ഇറാൻ കമാൻഡോകൾ മാന്യമായി പെരുമാറി; തിരിച്ചു പോകുമെന്ന് ആൻ ടെസ ജോസഫ്

കോട്ടയം: കപ്പൽ പിടിച്ചെടുത്ത ഇറാൻ നാവിക കമാൻഡോകൾ ജീവനക്കാരോട് മാന്യമായാണ് പെരുമാറിയതെന്ന് മോചിതയായ ഡെക്ക് കേഡറ്റ് ആൻ ടെസ ജോസഫ്. കപ്പൽ പിടിച്ചെടുത്ത വേളയിൽ ഭയം ഉണ്ടായിരുന്നു. എന്നാൽ, അവരുടെ പെരുമാറ്റത്തിൽ നിന്ന് ഭയം മാറിയെന്നും ആൻ പറഞ്ഞു.

ഭക്ഷണവും കുടിവെള്ളവും എല്ലാം ലഭ്യമായിരുന്നു. ഭക്ഷണം പാകം ചെയ്യാനും അനുവദിച്ചു. ജീവനക്കാരെ ഉപദ്രവിക്കണമെന്ന മനോഭാവം അവർക്ക് ഇല്ലായിരുന്നു. കപ്പലിലെ ഏക വനിതയായിരുന്നത് കൊണ്ടാകാം തന്നെ ആദ്യം മോചിപ്പിച്ചത്. കേന്ദ്ര സർക്കാരും വിദേശകാര്യ മന്ത്രാലയവും എംബസിയും വിഷയത്തിൽ ഇടപെട്ടു. അതിനാൽ വീട്ടുകാരുമായി ഫോണിൽ സംസാരിക്കാൻ അവസരം കിട്ടിയത്. മോചനം സാധ്യമായതിൽ എല്ലാവരോടും നന്ദിയുണ്ടെന്നും ആൻ പറഞ്ഞു.

ആഗ്രഹം കൊണ്ട് സ്വീകരിച്ച ജോലിയാണെന്നും തിരികെ പോകുമെന്നും ആൻ വ്യക്തമാക്കി. കപ്പലിലെ സംഭവങ്ങൾ ജീവിതത്തിൽ നേരിട്ട ഒരു അനുഭവമാണ്. അതിൽ നല്ലതും ചീത്തയും ഉണ്ടാവും. മറ്റ് ജീവനക്കാരുടെ മോചനം ഉടൻ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ആൻ ടെസ ജോസഫ് വ്യക്തമാക്കി.

ഇറാൻ പിടിച്ചെടുത്ത കപ്പലിൽ നിന്ന് മോചിതയായ ആൻ ടെസ ജോസഫ് ഇന്നലെയാണ് നാട്ടിൽ തിരിച്ചെത്തിയത്. കോട്ടയം വാഴൂരിൽ താമസിക്കുന്ന തൃശൂർ വെളുത്തൂർ സ്വദേശി പുതുമന വീട്ടിൽ ബിജു എബ്രഹാമിന്‍റെയും ബീനയുടെയും മകളാണ് ആൻ. തൃശൂർ സ്വദേശികളായ ആനിന്‍റെ കുടുംബം കോട്ടയത്തേക്ക് താമസം മാറ്റുകയായിരുന്നു.

ഒമാന് സമീപം ഹോർമുസ് കടലിടുക്കിൽ നിന്ന് ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലാണ് ആൻ ടെസ ഉണ്ടായിരുന്നത്. ഒരു വർഷം മുമ്പ് എം.എസ്.സി ഷിപ്പിങ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ച ഇവർ പരിശീലനത്തിന്‍റെ ഭാഗമായി ഒമ്പത് മാസം മുമ്പ് ഈ കപ്പലിൽ എത്തുകയായിരുന്നു.

കപ്പലിലെ മൂന്ന് മലയാളികൾ ഉൾപ്പെടെ ബാക്കി 16 ഇന്ത്യക്കാരും സുരക്ഷിതരാണെന്നും ഇവരെ നാട്ടിലെത്തിക്കാൻ ഇറാനിയൻ അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്ന് ഇന്ത്യൻ അധികൃതർ.

ഇസ്രായേലീ ശതകോടീശ്വരൻ ഇയാൽ ഓഫറിന്റെ ഉടമസ്ഥതയിലുള്ള സോഡിയാക് ഗ്രൂപ്പിന് കീഴിലുള്ളതാണ് കപ്പൽ. സിറിയയിലെ ഇറാൻ കോൺസുലേറ്റിൽ ഇസ്രായേൽ ആക്രമണം നടത്തിയതിലുള്ള ഇറാന്‍റെ തിരിച്ചടിയായിരുന്നു കപ്പൽ പിടിച്ചെടുക്കൽ.

Tags:    
News Summary - The Iranian commandos behaved decently; Ann Tessa Joseph will go back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.