ലീലാവതി ടീച്ചറെ ആദരിക്കേണ്ടതും സംരക്ഷിക്കേണ്ടതും മലയാളികളുടെ കടമ; സൈബർ ആക്രമണത്തിൽ പ്രതികരിച്ച് മന്ത്രി ശിവൻ കുട്ടി

ഗസ്സയിലെ കുട്ടികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ പേരിൽ ഡോ. എം. ലീലാവതിക്കെതിരെയുണ്ടായ സൈബർ ആക്രമണത്തിൽ അപലപിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മലയാള ഭാഷക്കും സംസ്കാരത്തിനും അതുല്യമായ സംഭാവനകൾ നൽകിയ വ്യക്തിയാണ് ലീലാവതി ടീച്ചർ. അവരെ പോലുള്ളവരെ ആദരിക്കേണ്ടതും സംരക്ഷിക്കേണ്ടതും ഓരോ മലയാളിയുടെയും കടമയാണ് എന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.

ഗസ്സയിലെ കുഞ്ഞുങ്ങളെ കാണുമ്പോൾ തനിക്ക് എങ്ങനെയാണ് തൊണ്ടയിൽ നിന്ന് ചോറ് ഇറങ്ങുക എന്നായിരുന്നു തന്റെ 98ാം പിറന്നാൾ ദിനത്തിൽ പ്രതികരിച്ചത്. തുടർന്നാണ് ഒരു വിഭാഗം ടീച്ചർക്കെതിരെ സൈബർ ആക്രമണം നടത്തിയത്. എതിർക്കുന്നവരോട് ശത്രുതയില്ലെന്നും ഏത് നാട്ടിലെ കുഞ്ഞുങ്ങളായാലും അവർ തന്റെ കണ്ണിൽ കുട്ടികൾ മാത്രമാണെന്നും ഒരമ്മയുടെ കണ്ണുകൊണ്ടാണ് അവരെ കാണുന്നത് എന്നുമായിരുന്നു സൈബർ ആക്രമണങ്ങളോട് ടീച്ചറുടെ പ്രതികരണം.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
ഡോ. എം.ലീലാവതി ടീച്ചറിനെതിരെയുള്ള സൈബര്‍ ആക്രമണം അപലപനീയം. മലയാളത്തിന്റെ എഴുത്തമ്മയായ ഡോ. എം. ലീലാവതി ടീച്ചര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം അങ്ങേയറ്റം അപലപനീയമാണ്. 98 വയസ്സ് പിന്നിട്ട, നമ്മുടെ ഭാഷയ്ക്കും സംസ്‌കാരത്തിനും അതുല്യമായ സംഭാവനകള്‍ നല്‍കിയ മഹദ് വ്യക്തിത്വമാണ് ടീച്ചര്‍. ഗാസയിലെ കുട്ടികള്‍ വിശന്നിരിക്കുമ്പോള്‍ തനിക്ക് പിറന്നാളിന് ഉണ്ണാന്‍ തോന്നുന്നില്ല എന്ന് അവര്‍ പറഞ്ഞത്, ഒരു മനുഷ്യസ്‌നേഹിയുടെ നന്മ നിറഞ്ഞ ഹൃദയത്തില്‍ നിന്ന് വന്ന വാക്കുകളാണ്.
അത്തരം വാക്കുകളെപ്പോലും നിന്ദ്യമായ ഭാഷയില്‍ സൈബര്‍ ലോകത്ത് ആക്രമിക്കുന്നവരുടെ പ്രവൃത്തി കേരളത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളെയും നന്മയെയും ചോദ്യം ചെയ്യുന്നതാണ്. അധ്യാപിക, നിരൂപക, എഴുത്തുകാരി എന്നീ നിലകളില്‍ ലീലാവതി ടീച്ചര്‍ മലയാളത്തിന് നല്‍കിയ സംഭാവനകള്‍ക്ക് കേരളം എന്നും കടപ്പെട്ടിരിക്കുന്നു. ലീലാവതി ടീച്ചറെ പോലുള്ളവരെ ആദരിക്കേണ്ടതും സംരക്ഷിക്കേണ്ടതും ഓരോ മലയാളിയുടെയും കടമയാണ്. ഇങ്ങനെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുകയും സാംസ്‌കാരിക കേരളം ഒറ്റക്കെട്ടായി പ്രതികരിക്കുകയും ചെയ്യണമെന്ന് അഭ്യർഥിക്കുന്നു.
Tags:    
News Summary - V Sivankutty condemned for the cyber attack against Dr. M Leelavathy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.