റാന്നി: കാട്ടുപന്നി ശല്യത്തിൽ നിന്ന് കർഷകരെ രക്ഷിക്കുന്നത് സംബന്ധിച്ച് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. ജെയിംസ് ഒരു പരിപാടിയിൽ നടത്തിയ പ്രസംഗം ദുർവ്യാഖ്യാനം ചെയ്ത് പ്രചരിപ്പിക്കുന്നതായി പരാതി. ഇത് സംബന്ധിച്ച് പത്രങ്ങളിൽ വന്ന വാർത്ത തെറ്റിദ്ധരിപ്പിച്ച് പ്രചരിപ്പിക്കുന്നതായി ടി.കെ. ജയിംസ് പറഞ്ഞു. വ്യവസ്ഥാപിത മാർഗത്തിൽ കർഷകർക്ക് അനുമതി നൽകാൻ പറ്റുമെങ്കിൽ നൽകുമെന്നും അങ്ങനെയെങ്കിൽ ഷൂട്ടർമാർക്ക് നൽകുന്ന പോലെ പ്രതിഫലം നൽകാമെന്നുമാണ് താൻ ഉദ്ദേശിച്ചതെന്നും ടി.കെ. ജയിംസ് മാധ്യമത്തോട് വ്യക്തമാക്കി.
കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ സ്വന്തം നിലയിൽ വേട്ടയാടണമെന്ന് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ജയിംസ് കർഷകരോട് ആവശ്യപ്പെട്ട തരത്തിലാണ് മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചത്. പഞ്ചായത്തീരാജ് ചട്ട പ്രകാരവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ സവിശേഷ അധികാര പ്രകാരം ചീഫ് വൈൽഡ് വാർഡൻ അധികാര പദവിവെച്ചാണ് വ്യവസ്ഥാപിത മാർഗത്തിലൂടെ കാട്ടുപന്നികളെ കൊന്നൊടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടത്. പന്നികളെ വേട്ടയാടാൻ സ്വന്തമായി തോക്ക് ഇല്ലാത്ത കർഷകന് അവന് അറിയാവുന്ന മാർഗം സ്വീകരിച്ച് പന്നികളെ വേട്ടയാടാമെന്നും വേട്ടയാടിയാൽ ഗ്രാമപഞ്ചായത്തിനെ അറിയിക്കണമെന്നും വേട്ടയാടുന്ന കർഷകന് 1000 രൂപയും കുഴിച്ചിടുന്ന ആൾക്ക് 500 രൂപയും നൽകുമെന്ന് പ്രസിഡന്റ് പറഞ്ഞു.
മുൻകൂർ അനുമതി നല്കാൻ വെള്ള പേപ്പറിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് അപേക്ഷ നല്കണമെന്നും അപേക്ഷ നല്കുന്നവർക്ക് ഉടൻ വേട്ടയാടാനുള്ള ഉത്തരവ് നല്കുമെന്നും പ്രസിഡന്റ് പറഞ്ഞു. തോക്ക് ലൈസൻസുള്ള എട്ടുപേർക്ക് കർഷകരുടെ കൃഷി ഭൂമിയിൽ പ്രവേശിപ്പിച്ച് കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ അനുമതി നല്കിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്തിൽ ആർക്കും തോക്ക് സ്വന്തമായില്ല. അതിനാൽ പഞ്ചായത്തിന് വെളിയിൽ ഉള്ളവർക്കാണ് അനുമതി നല്കിയിട്ടുള്ളതെന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.