തിരുവനന്തപുരം: 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറന്മുള നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ വിജയം ചോദ്യംചെയ്ത ഹരജി നിലനിൽക്കില്ലെന്ന് പറഞ്ഞ് സുപ്രീംകോടതി തള്ളി. തെരഞ്ഞെടുപ്പ് കേസുകളിൽ അപ്പീലുകൾ തീർപ്പാക്കുന്നതിലെ കാലതാമസത്തെ ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വിമർശിച്ചു.
ഓർത്തോഡോക്സ് സിറിയൻ വിഭാഗക്കാരിയാണെന്ന് അവകാശപ്പെട്ട് വീണ വോട്ട് തേടിയെന്നും ഭർത്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മറച്ചുവെച്ചുവെച്ചുവെന്നും കാണിച്ച് 2016ൽ വീണയുടെ എതിർ സ്ഥാനാർഥിയായിരുന്ന കെ. ശിവദാസൻ നായരുടെ തെരഞ്ഞെടുപ്പ് ഏജന്റ് വി. ആർ സോജി സമർപ്പിച്ചതായിരുന്നു ഹരജി. 2017ൽ സോജിയുടെ ഹരജിയിൽ നോട്ടീസ് അയച്ച സുപ്രീം കോടതി പിന്നീട് അഞ്ച് വർഷം കഴിഞ്ഞ് ഇപ്പോഴാണ് വാദം കേൾക്കാൻ എടുത്തത്.
കേസ് വാദത്തിനെടുത്തപ്പോൾ തന്നെ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം 2021ൽ കേരളത്തിൽ മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പ് നടന്നതോടെ ഹരജി അപ്രസക്തമായെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാൽ, തെരഞ്ഞെടുപ്പ് അഴിമതിയായതിനാൽ കേസ് കേൾക്കാമെന്ന് പറഞ്ഞ് ഹരജിക്കാരുടെ അഭിഭാഷകൻ അഡ്വ. കൈലാസനാഥ പിള്ള തന്റെ വാദമുഖങ്ങൾ അവതരിപ്പിച്ചു. ഒടുവിൽ കോടതി കേസ് തള്ളുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.