കോൺക്രീറ്റിനുള്ളിൽ തടി; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം -എം.എൽ.എ

റാന്നി: റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെട്ട വലിയപറമ്പിൽ പടി - ഈട്ടിച്ചുവട് റോഡിന്‍റെ പാർശ്വഭിത്തിക്ക് ഇടയിൽ  ഉപയോഗിക്കുന്ന കോൺക്രീറ്റ് ബ്ലോക്കിൽ തടി ഉപയോഗിച്ച സംഭവം നിജസ്ഥിതി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷിന് കത്തു നൽകി.

റോഡ് നിർമാണം ആരംഭിച്ചത് മുതൽ നിരവധി ആക്ഷേപങ്ങൾ ഉയർന്നുവന്നിരുന്നു. ഏറ്റവും ഒടുവിലത്തെ സംഭവമാണ് കോൺക്രീറ്റ് ബ്ലോക്കിനകത്ത് തടിക്കഷണം കണ്ടത്. ഇതേപ്പറ്റി റീ ബിൽഡ് കേരള പദ്ധതിയുടെ പ്രോജക്ട് ഡയറക്ടർ നേരിട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രോജക്ട് ഡയറക്ടർക്കും എം.എൽ.എ കത്ത് നൽകിയിട്ടുണ്ട്.       

റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി വലിയപറമ്പിൽപടി - ഈട്ടിച്ചുവട് റോഡ് നിർമാണത്തിനായി 1.70 കോടി രൂപയാണ് ചെലവഴിക്കുന്നത്. വലിയപറമ്പിൽ പടി - ഈട്ടിച്ചുവട് റോഡിന്‍റെ നിർമാണം ആരംഭിക്കാൻ ഉണ്ടായ കാലതാമസവും അപാകതകളും സംബന്ധിച്ചു പരാതികൾ നേരത്തേ ഉയർന്നിരുന്നു. ജനപ്രതിനിധികളുടേയും പദ്ധതി പ്രദേശത്തെ നാട്ടുകാരുടെയും യോഗം എം.എൽ.എ വിളിച്ചുചേർത്താണ് നിർമ്മാണ നടപടികൾ വേഗത്തിലാക്കിയത്.

റാന്നി നിയോജക മണ്ഡലത്തിലെ 24 ഗ്രാമീണ റോഡുകളാണ് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ കീഴിലുള്ള റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മൂന്നുവർഷത്തെ ഗ്യാരണ്ടിയോടു കൂടിയുള്ള റോഡുകളാണ്  നിർമിച്ച് നൽകുന്നത്. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഗുരുതരമായി വീഴ്ച വരുത്തിയ വർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. 

News Summary - wood within concrete; Strict action will be taken against the culprits - MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.