി പുരസ്കാരവും കിട്ടി. മലയാളത്തിൽ പുരസ്കാരം കിട്ടിയിട്ടില്ല. അതിൽ ദുഃഖമൊന്നുമില്ല. അവാർഡിന് പരിഗണിക്കാവുന്ന പാട്ടുകൾ ഞാൻ മലയാളത്തിൽ പാടിയിട്ടുണ്ടോ? ഒരുപക്ഷെ, ഇനി പാടുമായിരിക്കും.

സ്നേഹസമ്പന്നനായ ശ്യാംസാർ

മലയാളത്തിൽ ശ്യാംസാറിന്റെ പാട്ടുകളാണ് കൂടുതലും പാടിയത്. അദ്ദേഹം വളരെ സ്നേഹസമ്പന്നനാണ്​. എന്നെ പുത്രസമാനമായി സ്നേഹിച്ചു. എന്നെ മാത്രമല്ല. കൃഷ്ണചന്ദ്രൻ, ലതിക, ജോളി എബ്രഹാം തുടങ്ങി എല്ലാവരേയും അദ്ദേഹം കൈപിടിച്ചുയർത്തി. നല്ല പാട്ടുകൾ നൽകിയിട്ടുണ്ട്. ദാസേട്ടനും ജയേട്ടനും മാത്രം പാടിയിരുന്ന സമയത്താണ് അദ്ദേഹം പുതിയ ഗായകർക്ക് അവസരം നൽകിയത്. ഇടക്കിടെ ഞാൻ അദ്ദേഹത്തെ പോയി കാണാറുണ്ട്. രോഗബാധിതനാണ്.

‘മാനത്തെ ഹൂറി പോലെ’ എന്റെ പാട്ട്

'ഈനാട് ' എന്ന ചിത്രത്തിലെ ‘മാനത്തെ ഹൂറി പോലെ..' എന്ന പാട്ട് ഞാനാണ് പാടിയതെങ്കിലും ആകാശവാണി അത് ദാസേട്ടന്റെ പേരിലാണ് ഇപ്പോഴും കേൾപ്പിക്കുന്നത്. ഡിസ്കിൽ ദാസേട്ടന്റെ പേരാണ്. ഞാൻ ദാസേട്ട​​ന്റെ കത്തുവാങ്ങി ആകാശവാണിയിൽ കൊടുത്തതാണ്, അതു മാറ്റണമെന്ന് പറഞ്ഞ്. പക്ഷെ, നടപടിയൊന്നുമുണ്ടായില്ല. ആദ്യമൊക്കെ വിഷമമുണ്ടായിരുന്നു. പിന്നെ അതൊക്കെ സിനിമയിൽ സാധാരണമാണ്.

ദാസേട്ടൻ പാടിയ 'അരയന്നപ്പിടപോലെൻ മാനസ്സത്തിൽ’ എന്ന ഒരു പാട്ടുണ്ട്. ശ്യാംസാറാണ് സംഗീതം. അതിലൊരു ലൈൻ എ​​ന്റേതാണ് വരുന്നതെന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ട്രാക്ക് പാടിയത് ഞാനാണ്. സൗണ്ട് എൻജിനീയറുടെ അശ്രദ്ധകൊണ്ട് സംഭവിക്കുന്നതാണത്. മനഃപൂർവം ചെയ്യുന്നതല്ല. അസി. ഡയറക്ടർമാരാണ് ക്രെഡിറ്റ് കൊടുക്കേണ്ടത്. അവരുടെ അശ്രദ്ധമൂലം പല പാട്ടിലും എന്റെ പേരില്ല. തമിഴിലും അങ്ങനെ സംഭവിച്ചിട്ടുണ്ട്. അതിനൊക്കെ പിന്നാലെ നടന്ന് സമയം കളയാൻ തോന്നിയില്ല.


കുടുംബം

ഭാര്യ സഷില. മൂത്തമകൻ അങ്കുർ ആർകിടെക്ടാണ്. സ്വന്തം കമ്പനിയൊക്കെയായി അദ്ദേഹം തിരക്കിലാണ്. ഇളയ മകൻ ആകാശ് സിനിമയിൽ താൽപര്യമുള്ളയാളാണ്. തിയറ്റർ ട്രെയിനിങ്​ നേടിയിട്ടുണ്ട്. ‘സത്യത്തിൽ സംഭവിച്ചത്’ എന്ന സിനിമയിൽ അഭിനയിച്ചു. ഇപ്പോൾ ഒരു ഹിന്ദി സിനിമയിലും അഭിനയിക്കുന്നു. സംഗീതം ഇപ്പോൾ പഠിക്കുന്നുണ്ട്. ചെറുപ്പത്തിൽ ഞാൻ പഠിപ്പിക്കാൻ ശ്രമിച്ചപ്പോൾ വലിയ താൽപര്യമുണ്ടായിരുന്നില്ല.

മിടുക്കരായ പുതുതലമുറ

പുതിയ തലമുറയുടെ സംഗീതാഭിരുചികളിൽ മാറ്റം വരുന്നുണ്ട്​. സിനിമയുടെയും ലിറിക്സിന്റെയും രീതികൾ മാറുന്നു. ഈണങ്ങൾ മാറി. പാടുന്ന സ്റ്റൈൽ മാറി. അതൊക്കെ അംഗീകരിച്ചേ പറ്റൂ. മാറ്റത്തിനനുസരിച്ച് മാറിയാൽ മാത്രമേ പിടിച്ചുനിൽക്കാൻ പറ്റൂ. മാറ്റങ്ങൾ ഗുണകരമാണോ ദോഷമാണോ എന്നത് രണ്ടാമത്തെ കാര്യം മാത്രമാണ്. ജനത്തിന് ഇഷ്ടപ്പെടുന്നുണ്ടോ എന്നതാണ് കാര്യം. സാ​ങ്കേതികവിദ്യ ഏതാണ്ട് 90 ശതമാനം നമ്മളെ വിഴുങ്ങി. നമ്മളിലുള്ള അടിസ്ഥാനപരമായ സംഗീതം നമ്മൾ കൺവേ ചെയ്യുക എന്നതുമാത്രമേ ചെയ്യാനുള്ളൂ.

കഴിഞ്ഞവർഷത്തെ ഏറ്റവും വലിയ ഹിറ്റ്, ഭീഷ്മപർവത്തിലെ 'രതിപുഷ്പം..'. എന്ന ഞാൻ പാടിയ പാട്ടായിരുന്നു. അത് പുതുതലമുറയുടെ സംഗീതാഭിരുചികൾക്ക്​ അനുസരിച്ച് വന്ന പാട്ടാണ്. അതിൽ സംഗീതാംശമുള്ളതുകൊണ്ടാണ് അത് ഹിറ്റായത്. സാ​ങ്കേതികവിദ്യയുടെ ഇടയിലും അത്തരം പാട്ടുകൾ നിലനിൽക്കുന്നു. പ്രതിഭയുള്ളവരാണ്​ ഇപ്പോഴുള്ളത്. അതുകൊണ്ടുതന്നെ ചലച്ചിത്ര സംഗീതത്തിന് ശോഭനമായ ഭാവിയാണ് ഞാൻ കാണുന്നത്.

Tags:    
News Summary - singer unnimenon talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.