തിരുവനന്തപുരം: ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പുതിയ ഓഡിയോ ക്ലിപ്പുകളും ചാറ്റ് സ്ക്രീൻഷോട്ടുകളും പുറത്തുവന്നതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാർട്ടി നേതൃത്വം ഇക്കാര്യത്തിൽ ഏകകണ്ഠമായി തീരുമാനമെടുത്തിട്ടുണ്ടെന്നും ഒരേ കാര്യത്തിൽ രണ്ട് തവണ നടപടിയെടുക്കാൻ പറ്റുമോയെന്നും ആ നടപടി നിലനിൽക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
പാർട്ടിയിൽനിന്നും പുറത്താക്കപ്പെട്ട രാഹുൽ പരിപാടികളിലും സ്ഥാനാർഥി നിർണയത്തിലും വരെ പങ്കെടുക്കുന്നുണ്ടല്ലോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ഇതെല്ലാം സംഘടനാപരമായ കാര്യങ്ങളാണെന്നും കെ.പി.സി.സി പ്രസിഡന്‍റിനോട് ചോദിക്കണമെന്നുമായിരുന്നു സതീശന്‍റെ മറുപടി. സംഘടനാപരമായ കാര്യങ്ങൾക്ക് ഞാൻ മറുപടി പറയില്ല. അദ്ദേഹത്തെ സസ്പെൻഡ് ചെയ്തതാണ്. ഒരേ കാര്യത്തിൽ ഒരു വ്യക്തിക്കെതിരെ രണ്ടു തവണ നടപടിയെടുക്കാൻ പറ്റുമോ? -അദ്ദേഹം ചോദിച്ചു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നും പാർട്ടി ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും ഷാഫി പറമ്പിൽ എം.പി പ്രതികരിച്ചു. പാർട്ടി നടപടി സ്വീകരിച്ചതാണ്. ഇതിൽ കൂടുതൽ പാർട്ടി ചെയ്യേണ്ടതില്ല. കൂടുതൽ പ്രതികരണങ്ങൾ ആവശ്യമെങ്കിൽ പാർട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞു.
ഗര്‍ഭധാരണത്തിന് നിര്‍ബന്ധിച്ചത് രാഹുലാണെന്നും കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും പെണ്‍കുട്ടി പറയുന്നതിന്റെ ശബ്ദരേഖയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഒപ്പം കുഞ്ഞിനെ വേണമെന്ന് രാഹുൽ പറയുന്ന ചാറ്റും പുറത്തുവന്നു. ‘അവസാന നിമിഷം എന്തുകൊണ്ടാണ് നിങ്ങള്‍ ഇങ്ങനെ മാറുന്നത്’ എന്ന് പെണ്‍കുട്ടി കരഞ്ഞുകൊണ്ട് ചോദിക്കുന്നതും ‘ഡ്രാമ അവസാനിപ്പിച്ച് ആശുപത്രിയില്‍ പോകണമെന്ന്’ രാഹുൽ മറുപടി പറയുന്നതും പുറത്തുവന്ന ശബ്ദസന്ദേശത്തിലുണ്ട്. എല്ലാം നിന്റെ പ്ലാൻ അല്ലേയെന്ന് പെൺകുട്ടി രാഹുലിനോട് ചോദിക്കുന്നു. ‘നീ മാനേജ് ചെയ്യുന്നുണ്ടേ മാനേജ് ചെയ്തോ. എനിക്കതിൽ ഒരു ഇഷ്യുവും ഇല്ല’ എന്നാണ് രാഹുലിന്റെ മറുപടി. ഒന്നാം മാസം എന്തൊക്കെയാ ഉണ്ടാവുക എന്ന് നമ്മക്കൊക്കെ അറിയാമെന്ന രാഹുലിന്റെ പരാമർശത്തിന് ‘നിങ്ങൾ കുറേപേരെ കണ്ടിട്ടുണ്ടാകും. എനിക്ക് എന്റെ കാര്യമേ അറിയൂ’ എന്ന് പെൺകുട്ടി മറുപടി നൽകുന്നു.
മുമ്പ് സമാന ശബ്ദരേഖ പുറത്തുവന്നതിനെത്തുടര്‍ന്ന് രാഹുലിനെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. പാലക്കാട് നിയമസഭ മണ്ഡലത്തിലും പാർട്ടി പരിപാടികളിലും രാഹുൽ സജീവമാകുന്നതിനിടെയാണ് പുതിയ ശബ്ദസന്ദേശം. നേരത്തേ പുറത്തുവന്ന ശബ്ദരേഖയും ചാറ്റും അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് രാഹുലിനെതിരെ കേസെടുത്തിരുന്നു. ഇ-മെയില്‍ വഴി പൊലീസ് ആസ്ഥാനത്ത് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന ശബ്ദരേഖ തന്റേതല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ നിഷേധിച്ചിട്ടില്ല. പുതുതായി ഒന്നും പുറത്തുവന്നിട്ടില്ലെന്നും അന്വേഷണവുമായി താൻ സഹകരിക്കുന്നുണ്ടെന്നുമാണ് രാഹുൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.