കാലടി സംസ്കൃത സർവകലാശാലയിൽ നിരാഹാര സമരം ചെയ്യുന്നവരെ പി എ മുഹമ്മദ് റിയാസ് സന്ദർശിച്ചപ്പോൾ
‘ഇല്ല, ഞങ്ങൾ മാപ്പ് പറയില്ല; തെറ്റ് ചെയ്തിട്ടില്ല’ നിലപാടിലുറച്ച് കാലടി വിദ്യാർഥികൾ
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികൾ സമർപ്പിച്ച പുതുക്കിയ ഹർജി ഹൈകോടതി ഇന്ന് പരിഗണിക്കും. വൈസ് ചാൻസലർ സിസാ തോമസിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ എഫ്.ഐ.ആർ നിലനിൽക്കില്ലെന്നതുൾപ്പെടെയുള്ള വാദങ്ങളാണ് വിദ്യാർഥികൾ ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. മാപ്പ് പറയില്ലെന്നും മാപ്പ് അപേക്ഷയുടെ മറവിൽ തങ്ങൾ കുറ്റം ചെയ്തതായി സ്ഥാപിക്കാനാണ് സർവകലാശാല ശ്രമിക്കുന്നതെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.
‘മാപ്പ് ഒരിക്കലും എഴുതി നൽകില്ല. കാരണം, ഞങ്ങൾ കുറ്റം ചെയ്തിട്ടില്ലെന്ന പൂർണ വിശ്വാസമുണ്ട്. കോടതിയിൽ വിശ്വാസമർപ്പിക്കുകയാണ്. ഞങ്ങൾക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. വിദ്യാർഥികൾ ആക്രമണം നടത്തിയെന്നതിന് ഒരു തെളിവുപോലും ഹാജരാക്കാൻ സർവകലാശാലയ്ക്ക് കഴിഞ്ഞിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങൾ പോലുമില്ല. നാടകത്തിലെ 'ശവസംസ്കാര ചടങ്ങ്' എന്ന രംഗവുമായി ബന്ധപ്പെട്ട വിവാദമാണ് സമരം ഇത്രയും വലിയ പ്രശ്നമായി മാറാൻ കാരണം. അത് ലൈറ്റുകളുടെ സംസ്കാരമാണെന്ന് പിന്നീട് തെളിയുകയും ചെയ്തു. ആരോപണങ്ങൾ തെളിയിക്കാൻ ആവശ്യമായ തെളിവുകൾ സർവകലാശാലയുടെ കൈവശമില്ല. അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരിലാണ് വൈസ് ചാൻസലർ ഞങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുന്നത്" എന്നായിരുന്നു വിദ്യാർത്ഥികളുടെ പ്രതികരണം.
ഹർജി ഇന്ന് പരിഗണിക്കുമ്പോൾ അനുകൂലമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ അച്ചടക്ക സമിതിയുടെ അന്വേഷണം പൂർത്തിയായെന്നും മാപ്പ് എഴുതി നൽകിയാൽ 12 വിദ്യാർഥികൾക്കും കാമ്പസിൽ പ്രവേശനം അനുവദിക്കാമെന്നും സർവകലാശാല കോടതിയെ അറിയിച്ചിരുന്നു. ഇതോടെ ഹർജിക്ക് പ്രസക്തിയില്ലെന്നായിരുന്നു സർവകലാശാലയുടെ വാദം. എന്നാൽ, മാപ്പ് എഴുതി നൽകാൻ തയ്യാറല്ലെന്നും സർവകലാശാല സമർപ്പിച്ച സത്യവാങ്മൂലത്തിന് മറുപടിയായി പുതുക്കിയ ഹർജി നൽകുമെന്നും വിദ്യാർഥികൾ നിലപാടെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഹർജി സമർപ്പിച്ചത്.
വിദ്യാർഥികൾ കൃത്യസമയത്ത് പരീക്ഷാഫീസ് അടച്ചില്ല, എം.എസ്.ഡബ്ല്യു വിദ്യാർഥികൾ ഫീൽഡ് വർക്കിൽ പങ്കെടുത്തില്ല, ഇവർക്കെതിരെ ക്രിമിനൽ കേസുകളുണ്ട്, സമരം കാരണം അധ്യയനം തടസ്സപ്പെട്ടു തുടങ്ങിയ വാദങ്ങളാണ് സർവകലാശാല നേരത്തെ ഉന്നയിച്ചത്. എന്നാൽ, ഈ ആരോപണങ്ങൾ ഓരോന്നിനും മറുപടി നൽകിയാണ് വിദ്യാർഥികൾ പുതുക്കിയ ഹർജി സമർപ്പിച്ചിരിക്കുന്നത്.
മാപ്പ് എഴുതി നൽകുന്നതിലൂടെ തങ്ങൾ ചെയ്യാത്ത കുറ്റം സമ്മതിച്ചതായി വ്യാഖ്യാനിക്കപ്പെടുമെന്നാണ് വിദ്യാർഥികളുടെ പ്രധാന ആശങ്ക. പ്രതിഷേധവുമായി ബന്ധപ്പെട്ട് രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആദ്യ എഫ്.ഐ.ആറിൽ വൈസ് ചാൻസലർക്കെതിരായ അതിക്രമം സംബന്ധിച്ച ആരോപണങ്ങൾ ഉണ്ടായിരുന്നില്ല. രണ്ടാമത്തേത് വൈസ് ചാൻസലർ സിസാ തോമസ് നേരിട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുള്ളതാണ്. അതിനാൽ രണ്ടാമത്തെ എഫ്.ഐ.ആറിന്റെ നിയമസാധുത പരിശോധിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
കൃത്യമായ അന്വേഷണം നടത്താതെയാണ് സർവകലാശാല സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നതെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങൾ പോലും പരിശോധിക്കാതെയാണ് നടപടിയെടുത്തതെന്നും പുതുക്കിയ ഹർജിയിൽ പറയുന്നു.
അതേസമയം, വിദ്യാർഥികളുടെ നിരാഹാര സമരം ഇന്ന് 15-ാം ദിവസത്തിലേക്ക് കടന്നു. വൈസ് ചാൻസലർ നേരിട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തങ്ങൾക്കെതിരെ പ്രതികാരനടപടികൾ സ്വീകരിക്കുകയാണെന്ന് ഇവർ ആരോപിക്കുന്നു. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ കുഞ്ചൻ നമ്പ്യാരുടെ വരികൾ ഉദ്ധരിച്ചുകൊണ്ട് സർവകലാശാലയുടെ നടപടികളെ കോടതി വിമർശിച്ചിരുന്നു.
വിദ്യാർഥികളുടെ പുതുക്കിയ ഹർജി വിശദമായി പരിഗണിച്ച ശേഷം കോടതി വിധി പറയാൻ മറ്റൊരു ദിവസം നിശ്ചയിക്കാനും സാധ്യതയുണ്ട്. വിദ്യാർത്ഥികളുടെ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികളിൽ കോടതി സ്വീകരിക്കുന്ന നിലപാടും രണ്ടാമത്തെ എഫ്.ഐ.ആറിന്റെ നിയമസാധുത സംബന്ധിച്ച നിരീക്ഷണങ്ങളും നിർണായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.