തിരുവനന്തപുരം: അന്തർദേശീയ വനിതാദിനം പൊരുതുന്ന സ്ത്രീ തൊഴിലാളികളുടെ ത്യാഗനിർഭരമായ സമരഫലം കൂടിയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം ഈ അന്തർദേശീയ വനിതാദിനം സവിശേഷ ശ്രദ്ധ പിടിച്ചു പറ്റുന്നത് ആശ തൊഴിലാളികളുടെ ശക്തമായ പോരാട്ടത്തിലൂടെയാണ്.
സാർവദേശീയ വനിതാ ദിനത്തിൽ ആശമാരോടൊപ്പം എന്ന സന്ദേശം ഉയർത്തി സെക്രട്ടേറിയറ്റ് പടിക്കൽ വനിതാസംഗമം നടക്കും. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്ത്രീ തൊഴിലാളികളുടെ അവകാശ പോരാട്ടത്തിന്റെ ചരിത്ര സ്മരണകൾ ഇരമ്പുന്ന സംഗമത്തിൽ പൊരുതുന്ന ആശ വർക്കർമാർക്കൊപ്പം വിവിധ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ ഉന്നത സ്ത്രീ നേതാക്കളും വ്യക്തിത്വങ്ങളും വിദ്യാർത്ഥിനികളും അണിനിരക്കും.
തൊഴിൽ അവകാശ പ്രക്ഷോഭം എന്ന നിലയിൽ ദേശീയ ശ്രദ്ധയാകർഷിച്ചിരിക്കുന്ന ആശ സമരത്തിന് പിന്തുണയുമായി ഇതിനോടകം നിരവധി പ്രമുഖർ രംഗത്ത് വന്നിട്ടുണ്ട്. സാഹിത്യകാരി അരുന്ധതി റോയ്, കേരള സാഹിത്യ അക്കാദമി ചെയർമാൻ സച്ചിദാനന്ദൻ, ചലച്ചിത്രകാരി കനി കുസൃതി, ഡോ.ഖദീജ മുംതാസ്, ചലച്ചത്രകാരൻ ബിനു ദേവ്, പ്രൊഫ. ജി ഉഷാകുമാരി, ഡോ. എം എസ് സുനിൽ, പെമ്പിളൈ ഒരുമൈ നേതാവ് ജി ഗോമതി, കവയിത്രി മായാവാസുദേവ് തുടങ്ങി നിരവധി പേർ വനിതാദിനത്തിൽ പൊരുതുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വീഡിയോ സന്ദേശങ്ങൾ അയച്ചിരുന്നു.
സംസ്ഥാനത്ത് വിവിധയിടങ്ങളിലും വിദ്യാർഥികളുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പരിപാടികൾ നടക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണം വൻതോതിൽ പൊതു ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.