തിരുവനന്തപുരം: പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കാൻ തമിഴ്നാട് തെങ്കാശിയിലെ കർഷകരിൽനിന്നു നേരിട്ട് പച്ചക്കറി എത്തിച്ചിട്ടും സംസ്ഥാനത്ത് പച്ചക്കറി വില താഴുന്നില്ല. പൊതുവിപണിയിൽ കത്തിരിക്ക വില കിലോക്ക് 120 രൂപയായി. വഴുതനക്ക് 110 ഉം കാപ്സിക്കം 100ഉം കോവക്ക 130 ഉം രൂപയായി. കത്തിരിക്കയും വഴുതനയും കിലോ 100 രൂപക്കാണ് ഹോർട്ടികോർപ് വിൽപനശാലകൾ വഴി വിൽക്കുന്നത്. കാപ്സിക്കം, കോവക്ക വിലയും കുറഞ്ഞിട്ടില്ല.
ചെറിയമുളകിന് 110 രൂപയും വലിയമുളകിന് (തൊണ്ടൻ മുളക്) 400 രൂപയുമാണ് വില. മുരിങ്ങക്കക്ക് 280 രൂപയും ബീറ്റ്റൂട്ടിന് 100 രൂപയും. ഇടനിലക്കാരെ ഒഴിവാക്കിയാണ് തെങ്കാശിയിലെ കർഷകരിൽനിന്നു ഹോർട്ടികോർപ് മുഖേന പച്ചക്കറി കേരളത്തിലെത്തിക്കാൻ കൃഷി വകുപ്പ് തീരുമാനിച്ചത്. 6000 കർഷകരെ പ്രതിനിധാനം ചെയ്യുന്ന ആറു സംഘടന നേതാക്കളും കേരള- തമിഴ്നാട് സംസ്ഥാനങ്ങളിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ഹോർട്ടികോർപ് എം.ഡിയും ഉൾപ്പെടെയുള്ളവർ തെങ്കാശിയിൽ നടത്തിയ ചർച്ചയിലായിരുന്നു തീരുമാനം. തമിഴ്നാട് അഗ്രി മാർക്കറ്റിങ് വകുപ്പ് നിശ്ചയിക്കുന്ന മൊത്തവിലയ്ക്ക് പച്ചക്കറി സംഭരിക്കും. 11മാസത്തേക്ക് പച്ചക്കറി സംഭരിക്കുന്നതിനുള്ള താൽക്കാലിക ധാരണപത്രമാണ് കർഷക പ്രതിനിധികളുമായി ഒപ്പിട്ടത്.ബുധനാഴ്ച മുതൽ ലോഡ് എത്തിയെങ്കിലും വിപണിയിൽ കാര്യമായ പ്രതികരണം ഉണ്ടാക്കിയില്ലെന്നാണ് സൂചന. ഒരാഴ്ചകൂടി കാത്തിരിക്കണമെന്നും അതിനു ശേഷമേ സാധാരണനിലയിലേക്ക് വില എത്തൂ എന്നും ഹോർട്ടി കോർപ് എം.ഡി വി. സജീവ് പറഞ്ഞു. കനത്തമഴ വരുത്തിയ കൃഷിനാശം തമിഴ്നാട്ടിലും പച്ചക്കറി വില ഉയരാൻ കാരണമായിട്ടുണ്ട്. പച്ചക്കറികളും സംഭരിക്കുന്ന വിലയേക്കാൾ കുറച്ചാണു ഹോർട്ടികോർപ് വഴി വിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദിവസവും 10 ടൺ പച്ചക്കറിയാണ് തെങ്കാശിയിൽനിന്ന് എത്തുന്നത്.പ്രതിസന്ധി രൂക്ഷമായ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് എത്തിക്കുന്നത്. തിങ്കളാഴ്ച മുതൽ ഒന്നര ദിവസം ഇടവിട്ട് പച്ചക്കറി എത്തിക്കാനാണ് തീരുമാനം. അതേസമയം, തെങ്കാശിയിൽനിന്നു കൂടുതൽ പച്ചക്കറി എത്തുന്നതോടെ വില കുറയുമെന്നാണ് കരുതുന്നതെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.