മുഹമ്മദ് ആദിൽ, ബദരീനാഥ്, ആത്വിഫ് അസ്ലം, അശ്വതി ടീച്ചർ എന്നിവർക്കൊപ്പം മേപ്പാടിയിലെ മുണ്ടക്കൈ സ്കൂളിൽ
ബദരീനാഥ് തനിച്ചല്ല; ടി.സി വാങ്ങി ഒപ്പംചേർന്ന് ആദിലും ആത്വിഫും
മേപ്പാടി(വയനാട്): ഉരുൾ ദുരന്തത്തിൽ നാലാം ക്ലാസിൽ ഒറ്റക്കായ കൂട്ടുകാരൻ ബദരീനാഥിനെ ചേർത്തുപിടിക്കാൻ ആദിലും ആത്വിഫും ഇനി മുണ്ടക്കൈ സ്കൂളിൽ തന്നെ പഠിക്കും.
പ്രകൃതിക്കലിയിൽ മുണ്ടക്കൈ എൽ.പി സ്കൂൾ നാലാം ക്ലാസിലെ 12 കുട്ടികളിൽ അഞ്ചുപേർ മാത്രമാണ് ബാക്കിയായത്. ആൺകുട്ടികളിൽ ബദരീനാഥ് മാത്രം. വിവരമറിഞ്ഞ് ഇവരുടെ മുൻ ക്ലാസ് ടീച്ചർ കെ. അശ്വതി നേരത്തേ ഇതേ ക്ലാസിൽ പഠിച്ച മുഹമ്മദ് ആദിലിന്റെയും ആത്വിഫ് അസ് ലമിന്റെയും രക്ഷിതാക്കളെ ബന്ധപ്പെട്ടിരുന്നു. മക്കളെ മുണ്ടക്കൈ സ്കൂളിലേക്ക് മാറ്റി ചേർക്കാൻ അവർക്കും സമ്മതം. കഴിഞ്ഞ അധ്യയന വർഷമാണ് ആദിൽ മുണ്ടക്കൈയിൽനിന്ന് മേപ്പാടി സെന്റ് ജോസഫ്സ് സ്കൂളിലേക്ക് മാറിയത്. ആത്വിഫ് വെള്ളാർമല സ്കൂളിലേക്ക് രണ്ടുവർഷം മുമ്പാണ് പോയത്. ഇവിടെനിന്ന് ടി.സി വാങ്ങിയാണ് ക്ലാസിൽ ബാക്കിയായ പ്രിയപ്പെട്ട ബദരീനാഥിന്റെ സ്കൂളിലേക്ക് തന്നെ ഇരുവരും തിരിച്ചെത്തിയത്.
മഹാദുരന്തം കശക്കിയെറിഞ്ഞ രണ്ടു സ്കൂളുകളും മേപ്പാടി കമ്യൂണിറ്റിഹാളിൽ തിങ്കളാഴ്ച വീണ്ടും പ്രവർത്തനമാരംഭിച്ചപ്പോൾ ഇനി ഒറ്റക്കാക്കില്ലെന്ന് പറഞ്ഞ് മുഹമ്മദ് ആദിലും ആത്വിഫ് അസ്ലമും ബദരീനാഥിനൊപ്പം ചേർന്നുനിന്നു. പൊട്ടിക്കരഞ്ഞ് അശ്വതി ടീച്ചറും ഇതിന് സാക്ഷിയായി. ഉരുൾ ദുരന്തത്തിന് ഒരാഴ്ച മുമ്പാണ് ടീച്ചർക്ക് മേപ്പാടി എൽ.പി സ്കൂളിലേക്ക് സ്ഥലംമാറ്റം ലഭിക്കുന്നത്. കുട്ടികളെ വിട്ടുപോകാൻ മനസ്സില്ലായിരുന്നു. സ്ഥലംമാറ്റം റദ്ദാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാൽ, മഹാദുരന്തം അറിഞ്ഞ് കുട്ടികളുടെ അടുത്ത് ഓടിയെത്തിയവരിൽ ടീച്ചറുമുണ്ടായിരുന്നു. സ്കൂൾ വീണ്ടും തുറക്കുമ്പോൾ കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള അശ്വതി ടീച്ചറെ ഇവിടേക്ക് തിരിച്ചുകൊണ്ടുവരണമെന്നും ബാക്കിയായ കുട്ടികൾക്ക് അത് വലിയ ആശ്വാസമാകുമെന്നും രക്ഷിതാക്കളും പി.ടി.എയും വിദ്യാർഥികളുമെല്ലാം വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിരുന്നു.
ഇവരുടെ ആവശ്യം പരിഗണിച്ച്, അശ്വതി ടീച്ചറെ മുണ്ടക്കൈ സ്കൂളിലേക്ക് തന്നെ മാറ്റാമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി പുനഃപ്രവേശനോത്സവ ഉദ്ഘാടന ചടങ്ങിൽ ഉറപ്പുനൽകിയിട്ടുണ്ട്. ഇതിന്റെ സന്തോഷത്തിലാണിപ്പോൾ എല്ലാവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.