കൊച്ചി: പൊലീസിന്റെ വാഹന പരിശോധനയുടെ പേരിൽ ജില്ലയിൽ ഒരു ജീവൻ പൊലിഞ്ഞ സംഭവം വൻ വിവാദമായിരിക്കെ മൂന്നാഴ്ച മുമ്പ് വാഹന പരിശോധനക്കിടെ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുവതികളെ ഉന്നത ഉദ്യോഗസ്ഥൻ ഇടപെട്ട് പൊലീസ് സ്റ്റേഷനിൽനിന്ന് രക്ഷപ്പെടുത്തിയ സംഭവം വിവാദമാകുന്നു.
മാർച്ച് നാലിന് രാത്രി പിടിയിലായ ഇതരസംസ്ഥാനക്കാരിയായ യുവതിയടക്കമുള്ളവരെ സെൻട്രൽ പൊലീസ് സ്റ്റേഷനിൽനിന്ന് ഉദ്യോഗസ്ഥൻ സ്വന്തം വാഹനവുമായി വന്ന് കയറ്റിക്കൊണ്ടു പോയെന്നാണ് ആരോപണം. സ്വാധീനശക്തിയുള്ളവർക്ക് ഒരു നിയമവും മറ്റുള്ളവർക്ക് മറ്റൊരു നിയമവും എന്ന രീതിയിലാണ് പൊലീസ് നീതി നടപ്പാക്കുന്നതെന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് ഈ സംഭവം.
കോമ്പിങ് എന്ന പേരിൽ നടക്കുന്ന പരിശോധനക്കിടെയാണ് ഉന്നത സ്വാധീനമുണ്ടെന്ന് കരുതുന്ന യുവതികൾ പിടിയിലായത്. സെൻട്രൽ പൊലീസ് സ്റ്റേഷനിൽ കീഴ് ഉദ്യോഗസ്ഥർ ചേർന്ന് പരിശോധന നടത്തുന്നതിനിടെയാണ് രണ്ട് സ്ത്രീകൾ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായത്. ഒന്നിൽ സ്ത്രീക്കൊപ്പം ഭർത്താവും മറ്റൊരു വാഹനത്തിൽ രണ്ട് സ്ത്രീകൾ മാത്രവുമാണ് ഉണ്ടായിരുന്നത്. മദ്യപിച്ചിരുന്നു എന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് വനിത എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം എത്തി പിടിയിലായവരെ സ്റ്റേഷനിൽ എത്തിക്കാൻ നടപടി സ്വീകരിച്ചു. എന്നാൽ, സ്ത്രീകൾ മാത്രമടങ്ങുന്ന വാഹനത്തിലെ യാത്രക്കാരായ യുവതികൾ പൊലീസുകാരോട് തട്ടിക്കയറുകയും വിട്ടയക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രേ. ഇവരെ വിട്ടയക്കാൻ ഉന്നതങ്ങളിൽനിന്ന് നിരന്തരം സ്വാധീനം ഉണ്ടായതായും പറയപ്പെടുന്നു.
തങ്ങൾക്ക് ഉന്നത പൊലീസ്, രാഷ്ട്രീയ നേതൃത്വവുമായി അടുത്ത ബന്ധമുണ്ടെന്ന് പറഞ്ഞാണ് സ്ത്രീകൾ ഉദ്യോഗസ്ഥരോട് തട്ടിക്കയറിയത്. സംസ്ഥാനത്തെ ഉന്നതരായ ചില പൊലീസ് ഉദ്യോഗസ്ഥരുടെ പേര് എടുത്തുപറഞ്ഞാണ് ഇവർ പൊലീസുകാരെ ഭീഷണിപ്പെടുത്തിയത്.
എന്നാൽ, ഉദ്യോഗസ്ഥർ സ്വാധീനത്തിന് വഴങ്ങാൻ തയാറാകാതായതോടെ പൊലീസിലെ ജില്ലയിലെ ഒരു ഉന്നതൻ നേരിട്ടെത്തി സ്റ്റേഷനിൽനിന്ന് രണ്ട് സ്ത്രീകളെയും സ്വന്തം വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി എന്നാണ് ആരോപണമുയർന്നിരിക്കുന്നത്. ഈ സ്ത്രീകൾക്കെതിരെ 500 രൂപയുടെ പിഴ മാത്രം ചുമത്തിയാൽ മതിയെന്ന് നിർദേശിച്ചാണ് രണ്ടുപേരെയും കൊണ്ടുപോയത്. പിടിയിലായവരെ രക്ത പരിശോധനക്ക് കൊണ്ടുപോകാൻ നടപടി സ്വീകരിക്കുന്നതിനിടെയാണ് ഇവരെ കടത്തിയതെന്നാണ് ആരോപണം. അതോടെ ഇതിനെല്ലാം സാക്ഷിയായ ഇവർക്കൊപ്പം പിടിയിലായ ദമ്പതികളെയും 500 രൂപ പിഴ ഒടുക്കി വിടേണ്ട അവസ്ഥയിലായി പൊലീസ്.
തൃപ്പൂണിത്തുറയിൽ മനോഹരൻ എന്നയാൾ വാഹന പരിശോധനക്കിടെ പിടിയിലാകുകയും മർദനത്തെ തുടർന്ന് കസ്റ്റഡിയിൽ മരിച്ചതോടെ ഉന്നതർക്ക് ഇത്തരം പരിശോധനകൾക്ക് ലഭിക്കുന്ന പരിഗണന വിവാദമായിട്ടുണ്ട്. ആഴ്ചകൾക്ക് മുമ്പ് നടന്ന സംഭവത്തിൽ അന്വേഷണം വേണമെന്നും ആവശ്യം ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.