ഒരുകോടിയിലേറെ വിലവരുന്ന ഭൂമിയുണ്ടായിരുന്നു കോരന്...പക്ഷേ, ഇപ്പോഴയാൾ പെരുവഴിയിലാണ്

കോഴിക്കോട് : ഒരുകോടിയിലേറെ വിലവരുന്ന ഭൂമിയുണ്ടായിരുന്ന ആദിവാസിയായ കോരൻ പെരുവഴിയിൽ. കോഴിക്കോട് ജില്ലയിൽ കാരശേരി പഞ്ചായത്തിൽ 2.16 ഏക്കർ ഭൂമിയുടെ ഉടമസ്ഥനായിരുന്നു കോരൻ. വീടും സ്ഥലവും കരിങ്കൽ ക്വാറി ഉടമകൾ കൈക്കലാക്കി പകരം മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി പഞ്ചായത്തിൽ വനാതിർത്തിയോട് ചേർന്ന് ജണ്ട കെട്ടിയ സ്ഥലം നൽകിയെന്ന കബളിപ്പിച്ചുവെന്ന പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടത്.

കോരന്റെ സ്ഥിതി മോശമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. കോരന് ആധാർ കാർഡ് നിലവിലില്ല. ആദിവാസി എന്ന നിലയിൽ സർക്കാർ ആനുകൂല്യങ്ങൾ അപേക്ഷ നൽകാൻ കഴിയുന്നില്ല. നേരത്തെ താമസിച്ച ഭൂമി കോഴിക്കോട് ജില്ലയിലായിരുന്നു. നിലവിൽ ക്വാറിക്കാർ ഭൂമി നൽകിയിരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. അതിനാൽ കോഴിക്കോട് ജില്ലയിലെ പട്ടികവർഗ ഓഫിസർ കോരന്റെ കാര്യത്തിൽ ഇടപെടില്ല.

പട്ടികവർഗവകുപ്പാണ് കോരന്റെ കാര്യത്തിൽ വീഴ്ച വരുത്തിയത്. ആദിവാസി ഭൂമി ആദിവാസിയല്ലാത്ത ആൾക്ക് വിൽപന നടത്താവില്ലെന്ന നിയമം നിലനിൽക്കെയാണ് കോരന്റെ ഭൂമി ക്വാറി ഉടമ വാങ്ങിയത്. അതിന് കലക്ടറുടെ അനുമതി ലഭിച്ചുവെന്നാണ് ക്വാറി ഉടമ അവകാശപ്പെടുന്നത്. ഒരു കോടയലധികം വിലവരുന്ന ഭൂമിക്ക് ഉടമയായ കോരന്റെ സംരക്ഷണം ഉറപ്പാക്കേണ്ട  ഉത്തരവാദിത്തം പട്ടികവർഗ വകുപ്പിനുണ്ടായിരുന്നു.

കോഴിക്കോട് പട്ടികവർഗ വകുപ്പിലെ ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ കണ്ണടച്ചു. അതിനാലാണ് ക്വാറി ഉടമക്ക് നിസാരമായി തിട്ടിപ്പ് നടത്താനായത്. ഇക്കാര്യത്തിൽ  വനം, പട്ടികവർഗ വകുപ്പുകളിൽ നിന്നും ഇതേ വിഷയത്തിൽ കമ്മീഷൻ മുമ്പ് റിപ്പോർട്ട് വാങ്ങിയിരുന്നു. മലപ്പുറം എടവണ്ണ കൊടുമ്പുഴ ഫോറസ്റ്റ് സെക്ഷനിലാണ് ചേലക്കര കോരൻ ഇപ്പോൾ താമസിക്കുന്നതെന്ന് നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കമ്മീഷനെ അറിയിച്ചു.

കോരന് ക്വാറി ഉടമകൾ നൽകിയതായി പറയപ്പെടുന്ന സ്ഥലം വനഭാഗമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 10 സെന്റ് സ്ഥലം വനത്തിലേക്ക് കയറിയ നിലയിലാണ്. 2.5 ഏക്കറിലുള്ള ബാക്കി സ്ഥലം സ്വകാര്യ കൈവശത്തിൽ തന്നെയാണ് ഇപ്പോഴുള്ളത്. കോരന്റെ സ്ഥലം കൈവശപ്പെടുത്തി രേഖയില്ലാത്ത സ്ഥലം നൽകിയവർക്കെതിരെ പോലീസാണ് നിയമ നടപടികൾ സ്വീകരിക്കേണ്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.

കോഴിക്കോട് ജില്ലാ റൂറൽ പോലീസ് മേധാവി അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കഴിഞ്ഞ ഓഗസ്റ്റ് 20 ന് ഉത്തരവ് നൽകിയത്. ഈ റിപ്പോർട്ടിലാണ് കോരന് പ്രതീക്ഷ. 

Tags:    
News Summary - There was land worth more than one crore On Coran Highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.