പ്രതി സബൂജ്
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ
അങ്കമാലി: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ കേസിൽ യുവാവിനെ പശ്ചിമ ബംഗാളിലെ മൂർഷിദാബാദിൽ നിന്ന് പൊലീസ് പിടികൂടി. മൂർഷിദാബാദ് ജാലങ്കി സ്വദേശി സബൂജിനെയാണ് (22) സംഭവം നടന്ന് ദിവസങ്ങൾക്കകം അങ്കമാലി പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. അങ്കമാലി ഭാഗത്ത് വാടകക്ക് താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശികളായ ദമ്പതികളുടെ മകളെ കാണാതായതായി പൊലീസിൽ പരാതി ലഭിച്ചു. അന്വേഷണത്തിൽ പ്രതി പെൺകുട്ടിയേയും കൊണ്ട് ബസിൽ ബംഗളുരുവിലെത്തിയതായും അവിടെ നിന്ന് വിമാനമാർഗം കൊൽക്കത്തയിലേക്ക് കടന്നതായും അറിഞ്ഞു. ഇതോടെ സബ് ഇൻസ്പെക്ടർ കെ. പ്രദീപ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ അജിത് കുമാർ എന്നിവർ കൊൽക്കത്തയിലെത്തി.
അവിടെ നിന്ന് റോഡ് മാർഗം ബംഗ്ലാദേശ് അതിർത്തിയിലെ ഉൾഗ്രാമമായ ജാലങ്കിയിലെത്തി പെൺകുട്ടിക്കായി അന്വേഷണം നടത്തി. പ്രതിയുടെ വീട്ടിൽ പെൺകുട്ടിയെ താമസിപ്പിച്ചിരിക്കുകയായിരുന്നുവെന്ന് വിവരം ലഭിച്ചു. തുടർന്ന് ജാലങ്കി പൊലീസിന്‍റെ സഹായത്തോടെ അവിടെയെത്തി സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെയും പെൺകുട്ടിയെയും കേരളത്തിലേക്ക് കൊണ്ടുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.