100 രൂപ കൂടുതല്‍ കൂലി ചോദിച്ച ആദിവാസി യുവാവിന് ക്രൂര മര്‍ദനം; മുഖത്ത് ചവിട്ടി, പല്ല് പോയി

കല്പറ്റ: കുരുമുളക് പറിക്കാന്‍ 100 രൂപ കൂടുതല്‍ കൂലി ചോദിച്ച ആദിവാസി യുവാവിനെ മര്‍ദിച്ചതായി പരാതി. വയനാട് അമ്പലവയല്‍ നീര്‍ച്ചാല്‍ ആദിവാസി കോളനിയിലെ ബാബുവിനാണ് മര്‍ദനമേറ്റത്. പരിക്കേറ്റ ബാബു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. സ്ഥിരമായി ജോലിക്ക് പോകുന്ന വീട്ടില്‍നിന്ന് 600 രൂപക്ക് പകരം 700 രൂപ കൂലി ചോദിപ്പോള്‍ ഉടമയുടെ മകന്‍ മുഖത്ത് ചവിട്ടിയെന്നാണ് ബാബുവിന്റെ പരാതി. തലയോട്ടിക്കും താടിയെല്ലിനും ഇടയിലുള്ള ഭാഗത്ത് എല്ല് പൊട്ടിയിട്ടുണ്ട്.

Full View


ഈമാസം 10ന് മഞ്ഞ സ്വദേശിയായ ദാമോദരന്റെ വീട്ടിൽ കുരുമുളക് പറിക്കാൻ പണിക്ക് കൂലി കൂട്ടി തരണം എന്ന് പറഞ്ഞപ്പോൾ വാക്ക് തർക്കം ഉണ്ടായി. ദാമോദരന്റെ മകൻ അരുൺ ക്രൂരമായി മർദിച്ചപ്പോൾ നിലത്ത് വീണു. ആ സമയത്ത് മുഖത്ത് ആഞ്ഞടിച്ചു. കവിളിൽ ചിവിട്ടി. മൂന്ന് പല്ല് പോയി. ചുണ്ട് പൊട്ടി, താടി എല്ല് പൊട്ടി. വലത് കാല് മുട്ടിലും പരിക്ക് പറ്റി. രണ്ട് കണ്ണിലും പരിക്കുണ്ട്. ബോധമില്ലാതെ നിലത്ത് വീണു.

പിന്നീട് ബോധം തെളിഞ്ഞപ്പോൾ ശരീരത്തിലെ പരിക്കും വേദനയും കൊണ്ട് വീട്ടിൽ വരാൻ കഴിയാത്തതിനാൽ റോഡിന്റെ സൈഡിൽ ഒരു രാത്രി കിടന്നു. ശനിയാഴ്ച രാവിലെ വീട്ടിലെത്തിയപ്പോൾ സമീപവാസികൾ ചേർന്ന് ഭക്ഷണവും വെള്ളവും നൽകി. എന്താണെന്ന് ചോദിച്ചപ്പോളാണ് മർദിച്ച കാര്യം പറഞ്ഞത്. ആ സമയത്ത് ആശുപത്രിയിൽ പോകാൻ പറഞ്ഞപ്പോൾ എണീക്കാൻ വയ്യാ എന്ന് പറയുകയും ചെയ്തു.

തിങ്കൾ ആഴ്ച രാവിലെ എസ്.ടി പ്രമോട്ടർമാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ ബാബുവിനെ കാണാൻ മുതലാളിയും അരുണും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി. ബാബുവിനോട് പറഞ്ഞു കേസ് ആക്കരുതെന്ന് നിർദേശിച്ചു. കള്ള് കുടിച്ചു വീണതാണെന്ന് പറഞ്ഞാൽ മതിയെന്നും പറഞ്ഞു. 1000 രൂപയും നീട്ടി. ബാബു അത് വാങ്ങിയില്ല. തന്റെ പരിക്ക് ഡോക്ടറോട് പറഞ്ഞിട്ടുണ്ടെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും ബാബു മറുപടി നൽകി. ബാബുവിന്റെ ചികിത്സക്ക് മറ്റ് എല്ലാ സഹായവും നൽകുമെന്ന് ട്രൈബൽ ഓഫീസർ അറിയിച്ചു.

ഒറ്റക്ക് താമസിക്കുന്ന ബാബു പേടികാരണം സംഭവം പുറത്ത് പറഞ്ഞിരുന്നില്ല. യുവാവിന്റെ മുഖത്ത് നീരും പരിക്കേറ്റ പാടും കണ്ട പ്രദേശത്തെ ഒരു കടക്കാരനാണ് എസ്.സി-എസ്.ടി പ്രമോട്ടറായ സിനിയെ അറിയിച്ചത്. സംഭവത്തില്‍ അമ്പലവയല്‍ പൊലീസ് അന്വേഷണം തുടങ്ങി. അമ്പലവയൽ നീർച്ചാൽ ഊരിൽ മർദനത്തിന് ഇരയായ ബാബുവിന്റെ വീട്ടിൽ അമ്മിണി കെ. വയനാട് അടക്കമുള്ള ആദിവാസി സംഘടനാ പ്രവർത്തകരെത്തി. രാഷ്ട്രീയ പരമായും സാമ്പത്തികമായും ഉന്നത സ്വാധീനമുള്ളതിനാൽ കേസ് അട്ടിമറിക്കാൻ സാധ്യത കൂടുതലാണെന്ന് അമ്മിണി 'മാധ്യമം ഓൺലൈനോ'ട് പറഞ്ഞു.

Tags:    
News Summary - Tribal youth beaten up for asking Rs 100 more

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.