കൊച്ചി: സംസ്ഥാന വഖഫ് ബോർഡിലേക്ക് ഉടൻ തെരഞ്ഞടുപ്പ് നടത്താൻ നിർദേശിക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജി പൊതുതാൽപര്യ സ്വഭാവത്തിലുള്ളതെന്ന് ഹൈകോടതി. കാലാവധി കഴിഞ്ഞ ബോർഡ് പിരിച്ചുവിടണമെന്നും തീരുമാനങ്ങളെടുക്കുന്നതിൽനിന്ന് വിലക്കണമെന്നും ആവശ്യപ്പെട്ട് കേരള വഖഫ് സംരക്ഷണ വേദി പ്രസിഡന്റ് ടി.എം. അബ്ദുൽ സലാം സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
തുടർന്ന് പൊതുതാൽപര്യ ഹരജിയായി ഭേദഗതി ചെയ്ത് സമർപ്പിക്കാൻ കോടതി നിർദേശിച്ചു. ഒരാഴ്ചക്കകം സമർപ്പിക്കാമെന്ന് ഹരജിക്കാർ അറിയിച്ചു. വഖഫ് ബോർഡ് ഭരണസമിതിയുടെ കാലാവധി 2024 ഡിസംബർ 14ന് പൂർത്തിയായതാണ്. നാലുമാസത്തിനകം പുതിയ ഭരണസമിതി രൂപവത്കരിക്കുമെന്ന് 2024 നവംബറിൽ സർക്കാർ ഹൈകോടതിയിൽ ഉറപ്പു നൽകിയതിനെ തുടർന്ന് നിലവിലെ ഭരണസമിതി അതുവരെ തുടരാൻ ഉത്തരവിട്ടിരുന്നു.
എന്നാൽ ഈ കാലാവധി കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പിനോ നാമനിർദേശത്തിനോ ഇതുവരെ സർക്കാർ നടപടിയെടുത്തിട്ടില്ല. ഡിസംബർ 14ന് ശേഷം ബോർഡ് സ്വീകരിച്ച തീരുമാനങ്ങൾ അസാധുവാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.