വെള്ളിമാടുകുന്ന് (കോഴിക്കോട്): ഷഹബാസ് വധക്കേസ് പ്രതികളെ പരീക്ഷ എഴുതാൻ അനുവദിക്കുന്നതിനെതിരെ എം.എസ്.എഫ് നടത്തിയ മാർച്ചിൽ പൊലീസുമായി വാഗ്വാദവും സംഘർഷവും. പെൺകുട്ടികൾ അടക്കമുള്ള സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ചാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. പൊലീസ് വാനിൽ കയറ്റാൻ ഏറെ നേരം ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയില്ല. ഒടുവിൽ, വാഹനത്തിന്റെ ഡ്രൈവർ സീറ്റിലൂടെ അകത്ത് കടന്ന പൊലീസുകാർ ഉള്ളിൽനിന്ന് പിടിച്ചുവലിച്ചും പുറത്തുള്ള പൊലീസുകാർ തലയിൽ പിടിച്ച് താഴ്ത്തിയുമാണ് പ്രതിഷേധക്കാരെ വാഹനത്തിൽ കയറ്റിയത്. ഇതിനിടെ, പൊലീസുകാർ പാന്റ്സ് പിടിച്ച് വലിച്ചതായി സമരക്കാർ ആരോപിച്ചു.
‘കൊലയാളികൾക്ക് വേണ്ടിയാണ് നിങ്ങൾ ഈ പണിയെടുക്കുന്നത്. പ്രതികളിലൊരാളുടെ അച്ഛൻ പൊലീസുകാരനായാതിനാലാണ് സമരക്കാരെ മർദിക്കുന്നത്. നെയിം പ്ലേറ്റില്ലാത്ത യൂനിഫോം ധരിച്ച പൊലീസുകാരാണ് സമരത്തെ നേരിടുന്നത്. ഭരണം മാറുമെന്ന ഓർമ വേണം’ -സമരക്കാർ പറഞ്ഞു.
താമരശ്ശേരിയിലെ പത്താംക്ലാസുകാരൻ ഷഹബാസിനെ വധിച്ച കേസിലെ കുറ്റാരോപിതരായ ആറ് പത്താംക്ലാസ് വിദ്യാർഥികളെ പാർപ്പിക്കുകയും പരീക്ഷ എഴുതിപ്പിക്കുകയും ചെയ്യുന്ന വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഹോമിന് മുന്നിൽ ഇന്ന് രാവിലെയായിരുന്നു കനത്ത പ്രതിഷേധം അരങ്ങേറിയത്. ആദ്യം കെ.എസ്.യു പ്രവർത്തകരും പിന്നാലെ എം.എസ്.എഫ് പ്രവർത്തകരും പ്രകടനവുമായെത്തി. വിരലിലെണ്ണാവുന്ന സമരക്കാരെ നേരിടാൻ കനത്ത പൊലീസ് സന്നാഹമാണ് ഒരുക്കിയത്. പ്രതിഷേധത്തെ തുടർന്ന് കോഴിക്കോട്-മെസൂരു ദേശീയപാതയിൽ ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി.
ഇന്നലെയും വൻ പ്രതിഷേധമാണ് ഇവിടെയുണ്ടായത്. കുറ്റാരോപിതരായ വിദ്യാർഥികളെ പരീക്ഷ എഴുതിക്കുന്നത് തടയുമെന്ന് പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ നേരത്തേ പ്രഖ്യാപിച്ചിരുന്നു. മെഡിക്കൽ കോളജ് എ.സി.പിയുടെ നേതൃത്വത്തിൽ വലിയ പൊലീസ് സന്നാഹമാണ് വെള്ളിമാടുകുന്നിലുള്ളത്. പരീക്ഷ നടക്കുന്ന വരും ദിവസങ്ങളിലും പ്രതിഷേധം തുടരാനാണ് സാധ്യത.
താമരശ്ശേരിയിലെ ട്യൂഷൻ സെന്ററിൽ ഫെബ്രുവരി 23ന് വിദ്യാർഥികൾ തമ്മിലുണ്ടായ സംഘട്ടനത്തിലാണ് പത്താം ക്ലാസുകാരൻ എളേറ്റിൽ വട്ടോളി എം.ജെ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി മുഹമ്മദ് ഷഹബാസിന് (15) സാരമായി പരിക്കേറ്റതും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ 28ന് രാത്രിയോടെ മരിച്ചതും. തലയോട്ടിക്ക് സാരമായ പരിക്കേറ്റാണ് മരണം. കേസിൽ പിടിയിലായ വിദ്യാർഥികളിലൊരാളുടെ വീട്ടിൽ നിന്ന് ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് കണ്ടെത്തിയിരുന്നു.
കുറ്റാരോപിതരെ അവർ പഠിച്ചിരുന്ന താമരശ്ശേരിയിലെ സ്കൂളിലേക്ക് പരീക്ഷ എഴുതാൻ കൊണ്ടുപോകുന്നത് സുരക്ഷിതമല്ലെന്നതിനെ തുടർന്ന് വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഹോമിന് തൊട്ടടുത്തുള്ള സ്കൂളിൽ പരീക്ഷ എഴുതിപ്പിക്കാനായിരുന്നു പദ്ധതി. എന്നാൽ, പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഒബ്സർവേഷൻ ഹോമിൽ തന്നെ പരീക്ഷ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ആദ്യ പരീക്ഷ.
അതിനിടെ, ഷഹബാസ് വധത്തിൽ ഒരു വിദ്യാര്‍ഥിയെ കൂടി ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. പത്താം ക്ലാസുകാരനെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കുറ്റാരോപിതരുടെ എണ്ണം ആറായി. ചൊവ്വാഴ്ച രാവിലെയാണ് ഈ വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഘർഷത്തിൽ ഈ വിദ്യാർഥി ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
വിദ്യാർഥികൾ അല്ലാത്തവർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന ഷഹബാസിന്‍റെ പിതാവിന്റെ ആരോപണത്തിലും പൊലീസ് കൂടുതൽ അന്വേഷണം നടത്തും. തിങ്കളാഴ്ച ഏഴ് വിദ്യാര്‍ഥികളെക്കൂടി പൊലീസ് ചോദ്യംചെയ്തിരുന്നു. അക്രമസമയത്ത് പരിസരത്ത് ഉണ്ടായിരുന്നെന്ന് സംശയിക്കുന്ന രണ്ട് സ്‌കൂളുകളിലെയും ട്യൂഷന്‍ സെന്ററിലെയും വിദ്യാര്‍ഥികളെയാണ് ചോദ്യംചെയ്ത് മൊഴി രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.