തിരുവനന്തപുരം: ഒന്നരവർഷത്തെ അഡ്മിനിസ്ട്രേറ്റർ ഭരണത്തിനൊടുവിൽ സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക് ഭരണം യു.ഡി.എഫ് തിരിച്ചുപിടിച്ചു. 36 നെതിരെ 38 വോട്ടുകൾക്ക് എൽ.ഡി.എഫിനെ പരാജയപ്പെടുത്തി. യു.ഡി.എഫ് പാനലിൽ മുൻ എം.എൽ.എ കെ. ശിവദാസൻ നായർ, ടി.എ. നവാസ്, സി.കെ. ഷാജി മോഹൻ, എ. നീലകണ്ഠൻ, എസ്. മുരളീധരൻ നായർ, ഫിൽസൺ മാത്യൂസ്, ടി.എം. കൃഷ്ണൻ, എസ്.കെ. അനന്തകൃഷ്ണൻ, വി.പി. അബ്ദുറഹിമാൻ, ആവോലം രാധാകൃഷ്ണൻ, മേഴ്സി സാമുവൽ, ഷീല ഒ.ആർ, പി.കെ. രവി, റോയി കെ പൗലോസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. പതിറ്റാണ്ടുകളായി യു.ഡി.എഫിന്റെ കൈയിലായിരുന്നു ബാങ്കിന്റെ ഭരണം കേരള കോൺഗ്രസ് എം മുന്നണി മാറിയപ്പോഴാണ് നഷ്ടമായത്.
ബാങ്ക് പ്രസിഡന്റും കെ.പി.സി.സി നിർവാഹക സമിതിയംഗവും യു.ഡി.എഫ് തിരുവനന്തപുരം ജില്ല ചെയർമാനുമായിരുന്ന സോളമൻ അലക്സ് രാജിവെച്ച് സി.പി.എമ്മിൽ ചേർന്നു. സി.പി.എം കൊണ്ടുവന്ന അവിശ്വാസം പാസായത് ഹൈകോടതി അംഗീകരിച്ചതോടെ ബാങ്ക് ഭരണം അഡ്മിനിസ്ട്രേറ്റർക്ക് കീഴിലായി. അഡ്മിനിസ്ട്രേറ്റർ ഭരണം നീണ്ടുപോയപ്പോഴാണ് ശിവദാസൻ നായരും സി.കെ. ഷാജി മോഹനും കേസ് നൽകിയത്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നാമനിർദേശം തള്ളാനും വോട്ട് അസാധുവാക്കാനും ശ്രമങ്ങളുണ്ടായി. തുടർന്ന് തർക്കമുള്ള രണ്ട് വോട്ടുകൾ പ്രത്യേക ബോക്സിൽ സൂക്ഷിക്കാൻ കോടതി നിർദേശിച്ചു. മറ്റൊരു കേസിൽ പെട്ടിയിലെ വോട്ട് എണ്ണിത്തിട്ടപ്പെടുത്തി ഫലം പ്രഖ്യാപിക്കാൻ കോടതി നിർദേശിച്ചു. തുടർന്ന് തിങ്കളാഴ്ച രാവിലെ 11 ന് വോട്ടെണ്ണിയപ്പോൾ രണ്ട് വോട്ടും യു.ഡി.എഫ് പാനലിന് കിട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.