വന്യമൃഗശല്യം: സ്‌പെഷ്യൽ റിസർവ് ഫോഴ്‌സ് രൂപവത്കരിക്കാൻ നിർദേശം നൽകി വനംമന്ത്രി

തിരുവനന്തപുരം: കാട്ടാനശല്യത്തിൽ ജീവിതം ദുരിതമാക്കുന്ന പശ്ചാത്തലത്തിൽ 500 പേരുടെ സ്‌പെഷ്യൽ റിസർവ് ഫോഴ്‌സ് രൂപവത്കരിക്കാൻ വനംമന്ത്രി ഷിബു ബേബി ജോൺ നിർദേശം നൽകി. വന്യജീവി ആക്രമണം മൂലമുള്ള അപകടസാധ്യതകൾ ഒഴിവാക്കുന്നതിനും മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ഫലപ്രദമായി ലഘൂകരിക്കുന്നതിനുമാണ് സ്പെഷ്യൽ റിസർവ് ഫോഴ്സ് രൂപീകരിക്കുന്നത്. കാട്ടാനകളുടെ സാന്നിധ്യം പതിവായി അനുഭവപ്പെടുന്ന ഹോട്ട്‌സ്‌പോട്ടുകളിൽ അഞ്ചുപേർ വീതമുള്ള 100 ബാച്ചുകളായാണ് സ്‌പെഷ്യൽ റിസർവ് ഫോഴ്‌സ് യൂണിറ്റുകൾ രൂപവത്കരിക്കുന്നത്.

വന്യജീവി സാന്നിധ്യം അനുഭവപ്പെടുന്ന മേഖലകളെ സംബന്ധിച്ച അറിവുള്ള ഗോത്രവർഗ്ഗ വിഭാഗത്തിൽപ്പെടുന്നവരും വനംവകുപ്പിൽനിന്ന് വിരമിച്ച വിദഗ്ധരും പരിചയസമ്പന്നരായ തദ്ദേശവാസികളും സാങ്കേതിക പരിജ്ഞാനമുള്ളവരും ഉൾപ്പെടെയുള്ളവരാണ് സ്‌പെഷ്യൽ റിസർവ് ഫോഴ്‌സിൽ ഉണ്ടാവുക. യൂണിറ്റുകളെ സംസ്ഥാന വ്യാപകമായി വിന്യസിക്കും.

ആനകളുടെ സഞ്ചാരപഥങ്ങളും നീക്കങ്ങളും നിരീക്ഷിക്കുക, ജനവാസമേഖലകളിലോ ജനവാസകേന്ദ്രങ്ങളുടെ സമീപ പ്രദേശങ്ങളിലോ കാട്ടാനകളുടെ സാന്നിദ്ധ്യം അനുഭവപ്പെടുന്നപക്ഷം കൃത്യമായ മുന്നറിയിപ്പുകളും സന്ദേശങ്ങളും നേരിട്ടും അല്ലാതെയും നൽകുന്നതിലൂടെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക, വനാതിർത്തികളിലെ സൗരോർജ്ജ വേലികൾ ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത നിരീക്ഷിച്ച് ഉറപ്പുവരുത്തുക, ജനവാസമേഖലയോട് അടുത്തെത്തുന്ന കാട്ടാനകളെ സുരക്ഷിതമായി കാട്ടിലേക്ക് തന്നെ തുരത്തുക, ആർ.ആർ.ടി സംഘങ്ങൾക്ക് വേണ്ട സഹായങ്ങൾ ലഭ്യമാക്കുക, മറ്റു സംഘർഷ ലഘൂകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക തുടങ്ങിയവയായിരിക്കും സ്‌പെഷ്യൽ റിസർവ് ഫോഴ്‌സിന്റെ പ്രധാന പ്രവർത്തനങ്ങൾ. സ്‌പെഷ്യൽ റിസർവ് ഫോഴ്‌സ് 24 മണിക്കൂറും സംഘർഷ ബാധിത മേഖലകളിൽ പട്രോളിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തും.

കഴിഞ്ഞദിവസം കരുളായിയിൽ വനത്തിൽ ജോലിക്കുപോയ വയോധികക്ക് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു. മൂത്തേടം ബാലങ്കുളം വടക്കേത്തല സൈനബക്കാണ് (62) പരിക്കേറ്റത്. വനംവകുപ്പിന്റെ തേക്ക് പ്ലാന്റേഷൻ ജോലിക്ക് പോകുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. ചീനിക്കുന്ന് ഭാഗത്തുനിന്ന് കാട്ടിൽ പ്രവേശിച്ച് ഏതാനും മീറ്ററുകൾ പിന്നിട്ടതോടെ കാട്ടാനയുടെ മുന്നിൽപെടുകയായിരുന്നു. ആനയെ കണ്ടതോടെ കൂടെയുള്ളവർ പലവഴിക്ക് ചിതറിയോടി. സൈനബ ഓടിയെത്തിയ ഭാഗത്താണ് ആനയുമെത്തിയത്. ഇവിടെവെച്ച് ആന സൈനബയെ ആക്രമിക്കുകയായിരുന്നുവെന്ന് കൂടെയുള്ളവർ പറയുന്നു.

മറ്റു തൊഴിലാളികളും വനംവകുപ്പും ചേർന്ന് സൈനബയെ എടക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും അവിടെനിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റിട്ടുണ്ട്. വയനാട്ടിലും കഴിഞ്ഞദിവസം കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചിരുന്നു. കാട്ടിക്കുളം പുളിമൂടുകുന്ന് മിച്ചഭൂമിയിൽ താമസിക്കുന്ന രാജുവാണ് (65) മരിച്ചത്. ബുധനാഴ്ച രാവില 10 ഓടെയാണ് തിരുനെല്ലി കാട്ടിക്കുളത്തുവെച്ച് ആക്രണമണമുണ്ടായത്.

Tags:    
News Summary - Wildlife: Forest Minister orders formation of Special Reserve Force

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.