ട്രഷറി തട്ടിപ്പ് കേസ് പ്രതി ബിജുലാൽ പിടിയിൽ; അറസ്റ്റ് അഭിഭാഷകന്‍റെ ഓഫിസിൽ നിന്ന്

തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ് കേസിലെ പ്രതി ബിജുലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് അഭിഭാഷകന്‍റെ ഓഫീസില്‍ നിന്നാണ് അറസ്റ്റിലായത്. വഞ്ചിയൂർ ട്രഷറി ഓഫിസിന് പിന്നിലാണ് അഭിഭാഷകന്‍റെ ഓഫിസ്. എന്നാൽ താൻ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ബിജുലാല്‍ പറഞ്ഞു.

തന്നെ ഉപയോഗിച്ച് മറ്റുള്ളവര്‍ തട്ടിപ്പ് നടത്തി. റമ്മി കളിക്കാറുണ്ട്. ആ തുകയാണ് കയ്യിലുള്ളത്. ഒരു രൂപ പോലും ട്രഷറിയില്‍ നിന്ന് എടുത്തിട്ടില്ലെന്നും ബിജുലാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പൊലീസിൽ കീഴടങ്ങാനായി എത്തിയ ബിജുലാൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അറസ്റ്റ്. ബിജുലാലിനെ കമീഷണർ ഓഫിസിലേക്കാണ് കൊണ്ടുപോയത്.

ഏകദേശം രണ്ടു കോടിയോളം രൂപയാണ് ആണ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് എം.ആര്‍ ബിജു ലാല്‍ തന്റെയും ഭാര്യയുടെയും പേരിലേക്ക് മാറ്റിയത്. തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. അസിസ്റ്റന്റ് കമ്മീഷണർ സുൾഫിക്കറിന്റെ നേതൃത്വത്തിൽ വഞ്ചിയൂർ സി.ഐ., വഞ്ചിയൂർ സ്റ്റേഷനിലെ പ്രൊബേഷൻ എസ്.ഐ., ഷാഡോ പോലീസ് ഉദ്യോഗസ്ഥർ, രണ്ട് സൈബർ വിദഗ്‌ധർ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അതേസമയം ബിജുലാലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിശദീകരണം തേടി. അന്വേഷണ സംഘം പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദേശിച്ചു. ജാമ്യാപേക്ഷ ഈ മാസം 13ന് പരിഗണിക്കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.