സമസ്ത നേതാവിനെ തള്ളി പ്രതിപക്ഷ നേതാവ്; മുസ്ലിം പുരോഹിതർ സ്ത്രീകളെ അടിച്ചമർത്തുന്നെന്ന് ഗവർണർ
കാസർകോട്: ഒരുതരത്തിലുള്ള സ്ത്രീവിരുദ്ധ നിലപാടിനോടും കോൺഗ്രസിനും യു.ഡി.എഫിനും യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സമസ്തയുടെ വേദിയിൽ പെൺകുട്ടിയെ അപമാനിച്ചുവെന്ന വിവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹ മാധ്യമങ്ങളിലൂടെ വിവാദദൃശ്യങ്ങൾ ശ്രദ്ധയിൽപെട്ടു. അത് ശരിയാണെങ്കിൽ അതിനോട് യോജിക്കാനാവില്ല -സതീശൻ പറഞ്ഞു. തൃക്കാക്കരയിലേക്ക് കെ.വി. തോമസിനെ ക്ഷണിക്കാൻ അവിടെ കല്യാണമൊന്നും നടക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
സമസ്ത നേതാവിന്റെ പരാമർശത്തിനെതിരെ വനിത കമീഷൻ
തിരുവനന്തപുരം: പെരിന്തല്‍മണ്ണ പനങ്കാങ്കരക്കടുത്തുള്ള മദ്റസ വാര്‍ഷിക പരിപാടിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പുരസ്കാരം ഏറ്റുവാങ്ങാൻ ക്ഷണിച്ചപ്പോള്‍ വേദിയിലുണ്ടായിരുന്ന സമസ്ത നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം അപലപനീയമാണെന്ന് കേരള വനിത കമീഷന് അധ്യക്ഷ അഡ്വ. പി. സതീദേവി.
സ്ത്രീ സാക്ഷരതയില്‍ മുന്നിട്ട് നില്ക്കുന്ന കേരളത്തില്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പുരസ്കാരം സ്വീകരിക്കാന്‍ പെണ്‍കുട്ടിക്ക് വിലക്ക് കൽപിക്കുന്ന മതനേതൃത്വത്തിന്റെ നീക്കം പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. സമൂഹത്തെ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് നടത്താനുള്ള മതനേതൃത്വത്തിന്റെ നീക്കത്തിനെതിരെ സമൂഹ മനഃസാക്ഷി ഉണരണമെന്നും കമീഷന് അധ്യക്ഷ പറഞ്ഞു.
രൂക്ഷവിമർശനവുമായി ഗവർണർ
തിരുവനന്തപുരം: മലപ്പുറത്ത് പൊതുവേദിയിൽ പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ ശക്തമായി പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീ-പുരുഷ അവകാശങ്ങളെക്കുറിച്ചുള്ള ഖുർആൻ വചനം ഉദ്ധരിച്ചാണ് ട്വിറ്ററിലൂടെ പ്രതികരണം. മുസ്ലിം സമുദായത്തിൽ ജനിച്ചതുകൊണ്ടുമാത്രമാണ് പെൺകുട്ടിക്ക് ഈ അപമാനം നേരിടേണ്ടിവന്നത്. ഖുർആൻ തത്ത്വങ്ങൾക്കും ഭരണഘടനക്കും വിരുദ്ധമായി മുസ്ലിം പുരോഹിത സമൂഹം സ്ത്രീകളെ അടിച്ചമർത്തുന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്നും ഗവർണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.