മാനന്തവാടി: വെള്ളമുണ്ട 12ാം മൈലിൽ നവദമ്പതികളെ വെട്ടെക്കാലപ്പെടുത്തിയ സംഭവം അന്വേഷിക്കാൻ പൊലീസ് പ്രത്യേക അന്വേഷണസംഘത്തിന് രൂപംനൽകി. മാനന്തവാടി ഡിവൈ.എസ്.പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. മാനന്തവാടി സി.ഐ പി.കെ. മണി, ബത്തേരി സി.ഐ എം.ഡി. സുനിൽ, മൂന്നു സ്റ്റേഷൻ ഇന്‍സ്പെക്ടര്‍മാർ ഉള്‍പ്പെടെ സംഘത്തിൽ 30 പേരുണ്ട്. ആറ് ഗ്രൂപ്പുകളായാണ് അന്വേഷണം.
ശനിയാഴ്ചയും വെള്ളമുണ്ട സ്റ്റേഷനില്‍ ജില്ല പൊലീസ് മേധാവി ആര്. കറുപ്പ സ്വാമിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ യോഗംചേർന്നു. ഇതുവരെ നടത്തിയ പരിശോധനകളുടെയും അന്വേഷണങ്ങളുടെയും പുരോഗതി വിലയിരുത്തി. സംഭവസ്ഥലത്തുനിന്ന് ഹെല്‍മറ്റ് കണ്ടെടുത്ത സാഹചര്യത്തില്‍ പ്രദേശത്തെ സി.സി ടി.വി കാമറകള്‍ അന്വേഷണ സംഘം പരിശോധിച്ചു. കാഞ്ഞിരങ്ങാട് ടൗണില്‍ സ്ഥാപിച്ച കാമറകളിലെ ദൃശ്യങ്ങളാണ് പരിശോധിച്ചത്.
കൊലപാതകം നടന്ന വീടും പരിസരവും ഇപ്പോഴും പൊലീസ് അധീനതയിലാണ്. പ്രദേശത്തെ ഇതരസംസ്ഥാന തൊഴിലാളികളെ മുഴുവന്‍ വിരലടയാള പരിശോധനക്കായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. നൂറിലധികം പേര് ശനിയാഴ്ചതന്നെ സ്റ്റേഷനിലെത്തി. സംഭവത്തിനുശേഷം ഏതെങ്കിലും തൊഴിലാളികള്‍ പ്രദേശം വിട്ടുപോയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. കുടുംബവുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലും മുന്‍ വൈരാഗ്യം നിലനില്‍ക്കുന്നുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും അന്വേഷിക്കും.
കൊലപാതകം മോഷണത്തിനുവേണ്ടി മാത്രമാണെന്ന് നാട്ടുകാരും പൊലീസും കരുതുന്നില്ല. അന്വേഷണം വഴിതിരിച്ചുവിടാന്‍ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങള്‍ ഊരിയെടുത്തതാവാമെന്നും നിഗമനമുണ്ട്. എട്ടു പവന് സ്വര്‍ണം നഷ്ടപ്പെട്ടതായി കണ്ടെത്തി. എന്നാല്‍ യുവതിയുടെ കൈയിലുണ്ടായിരുന്ന മോതിരവും കാതിലെ കമ്മലും യുവാവ് ധരിച്ച വസ്ത്രത്തിലെ 5,000ത്തോളം രൂപയും മോഷ്ടിക്കപ്പെടാത്തതും സംശയത്തിനിടയാക്കുന്നുണ്ട്. വീട്ടിനുള്ളില്‍ നേരേത്ത കയറിപ്പറ്റിയ അക്രമി, ദമ്പതികള്‍ ഉറങ്ങിയതിനുശേഷമാണ് കൃത്യം നിര്‍വഹിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.
യുവാവിന് കഴുത്തിനും തലക്കുമാണ് വെട്ടേറ്റത്. ഇതില്‍ കഴുത്തിനേറ്റ വെട്ടാണ് മരണത്തിനിടയാക്കിയത്. യുവതിക്ക് തലക്ക് മാത്രമാണ് വെട്ടേറ്റതെന്നും പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോര്‍ട്ടിലുള്ളതായാണ് സൂചന. വെള്ളിയാഴ്ച രാവിലെയാണ് വെള്ളമുണ്ട 12ാം മൈൽ വാഴയിൽ ഉമ്മറും ഭാര്യ ഫാത്തിമയും വീട്ടിലെ കിടപ്പറയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.