അന്ത്യകർമങ്ങൾ നടത്തിയ കുടുംബമെത്തി, ഉയിരോടെ സോണിയെ കൊണ്ടുപോവാൻ

കോഴിക്കോട്: മരിച്ചെന്നുകരുതി ഏഴു വർഷം മുമ്പ് തങ്ങൾ അന്ത്യകർമങ്ങൾ നടത്തിയ സോണിയെ ആശാഭവനിൽ ഉയിരോടെ കണ്ടപ്പോൾ അത്ഭുതമാണോ സന്തോഷമാണോ എന്നുപോലും തിരിച്ചറിയാൻ കഴിയാത്തൊരു വികാരമായിരുന്നു സഹോദരങ്ങൾക്ക്. 13 വർഷം മുമ്പ് കാണാതായ സോണി ആശാഭവനിൽ ഉണ്ടെന്നറിഞ്ഞിട്ടും അവർക്ക് വിശ്വാസം വന്നത് കൺകുളിർക്കെ കണ്ടതിനുശേഷം മാത്രം.

2013ലാണ് സോണി മനോനില തെറ്റിയനിലയിൽ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിപ്പെട്ടത്. മൂന്ന് വർഷത്തെ ചികിത്സ കഴിഞ്ഞതിന് ശേഷം 2016ൽ ആശാ ഭവനിലേക്ക് മാറ്റി. തുടർന്ന് അവിടെ അന്തേവാസിയായി തുടരുകയായിരുന്നു. ഇതിനിടെ ഇവരെ തേടി ആരും എത്തിയിരുന്നില്ല. സാമൂഹിക പ്രവർത്തകനായ ശിവൻ മൂനത്തിൽ ഒരാഴ്ച മുമ്പ് സോണിയുമായി സംസാരിച്ചതിനു ശേഷമാണ് അവരുടെ കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. 'മുനിഗുഡ'യിൽ നിന്നുള്ളയാളാണെന്ന് മാത്രമായിരുന്നു സോണിയിൽ നിന്നു ലഭിച്ച വിവരം. പിന്നീട് ശിവൻ ഒറീസയിലെ മുനിഗുഡ പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒറീസയിലെ റായവാഡ ജില്ലയിലെ 'ഗൊറോ ഡോങ്കിനി' എന്ന ആദിവാസി വനമേഖലയിൽ സോണിയുടെ കുടുംബത്തെ കണ്ടെത്തി. എന്നാൽ പൊലിസ് അവിടെ എത്തിയപ്പോൾ ഞെട്ടിക്കുന്ന വിവരമാണ് ലഭിച്ചത്. സോണി മരിച്ചെന്ന് കരുതി കുടുംബം വർഷങ്ങൾക്കു മുമ്പ് തന്നെ അന്ത്യകർമങ്ങൾ നടത്തിയിരുന്നു. സോണി മരിച്ചെന്നും ഇനി തിരിച്ചുവരില്ലെന്നുമായിരുന്നു കുടുംബം കരുതിയത്.

എന്നാൽ സോണി ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞപ്പോൾ കുടംബത്തിന് അത്ഭുതമായി. സോണി ആശാ ഭവനിലുണ്ടെന്നറിഞ്ഞ സഹോദരങ്ങൾ കഴിഞ്ഞ ശനിയായ്ച കോഴിക്കോട്ടെത്തി അവരെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ആശാഭവൻ അധികാരികൾക്കും ശിവനും കുടുംബം ഹൃദയംഗമമായ നന്ദി അറിയിച്ചു. അവർക്ക് സാമ്പത്തിക സഹായവും മരുന്നുകളും മറ്റും നൽകിയാണ് യാത്രയാക്കിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.