പമ്പാനദിയിൽ വീണ്ടും ജലനിരപ്പ് ഉയരുന്നു; തീരവാസികൾ ആശങ്കയിൽ

ഹരിപ്പാട്: പമ്പാനദിയിൽ ജല നിരപ്പ് വീണ്ടും ഉയരുന്നു. വീടുകളിൽ നിന്നും വെള്ളമിറങ്ങിയതിനെ തുടർന്ന് ദിവസങ്ങളോളം ക്യാമ്പിൽ കഴിഞ്ഞതിന് ശേഷം മടങ്ങിയ കുടുംബങ്ങൾ വീണ്ടും ആശങ്കയിലായി. വൃഷ്ടി പ്രദേശത്ത് അനുഭവപ്പെടുന്ന അതിശക്തമായ മഴയെ തുടർന്നാണ് പമ്പാനദിയിൽ ജല നിരപ്പ് ഉയർന്നത്. സ്ഥിതി തുടർന്നാൽ പമ്പാനദി കരകവിയും.

കലങ്ങി മറിഞ്ഞെത്തുന്ന കിഴക്കൻ വെള്ളത്തിന്‍റെ വരവ് കൂടുതൽ ശക്തി പ്രാപിക്കുകയാണ്. പാടശേഖരങ്ങളുടെ പുറം മടകൾ തുറന്ന് കിടക്കുന്നതിനാൽ പാടശേഖരങ്ങളുടെ നടുവിൽ കഴിയുന്നവരുടെ പ്രതിസന്ധി ഇരട്ടിയിലധികമാണ്. ആഴ്ചകൾ ക്യാമ്പുകളിൽ കഴിഞ്ഞതിന് ശേഷം ഭവനങ്ങളിലേക്ക് താമസം മാറ്റിയിട്ട് ദിവസങ്ങൾ മാത്രമേ ആയുള്ളു.

വീടുകളും തൊഴുത്തുകളും ഏറെ സാഹസപ്പെട്ടാണ് ശുചീകരിച്ചത്. വീടിനുള്ളിലേക്ക് വെള്ളം കയറി അദ്ധ്വാനം വിഫലമാകുമോ എന്ന ആശങ്കയിലാണ് അധിക കുടുംബങ്ങളും. രണ്ടാം കൃഷിയിറക്കാത്ത പാടശേഖരങ്ങളുടെ പുറം മടകളാണ് അധികവും തുറന്നു കിടക്കുന്നത്.

സ്കൂളുകൾ തുറന്നതോടെ ക്യാമ്പുകൾ ആരംഭിക്കണമെങ്കിൽ ഏറെ ബദ്ധപ്പെടേണ്ടി വരും. മഴ ഇനിയും ശക്തി പ്രാപിക്കുകയോ, ഡാം തുറക്കുകയോ ചെയ്താലാണ് പ്രതിസന്ധി രൂക്ഷമാകുന്നത്. കുട്ടനാട് അപ്പർകുട്ടനാടൻ മേഖലകളിലെ വീയപുരം, ചെറുതന കരുവറ്റ, തകഴി, തലവടി തുടങ്ങിയ പ്രദേശങ്ങളിലൊക്കെ ഈ സ്ഥിതിയാണുള്ളത്. വെള്ളം കെട്ടിക്കിടന്നിരുന്ന പ്രദേശങ്ങളിലെ വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും പുരയിടങ്ങളും വഴികളും വീണ്ടും വെള്ളത്തിൽ മുങ്ങിയ അവസ്ഥയാണ്.

വീയപുരം പ്രദേശമാണ് ഏറ്റവും കൂടുതൽ ദുരിതം പേറുന്നത്. അച്ചൻ കോവിൽ, പമ്പ നദികൾ സംഗമിക്കുന്ന വീയപുരം തുരുത്തേൽ കടവിലേക്കാണ് രണ്ട് നദികളിൽ നിന്നുള്ള വെള്ളം കുത്തിയൊലിച്ച് എത്തുന്നത്. ഇത് മൂലം പ്രാരംഭ ഘട്ടത്തിൽ തന്നെ വീയപുരവും പരിസരപ്രദേശങ്ങളും വെള്ളത്തിൽ മുങ്ങും.

അതിനാൽ തുരുത്തേൽ കടവ് ആഴം കൂട്ടേണ്ടത് അടിയന്തര ആവശ്യമാണ്. കഴിഞ്ഞ സീസണിൽ കരാർ നൽകി ട്രജ്ജർ തുരുത്തേൽ കടവിൽ എത്തിച്ചിരുന്നു. എന്നാൽ ആഴം കൂട്ടുന്ന പ്രദേശത്ത് മണലില്ലെന്ന കാരണത്താൽ യന്ത്രം മടക്കി കൊണ്ടുപോയി. ഈ സീസണിലും ആഴം കൂട്ടുന്നതിന് മാസങ്ങൾക്ക് മുമ്പ് കരാർ നൽകി. നാളിത് വരെ യന്ത്രം സ്ഥലത്ത് എത്തിച്ചിട്ടില്ല.

ഈ കരാർ കാലയളവിൽ നിരവധി തവണയാണ് വെള്ളപ്പൊക്കമുണ്ടായത്. യാതൊരു തുടർ നടപടികളുമില്ല. നദി ആഴം കൂട്ടുന്ന പണി അനന്തമായി നീളുകയാണ്. ഇത് മൂലം ഇക്കുറി പുഞ്ചകൃഷിയിറക്ക് വൈകും. വിളവെടുപ്പ് പ്രതിസന്ധിയിലാകും. ഇത്തരം വിഷയങ്ങളിൽ കൃഷി- ജലസേച കുപ്പുകൾ ക്രിയാത്മക നടപടികൾ സ്വീകരിച്ച് വെള്ളപ്പൊക്ക ഭീഷണി അകറ്റി കാർഷീക മേഖല സംരക്ഷിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കർഷകരും പ്രദേശവാസികളും ഒന്നടങ്കം ആവശ്യപ്പെടുന്നു. 

Tags:    
News Summary - Water level in pamba river rises again; Coastal residents worried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.