ടൂറിസ്റ്റ് ബസിൽ യാത്ര ചെയ്യവെ അങ്കമാലിയിൽ എം.ഡി.എം.എയുമായി പിടിയിലായ സുധീർ

എം.ഡി.എം.എ മയക്കുമരുന്നുമായി ടൂറിസ്റ്റ് ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവാവ് പിടിയിൽ

അങ്കമാലി : അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസിൽ എം.ഡി.എം.എ മയക്കുമരുന്ന് കടത്തുകയായിരുന്ന യുവാവിനെ നർക്കോട്ടിക് അന്വേഷണ സംഘവും പൊലീസും ചേർന്ന് നാടകീയമായി പിടികൂടി.

ബഗ്ലൂരുവിൽ നിന്ന് കൊച്ചിയിലേക്ക് അന്തർസംസ്ഥാന സർവ്വീസ് നടത്തുന്ന ടൂറിസ്റ്റ് ബസിലെ യാത്രക്കാരനായ പെരുമ്പാവൂർ മഞ്ഞപ്പെട്ടി കുതിരപ്പറമ്പ് ഏറാടിമുച്ചേത്ത് വീട്ടിൽ സുധീറാണ് (24) പിടിയിലായത്. ജില്ല റൂറൽ എസ്.പി കെ. കാർത്തിക്കിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ബുധനാഴ്ച പുലർച്ചെ 6.30ഓടെ റൂറൽ ജില്ല ആന്‍റി നാർക്കോട്ടിക്ക് പ്രത്യേക അന്വേഷണ വിഭാഗവും അങ്കമാലി പൊലീസും ചേർന്ന് ദേശീയപാതയിൽ അങ്കമാലി കെ. എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം ബസ് തടഞ്ഞ് നിർത്തുകയായിരുന്നു.

തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് യുവാവ് ഹെൽമറ്റിൽ പൊതിഞ്ഞ് രഹസ്യമായി സൂക്ഷിച്ചിരുന്ന 50 ഗ്രാം എം.ഡി.എം.എ അന്വേഷണ സംഘം കണ്ടെടുത്തത്. ആർക്കും സംശയം തോന്നാത്ത വിധം ഹെൽമറ്റ് തോൾ ബാഗിൽ പൊതിഞ്ഞ് വച്ചിരിക്കുകയായിരുന്നു. ഇയാൾ ഡിഗ്രി മുതൽ പഠിച്ചത് ബാംഗ്ലൂരുവിലാണ്. പ്രതിയെ കുടുതൽ ചോദ്യം ചെയ്തതോടെ സി.ജെ എന്ന്‍ വിളിക്കുന്ന സുഡാൻ വംശജൻ ബൈക്കിൽ 'ഹെന്നൂർ ' എന്ന സ്ഥലത്തെത്തിയാണ് മയക്കുമരുന്നു കൈമാറിയതെന്നാണ് ഇയാൾ പറയുന്നത്. പിടികൂടിയ എം.ഡി.എം.എക്ക് ലക്ഷങ്ങൾ വിലവരുമത്രെ.

കഴിഞ്ഞ മാസം ബാംഗ്ലൂരുവിൽ നിന്ന് കടത്തിയ 168 ഗ്രാം എം.ഡി.എം.എ ദേശിയ പാതയിൽ നെടുമ്പാശേരി കരിയാട് കവലയിലും പൊലീസ് പിടികൂടുകയുണ്ടായി.അതിന്‍റെ അന്വേഷണം ത്വരിതഗതിയിൽ നടക്കുന്നതിനിടെയാണ് യുവാവ് പിടിയിലാകുന്നത്. ഡി.വൈ.എസ്.പിമാരായ പി.കെ ശിവൻ കുട്ടി, സക്കറിയ മാത്യു, എസ്.എച്ച്. ഒ സോണി മത്തായി, എസ്.ഐമാരായ എൽദോ പോൾ, മാർട്ടിൻ ജോൺ, എ.എസ്.ഐ റെജിമോൻ , സി.പി.ഒ അഭിലാഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഇയാൾ ആർക്കുവേണ്ടിയാണ് മയക്കുമരുന്നു കൊണ്ടുവന്നതെന്നും, എത്രനാളായി മയക്ക് മരുന്ന് കടത്തുന്നതെന്നും കൂടുതൽ ആളുകളുണ്ടോയെന്ന കാര്യവും അന്വേഷിക്കുമെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു. അതിനിടെ അങ്കമാലി മേഖലയിൽ പോലീസ് നടത്തുന്ന മയക്കുമരുന്ന് വേട്ടയിൽ എക്സെസ് വകുപ്പ് സഹകരിക്കുന്നില്ലന്ന് വ്യാപക ആക്ഷേപം ഉയർന്നിട്ടുണ്ട്. മയക്കുമരുന്ന് പൊലീസ് പിടികൂടുമ്പോൾ അതിന്റെ തൂക്കവും മറ്റും അളന്ന് തിട്ടപ്പെടുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾക്ക് പൊലീസിന് സൗകര്യം ഇല്ല . അതിനാൽ അത്തരം സൗകര്യങ്ങൾക്കായി പൊലീസ് എക്സൈസിന്റെ സഹായം തേടിയാൽ മുടന്തൻ ന്യായങ്ങൾ നിരത്തി ഒഴിഞ്ഞു മാറുന്നുവെന്നാണ് ആക്ഷേപം.

Tags:    
News Summary - Young man arrested while traveling in a tourist bus with MDMA drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.