കൊച്ചി: വയനാട് ചൂരൽമല -മുണ്ടക്കൈ ഉരുൾദുരിതബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ കേരള ബാങ്കിന്റെ മാതൃക കേന്ദ്ര സർക്കാറിനും സ്വീകരിക്കാമെന്ന് ഹൈകോടതി. ദുരന്തം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും ഇക്കാര്യത്തിൽ തീരുമാനമറിയിക്കാൻ കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ തീരുമാനം എന്നുണ്ടാകുമെന്ന ചോദ്യവും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ആവർത്തിച്ചു. എന്നാൽ, തീരുമാനം എന്നുണ്ടാകുമെന്ന് പറയാനാകില്ലെന്നായിരുന്നു കേന്ദ്രത്തിന് വേണ്ടി ഹാജരായ അസി. സോളിസിറ്റർ ജനറലിന്റെ (എ.എസ്.ജി) മറുപടി.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരമടക്കം കേസുകൾ പരിഗണിക്കവെ കുറേ തവണയായി വായ്പ എഴുതിത്തള്ളുന്നത് സംബന്ധിച്ച വിവരങ്ങളാണ് ഡിവിഷൻ ബെഞ്ച് തേടുന്നത്. വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോഴും ഇതിൽ നിലപാട് തേടി. എന്നാൽ, തീരുമാനമായിട്ടില്ലെന്ന സ്ഥിരം മറുപടിയാണ് ലഭിച്ചത്.
വായ്പ എഴുതിത്തള്ളണമെന്ന നിർദേശം കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് എ.എസ്.ജി അറിയിച്ചു. മന്ത്രാലയത്തിന്റെ പ്രത്യേക വിഭാഗമാണ് ഇത് പരിഗണിക്കുന്നത്. അവർ ഇതുവരെ വിശദീകരണമൊന്നും നൽകിയിട്ടില്ലെന്നും എ.എസ്.ജി ബോധിപ്പിച്ചു. 12 ദേശസാത്കൃത ബാങ്കുകളിൽനിന്നായി 35.30 കോടി രൂപയാണ് ചൂരൽമല -മുണ്ടക്കൈ ദുരന്തബാധിതർ എടുത്തിട്ടുളളത്.
തീരുമാനം അറിയിക്കാൻ സമയം വേണമെന്ന് അറിയിച്ചതിനെ തുടർന്ന് ഹരജി ആഗസ്റ്റ് 13ന് പരിഗണിക്കാൻ മാറ്റി. എന്ത് തീരുമാനമാണെങ്കിലും അന്നെങ്കിലും ഉണ്ടാകണമെന്ന് അഡ്വക്കറ്റ് ജനറൽ പറഞ്ഞു. വായ്പ എഴുതിത്തള്ളണമെന്ന നിർദേശം കോടതി ഉന്നയിച്ചപ്പോൾ ദുരന്ത നിവാരണ നിയമത്തിൽനിന്ന് ഈ വകുപ്പ് ഒഴിവാക്കിയതിനാൽ സാധ്യമല്ലെന്ന് കേന്ദ്രം മറുപടി നൽകിയിരുന്നു.
എന്നാൽ, കേന്ദ്ര സർക്കാറിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് വായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ തീരുമാനമെടുക്കാനാണ് പിന്നീട് കോടതി ആവശ്യപ്പെട്ടത്. ഇക്കാര്യത്തിലാണ് കേന്ദ്രം നിലപാട് അറിയിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.