കാപ്പൻ വരുന്നു, തലയെടുപ്പുള്ള ആനയെപ്പോലെ, പതിനായിരങ്ങൾക്കൊപ്പം- കുഞ്ഞാലിക്കുട്ടി

പാലാ: തലയെടുപ്പുള്ള ഒരാനയെപ്പോലെ, പതിനായിരങ്ങളേ‍യും കൂട്ടിയാണ് മാണി സി. കാപ്പൻ യു.ഡി.എഫിലേക്ക് വരുന്നതെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പാലായിൽ മാത്രമല്ല, കോട്ടയത്തെ മറ്റ് നിയമസഭാ സീറ്റുകളിലും കാപ്പന്‍റെ വരവ് യു.ഡി.എഫിന് ആത്മവിശ്വാസം നൽകുന്നുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ മാണി സി. കാപ്പന് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നല്ല വലിപ്പമുള്ള കാപ്പൻ, നല്ല ചന്തത്തോടെ, തലയെടുപ്പുള്ള ഒരാനയെപ്പോലെ പതിനായിരക്കണക്കിന് ആളുകളെയും കൂട്ടി, പാലായിലെ ജനങ്ങളെയും കൂട്ടി ഈ വേദിയിലേക്ക് വന്നിരിക്കുന്നു. ഇത് വിജയത്തിന്റെ നാന്ദിയാണ്. യാതൊരു സംശയവുമില്ല. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഐക്യജനാധിപത്യ മുന്നണി വിജയവീരഗാഥയാണ് രചിച്ചു കൊണ്ടിരിക്കുന്നത്. എൽ.ഡി.എഫ് പാലാ സീറ്റെടുത്ത് തോറ്റവന് കൊടുക്കാൻ നോക്കി എന്ന കാപ്പന്‍റെ പരാതി ന്യായമാണ്. അതു കൊണ്ട് അദ്ദേഹം പാലായിലെ ജനങ്ങളെ കൂട്ടി ഇങ്ങ് പോന്നു. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

'ഇടതു മുന്നണിയിൽ നിന്ന് ധാരാളം പേർ യു.ഡി.എഫിലേക്ക് വരുന്നുണ്ട്. ഗുരുവായൂരിൽ വൻ സംഘം വന്നു. തിരുവനന്തപുരത്തെത്തുമ്പോൾ ഇനിയും വരും. സംശയം വേണ്ട. അടുത്തത് യു.ഡി.എഫിന്റെ ഭരണമാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.

കാപ്പന്റെ വരവിനോട് അനുബന്ധിച്ച് വൻ സ്വീകരണമാണ് പാലായിൽ ഒരുക്കിയിരുന്നത്. പുതിയ പാർട്ടി രൂപീകരിച്ച് യു.ഡി.എഫിന്‍റെ ഭാഗമാകുമെന്ന് കാപ്പൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ചെന്നിത്തലയുടെ യാത്ര പാലായിൽ എത്തുമ്പോൾ ജാഥയുടെ ഭാഗമാകുമെന്നും കാപ്പൻ അറിയിച്ചിരുന്നു. യു.ഡി.എഫ് നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല പി.ജെ ജോസഫ് തുടങ്ങിയവരും കാപ്പനെ സ്വീകരിച്ചു.

Tags:    
News Summary - The kappan comes, like a beheaded elephant,says Kunhalikutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.