തിരുവനന്തപുരം: ഡയറക്ടർ ബോർഡ് അംഗങ്ങൾ കടുത്ത പ്രതിഷേധമുയർത്തിയിട്ടും മാസങ്ങളായി വിളിച്ചുചേർക്കാതിരുന്നു ജല അതോറിറ്റി ഡയറക്ടർ ബോർഡ് യോഗം അടിയന്തരായി ചേർന്ന് 5000 കോടി രൂപയുടെ കടമെടുപ്പ് അജണ്ട പാസാക്കി. ജല അതോറിറ്റി ആസ്ഥാനമായ ജലഭവന് പകരം സെക്രട്ടേറിയറ്റിലെ ജലവിഭവ അഡീഷനൽ സെക്രട്ടറിയുടെ ചേംബറിലായിരുന്നു യോഗം. ജൽജീവൻ മിഷൻ പദ്ധതി നടത്തിപ്പിന് ആദ്യഘട്ടമെന്ന നിലയിലാണ് 5000 കോടി കടമെടുക്കുന്നത്.
9000 കോടി രൂപ നബാർഡിൽ നിന്ന് കടമെടുക്കുന്നതിന് മന്ത്രിസഭ നേരത്തേ അനുമതി നൽകിയിരുന്നു. കടമെടുപ്പ് അജണ്ട പാസാക്കേണ്ടതിനാൽ അടിയന്തര യോഗം ചേരണമെന്ന അറിയിപ്പ് ബുധനാഴ്ചയാണ് ബോർഡ് അംഗങ്ങൾക്ക് നൽകിയത്. കഴിഞ്ഞ മാർച്ച് 28ന് ശേഷം ഡയറക്ടർ ബോർഡ് ചേർന്നിരുന്നില്ല. ഇതിൽ പ്രതിഷേധം നിലനിൽക്കെയാണ് വ്യാഴാഴ്ചയിലെ അടിയന്തര യോഗം.
കടമെടുപ്പിന് സർക്കാർ ഗ്യാരന്റി നിൽക്കുമെങ്കിലും തിരിച്ചടവ് ജല അതോറിറ്റിയെ പ്രതിസന്ധിയിലാക്കുമെന്ന സാഹചര്യത്തിൽ ജീവനക്കാരുടെ സംഘടനകളടക്കം വലിയ പ്രതിഷേധമുയർത്തിയെങ്കിലും സർക്കാറും ജലവിഭവ വകുപ്പും വഴങ്ങിയിരുന്നില്ല. ജൽജീവൻ മിഷൻ എങ്ങനെയും പൂർത്തിയാക്കണമെന്നും സംസ്ഥാനത്തിന്‍റ സാമ്പത്തിക സ്ഥിതി മോശമായതിനാൽ ജല അതോറിറ്റി വായ്പയെടുക്കണമെന്നുമാണ് സർക്കാർ നിലപാട്.
നബാർഡിൽനിന്ന് കടമെടുക്കുന്നതുമൂലം പ്രതിമാസം ഏകദേശം 80 കോടി രൂപ വായ്പയുടെ തിരിച്ചടവിനായി വേണ്ടിവരും. ജലഅതോറിറ്റിയുടെ ആകെ റവന്യൂ വരുമാനം പ്രതിമാസം 100 കോടി രൂപയാണ്. ഇതിൽ 10 കോടി രൂപ കെ.എസ്.ഇ.ബിക്ക് വൈദ്യുതി ചാർജ് ഇനത്തിൽ എസ്ക്രോ അക്കൗണ്ട് വഴി നൽകണം.
നബാർഡ് വായ്പയുടെ തിരിച്ചടവ് കൂടി ജലർ അതോറിറ്റി ഏറ്റെടുക്കുകയാണെങ്കിൽ അക്കൗണ്ടിൽ ഒന്നും ബാക്കിയുണ്ടാകില്ല. വിരമിക്കുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങൾ വർഷങ്ങളായി കുടിശ്ശികയാണ്. ജീവനക്കാരുടെ ജി.പി.എഫ് പോലും യഥാസമയം നൽകുന്നില്ല.
പെൻഷൻ ആനുകൂല്യങ്ങളായി 374.21 കോടി രൂപയും ജീവനക്കാരുടെ വിവിധ ആനുകൂല്യങ്ങളായി 61.64 കോടി രൂപയും മെയിന്‍റനൻസ് കരാറുകാർക്ക് 146.75 കോടി രൂപയും കുടിശ്ശികയുണ്ട്. ഇവ പോലും കൊടുത്തു തീർക്കാൻ റവന്യൂ വരുമാനം പര്യാപ്തമല്ലെന്നിരിക്കേയാണ് പുതിയ ബാധ്യതകൂടി വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.