വരാപ്പുഴ: പ്രമേഹം കൂടിയതിനെത്തുടർന്ന് കാൽ മുറിച്ചുമാറ്റണമെന്ന മനോവിഷമത്തിൽ ആശുപത്രിയിൽനിന്ന് ‘മുങ്ങി’ വരാപ്പുഴ പാലത്തിൽ എത്തി പുഴയിൽ ചാടിയ ആളെ മത്സ്യത്തൊഴിലാളിയും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. തിങ്കളാഴ്ച രാവിലെ 11.30നാണ് സംഭവം. വരാപ്പുഴ തേവർകാട്ട് സ്വദേശിയായ അറുപതുകാരനാണ് പാലത്തിൽനിന്ന് പുഴയിൽ ചാടിയത്.
ഇടതുകാലിന് മുറിവുപറ്റി കളമശ്ശേരി എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ. പഴുപ്പ് പാദത്തിൽ കയറിയതോടെയാണ് ഈ ഭാഗം മുറിച്ചുമാറ്റണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചത്. ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്ന മകൻ മരുന്ന് വാങ്ങാൻ പോയ സമയത്താണ് മകന്റെ വണ്ടിയുമായി വരാപ്പുഴ പാലത്തിൽ എത്തിയത്. ആശുപത്രിയിൽ ഡ്രിപ് നൽകുന്നതിന് ഇട്ടിരുന്ന സൂചി ഉൾപ്പെടെ കൈയിൽ കെട്ടിയാണ് ഇയാൾ പുഴയിൽ ചാടിയത്.
മത്സ്യത്തൊഴിലാളിയായ കുരിശുവീട്ടിൽ വർഗീസും മറ്റ് നാട്ടുകാരും ചേർന്നാണ് പുഴയിൽനിന്ന് രക്ഷപ്പെടുത്തിയത്. തുടർന്ന്, മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം മെഡിക്കൽ കോളജിലേക്ക് മാറ്റി. ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.