അനുപമ

ഹേബിയസ് കോർപസ് ഹരജി പിൻവലിച്ചില്ലെങ്കിൽ തള്ളുമെന്ന് അനുപമയോട് ഹൈകോടതി

കൊച്ചി: കുഞ്ഞിനെ വിട്ടുകിട്ടാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അനുപമ. എസ്. ചന്ദ്രന്‍ ഹൈകോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജി സ്വീകരിക്കാനാവില്ലെന്ന് കോടതി. കീഴ്കോടതി കേസ് പരിഗണിക്കുമ്പോള്‍ ഹൈകോടതിയില്‍ വന്നതെന്തിന് കോടതി ചോദിച്ചു.

കുട്ടിയെ നിയമവിരുദ്ധമായി ആരെങ്കിലും കൈവശം വെച്ചിരിക്കുകയാണെന്ന് പറയാനാവില്ല. ഡി.എന്‍.എ ടെസ്റ്റ് നടത്താൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് അധികാരം ഉണ്ടല്ലോ എന്നും കോടതി ചോദിച്ചു. ദത്ത് വിവാദവുമായി ബന്ധപ്പെട്ട തര്‍ക്ക വിഷയം കുടുംബ കോടതിയുടെ പരിഗണനയിലാണ്. അതിനിടയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നിലനിൽക്കുമോ എന്ന് കോടതി ചോദിച്ചു.

ഹരജി പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ ഹരജി തള്ളുമെന്നും ഹൈകോടതി വ്യക്തമാക്കി. തുടർന്ന് ഹരജി പിൻവലിക്കാൻ അനുപമക്ക് കോടതി സമയം അനുവദിച്ചു.

2020 ഒക്ടോബറിലാണ് കുഞ്ഞിന് ജന്മം നല്‍കിയതെന്നും മാതാപിതാക്കളായ ജയചന്ദ്രനും സ്മിത ജയിംസും ചേര്‍ന്ന് കുഞ്ഞിനെ എടുത്തുകൊണ്ടു പോകുകയായിരുന്നുവെന്നും ഹരജയിൽ പറയുന്നു. കുഞ്ഞിനെ കണ്ടെത്തി കസ്റ്റഡിയിലെടുത്ത് ഹാജരാക്കി തനിക്ക് കൈമാറണമെന്നാണ് അനുപമയുടെ ആവശ്യം. കുഞ്ഞിനെ ഹാജരാക്കാന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമീഷണര്‍, പേരൂര്‍ക്കട സി.ഐ. എന്നിവര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും അനുപമ സമർപ്പിച്ച ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ നിയമപരമായ നടപടികളാണ് നടന്നതെന്ന് സ്റ്റേറ്റ് അഡോപ്ഷൻ റിസോഴ്സ് ഏജൻസി പൊലീസിന് നൽകിയ മറുപടിയിൽ വിശദീകരിച്ചു. കുഞ്ഞിനെ ആർക്ക് നൽകി, എപ്പോൾ നൽകി എന്നീ കാര്യങ്ങള്‍ അറിയിക്കാനാകില്ലെന്നും അഡോപ്ഷൻ ആക്ട് പ്രകാരം ഈ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും ഏജൻസി വ്യക്തമാക്കി.

വിവാദത്തിനിടെ ദത്ത് വിവാദത്തിൽ പ്രതികളായവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. അനുപമയുടെ പിതാവും മാതാവും അടക്കം ആറ് പ്രതികളാണ് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. ജാമ്യം നൽകരുതെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഡയറി ഉൾപ്പെടെ കോടതി വിളിച്ചു വരുത്തിയിട്ടുണ്ട്. തിരുവനന്തപുരം സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

Tags:    
News Summary - The High Court told Anupama that if the habeas corpus petition is not withdrawn, it will be rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.