'പ്രശാന്ത് ഭൂഷണ് നൽകിയ പിന്തുണ പി.എസ്​.സിയുടെ പ്രതികാര നടപടി നേരിടുന്ന ഉദ്യോഗാർഥികൾക്കും വേണം'

തിരുവനന്തപുരം: പി.എസ്​.സിക്കെതിരെ പരാതിപറഞ്ഞ ഉദ്യോഗാർഥികൾക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന പി.എസ്​.സിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്​ വി.ടി.ബൽറാം എം.എൽ.എ. പ്രതികാര നടപടികളല്ല, ഒരു ഉന്നത ഭരണഘടനാ സ്ഥാപനത്തിൻെറ ഭാഗത്തു നിന്നുണ്ടാവേണ്ടത്. സുപ്രീംകോടതിയെ വിമർശിച്ചതിൻെറ പേരിൽ ശിക്ഷാ നടപടി നേരിടുന്ന പ്രശാന്ത് ഭൂഷണ് നൽകിയ അതേ പിന്തുണ പി.എസ്​.സിയുടെ പ്രതികാര നടപടി നേരിടുന്ന ഉദ്യോഗാർഥികളായ ചെറുപ്പക്കാർക്ക്​ പൊതുസമൂഹത്തിൽ നിന്നുണ്ടാവണമെന്നും വി.ടി.ബൽറാം ആവശ്യപ്പെട്ടു.

വി.ടി.ബൽറാം പങ്കുവെച്ച ഫേസ്​ബുക് പോസ്​റ്റ്​:

പി എസ് സി അടക്കമുള്ള ഏത് ഇൻസ്റ്റിറ്റ്യൂഷനെതിരെയും പ്രതികരിക്കാനും പരാതി പറയാനും ഒരു ജനാധിപത്യ രാജ്യത്ത് ഏതൊരു പൗരനും അവകാശമുണ്ട്. അതിൻ്റെ പേരിൽ ഉദ്യോഗാർത്ഥികൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നൊക്കെയുള്ള പി എസ് സിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇത്തരം അമിതാധികാര പ്രയോഗങ്ങളെ മുളയിലേ നുള്ളേണ്ടതുണ്ട്.

ഉദ്യോഗാർത്ഥികളുടെ ഏതെങ്കിലും വാദങ്ങളിൽ കഴമ്പില്ലെങ്കിൽ അക്കാര്യം പി എസ് സി ക്ക് വിശദീകരിക്കാവുന്നതാണ്. ഭരണഘടനാ സ്ഥാപനമായ പി എസ് സി യുടെ ആ വിശദീകരണത്തിന് തന്നെയാവും ജനങ്ങൾക്കിടയിൽ സ്വാഭാവികമായി കൂടുതൽ വിശ്വാസ്യത ലഭിക്കുക. ഇനി അഥവാ അങ്ങനെയൊരു വിശ്വാസ്യത ഉണ്ടാകുന്നില്ലെങ്കിൽ അതെന്തുകൊണ്ടെന്ന കാര്യത്തിൽ ആത്മപരിശോധന നടത്തേണ്ടത് പി എസ് സി തന്നെയാണ്. എസ്എഫ്ഐ ക്രിമിനലുകൾക്ക് വേണ്ടി പി എസ് സി പരീക്ഷകൾ അട്ടിമറിക്കപ്പെട്ടത് പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്ത് തിരുത്തൽ നടപടികളാണ് പി എസ് സി സ്വീകരിച്ചിട്ടുള്ളതെന്ന് ഇനിയും ജനങ്ങൾക്ക് ബോധ്യമായിട്ടില്ല.

മേൽപ്പറഞ്ഞ പരീക്ഷാ തട്ടിപ്പുകൾക്കെതിരെ റാങ്ക് ഹോൾഡർമാരും യുവജന സംഘടനാ പ്രവർത്തകരുമടക്കം പതിനായിരക്കണക്കിന് ചെറുപ്പക്കാർ പി എസ് സിക്കെതിരെ തെരുവിൽ പ്രത്യക്ഷ സമരം തന്നെ നടത്തിയിരുന്നു. സമാന സാഹചര്യങ്ങളുണ്ടായാൽ നാളെകളിലും അതുപോലുള്ള യുവജന സമരങ്ങൾ ഉയർന്നു വരിക തന്നെ ചെയ്യും.

അതിലൊക്കെ പങ്കെടുക്കുന്നവരേയും ഭാവിയിൽ പി എസ് സി ഇതുപോലെ ശിക്ഷാ നടപടികൾക്ക് വിധേയമാക്കുമോ? പ്രതികാര നടപടികളാണോ ഒരു ഉന്നത ഭരണഘടനാ സ്ഥാപനത്തിൻ്റെ ഭാഗത്തുനിന്നുണ്ടാവേണ്ടത്?

സുപ്രീം കോടതിയെ വിമർശിച്ചതിൻ്റെ പേരിൽ ശിക്ഷാ നടപടി നേരിടുന്ന പ്രശാന്ത് ഭൂഷണ് നൽകിയ അതേ പിന്തുണ പി എസ് സി യുടെ പ്രതികാര നടപടി നേരിടുന്ന ഉദ്യോഗാർത്ഥികളായ ചെറുപ്പക്കാർക്കും പൊതുസമൂഹത്തിൽ നിന്നുണ്ടാവണം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.